Friday, October 23, 2026

ഗുരുവിന് വിട

 നടന്ന് ബോയ്സ് സ്കൂളിന്റെ മുന്നിൽ എത്തിയപ്പോഴാണ് അമ്മയുടെ ഫോൺ. വരുന്ന വഴി വല്ല പച്ചക്കറിയോ മറ്റോ മേടിക്കാൻ ആവും. ഫോൺ എടുത്തപ്പോൾ പക്ഷേ കേട്ടത് ശുഭവാർത്ത ആയിരുന്നില്ല. "മിഥുൻ, രാജമണി വല്യച്ഛൻ മരിച്ചു!", അമ്മ അറിയിച്ചു. പ്രായത്തിൻറെ ബുദ്ധിമുട്ടുകളും ഓർമ്മക്കുറവും അദ്ദേഹത്തെ അലട്ടിയിരുന്നു, വിഷുവിനു കണ്ടപ്പോൾ പഴയ രാജമണി വല്യച്ഛൻറെ നിഴൽ മാത്രം ആയിരുന്നു കണ്ടത് എന്ന് തോന്നി. പക്ഷേ ഈ മരണം പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും, അനിവാര്യമായ അവസാനം എന്ന് മനസ്സിൽ പറഞ്ഞു. മണിദ്വീപിൽ വന്ന് ഗോപികൃഷ്ണേട്ടനോട് വിവരം പറഞ്ഞു. ഞങ്ങൾ രണ്ടു പേരും എഞ്ചിനീയർമാർ ആയതിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയ ഗുരുവാണ് കാലയവനികക്കുള്ളിൽ  മറഞ്ഞിരിക്കുന്നത്. സയൻസിൽ താല്പര്യവും കൗതുകവും വളർത്തിയ, അതിനൊപ്പം സാഹിത്യവും സംഗീതവും  സ്പോർട്സും എല്ലാം സംസാരിച്ച രാജമണി വല്യച്ഛൻ !


ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി അദ്ദേഹത്തിൻറെ അടുക്കൽ സയൻസ് പഠിക്കാൻ പോവുന്നത് . അതിനു മുൻപേ അദ്ദേഹം ഇടയ്ക്ക് ഞങ്ങളോടൊപ്പം ബാഡ്മിൻറൺ കളിക്കാൻ കൊട്ടുംചിരി മുറ്റത്ത് ഒത്തു ചേർന്നിരുന്നു. തൻറെ അറുപതുകളിലും സുഖമായി ഓടി ബാഡ്മിൻറൺ കളിക്കുന്ന അദ്ദേഹം എനിക്ക് ഒരു അത്ഭുതം ആയിരുന്നു അന്ന്. കുട്ടേട്ടനും  ഗോപികൃഷ്ണേട്ടനും എന്നെക്കാൾ മുന്നേ അദ്ദേഹത്തിൻറെ ശിഷ്യരാണ്, പിന്നീട് നിതിനും ആ ഭാഗ്യം ഉണ്ടായി. രാജമണി വല്യച്ഛൻ അമ്മയെയും ഫിസിക്സ് പഠിപ്പിച്ചിട്ടുണ്ട് എന്നാണറിവ്. പഠിപ്പിക്കുന്നത് സയൻസ് വിഷയങ്ങൾ ആണെങ്കിലും, അവ അദ്ദേഹം വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചിരുന്നു എങ്കിലും, ഇന്നോർക്കുമ്പോൾ അദ്ദേഹം എന്നെ സ്വാധീനിച്ചത് പാഠപുസ്തകങ്ങൾക്കപ്പുറം പകർന്ന ചില അറിവുകളിൽ ആണെന്ന് തോന്നുന്നു.  സയൻസ് എന്നത് വെറും മാർക്ക് നേടാൻ ഉള്ള അറിവല്ല എന്നും, സയന്റിഫിക് തിങ്കിങ് എന്ന് പറയുന്ന,  കാര്യങ്ങളെ വസ്തുനിഷ്ഠാപരമായി നോക്കിക്കാണാൻ ഉള്ള ഒരു ചിന്താരീതി കൂടി ആണെന്നും അദ്ദേഹം മനസ്സിലാക്കി തന്നു . എന്തിനെയും കണ്ണടച്ചു വിശ്വസിക്കാതിരിക്കുക, പകരം എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നറിയാൻ ഉള്ള ഒരു കൗതുകം മനസ്സിൽ ഉണ്ടാവുക എന്നത് ഞാൻ ഒരു പക്ഷേ രാജമണി വല്യച്ഛൻറെ ക്ലാസ്സുകളിൽ ആർജിച്ചതാണ്. എന്തിനേയും വക്രീകരിക്കാൻ കഴിവുള്ള ഈ സോഷ്യൽ മീഡിയ കാലത്ത് അത് ചെയ്യുന്ന ഉപകാരം ചെറുതല്ല. 


