Friday, May 22, 2026

പതിനഞ്ച് മെയ് ഇരുപത്തിരണ്ടുകൾ

 ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം അത്ര പ്രേമസുരഭിലവും അല്ലാത്ത കാലഘട്ടം . ബാംഗ്ലൂരിൽ ജോലിയും കൂലിയും ഉള്ളത് കൊണ്ട് ഒരു എലിജിബിൾ ബാച്ചിലർ പദവിയിൽ നാളുകൾ മുന്നോട്ട് പോവുന്നു. പ്രേമസുരഭിലമായ മനസ്സിലെ  രഹസ്യമായ പ്രണയങ്ങൾ ഒന്നും  'ക്ലച്ച്' പിടിക്കാത്തത് കൊണ്ട് ഒരു പെൺകുട്ടി എന്നെ പ്രേമിച്ചിട്ട് ഞാൻ കല്യാണം കഴിക്കും എന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്ന കാലം. എന്നാൽ പിന്നെ വീട്ടുകാർ കണ്ടു  പിടിക്കുന്ന പെൺകുട്ടിക്ക്  വേണ്ട 'ക്രൈറ്റീരിയ' ഞാൻ തന്നെ മനസ്സിലും പിന്നെ വർത്തമാനങ്ങൾക്കിടെ അമ്മയോടും മുത്തശ്ശിയോടും  ഒക്കെ സൂചിപ്പിച്ച് ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നാളുകൾ. പ്രധാനമായും മൂന്നെണ്ണം ആണ് മാനദണ്ഡങ്ങൾ. ഒന്ന് , പെൺകുട്ടി കൊടുങ്ങല്ലൂരിൽ ബന്ധുത്വം ഉള്ളയാളാവരുത് . രണ്ട് , സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയാൽ നന്ന്. മൂന്ന്, ഞാനുമായി മൂന്നു വയസ്സിൽ കൂടുതൽ പ്രായവ്യത്യാസം അരുത്. ആദ്യത്തേത് , എന്നിലെ പെസിമിസ്റ്റ് നടത്തുന്ന കാൽക്കുലേഷൻ. ഇനി എങ്ങാനും വിവാഹജീവിതം താറുമാറായി ഡിവോഴ്‌സിന്റെ വഴിക്ക് ഒക്കെ നീങ്ങിയാൽ അതിനു ശേഷവും  കൊടുങ്ങല്ലൂരിൽ വച്ച് കണ്ടു മുട്ടാൻ ഉള്ള  സാഹചര്യങ്ങൾ കുറക്കാമല്ലോ. (ഹോ! ശുഭാപ്തി വിശ്വാസം ഇല്ലായ്മയിലെ ഔന്നത്യം!). രണ്ടാമത്തേത് , പൊതുവെ രണ്ടു പേർക്കും മറ്റേയാളുടെ  ജോലിയെ കുറിച്ച് ഉള്ള ധാരണ സുഗമമായ ജീവിതത്തിനു സഹായിക്കും എന്ന തെറ്റിദ്ധാരണ . അവസാനത്തേതിന് കാരണം പൊതുവെ ഉള്ള എന്റെ 'തന്ത വൈബ്' സ്വഭാവം ( അന്ന് എന്റെ സ്വഭാവം ഇത്ര കൃത്യമായി അടയാളപ്പെടുത്താൻ പറ്റിയ ഈ  വാക്ക് ജനിച്ചിരുന്നില്ല. നന്ദി, കാലം ജനിപ്പിക്കുന്ന ഇത്തരം പ്രയോഗങ്ങൾക്ക്). കേൾക്കുന്ന പാട്ടുകളുടെയും മറ്റ് ഇഷ്ടങ്ങളുടെയും ഒക്കെ ലക്ഷണം  വെച്ച് ഞാൻ ഒരു അറുപതുകളിൽ ജനിക്കേണ്ട ആളാണെന്നാണ് സുഹൃത്തുക്കൾ കോളേജിൽ വെച്ച് കളിയാക്കിയിരുന്നത്. അങ്ങിനെ ആൾറെഡി സ്വഭാവം കൊണ്ട്  'എയ്‌ജ് ഓവർ' ആയ ഞാൻ മൂന്നു വയസ്സിൽ കൂടുതൽ പ്രായവ്യത്യാസം ഉള്ള പെൺകുട്ടിയുടെ വേവ് ലെങ്തുമായി പൊരുത്തപ്പെടാൻ കഷ്ടപ്പെടും എന്ന ബോധ്യം. കാലം ഇങ്ങനെ പോവുമ്പോൾ ഞാൻ ഒരു വീക്കെൻഡ് കൊടുങ്ങല്ലൂരിൽ എത്തി.


 എൻറെ കാൽപ്പാദത്തിനടിയിൽ എന്തോ ഒരു വേദന. നോക്കിയപ്പോ ഇത്തിരി പോളച്ച് ഇരിക്കുന്നുണ്ട്. എങ്കിലും ഇപ്പൊ ഡോക്ടറുടെ അടുത്തേക്ക് പോവാൻ ഒന്നും പ്ലാൻ ഇല്ല എന്ന തീരുമാനത്തിൽ ഇരുന്നു . അന്ന് ഒരു ഞായറാഴ്ച ആണ് . രഘു അമ്മാമൻ കൊടുങ്ങല്ലൂർക്ക് വന്നു. വർത്തമാനം പറഞ്ഞിരിക്കുമ്പോൾ രഘു അമ്മാമൻ എഴുന്നേറ്റു "ഞാൻ ഒന്ന് അജനെ കണ്ടിട്ട് വരാം". എന്തോ സംസാരിക്കാൻ ഉണ്ട്. രഘു അമ്മാമൻ പോണുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാനും "എന്നാൽ പിന്നെ അജമ്മാമനെ ഈ കാലിൻറെ വേദന ഒന്ന് കാണിച്ചേക്കാം" എന്ന്  വിചാരിച്ച്  കൂടെ ഇറങ്ങി . ക്ലിനിക് മുടക്കം ആണെങ്കിലും അജമ്മാമൻ വീട്ടിൽ ഉണ്ടാവുമല്ലോ. 'അയോദ്ധ്യ'യിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയാണ്. കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നത് മകളാണ്, രോഹിണി. ഞാൻ അധികം ഈ കുട്ടിയോട് സംസാരിച്ചിട്ടില്ല. ഇപ്പോൾ കണ്ടിട്ട് തന്നെ വർഷങ്ങൾ ആയിട്ടുണ്ടാവണം.  ഞങ്ങളെ കണ്ടിട്ട് ഹൃദ്യമായ പുഞ്ചിരിയോടെ രോഹിണി സ്വീകരിച്ചു. അജമ്മാമനോടും രാധികമ്മായിയോടും വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ആ കുട്ടിയും കൂടി. പൊതുവെ അത്ര പരിചയം ഇല്ലാത്ത പെൺകുട്ടികളെ കാണുമ്പോൾ എയർ പിടുത്തം ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നത് കൊണ്ട് ഞാൻ  രോഹിണിയോട് കാര്യമായി വർത്തമാനം  ഒന്നും  പറഞ്ഞില്ല. എങ്കിലും ആ കുട്ടി വളരെ ആതിഥ്യ മര്യാദയോടെ പെരുമാറിയത്  ഞാൻ ശ്രദ്ധിച്ചു. അജമ്മാമൻ നോക്കിയിട്ട് കാലിൻറെ പ്രശ്നം നിസ്സാരം ആണെന്നും രണ്ടു ദിവസത്തിൽ മാറും എന്നും പറഞ്ഞു. കുറച്ച് നേരം കൂടി സംസാരിച്ച് ഇരുന്നിട്ട് ഞാനും രഘു അമ്മാമനും യാത്ര പറഞ്ഞ് ഇറങ്ങി. ഒരു തരത്തിൽ ഉള്ള പ്രത്യേകതകളും കൽപ്പിക്കാൻ ഇല്ലാത്ത ഒരു സംഭവം. പതിവ് പോലെ, എല്ലാം മുൻകൂട്ടി കാണുന്ന കാലം, ഈ സംഭവത്തിന് ഒരു പ്രത്യേകത കാത്ത് വെച്ചിരുന്നു!


 തിരിച്ച് വീട്ടിൽ എത്തി ഊണ് കഴിഞ്ഞ് രഘു അമ്മാമൻ ഇറങ്ങി. ഞാനും അമ്മയും ഇരുന്ന് വർത്തമാനം പറയുമ്പോൾ കാലിൻറെ കാര്യം പറയുന്ന കൂട്ടത്തിൽ രോഹിണിയെ കണ്ട കാര്യവും അമ്മയോട് പറഞ്ഞു. "ആഹ്, രോഹിണി  അവിടെ ഉണ്ടായിരുന്നോ?" എന്ന അമ്മയുടെ ചോദ്യത്തിൽ ഞാൻ വല്യ പ്രത്യേകത ഒന്നും കണ്ടില്ല. "അതെ, കോളേജിന് വെക്കേഷനോ മറ്റോ ആണ്. വളരെ നന്നായിട്ടാണ് വർത്തമാനം പറഞ്ഞേ " എന്ന മറുപടിയിൽ ആ സീൻ അവസാനിച്ചു. പക്ഷേ, അമ്മയ്ക്ക് അത് ഒരു ഫ്ലാഷ്ബാക്കിൻറെ തുടക്കം ആയിരുന്നു. കഥയിൽ ഞാൻ അറിയാത്ത ഒരു ട്വിസ്റ്റ്! ഒരിക്കൽ ഹേമ ചിറ്റമ്മ എൻറെ കല്യാണം സ്വപ്നം കണ്ടത് അമ്മയോട് പറഞ്ഞു. എന്നാൽ പിന്നെ പെൺകുട്ടിയേം കൂടി പറഞ്ഞാൽ എളുപ്പം ആയി എന്നോ മറ്റോ 'അമ്മ പറഞ്ഞതിന് "രാധിക ചേച്ചീടെ മകൾ രോഹിണി" എന്നാണത്രെ ഹേമ ചിറ്റമ്മ മറുപടി പറഞ്ഞത്! പിന്നീടത്തെ കഥ ചുരുക്കി പറഞ്ഞാൽ ഈ ഒരു ഫ്‌ളാഷ്ബാക്ക് കാരണം രോഹിണി എന്ന പെൺകുട്ടിയുമായി എൻറെ വിവാഹം തീരുമാനം ആവുകയും ആദ്യം പറഞ്ഞ സംഭവത്തിനു ഒരു പെണ്ണുകാണലിൻറെ പരിവേഷം വന്നു ചേരുകയും ചെയ്തു! അങ്ങിനെ എൻറെ  വിവാഹ മാനദണ്ഡങ്ങളിൽ പ്രായവ്യത്യാസത്തിന്റേത് മാത്രം 'മാച്ച്' ആയി രോഹിണി എന്ന പെൺകുട്ടി ചുട്ടു പൊള്ളുന്ന ഒരു മെയ് ഇരുപത്തി രണ്ടിന് എൻറെ ഭാര്യയായി ജീവിതത്തിലേക്ക് വന്നിട്ട് ഇന്ന് പതിനഞ്ച് വർഷങ്ങൾ തികയുന്നു.


 രണ്ടു പേരുടെയും വീടുകൾ സന്ദർശിക്കാൻ ഒരു കൊടുങ്ങല്ലൂർ യാത്ര മതി എന്ന സൗകര്യവും, രാത്രിയിലേക്ക് നീളുന്ന എൻറെ ഓഫീസ്  മീറ്റിംഗുകളും ഓർമിപ്പിക്കുന്നു; കാലത്തിന് സ്തുതി, എൻറെ  ഒന്നും രണ്ടും മാനദണ്ഡങ്ങൾ   പാലിക്കപ്പെടാതെ പോയതിന്! രോഹിണിക്ക് നന്ദി, കാട്ടിക്കൂട്ടലുകളില്ലാത്ത സ്നേഹത്തിന്, ഞാനെന്ന ബോറനെ സഹിക്കുന്നതിന്, ചെയ്യുന്ന വിട്ടുവീഴ്ചകൾക്ക്, യാത്രകൾക്ക്, അമ്പട ഞാനേ എന്ന  ഭാവത്തിനു നേരെ നീട്ടുന്ന പുച്ഛത്തിന്, എൻറെ 'പി ആർ ഓ' കൂടി ആവുന്നതിന്, എന്നേക്കാൾ നന്നായി എൻറെ  ബന്ധുക്കളോടും കൂട്ടുകാരോടും ചേരുന്നതിന്, പാറുവിന്റെ കൂട്ടുത്തരവാദിത്തത്തിന്! നന്ദി, ജീവിതപ്പങ്കിന് !


വാൽക്കഷ്ണം : 

 പതിനഞ്ചിൽ ഒരല്പം പൈങ്കിളി ആവാം എന്ന് വെച്ചു. 'നമ്മൾ' എന്ന ഒറ്റ വാക്കിൻറെ കീഴിൽ  ഇനിയുമൊരുപാട് മെയ് ഇരുപത്തിരണ്ടുകൾക്കായി കാത്തിരിക്കുന്നു. വിവാഹവാർഷികാശംസകൾ, തടിച്ചി!!