പൊതുവിൽ ഒരു വിഷയത്തെ കുറിച്ച് മാത്രം സംസാരിക്കാതെ പല വിഷയങ്ങളെ കുറിച്ച് ചെറിയ അളവിലെങ്കിലും അറിവ് വേണം എന്ന് എനിക്ക് ആഗ്രഹം ജനിച്ചത് രാജമണി വല്യച്ഛൻറെ ക്ലാസ്സുകളുടെ ഇടയിൽ ഉടലെടുക്കുന്ന സംഭാഷണങ്ങളിൽ ആണ്. അദേഹത്തിന് എല്ലാത്തിനേയും കുറിച്ച് ഒരു ധാരണ ഉണ്ട് എന്ന് എനിക്ക് തോന്നുമായിരുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞാൻ ഒട്ടും വായനാശീലം ഇല്ലാത്ത ഒരു വിദ്യാർത്ഥി ആയിരുന്നു എങ്കിലും കോളേജ് കാലത്ത് ആ ശീലം കിട്ടിയപ്പോൾ മുതൽ  ഞാൻ ചെയ്തു തുടങ്ങിയ ഒരു കാര്യം, പല വിഷയങ്ങളെ ആസ്പദമാക്കി ഉള്ള പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുന്നു എന്നതാണ്. സാഹിത്യത്തിനു  പുറമേ സ്പോർട്സും സയൻസും എല്ലാം വായനയിൽ ഉൾപ്പെട്ടത് അങ്ങിനെ ആണ്. അദ്ദേഹത്തിൻറെ ഗ്രന്ഥശേഖരം ഇതിന് ഒരു പ്രചോദനം ആണ് എന്ന് തോന്നുന്നു. അങ്ങിനെ പരന്നു വായിക്കണം എന്ന് ഒരു ഉപദേശം മട്ടിൽ അദ്ദേഹം പറഞ്ഞതായി ഓർക്കുന്നില്ലെങ്കിലും., ആ സംഭാഷണങ്ങളിൽ നിറഞ്ഞ അറിവിൻ്റെ വ്യാപ്തിയും  ആഴവും എന്നെ സ്വാധീനിച്ചതാവണം.



എന്ത് സംശയം ഏത് വിഷയത്തിൽ ചോദിച്ചാലും രാജമണി വല്യച്ഛൻ അപ്പോൾ തന്നെ തൻ്റെ ലൈബ്രറിക്ക് അടുത്തേക്ക് ചെല്ലും. "നമുക്ക് നോക്കാം" എന്നാണ് പറയാറ്. എന്നിട്ട് പുസ്തകങ്ങൾക്കിടയിൽ നോക്കി അതിൽ നിന്നും ഒരു പുസ്തകം എടുക്കും. ഒന്നോടിച്ചു വായിച്ച് പ്രസക്ത ഭാഗം കണ്ടു പിടിച്ച് ഒന്നുകിൽ വായിക്കാൻ തരും അല്ലെങ്കിൽ പറഞ്ഞു തരും. പിന്നീട് ജോലിയുടെ ഭാഗമായി 'നോളഡ്ജ് മാനേജ്മെൻറ് സിസ്റ്റ'ങ്ങളെ കുറിച്ച് വായിച്ചപ്പോൾ, അത് മറ്റുള്ളവർക്ക് ഉപദേശിക്കുമ്പോൾ, ഞാൻ രാജമണി വല്യച്ഛനെ ഓർക്കും. എല്ലാം ഓർത്തിരിക്കുന്നത് അസാധ്യമാണെന്നും എവിടെ നിന്നും ഏത്  വിവരം കിട്ടും എന്ന് ഓർത്തിരിക്കൽ ആണ് എളുപ്പം എന്നും ഞാൻ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത്. പലപ്പോഴും "ഇതെങ്ങനെ ഇതെല്ലാം ഓർത്തിരിക്കുന്നു" എന്ന് കൂടെ ജോലി ചെയ്യുന്നവർ ചോദിക്കുമ്പോൾ ഞാൻ പറയും "ഇത് ഓർമ്മ ശക്തി അല്ല, ക്രമപ്പെടുത്തൽ വിദ്യയുടെ കഴിവാ"ണെന്ന്. എന്നിട്ട് മനസ്സിൽ ഓർക്കും, ഇതൊരു മനുഷ്യൻ നിരന്തരം ചെയ്യുന്നത് ഞാൻ ഏഴാം ക്ലാസ് മുതൽ  കണ്ടു പഠിച്ചിട്ടുണ്ട്!


രാജാമണി വല്യച്ഛൻ ഈശ്വര വിശ്വാസി അല്ലായിരുന്നു. എന്നിട്ടും അദ്ദേഹം പലപ്പോഴും ഭക്തി  ശ്ലോകങ്ങളും മറ്റും ഓർത്തെടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒരിക്കൽ കൊടുങ്ങല്ലൂർ വന്നപ്പോൾ രാജമണി വല്യച്ഛൻ കടയിൽ നിന്ന് വരുന്ന വഴി  വീടിന്റെ മുന്നിൽ വെച്ച് കണ്ടു. വർത്തമാനം പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ എന്തോ സന്ധ്യാവന്ദനത്തെ കുറിച്ചായി സംസാരം. ഏതോ മന്ത്രത്തെ കുറിച്ച് പറഞ്ഞ് അദ്ദേഹം ആ ശ്ലോകം മുഴുവൻ ചൊല്ലി. അടുത്തിടെ വരെ സന്ധ്യാവന്ദനം നിത്യവും ചെയ്തിരുന്ന ഞാൻ അവ മറന്നു പോയിരുന്നു. ഒരു പക്ഷെ നാൽപ്പത് കൊല്ലമെങ്കിലും മുന്നേ ആയിരിക്കണം  രാജമണി വല്യച്ഛൻ ഈ ശ്ലോകങ്ങൾ പഠിച്ച് പിന്നീട് ചൊല്ലാതായിട്ട്. എന്നിട്ടും വളരെ എളുപ്പത്തിൽ അവ ഓർത്തെടുക്കുന്നു! പിന്നീട് കൊട്ടുംചിരിക്ക് ചൊല്ലുന്ന പാനകളിലും മറ്റും നിറയുന്ന ഭാഷയുടെ ഭംഗി, വാക്കുകൾ കൊണ്ടുള്ള ഇന്ദ്രജാലം, ആസ്വദിച്ച് തുടങ്ങിയപ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്, നിശ്ചയമായും ഈ സാഹിത്യ ഘടകം ആവണം രാജമണി വല്യച്ഛൻ അത്തരം ശ്ലോകങ്ങൾ ഓർത്തിരിക്കാൻ കാരണം.


ആത്മാവിനു നിത്യശാന്തി എന്ന് പറയുന്നത് ഒരു പക്ഷേ രാജമണി വല്യച്ഛനോടുള്ള അനാദരവ് ആവും. അങ്ങിനെ ഒന്നുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അദ്ദേഹം വിട പറഞ്ഞെങ്കിലും ആ ഓർമ്മകളും പാഠങ്ങളും എന്നും ജീവിക്കും. പറഞ്ഞു തന്നും,  പറയാതെ കാണിച്ച് തന്നും ജീവിത പാഠങ്ങൾ പഠിപ്പിച്ച ഗുരുവിന്   എൻ്റെ ആദരാഞ്ജലി!! 


No comments: