Monday, May 7, 2018

മേഘങ്ങളുടെ നാട്, വെള്ളച്ചാട്ടങ്ങളുടെയും


മേഘങ്ങള്‍ക്ക് ഇടയിലൂടെ വന്ന സൂര്യപ്രകാശവും, ഇപ്പോള്‍ വായിക്കുന്ന വേണുവിന്റെ 'സോളോ സ്റൊരീസ്'-ഉം ഈ വൈകുന്നേരം ഓര്‍മ്മകളെ ഇവിടെയാണ്‌ എത്തിച്ചത്. ചെറു ചാറ്റല്‍മഴയത്ത്, ഷില്ലോങ്ങിലേക്ക് ഉള്ള വഴിയില്‍. "ഇനി അധികം ദൂരമില്ല ഈ മോശം വഴി. ഒരു രണ്ടു കിലോമീറ്റര്‍ കൂടെ കഴിഞ്ഞാല്‍ നല്ല റോഡ്‌ ആണ്"-സാരഥി 'ഹോറി ചോന്ദ്ര ഡെ' അഥവാ ഹരി ചന്ദ്ര ഡെ പറഞ്ഞു. അധികം സംസാരിക്കാത്ത എന്നാല്‍ കാര്യങ്ങള്‍ വേണ്ട രീതിയില്‍ പറഞ്ഞു തരുന്ന ഹരി പിന്നീടുള്ള യാത്രയില്‍ കണ്ട മനുഷ്യരുടെ മാതൃക ആയിരുന്നു. ചുറ്റും പച്ചപ്പ്‌ കൂടി വന്നു, ഗ്രാമീണതയും. കാര്‍ നിറുത്തി ഹരി പറഞ്ഞു, "'ഇതാണ് ഉമിയാം തടാകം. നിങ്ങള്‍ കണ്ടു വന്നോളു. ഞാന്‍ ഇവിടെ ഉണ്ടാകും." . വലിയ തടാകത്തിന്റെ അരികില്‍ ഒരു പാര്‍ക്ക് . തടാകത്തിനോട് ചേര്‍ന്ന് മരം കൊണ്ട് ഉണ്ടാക്കിയ ഒരു പ്ലാറ്റ്ഫോം. അവിടെ നിന്ന് തടാകവും ചുറ്റും ചെറിയ മൂടല്‍ മഞ്ഞില്‍ നിരന്ന മലനിരകളും  കാണാം. യാത്രാക്ഷീണം മാറാന്‍ ആ കാഴ്ച തന്നെ ധാരാളമായിരുന്നു. ക്യാമറ എടുത്ത് കുറച്ച് ഫോട്ടോ എടുത്തു. നല്ല ഫോട്ടോക്ക് വേണ്ടിയുള്ള തത്രപ്പാടില്‍ നല്ല നിമിഷങ്ങള്‍ ആസ്വദിക്കുന്നത് കുറയുന്നു എന്ന് തോന്നി. ക്യാമറ തിരിച്ച് ബാഗില്‍ വെച്ച് പാറുവും നിളയും പുല്‍ത്തകിടിയില്‍ കളിക്കുന്നത് നോക്കി നിന്നു. ക്യാമറ ചിത്രങ്ങളേക്കാള്‍ മിഴിവോടെ ആ ചിത്രം ഇപ്പോളും മനസ്സില്‍ നിറയുന്നു. പാര്‍ക്കിലെ ചായക്കടയില്‍ നിന്ന് ഒരു ചായ പറഞ്ഞു. മേഘാലയയില്‍ പിന്നീട് എല്ലായിടത്തും കിട്ടിയതു പോലെ പാല്‍പ്പൊടി ചായ കിട്ടി.  ചായ കുടിക്കാന്‍ ഞങ്ങള്‍ക്ക് കൂട്ടും കിട്ടി, മൈനകള്‍. കേരളത്തിലും ബെന്ഗലൂരിലും കാണാത്ത പക്ഷിയെ കുട്ടികള്‍ അത്ഭുതത്തോടെ നോക്കി. മേഘാലയ യാത്രയിലെ ആദ്യ ഇടം പ്രതീക്ഷിച്ചതിലും മേലെ നിന്നു.


ഹോട്ടലില്‍ എത്തി ഒന്ന് വിശ്രമിച്ചിട്ട് പുറത്തേക്ക് ഇറങ്ങി. മണി ആറാവുമ്പോളെക്കും മേഘാലയം ഇരുളും. രാത്രി ജീവിതത്തിന് അധികം നീളം ഇല്ലെന്നു തോന്നി. പല ഹോട്ടെലുകളും ഒന്‍പതിന് പൂട്ടും എന്ന് ബോര്‍ഡ്‌ വെച്ചിരുന്നു. കുറച്ച് നടന്ന് ഒരു ഹോട്ടലില്‍ കയറി ഡിന്നര്‍ കഴിച്ചു. തിരിച്ചു നടക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു, രാത്രിയിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ നിരവധി ആണ് ഷില്ലോങ്ങില്‍. ഇന്ത്യയിലെ മറ്റു ഭാഗങ്ങളേക്കാള്‍ സുരക്ഷിതമാണ് ഇവിടം എന്ന് ആ കാഴ്ച പറഞ്ഞു തന്നു. തിരിച്ച് ഹോട്ടലില്‍ എത്തി വെറുതെ പുറത്തേക്ക് നോക്കി നിന്നു, അപ്പുറത്ത് ഒരു ചെറു നദിയോ തടാകമോ മറ്റോ ആണ്. പക്ഷേ കാണാന്‍ സാധിക്കുന്നില്ല. അതിനപ്പുറത്ത് നിയോണ്‍ വെളിച്ചത്തില്‍ മുങ്ങി കുറെ പഴയ കെട്ടിടങ്ങള്‍. അവയില്‍ മറ്റൊരു ദിവസത്തെ യാത്രയാക്കാന്‍ ഒരുങ്ങുന്ന മനുഷ്യര്‍. നിശ്ചയമായും സാമ്പത്തികമായി മേല്‍ത്തട്ടില്‍ നില്കാത്ത ജീവിതങ്ങള്‍ എന്ന് ആ പരിസരങ്ങള്‍ പറഞ്ഞു. ഒരു മുറിയില്‍ ഒരു ജീവിതം പടുക്കുന്ന ആ സഹജീവികളുടെ കാഴ്ച ഈ ഹോട്ടല്‍ മുറിയില്‍ സുഖവാസത്തിനു വന്ന എന്നെ ലജ്ജിപ്പിച്ചുവോ അതോ വേദനിപ്പിച്ചുവോ, തീര്‍ച്ചയില്ല. തട്ടിച്ചു നോക്കിയാല്‍ നമ്മുടെ ജീവിതം നിത്യവും സുഖവാസം ആണെന്ന് ഓര്‍മിപ്പിച്ചു ആ കാഴ്ച.


വെള്ളച്ചാട്ടങ്ങളാണ് മേഘാലയയിലെ പ്രധാന കാഴ്ചാവിഭവം. ഈ യാത്രയിലുടനീളം കണ്ടതും പല തരത്തില്‍ ഉള്ള വെള്ളച്ചാട്ടങ്ങള്‍. എലഫന്റ് ഫാള്‍സ് ആണ് ആദ്യം കണ്ടത്. പടികള്‍ ഇറങ്ങി ചെന്നാല്‍ രണ്ടു തട്ടിലായി രണ്ടു വെള്ളച്ചാട്ടങ്ങള്‍. പെയ്തിരുന്ന ചെറിയ മഴയില്‍ പാറക്കെട്ടുകളില്‍ ഒലിച്ചിറങ്ങിയ വെള്ളം ആ വെള്ളച്ചാട്ടങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നതു പോലെ. പിന്നീട് ഒരു വ്യൂ പോയിന്റ്‌ കണ്ടു. മലനിരകളും പച്ചപ്പും ചേര്‍ന്ന് കണ്ണിനെ താലോലിക്കുന്ന അനുഭവം. നേര്‍ത്ത കോടമഞ്ഞ്‌ ഒഴുകി വന്ന് ഞങ്ങളെ തഴുകി പോയി. കുറച്ച് നേരം കുട്ടികള്‍ ഓടി നടക്കട്ടെ എന്ന് കരുതി. അവിടെ ഉള്ള കുറച്ച് ചായക്കടകളും പിന്നെ കരകൌശല വസ്തുക്കളും മറ്റും വില്കുന്ന കടകളും ഉള്ളത് ഒന്ന് ചുറ്റി നടന്നു. കടല വില്‍ക്കുന്ന മേഘാലയന്‍ യുവതിയുടെ ഒരു ഫോട്ടോ എടുത്താല്‍ നന്നാകുമെന്ന് തോന്നി. ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ വിലക്കി. പൊതുവില്‍ ഇന്ത്യയില്‍ ഇല്ലാത്ത ഒരു അനുഭവം. അടുത്ത് ഒരു മുത്തശ്ശനും മുത്തശ്ശിയും നടത്തുന്ന പച്ചക്കറി കട കണ്ടു. അവര്‍ തമ്മില്‍ എന്തോ ചില്ലറ പരിഭവം ഉണ്ടെന്നു തോന്നി സംസാരം കേട്ടിട്ട്, ഭാഷ മനസ്സിലായില്ലെങ്കിലും. അവിടെ വില്കാന്‍ വെച്ചിരുന്ന ഒട്ടകപ്പക്ഷിയുടെ ശില്‍പ്പങ്ങള്‍ ശരിക്കും ജീവനുള്ളത് പോലെ. മരത്തില്‍ കൊത്തി വെച്ചിരിക്കുന്ന ചിറകുകള്‍ ഇപ്പോള്‍ അടിച്ചു തുടങ്ങും എന്ന് തോന്നും. വില ചോദിച്ചില്ല. ഇത്രയും ഭാരം യാത്രയില്‍ കൊണ്ട് നടക്കാന്‍ വയ്യ. ചുറ്റി നടന്നപ്പോള്‍ ഷാള്‍ വില്‍ക്കുന്ന ഒരു കട. അവിടുത്തെ സ്ത്രീ ഫോട്ടോ എടുക്കുന്നതില്‍ പ്രശ്നം ഒന്നും പറഞ്ഞില്ല. ചിരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ വിടര്‍ന്ന ഒരു ചെറു പുഞ്ചിരിയില്‍ ഒരല്പം വിഷാദം നിഴലിച്ച പോലെ. നന്ദി പറഞ്ഞു പോകാന്‍ തിരിഞ്ഞപ്പോള്‍ വില്കാന്‍ വെച്ചിരുന്ന, ഏതോ മൃഗത്തിന്‍റെ കൊമ്പില്‍ തീര്‍ത്ത ആദിവാസിയുടെ രൂപം കണ്ടു. കാണാന്‍ നല്ല ഭംഗി. അത് മേടിച്ചാലോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ മത്തായി ഒരു ബോര്‍ഡ്‌ കാണിച്ചു. അപൂര്‍വ ഇനം കാട്ടുപോത്തിന്റെ കൊമ്പിലാണ് ഈ ശില്‍പ്പങ്ങള്‍ തീര്‍ത്തിരിക്കുന്നത്. അവ വാങ്ങുമ്പോള്‍ നിങ്ങള്‍ ആ കാട്ടുപോത്തിനെ കൊല്ലുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. അവ വാങ്ങരുത് . പരിപാടി ഉപേക്ഷിച്ചു!


ഉച്ച ഭക്ഷണത്തിനു ശേഷം പോയത് പാവനമായ വനം (Sacred forest) കാണുവാനാണ് . വളഞ്ഞു പുളഞ്ഞു പോവുന്ന വഴികള്‍ താണ്ടി എത്തിയത് ഒരു പുല്മേട്ടിലാണ്. വലതു വശത്ത് ഖാസി ഹെറിറ്റേജ് വില്ലേജ് എന്ന ബോര്‍ഡ്‌ കണ്ടു. കാര്‍ നിര്‍ത്തി അതിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു, നിങ്ങള്‍ വനം കാണാന്‍ വന്നതാണോ?. ഇവിടെ വനം എവിടെ എന്ന് സംശയിച്ച് അതെ എന്ന് പറഞ്ഞു. അയാള്‍ താന്‍ ഗവര്‍ന്മെന്റ്റ് അംഗീകരിച്ച ഗൈഡ് ആണെന്നും വനം കാണിക്കാന്‍ എത്ര രൂപ ആകും എന്നും പറഞ്ഞു. പൈസ ഒട്ടും അധികം അല്ലാത്തതിനാല്‍ അയാളെ കൂടെ കൂട്ടി. എന്നിട്ടും ഒരു നിരയില്‍ കുറെ മരങ്ങള്‍ നില്കുന്നതല്ലാതെ വനം എവിടെ എന്നായിരുന്നു എന്റെ സംശയം. ഡോന്കിറ്റ് ലിങ്ങ്ടോ എന്ന ഗൈഡ് ഞങ്ങളെ ആ മരങ്ങളുടെ അടുത്തേക് കൊണ്ട് പോയി. ലിങ്ങ്ടോ രാജാക്കന്മാരുടെ മോപ്ലാന്ഗ് രാജവംശത്തിന്റെ കഥ പറഞ്ഞുകൊണ്ട്. മരം നട്ട് നാടുവാഴാന്‍ തുടങ്ങിയിരുന്ന, തങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വനങ്ങളുടെ വലിപ്പം കൊണ്ട് പ്രതാപം അളന്നിരുന്ന പഴയ രാജാക്കന്മാരുടെ ചരിത്രം പറഞ്ഞു കൊണ്ട്. നമ്മള്‍ കാട്ടിലേക്ക് കയറുന്നു എന്ന് പറഞ്ഞു ആ മരങ്ങള്‍ക്കിടയില്‍ ഉള്ള ഒരു ചെറിയ വിടവിലൂടെ ഡോന്കിറ്റ് നടന്നു, കൂടെ ഞങ്ങളും. കണ്ട കാഴ്ച ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല. ചുറ്റും ഇടതൂര്‍ന്ന് മരങ്ങള്‍. ഒരു ഇരുപത് അടിക്കപ്പുറം കാണാന്‍ പറ്റാതെ കനത്ത കാട്. ചീവീടുകളുടെ വലിയ ശബ്ദം. ഇതൊന്നും പത്തടി അപ്പുറത്ത് നിന്നപ്പോള്‍ അറിഞ്ഞില്ല! പണ്ട് ഈ കാട് പുല്മെട്ടിലെക് വളരാന്‍ തുടങ്ങിയപ്പോള്‍ മോപ്ലാന്ഗ് ഗ്രാമത്തിലെ രാജാവ് കാട്ടിലെ ദൈവങ്ങളോട് അപേക്ഷിച്ചു, തങ്ങളുടെ കളി സ്ഥലം കവരരുതെ എന്ന്. അന്ന് മുതല്‍ കാട് ആ പുല്മേട്ടിലെക് വളര്‍ന്നിട്ടില്ല എന്നാണ് ഐതിഹ്യം. ഇപ്പോളും മറുവശത്ത്‌ കാട് വളരുന്നുണ്ടത്രേ! ഒരു നിമിഷം ഞാന്‍ കൊടുങ്ങല്ലൂര്‍ എത്തി. ഞങ്ങളുടെ കളിസ്ഥലം കവര്‍ന്നത് കാടല്ലല്ലോ, സിമെന്റും കമ്പിയും ആണല്ലോ എന്ന് സങ്കടപ്പെട്ടു.


മഴ പെയ്തെങ്കിലും മരങ്ങളില്‍ തങ്ങി വെള്ളം ഞങ്ങളുടെ മേലേക്ക് അധികം വീണില്ല. ഞങ്ങള്‍ നടത്തം തുടര്‍ന്നു. മോപ്ലന്ഗ് ഗ്രാമീണര്‍ തങ്ങളുടെ രാജാവിനെ തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. രാജാവായി അധികാരമേറ്റ ശേഷം അവര്‍ കാടിനെ കാത്തുകൊള്ളാം എന്ന് പ്രതിജ്ഞ എടുത്തിരുന്ന കല്ലും, മൃഗബലി നടത്തിയിരുന്ന പീഠവും കണ്ടു നടക്കുമ്പോള്‍ നിലത്ത് നിന്ന് ഒരു രുദ്രാക്ഷം എടുത്തു കാട്ടിത്തന്നിട്ട് ഡോന്കിറ്റ് പറഞ്ഞു  ഈ പഞ്ചമുഖി രുദ്രാക്ഷം പുറത്ത് നല്ല വില കിട്ടുന്നതാണ്. പക്ഷേ ഞങ്ങള്‍ എടുക്കാറില്ല. ഈ കാട്ടില്‍ കഴിയാന്‍ എന്തും എടുക്കാം, പക്ഷേ ഒന്നും കാടിന് പുറത്തേക്ക് കൊണ്ട് പോവരുത് എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇന്നത്തെ ലോകത്തും അങ്ങനെ ചിന്തിക്കാന്‍ പറ്റുന്ന ചെറിയ ഒരു ജനത ഉണ്ട് എന്ന് അറിഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു. അവരുടെ വലിയ മനസ്സിനെ മനസ്സില്‍ തൊഴുതു. ഈ പ്രദേശം ഗ്രാമീണര്‍ തന്നെ ആണ് ഇന്നും വൃത്തിയായി സൂക്ഷിക്കുന്നത്. അതിനായി നിങ്ങള്‍ സംഭാവന വല്ലതും നല്‍കിയാല്‍ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇല്ലെങ്കിലും ഞങ്ങള്‍ക്ക് സന്തോഷം തന്നെ., തിരികെ നടക്കുമ്പോള്‍ ഡോന്കിറ്റ് പറഞ്ഞു. ഒരു കടലാസോ പ്ലാസ്റ്റിക്കോ കാണാത്ത ആ പ്രദേശം തന്നെ ആയിരുന്നു ആ വാക്കുകളുടെ സാക്ഷ്യം. കുറച്ച് പൈസ അധികം കൊടുത്ത് ഡോന്കിട്ടിനോട് യാത്ര പറഞ്ഞ് ആദ്യം കണ്ട ഖാസി ഗ്രാമത്തിന്റെ മാതൃക കാണാന്‍ ചുറ്റി നടക്കുമ്പോള്‍ മനസ്സില്‍ മുഴുവന്‍ ആ പഴയ രാജാക്കന്മാരായിരുന്നു. കാടിനെ സ്വത്തായി കണ്ടവര്‍, കാടിനോട് അപേക്ഷകള്‍ നടത്തിയവര്‍, കാക്കുന്ന കാടിന്‍റെ വലിപ്പത്തില്‍ പ്രതാപം കണ്ടവര്‍. നിറയുന്ന കീശയിലും വളരുന്ന സൌധങ്ങളിലും വികസനം കാണുന്ന നാം പുരോഗമിച്ചെന്നു വെറുതെ മേനി നടിക്കുന്നു.


ചിറാപ്പുന്ജി ആയിരുന്നു അടുത്ത ലക്ഷ്യം. പൂരിയും മസാലയും കഴിച്ച് കാറില്‍ കയറി. പോവുന്ന വഴിയില്‍ ലേഡി ഹൈദരി  പാര്‍ക്ക്‌ എന്നൊരു പാര്‍ക്കില്‍ ഹരി കാര്‍ നിര്‍ത്തി. മറ്റെവിടെയും കാണുന്ന പോലെ ഒരു സാധാരണ മൃഗശാലയും അതിനോട് ചേര്‍ന്ന ഒരു പാര്‍ക്കും മാത്രമേ ഉള്ളൂ ഇവിടം. ഞങ്ങള്‍ ചെന്ന നേരം മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമയം ആയിരുന്നു. ഞങ്ങള്‍ എന്തോ ഭക്ഷണവുമായി വരുന്നു എന്ന് ധരിച്ച് ഒരു കുഞ്ഞു തത്ത കൂടിനുള്ളില്‍ ഞങ്ങള്‍ നടക്കുന്ന ദിക്കിലേക്ക് പറന്നത് ഒരു കൌതുക കാഴ്ചയായി. പാവം, അതിനു വിശന്നിരിക്കണം. കുട്ടിക്കുരങ്ങന്മാരെ കണ്ട പാറു പല സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു. കുരങ്ങന്മാര്‍ പതുക്കെ പതുക്കെ മാറി മാറി ആണ് മനുഷ്യന്‍ ഉണ്ടായത് എന്ന എന്റെ സയന്‍സ് പാഠം കേട്ടിട്ട് മൂന്നു വയസ്സുകാരി മിഴിച്ച് നിന്നു. ഇത്ര ചെറിയ കുട്ടിയോട് പരിണാമ സിദ്ധാന്തം പറയുന്ന താനൊക്കെ എങ്ങോട്ടാടോ പരിണമിച്ചത് എന്ന് ചോദിക്കുന്ന പോലെ അടുത്ത കൂട്ടിലെ പിതാമഹന്‍ ഒന്ന് ചീറി. പാഠം ഉടനെ നിര്‍ത്തി നടന്നെത്തിയത്‌ പെലിക്കന്‍ കൊക്കുകള്‍ ഒഴുകി നടക്കുന്ന ഒരു ചെറിയ കുളത്തിന്റെ അടുത്താണ്. ഞങ്ങളെ കണ്ട പക്ഷികള്‍ ഉടനെ മറ്റേ ദിശയിലേക്ക് നീന്തി. പോയ സ്പീഡില്‍ തിരിച്ചു വരുന്നത് എന്തിനെന്ന് ആദ്യം മനസ്സിലായില്ല. പക്ഷേ കുളത്തിനടുത്ത് കൂടി മീന്‍ കുട്ടയുമായി വരുന്ന മനുഷ്യനെ കണ്ടിട്ടാണ് അവയുടെ വരവ്. അവയുടെ തീറ്റ നോക്കി കുറച്ച് നേരം നിന്നു.

ഷില്ലോങ്ങില്‍ നിന്ന് രണ്ടു മണിക്കൂറോളം മാറി ആണ്, ലോകത്ത് ഏറ്റവും മഴ ലഭിക്കുന്നു എന്ന് സ്കൂളില്‍ പഠിച്ച ചിറാപ്പുന്ജി. പക്ഷേ ഇപ്പോള്‍ അവിടെ നിന്ന് അറുപതു കിലോമീറ്റര്‍ അകലെ മോസിന്രം-നാണ്  ആ ഖ്യാതി എന്ന് അവിടെ ചെന്നിട്ടേ അറിഞ്ഞുള്ളു. പോവുന്ന വഴിയില്‍ വീണ്ടും തലേന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ കയറി നല്ല റൊട്ടി കഴിച്ചു. നേരം ഇരുണ്ടു തുടങ്ങിയപ്പോള്‍ ഹരി ഒരിടത്ത് വണ്ടി നിര്‍ത്തി. വാഹ്കബ എന്ന വെള്ളച്ചാട്ടം.പടികള്‍ ഇറങ്ങി ചെന്നാല്‍ നേരെ വെള്ളച്ചാട്ടത്തിനു മുകളില്‍ എത്താം. ചുറ്റും ചീവീടുകളുടെ ശബ്ദം മാത്രം. വെള്ളത്തിനു നല്ല തണുപ്പും. തിരികെ നടക്കുമ്പോള്‍ മുകളില്‍ അസ്തമയ സൂര്യന്റെ നേര്‍ത്ത പ്രകാശം ആ പ്രദേശത്തിന് ഒരു അലൌകിക പരിവേഷം നല്‍കുന്നത് പോലെ അനുഭവപ്പെട്ടു. പടി കയറി മുകളില്‍ എത്തി അടുത്തുള്ള ചായക്കടയില്‍ നിന്നും കട്ടന്‍ ചായ കുടിച്ചു. ശാന്തമായ ആ പ്രദേശത്തു നിന്നും പോവാന്‍ തോന്നിയില്ല. ഇതേ സ്ഥലം തിരികെ ഉള്ള യാത്രയില്‍ കണ്ടപ്പോള്‍ ആ വൈകുന്നേരം അവിടെ നിര്‍ത്തിയതിന് ഹരിയോട് മനസ്സില്‍ നന്ദി പറഞ്ഞു. ശാന്തമായിരുന്ന ആ പ്രദേശം സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു അപ്പോള്‍. ഒരു കിലോമീറ്റര്‍ ദൂരത്തോളം റോഡിനിരുവശവും നിര്‍ത്തിയിട്ട വാഹനങ്ങള്‍! രാത്രി ആയതിനാല്‍ ഹോട്ടല്‍ കണ്ടു പിടിക്കാന്‍ ഒരല്പം ബുദ്ധിമുട്ടി. ഗൂഗിള്‍ പറഞ്ഞ വഴി ഹോട്ടലിന്റെ പിറകില്‍ എവിടെയോ ആണ് ആദ്യം എത്തിച്ചത്. ഹോട്ടല്‍ എന്ന് പറയുന്നതിനെക്കാളും അതൊരു വീടായിരുന്നു എന്ന് പറയുന്നതാവും ശരി. അധികം സൌകര്യങ്ങള്‍ ഒന്നും ഇല്ല. പക്ഷേ നല്ല പെരുമാറ്റം കൊണ്ട് സൌകര്യങ്ങളിലെ കുറവുകളെ വിസ്മരിപ്പിച്ച കുറച്ച് ജീവനക്കാര്‍ അവിടുത്തെ താമസം സുഖകരമാക്കി.

ചിറാപ്പുന്ജിയില്‍ കാണാന്‍ പ്രധാനമായും ഉള്ളത് Living root bridges എന്ന വളരുന്ന വേരുകള്‍ കൊണ്ട് പണിത പാലങ്ങളാണ്. മനുഷ്യ നിര്‍മിതമായ ഇത്തരം പാലങ്ങള്‍ ഇന്ത്യയില്‍ മേഘലയയില്‍ മാത്രമേ ഉള്ളൂ എന്ന് യാത്ര മുഴുവന്‍ പ്ലാന്‍ ചെയ്ത രോഹിണി പറഞ്ഞു. അത് കൊണ്ട് ഞങ്ങള്‍ക്ക് അത് കണ്ടേ പറ്റൂ എന്ന് ഞങ്ങളും ഏറ്റു പറഞ്ഞു. കുട്ടികളെയും കൊണ്ട് ആ യാത്ര ബുദ്ധിമുട്ടാവും എന്ന ഹോട്ടല്‍ ജീവനക്കാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് രാവിലെ തന്നെ പുറപ്പെട്ടു. ഒന്പതിനോടടുത്ത് ഞങ്ങള്‍ അവിടെ എത്തി. ഗൈഡ് ഇല്ലാതെ പോവാന്‍ വിഷമം ആണെന്നുള്ള ഹരിയുടെ മുന്നറിയിപ്പ് മാനിച്ച് ഞങ്ങള്‍ ഗൈഡിനെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ചുറ്റും കൂടിയ ഗ്രാമീണരില്‍ ഒരാളെ കൂടെ കൂട്ടി. വടി വേണമോ നടക്കാന്‍ എന്ന് ചോദിച്ച് വന്ന കുട്ടികളെ ഇതൊക്കെ എന്ത്! എന്ന സലിംകുമാര്‍ ഭാവം കാട്ടി തിരിച്ചയച്ചു. ഒന്നര മണിക്കൂറോളം പടികള്‍ ഇറങ്ങണം, ആകെ അയ്യായിരം പടികള്‍ ആണ് അവിടെ എത്താന്‍. നിങ്ങള്‍ കുട്ടികളെയും കൂട്ടി വരുന്നതിനാല്‍ കുറച്ച് കൂടെ സമയം എടുത്തേക്കും നൈറ്റ്‌സ്റ്റാര്‍ എന്ന് പേരുള്ള ഞങ്ങളുടെ ഗൈഡ് പറഞ്ഞു. തുടക്കത്തില്‍ പടികള്‍ക്ക് ഇരുവശവും കുറച്ച് വീടുകള്‍ കണ്ടു, ക്രമേണ ചുറ്റും കാട് മാത്രം ആയി. ഇടക്ക് പാറുവിനെ നടത്തിയും മാറി മാറി എടുത്തും ഞാനും രോഹിണിയും നടന്നു തുടങ്ങി. വെയിലിനു കാഠിന്യം ഉണ്ടെങ്കിലും മരങ്ങളുടെ മറ അധികം ഉഷ്ണം ഇല്ലാതെ കാത്തു. കാലുകള്‍ കഴച്ചു തുടങ്ങി എങ്കിലും കണ്ടേ അടങ്ങൂ എന്ന വാശിയില്‍ നടന്നു. മുന്നില്‍ നടക്കുന്ന നൈറ്റ്സ്റ്റാര്‍ ഇടയ്ക്കിടെ ഇനി ഉള്ള പടികളുടെ എണ്ണം പറഞ്ഞു തന്നു, ഇനി നാലായിരത്തി അഞ്ഞൂറ് , ഇനി നാലായിരത്തി ഇരുനൂറ്. വിചാരിച്ചതിലും പതുക്കെ ആണ് നടത്തം എന്നും യാത്ര ഒരല്പം ബുദ്ധിമുട്ടാണ് എന്ന ബോധ്യവും വന്നു തുടങ്ങി. ഒരു മണിക്കൂറോളം നടന്നപ്പോള്‍ ഗൈഡ് പറഞ്ഞു, നമ്മള്‍ ഒരു നില ഉള്ള പാലത്തിന്റെ അടുത്ത് എത്തി. വഴിയില്‍ നിന്ന് മാറി വലത്തോട്ട് നടന്ന് ഒരു വീടിന്റെ മുന്നില്‍ എത്തി. അവിടെ നിന്നും ടിക്കറ്റും കുറച്ച് വെള്ളവും മേടിച്ചു. ടിക്കറ്റ്‌ തന്ന പ്രായമായ സ്ത്രീ മോശമില്ലാതെ ഇംഗ്ലീഷ് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. യോദ്ധ സിനിമയില്‍ ജഗതി ചെന്ന് പെടുന്ന ഗ്രാമീണരേപ്പോലെ ആണ് ഈ വഴിയില്‍ ഉള്ള ആളുകളുടെ രൂപവും ഭാവവും (ജഗതിയെ പോലെ ഞങ്ങളും). എന്നിട്ടും അവര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മേഘാലയ എന്ന് ശ്രുതി പറഞ്ഞു. കുറച്ച് നടന്നപ്പോള്‍ ആദ്യത്തെ പാലം പ്രത്യക്ഷപ്പെട്ടു. ഒരു ചെറിയ ചാലിന് കുറുകെ ഉയരത്തില്‍ രണ്ടു മരങ്ങളുടെ വേരുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പിണച്ച് ഒരു പാലം! മറുകരയിലേക്ക് വലിച്ചിട്ട  വേരുകള്‍ മറുപുറത്ത് വീണ്ടും വളരുന്നു. അങ്ങനെ പാലം ജീവിക്കുന്നു. ആ പ്രദേശത്ത് അപ്പോള്‍ ഞങ്ങള്‍ മാത്രം. ആദ്യം ഞാന്‍ കയറി കുറച്ച് ഫോട്ടോ എടുത്തു. താഴെ അരുവി നല്ല തെളിഞ്ഞ് ഒഴുകുന്നു. പത്ത് മിനിറ്റ് അവിടെ നിന്നപ്പോള്‍ യാത്രാക്ഷീണം മുഴുവന്‍ മാറി. ഇതിലും ഭംഗി ഡബിള്‍ ഡക്കര്‍ എന്ന് വിളിക്കുന്ന ഇരട്ട പാലങ്ങള്‍ക്ക് ഉണ്ട് എന്ന് നൈറ്റ്സ്റ്റാര്‍ പറഞ്ഞപ്പോള്‍ ക്ഷീണം മറന്ന് നടക്കാന്‍ തുടങ്ങി.


കുത്തനെ കുറേ പടികള്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഏറുമാടം പോലെ മലഞ്ചെരുവില്‍ ഒരു കട കണ്ടു. അവിടെ കുറച്ച് വിശ്രമിക്കുമ്പോള്‍ നൈറ്റ്സ്റ്റാര്‍ അകലെ അടുത്ത മലയില്‍ കണ്ട ഒരു തുറസ്സിലേക്ക് കൈ ചൂണ്ടി പറഞ്ഞു അവിടെ ആണ് നമ്മള്‍ക്ക് എത്തേണ്ടത്. ഞങ്ങളുടെ പോക്കില്‍ എനിക്ക് ചെറിയ സംശയം തോന്നി തുടങ്ങി. പക്ഷേ സഹയാത്രികര്‍ക്ക് വല്യ പ്രശ്നം ഒന്നും കണ്ടില്ല. വീണ്ടും നടന്നു. അതാ മുന്നില്‍ ഒരു തൂക്കുപാലം. ഒറ്റയ്ക്ക് കേറാന്‍ തന്നെ പേടിയായത് കൊണ്ട് രോഹിണി പാറുവിനെ എന്നെ ഏല്‍പ്പിച്ചു. എന്നിട്ട് പതുക്കെ പാലത്തില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ നടക്കാന്‍ തുടങ്ങി. പാറുവിനെ ഒരു കയ്യില്‍ പിടിച്ച് ഞാനും പതുക്കെ പാലത്തിലേക്ക് കയറി. താഴെ നീലജലം ഒഴുകുന്ന, വെള്ളാരം കല്ലുപോലെ പാറകള്‍ നിറഞ്ഞ ഒരു പുഴ. ആ ദൃശ്യത്തിന്റെ മനോഹാരിത വരും വഴി ക്യാമറയില്‍ പകര്‍ത്തണം എന്ന് തീരുമാനിക്കുമ്പോളെക്കും ഒരു ചെറിയ കുലുക്കം. ഞാന്‍ ഏതാണ്ട് നടുക്ക് എത്തിയിരിക്കുന്നു! ഓരോ അടി വെക്കുമ്പോളും കുലുക്കം കൂടി. ഒരു കയ്യില്‍ പാറുവിനെ പിടിച്ച് നില്‍കുന്ന ഞാന്‍ ശരിക്കും പേടിച്ചു. പാറുവിനെ നിലത്ത് നിര്‍ത്തി നടത്താന്‍ പറ്റില്ല. വശത്തെ കമ്പികള്‍ക്കിടയില്‍ നല്ല വ്യത്യാസം ഉണ്ട്. പാറുവിനെ പോലെ ഒരു ചെറിയ കുട്ടി അതിനിടയിലൂടെ താഴേക്ക് വീഴും. കുലുക്കത്തില്‍ പാറു പേടിച്ചാല്‍ അതിനുള്ള സാധ്യത കൂടുതല്‍ ആണ്. അക്കരെ എത്താതെ പറ്റില്ല, തിരിച്ചു നടക്കാവുന്ന ദൂരം കഴിഞ്ഞിരിക്കുന്നു. ഉറക്കെ നൈറ്റ്സ്റ്റാറിനെ വിളിച്ചു. അയാള്‍ നടന്ന് അടുത്തെത്തിയപ്പോള്‍ ഒരു സമാധാനം. പാറുവിനെ പിടിച്ച കൈ കഴക്കുന്നുണ്ടെങ്കിലും പതുക്കെ നൈറ്റ്സ്റ്റാര്‍നൊപ്പം നടന്നു. ഒരു പത്ത് അടി കൂടെ പോയപ്പോള്‍ കുലുക്കം കുറഞ്ഞു. മനസിന്റെ വെപ്രാളവും! നീയ് പടച്ചോനെ കണ്ടിട്ട്ണ്ടാ. ഞമ്മള് കണ്ടിട്ട്ണ്ട് എന്ന ചന്ദ്രലേഖ സിനിമയിലെ ശ്രീനിവാസന്‍റെ ഡയലോഗ് ആണ് മനസ്സില്‍ വന്നത്. ആപത്തില്‍ നിലവിളിക്കുമ്പോള്‍ എത്തുന്ന ഓരോ മനുഷ്യനിലും ഈശ്വരന്‍ പ്രത്യക്ഷപ്പെടുന്നതാവാം, അല്ല മനുഷ്യന്‍റെ നന്മയുടെ ചെറിയ ചെയ്തികള്‍ ഈശ്വരനോളം വളര്‍ന്ന അദ്വൈതവും ആവാം. ഇനി ഇതൊന്നുമല്ല ഞാന്‍ ഈ യാത്രാ വിവരണത്തില്‍ തത്വചിന്ത ഉണ്ട് എന്ന് കാണിക്കാന്‍ അനാവശ്യമായി ശ്രമിക്കലും ആവാം!


എന്റെ ശരീരത്തിന്റെ ശക്തി കുറഞ്ഞു വരുന്നത് എനിക്ക് ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. വിയര്‍ത്ത് ഇട്ടിരുന്ന ഷര്‍ട്ട്‌ വെള്ളത്തില്‍ മുക്കിയ മാതിരി ആയി. മരം കൊണ്ട് ഉണ്ടാക്കിയ ഒരു കൊച്ചു ചായക്കട കണ്ടു. അവിടെ കയറി കട്ടന്‍ ചായ കുടിച്ചു. ഒന്ന് രണ്ടു ബിസ്കറ്റും തിന്നു. എന്നിട്ടും ക്ഷീണത്തിന് ഒരു കുറവും ഇല്ല. ഞാന്‍ ചായക്കടയിലെ ബഞ്ചില്‍ നിവര്‍ന്നു കിടന്നു. മനസ്സ് മടുത്തിരിക്കുന്നു. എനിക്ക് ഇനി മുന്നോട്ട് നടക്കാന്‍ വയ്യ എന്ന് സഹായത്രികരോട് പറഞ്ഞു. ഇനി അധികം ദൂരം ഇല്ല, ഒരു അര മണിക്കൂറിനുള്ളില്‍ എത്തും എന്ന നൈറ്റ്സ്റാരിന്റെ പ്രോത്സാഹനത്തിലും സഹയാത്രികരുടെ നിര്‍ബന്ധത്തിലും ഒരു വിധം ശരീരത്തെ പൊക്കി നടന്നു തുടങ്ങി. വെയില്‍ നല്ലവണ്ണം ശക്തിയായി വന്നു. കുറെ നടന്നതിനു ശേഷം മുന്നില്‍ കുത്തനെ കുറെ പടികള്‍. കുറച്ച് മുകളില്‍ ഒന്ന് രണ്ടു വീടുകള്‍. അത് ചൂണ്ടി ഗൈഡ് പറഞ്ഞു, അതാണ്‌ നമ്മുടെ സ്ഥലം. മനസ്സിന് വീണ്ടും ശക്തി വെച്ചു. കയറി ചെന്ന് നോക്കുമ്പോള്‍, പല മടക്കുകളായി ഒഴുകുന്ന ഒരു അരുവിക്ക് കുറുകെ ഒന്നിനു മുകളില്‍ ഒന്നായി വേരുകൊണ്ട് നിര്‍മിച്ച രണ്ടു പാലങ്ങള്‍. നേരത്തേ കണ്ടതിനേക്കാള്‍ വലിപ്പവും ഉയരവും കൂടുതല്‍. താഴെ പുഴയില്‍ ഇറങ്ങി മുഖം കഴുകിയപ്പോള്‍ കുറച്ച് മുന്‍പ് യാത്ര അവസാനിപ്പിക്കാന്‍ പുറപ്പെട്ട ഞാന്‍ എങ്ങോ മറഞ്ഞിരുന്നു. നല്ല തണുത്ത തെളിനീരില്‍ കുട്ടികള്‍ ആസ്വദിച്ച് കുളിച്ചു. കാലില്‍ കുഞ്ഞു മീനുകള്‍ കൊത്തുന്നു. നല്ല സുഖം, പ്രകൃതിയുടെ ഫിഷ്‌ സ്പാ അനുഭവം. പാലങ്ങള്‍ക്ക് മുകളില്‍ കയറി ഫോട്ടോ എടുത്ത് കുറച്ച് നേരം കൂടി അവിടെ ചിലവഴിച്ചു, കാഴ്ചക്കാര്‍ അധികം ഇല്ല. സമയം ഉച്ചയോട് അടുക്കുന്നു. ഇനി ഈ വഴി മുഴുവന്‍ തിരിച്ചു കയറണം എന്ന ചിന്ത പതുക്കെ മനസ്സില്‍ വന്നു.


തിരികെ പോവാന്‍ തുടങ്ങുമ്പോള്‍ വഴിയില്‍ പഴം വില്കുന്ന സ്ത്രീയില്‍ നിന്നും കുറച്ച് പഴം വാങ്ങി കയ്യില്‍ കരുതി. മടക്കയാത്ര വന്നതിനേക്കാള്‍ കഠിനമായി തോന്നി. തൂക്കുപാലത്തില്‍ കയറുമ്പോള്‍ പാറുവിനെ നൈറ്റ്സ്റ്റാറിന്റെ കയ്യില്‍ ഏല്പിച്ചു. സ്ഥിരം ആ വഴി പോവുന്ന അയാള്‍ക്ക് ആ പാലത്തിലൂടെ കൈ പിടിക്കാതെ പോവാന്‍ അറിയാം. എന്‍റെ ക്ഷീണം കണ്ടിട്ടാവണം പാറു വേഗം നൈറ്റ് സ്റാരിന്റെ കൂടെ പോയി. പാലത്തിനു മുകളില്‍ നിന്ന് ഫോട്ടോ എടുക്കണം എന്ന് തീരുമാനിച്ചതൊക്കെ മറന്നിരുന്നു. മനസ്സില്‍ ഇനി നടക്കാന്‍ ഉള്ള വഴി മാത്രം. അത് ഉണര്‍ത്തുന്ന ഭയം കലര്‍ന്ന മടുപ്പ് മാത്രം. വഴികളുടെ നീളം കാലില്‍ മാത്രം അല്ല മനസ്സിലും നാം താണ്ടുന്നുണ്ട്. പാറു എന്റെ മേത്ത് കിടന്ന് ഉറങ്ങിയിരിക്കുന്നു. കാലുകള്‍ ഇടയ്ക്ക് ഇളകുന്ന പോലെ തോനുന്നു. ഇരുന്നും നടന്നും പതുക്കെ പടികള്‍ കയറി. മുന്നില്‍ ശ്രുതി നിളക്കുട്ടിയേയും എടുത്ത് നടക്കുന്നു. പിന്നില്‍ മത്തായിയും രോഹിണിയും പതുക്കെ കയറി വരുന്നു. ക്ഷീണിച്ച് പടികള്‍ ഓരോന്നായി കയറി.  പാറു ഉണര്‍ന്ന് ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഉത്തരം പറയാന്‍ ഉള്ള ശക്തി പോലും എനിക്ക് ഇല്ലാത്ത പോലെ. പാറുവിന്റെ ഓരോ ചലനവും എന്റെ ബാലന്‍സ് തെറ്റിക്കാന്‍ പോവുന്ന പോലെ. അത് പാറുവിനോട് പറഞ്ഞപ്പോള്‍ പാറു കെട്ടിപ്പിടിച്ച് മിണ്ടാതെ ഇരിക്കാന്‍ തുടങ്ങി. പാവം. ഞങ്ങളുടെ അവസ്ഥ കണ്ട നൈറ്റ്സ്റ്റാര്‍ രോഹിണിയുടെയും ശ്രുതിയുടെയും ബാഗുകള്‍ വാങ്ങി പിടിച്ചു. ഇടക്ക് പാറുവിനെ എന്റെ കയ്യില്‍ നിന്ന് മേടിച്ച് അയാള്‍ പടി കയറി. ദൈവത്തിന് ഇന്ന് ഈ മനുഷ്യന്‍റെ മുഖമാണ്. ഇരുട്ടില്‍ വഴി കാട്ടുന്ന രാത്രിനക്ഷത്രത്തിന്‍റെ മുഖം.


കുത്തനെ ഉള്ള കുറെ പടവുകള്‍ കയറി നൈറ്റ് സ്റ്റാര്‍ നിന്നു. നോക്കുമ്പോള്‍ രാവിലെ കണ്ട ഏറുമാടം പോലുള്ള കട. ഞങ്ങള്‍ ഒരു മല പിന്നിട്ടിരിക്കുന്നു! മനസ്സിന് കുറച്ച് സമാധാനമായി. ശരീരത്തിനും കൂടുതല്‍ ഊര്‍ജം കിട്ടിയ പോലെ. അവിടെ ഞങ്ങള്‍ ഇടയ്ക്കിടെ വഴിയില്‍ കണ്ടിരുന്ന ബംഗാളി യുവ മിഥുനങ്ങളെ പരിചയപ്പെട്ടു. യുവതി നിത്യവും ഈ വഴി വരുന്ന മാതിരി ഒരു ക്ഷീണവും ഇല്ലാതെ കയറുന്നു. ഭര്‍ത്താവിന്റെ രൂപം ഞങ്ങളെക്കാള്‍ ക്ഷീണിച്ച മട്ടില്‍ ആയിരുന്നു. അയാള്‍ ഇംഗ്ലീഷില്‍ ഈ യാത്രയെ പഴിച്ചു കൊണ്ടിരുന്നു. യുവതി ചിരിച്ചു കൊണ്ട് പറഞ്ഞു, ഈ സ്ഥലം കണ്ടേ തീരൂ എന്ന വാശി അയാള്‍ക്കായിരുന്നത്രേ! കുറച്ച് വിശ്രമിച്ച് വീണ്ടും കയറ്റം തുടങ്ങി. ഇപ്പോള്‍ നേരത്തേതു പോലെ ക്ഷീണം തോനുന്നില്ല. ഇനി ഒരു ആയിരം പടികള്‍ കൂടി, ഗൈഡ് പറഞ്ഞു. മനസ്സിന്റെ ഊര്‍ജം കൂടി വന്നു. ഞങ്ങളുടെ യാത്ര അവസാനിക്കാറായി. ഇടക്ക് ഒരു കുഞ്ഞു മഴ ഞങ്ങളെ തഴുകി പോയി. പാറുവിനോട് വര്‍ത്തമാനം പറഞ്ഞു നടന്നു. മൂന്നു വയസ്സുകാരി കാണുന്ന കാഴ്ചകള്‍ പലതും ഞാന്‍ കണ്ടില്ല എന്ന് തോന്നി. ഒരു ബിയര്‍ കാന്‍ വഴിവക്കില്‍ കിടക്കുന്നത് കണ്ടു. ഇപ്പോള്‍ ഉപേക്ഷിച്ച പോലെ ഉണ്ട്. ഈ വഴിയില്‍ ഉടനീളം ഞങ്ങള്‍ വേറെ ചപ്പുചവറുകളും പ്ലാസ്ടികും കണ്ടില്ല എന്ന് പെട്ടെന്ന് ഓര്‍ത്തു. ഈ കുഞ്ഞു സംസ്ഥാനം വൃത്തിയുടെ കാര്യത്തില്‍ ഈ വലിയ രാജ്യത്തിന്‌ ഒരു പാഠം ആണ്. നടന്നു മുകളില്‍ എത്തി . അവിടെ പൈനാപ്പിള്‍ വിറ്റിരുന്ന കുട്ടിയുടെ കയ്യില്‍ നിന്ന് കുറച്ച് പൈനാപ്പിള്‍ വാങ്ങി കഴിച്ചു. നൈറ്റ് സ്ടാറിന് പറഞ്ഞതിനേക്കാള്‍ പൈസ കൊടുത്തു. അയാള്‍ സന്തോഷത്തോടെ വാങ്ങി, നന്ദി പറഞ്ഞു. തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ നല്ല മഴ ആയിരുന്നെന്നും ഞങ്ങളെ കുറിച്ച് അവര്‍ ആകുലരായി ഇരിക്കുകയായിരുന്നു എന്നും റിസപ്ഷനിസ്റ്റ് പറഞ്ഞു. ഞങ്ങള്‍ക്ക് മഴയേ കിട്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് അത്ഭുതം.


മഴ അന്ന് വൈകീട്ടും പെയ്തു. ചിറാപ്പുന്ജിയില്‍ വന്നിട്ട് നല്ല മഴ കണ്ടില്ല എന്ന പരാതി തീര്‍ന്നു. ശാന്തമായ സായാഹ്നത്തില്‍ ആ മഴ യാത്രയുടെ ക്ഷീണം ഒന്ന് കുറച്ചതു പോലെ. പക്ഷേ, പിറ്റേന്നു കാലത്ത് എണീറ്റപ്പോള്‍ തലേന്നത്തെ നടത്തത്തിന്റെ പരിണത ഫലങ്ങള്‍ ശരിക്കും അറിഞ്ഞു. എല്ലാവര്ക്കും കാലിനു നല്ല വേദന, പടി കയറുമ്പോള്‍ പ്രത്യേകിച്ചും. വേച്ച് വേച്ച് നടക്കണം. നേരത്തെ ഉണര്‍ന്നത് കാരണം ഞാനും രോഹിണിയും പാറുവും ഹോട്ടലിനു മുന്നിലെ ചെറിയ പൂന്തോട്ടത്തില്‍ പോയി ഇരുന്നു. ആറര ആയപ്പോളേക്കും വെയില്‍ നാട്ടിലെ ഒന്‍പതു മണി പോലെ തോന്നി. കൂട്ടത്തില്‍ അനങ്ങാന്‍ ശേഷി ഉള്ള പാറു ഓടി നടക്കുന്നത് നോക്കി ഇരുന്നു. ഹോട്ടലിനു മുന്നിലെ വഴിയിലൂടെ ഒരു ജീവനക്കാരി നടന്നു വരുന്നത് ശ്രദ്ധിച്ചു. വരുന്ന വഴി നിലത്ത് കിടക്കുന്ന ഒരു ഐസ് ക്രീമിന്റെ കവര്‍ അവര്‍ നിലത്തു നിന്നും എടുത്ത് അടുത്തുള്ള ചവറ്റുകുട്ടയില്‍ ഇട്ടു. അത് നടത്തത്തിന്റെ ഒരു ഭാഗം എന്ന പോലെ. കോണ്‍ രൂപത്തില്‍ ഉള്ള ഈ കുട്ടകള്‍ മേഘാലയയില്‍ എങ്ങും കണ്ടിരുന്നു. വൃത്തി ഈ മനുഷ്യര്‍ക്ക്‌ ഒരു സ്വഭാവം ആണെന്ന് തോന്നി. അല്ലാതെ ഇങ്ങനെ എല്ലാ ഇടവും ചപ്പു ചവറുകള്‍ ഇല്ലാതെ കിടക്കില്ല. തങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഈ ജനത പ്രകടിപ്പിക്കുന്നത് ഇങ്ങനെ ആണ്. അതിലും ഉയര്‍ന്ന വിദ്യാഭ്യാസം അവകാശപ്പെടുന്ന മലയാളികള്‍ക്ക് ഇത് ഒരു മാതൃക ആക്കാവുന്നതാണ്.


പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചിറാപ്പുന്ജിയില്‍ നിന്ന് തിരിച്ചു. വഴിയില്‍ പിന്നെയും രണ്ടു വെള്ള ചാട്ടങ്ങള്‍ കണ്ടു. ഓരോ വെള്ളച്ചാട്ടവും ഓരോ അനുഭവം ആണ് തരുന്നത്. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. യാത്രയില്‍ അതല്ലാതെയും പലതും കണ്ടു. മ്യുസിയങ്ങള്‍, പള്ളികള്‍, ചെറിയ കമ്പോളങ്ങള്‍, ഗുവഹട്ടിയിലെ പ്രസിദ്ധമായ കാമാഖ്യാ ദേവിക്ഷേത്രം, കുത്തി ഒഴുകുന്ന ബ്രഹ്മപുത്ര അങ്ങനെ പലതും. പക്ഷേ അവയൊക്കെ മറ്റിടങ്ങളിലും കാണുന്ന കാഴ്ചകള്‍ പോലെ തോന്നി. അവയൊന്നും മനസ്സില്‍ കുളിര്‍ മഴ പെയ്യുന്ന ഓര്‍മ്മകള്‍ ആവുന്നില്ല. വെള്ളവും പാറകളും നിത്യമായി രമിക്കുന്ന ആ നാടും, നന്മ വെച്ചു നീട്ടുന്ന നാട്ടുകാരും ഇങ്ങനെ തന്നെ അനന്ത കാലം നില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. ഒരിക്കല്‍ കൂടി യാത്രയില്‍ എടുത്ത ഫോട്ടോകള്‍ എടുത്തു നോക്കി. ഇല്ല, മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളുടെ തെളിച്ചമില്ല ഈ ക്യാമറച്ചിത്രങ്ങള്‍ക്ക്. നന്ദി! ആ വഴികളില്‍ എന്നെ നടത്തിച്ച കാലത്തിന്...




Friday, March 9, 2018

ഒരു അകാല മരണത്തിന്‍റെ ചിത്രം


അഛാ , എനിക്ക് ഒരു പടം വരച്ച് തര്വോ”. 3 വയസ്സുകാരി മകളുടെ ചോദ്യം.  മനസ്സിന്റെ അറകളില്‍ എവിടെയോ ഒരു അസ്വസ്ഥത ചിലമ്പി .

"എന്താ അമ്മൂനു വരച്ചു തരണ്ടേ?”. ബുക്ക്‌ മേടിച്ച് വരക്കാന്‍ പെന്‍സില്‍ എടുക്കുമ്പോള്‍ വാത്സല്യത്തോടെ ചോദിച്ചു. 

“ഒരു പുലിയെ വരച്ച് തന്നാ മതി”. 

മകളോട് വേറെ പുസ്തകത്തില്‍ എഴുതാന്‍ പറഞ്ഞ് വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ വി കെ എന്‍ -ന്റെ ‘വരയുടെ പരമശിവനായ വാസേവന്‍ നമ്പൂതിരിക്ക്’ എന്ന പുസ്തക സമര്‍പ്പണം മനസ്സില്‍ തെളിഞ്ഞു. പക്ഷേ നേരത്തേ മിന്നിയ ചിലമ്പല്‍ ഒന്ന് വ്യക്തമായത് പുലിയുടെ മുഖം വരച്ചു തുടങ്ങിയപ്പോഴാണ്. ഓര്‍മ്മയുടെ പുസ്തകത്തില്‍ മരണത്തിന്‍റെ മുഖം ഒരു വെള്ള പുറം ചട്ടയില്‍ തെളിഞ്ഞു. ഒരു കലാകാരന്‍റെ മരണം!

ക്ലാസ് ടീച്ചര്‍ വന്നിട്ടില്ലാത്ത അഞ്ചാം ക്ലാസ്സിന്റെ അന്തരീക്ഷം. ക്ലാസ്സില്‍ കുട്ടികള്‍ ബഹളം വെക്കുന്നു, അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, ആകെ കലപില. മുന്നില്‍ ഇരുന്ന വെള്ള ചട്ടയിട്ട ‘മോറല്‍ സയന്‍സ്’ നോട്ടുബുക്കില്‍ തലേന്നു ഒട്ടിച്ച നെയിം സ്ലിപ്പില്‍ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. ‘പ്രീതി ഫാബ്രിക്സ്’ എന്ന കടയുടെ പരസ്യത്തില്‍ മോഹന്‍ലാലിന്റെ ചിത്രം ഉള്ള മഞ്ഞ നെയിംസ്ലിപ്പ്. കഴിഞ്ഞ ആഴ്ച ടീവിയില്‍ കണ്ട സിനിമയില്‍ ലാലേട്ടന്‍ പെയിന്റെര്‍ ആയിരുന്നു. നല്ല സൂപ്പര്‍ ആയിട്ട് നായികയുടെ ചിത്രം വരക്കുന്നത് കണ്ടതാണ്. അത് പോലെ വരയ്ക്കണം.

ലാലേട്ടന്റെ മുഖം നോക്കി കുറേശ്ശെ പെന്‍സില്‍ കൊണ്ട് വരയ്കാന്‍ തുടങ്ങി. നീണ്ട മുഖം. തടിച്ച കവിളുകള്‍. ഭംഗിയുള്ള കട്ടി മീശ. ആകെ മോശം ഇല്ല!ചില്ലറ തിരുത്തുകള്‍ മായ്ച് വീണ്ടും വരച്ചു. ഒരിക്കല്‍ കൂടി നോക്കി. ഇനിയും നന്നാക്കാം. വീട്ടില്‍ ചെന്നിട്ട് ആ ചെവി ഒന്ന് കൂടെ നന്നാക്കണം എന്ന് മനസ്സില്‍ പറഞ്ഞ് ഇടത്തേക്ക് നോക്കിയപ്പോള്‍ സഹബെഞ്ച്കാരി നോക്കി നില്‍ക്കുന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു, “എടാ നീ ആലംമൂടനെ വരച്ചത് നന്നായിട്ട്ണ്ട്”.

ഒരു മരണത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് സഹബെഞ്ച്കാരി അറിഞ്ഞില്ല! പക്ഷേ ഒരു കലാകാരന്‍ മരിച്ചിരുന്നു. ദാരുണമായി വധിക്കപ്പെട്ടിരുന്നു! അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രമേ നിനക്ക് സ്വസ്തി!

“ദാ കുട്ടാ”. വരച്ച ചിത്രം മകള്‍ക്ക് നീട്ടുമ്പോള്‍ കലാകാരന്‍റെ മോക്ഷം കിട്ടാത്ത ആത്മാവ് തേങ്ങുന്നത് ഞാന്‍ കേട്ടു.

“അഛാ പട്ടി അല്ല, പുലീന്നാണ് പറഞ്ഞേ!”. 

വായനക്കാരേ, കലാകാരന്‍റെ ആത്മാവ് ഇങ്ങിനി വരാത്ത വിധം ഭൂമിയില്‍ നിന്ന് മുക്തി നേടിയിരിക്കുന്നു! പ്രണാമം!!

Saturday, April 23, 2016

എന്ന് സ്വന്തം

  രോഹിണിയും പാറുവും നാട്ടില്‍ ആണ് . ബംഗ്ലൂരിലെ വീക്കെന്റ് ഞാനും നിഖിലും മാത്രം. നിഖില്‍ ജോലിക്ക് പോയി കഴിഞ്ഞു . ഉച്ചക്ക് ഊണിനു രസവും ഇത്തിരി ഉപ്പിലിട്ടതും കുറച്ച മുട്ട പൊരിച്ചതും റെഡി. അടുക്കളയിലെ കാബിനെടിന്റെ വാതില്‍ ശരിയാക്കാന്‍ തോമസ്‌ ആളെ വിടാം എന്ന് പറഞ്ഞിട്ട ഒരാഴ്ച ആയി . ഇന്ന് വരും എന്നാണു അവസാനം കിട്ടിയ ഉറപ്പ് . അയാളെയും നോക്കി ഇരിക്കുന്നു .  വൈകീട്ട് ‘ലീല’ സിനിമക്ക് ടിക്കറ്റ്‌ എടുത്തിട്ടുണ്ട്. അത് വരെ വേറെ ജോലി ഒന്നും ഇല്ല. ഒരു പുസ്തകവും എടുത്ത് ഇരുന്ന കുറച്ച വായിച്ചപ്പോളാണ് ഈ ഒരു കാര്യം ഒന്ന് ബ്ലോഗായി കാച്ചാന്‍ ഉള്ള പുറപ്പാട് . നിത്യജീവിതത്തിന്റെ സാധാരണത്വം ഇങ്ങനെ ബ്ലോഗാക്കുക അല്ല ഉദ്ദേശം . 

  ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം, ‘എന്ന് സ്വന്തം വി കെ എന്‍ ‘ . അങ്ങ് വടക്കേ കൂട്ടാലയില്‍ നിന്നും സ്യാനന്ദൂരപുരത്തേക്ക്ക്ക്, നാണ്വാര്‍ സി പി നായര്‍ക്ക് അയച്ച കത്തുകള്‍. വി കെ എന്‍  ശൈലിയില്‍ തന്നെ എഴുതപ്പെട്ടവയെങ്കിലും ഉള്ളടക്കം പലപ്പോഴും വ്യക്തിപരം ആയ കാര്യങ്ങള്‍, അഭിപ്രായങ്ങള്‍, പൊടി രാഷ്ട്രീയ സാഹിത്യ നിരൂപണങ്ങള്‍ , ഓര്‍മ്മകള്‍, ഉപദേശങ്ങള്‍ അങ്ങിനെ പലതും. ഇതൊന്നും ഒരു പുസ്തകം ആക്കാന്‍ എഴുതിയവ അല്ല . വി കെ എന്‍  എന്ന എഴുത്തുകാരനേക്കാള്‍ വി കെ എന്‍ എന്ന മനുഷ്യന്റെ അദ്ദേഹത്തിന്റെ  നിത്യ ജീവിതത്തിന്റെ ഏടുകള്‍ ആണിത്. എന്നിട്ടും അവയ്ക്ക് ഒരു വായനാസുഖം ഉണ്ട്.  കുറച്ച് കത്തുകളില്‍ കടന്നു പോയ ഒരു കാലം.

  ഒരു മൂന്നാം ക്ലാസ്സ്‌ നാലാം ക്ലാസ് കാലത്ത് ഞാനും ഒന്നോ രണ്ടോ കത്തുകള്‍ എഴുതിയിരുന്നു എന്നാണോര്‍മ. പക്ഷെ സാങ്കേതിക വിപ്ലവം എന്റെ തലമുറക്ക് മുന്നില്‍ വെച്ചത് വിളിച്ചാല്‍ അടുത്ത മിനുട്ടില്‍ കാതുകളില്‍ എത്തുന്ന ശബ്ദവും അത് വഴി കൈമാറ്റം ചെയ്യാവുന്ന വിവരങ്ങളും വിശേഷങ്ങളും ആണ്. ഇന്ന് രാവിലെ ഞാന് പാറുവിനെയും രോഹിണിയും കണ്ടാണ്‌ സംസാരിച്ചത് . ഗൂഗിള്‍ ഹാങ്ങൌട്ടിനു സ്തോത്രം. അശ്വിനോടും നിതിനോടും സ്കയ്പ്പിലാണ്  വിശേഷങ്ങള്‍ പറയുന്നത്. ദൂരത്തിനു വല്യ ദൂരം ഇല്ലാതായിരിക്കുന്നു. എല്ലാം അടുത്ത്തായിരിക്കുന്നു, ഒരു സ്ക്രീനിനപ്പുറം. പക്ഷേ...

  ആ പക്ഷേ ആണ് വിഷയം. ഈ ‘പറയുന്ന’/’കാണുന്ന’ വിശേഷങ്ങള്‍ ഒന്നും ഒരു 15 വര്‍ഷങ്ങള്‍ക്കപ്പുറം എനിക്ക് ഓര്‍ക്കാന്‍ സാധിക്കില്ല. ഇന്നത്തെ സാധാരണത്വം നാളത്തെ അസാധാരണ സംഭവങ്ങള്‍ ആവുന്ന മാറ്റത്തിന്റെ സുഖം (ദുഖവും) അനുഭവിക്കാന്‍ പറ്റില്ല. ഈയിടെ, പണ്ട് അരുണ്‍ നിഖിലിന് എഴുതിയ ഒരു കത്ത് കണ്ടു. മൂന്നാം ക്ലാസുകാരന്റെ പൊടി വിശേഷങ്ങള്‍ അവന്റെ പൊടി ഇംഗ്ലീഷില്‍. അക്ഷരത്തെറ്റുകള്‍ക്ക് ഇത്ര ഭംഗി ഉണ്ട് എന്ന്‍ അത് വരെ തോന്നിയിരുന്നില്ല. പണ്ട് മുതുമുത്തശ്ശി, അന്ന് കോളേജ് വിദ്യാര്‍ത്ഥിനി ആയ, അമ്മയെ കൊണ്ട് എഴുതിച്ച ഒരു കത്ത് കണ്ടത് ഓര്‍ക്കുന്നു. ബന്ധുവാവാന്‍ പോവുന്ന കോളേജിലെ ടീച്ചറെ കുറിച്ച് എഴുതുന്ന കൌമാരക്കാരിയുടെ ആരാധന കലര്‍ന്ന വര്‍ണ്ണന ഒരു പുഞ്ചിരി വിടര്‍ത്തി , അന്നത്തെ കൌമാരക്കരിക്കും കൌമാരം പിന്നിട്ട അവരുടെ മകനും.

   ഈ ഒരു സുഖം ഇനി ഓര്‍മ്മ മാത്രം ആയേക്കാം. ഒരു പ്രത്യേകതയും ഇല്ലാത്തത്  എന്ന്  എഴുതുമ്പോള്‍ തോന്നിക്കുന്ന കുറച്ച് കാര്യങ്ങള്‍  കുറേ വര്‍ഷങ്ങള്‍ക്കിപുറം നമ്മില്‍ ഉയര്‍ത്തുന്ന വികാരവായ്പ്പുകളുടെ മാസ്മരികത .  അതിനെ ഒന്ന് തിരിച്ചു പിടിക്കാന്‍ എന്താണ് വഴി? ഇ-മെയിലുകള്‍ കുറച്ച് കൂടി അയക്കേണ്ടിയിരിക്കുന്നു . അവയില്‍ കുറച്ച് കൂടി ദൈനംദിന സംഭവങ്ങള്‍ പറയേണ്ടിയിരിക്കുന്നു. ഇനി ഒരു 15-20 കൊല്ലം കഴിഞ്ഞ് പാറുവിനു ഇടക്ക് ഒന്ന് വായിച്ച് ചിരിക്കാന്‍, അന്നൊരു അമ്പതു വയസ്സില്‍ എനിക്ക് ഒരു പക്ഷേ ഇന്നത്തെ ജീവിതത്തെ ഇത്തിരി കൂടി തമാശയോടെ, ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍. കത്ത് ചുരുക്കുന്നു..

എന്ന് സ്വന്തം,
മിഥുന്‍                                                                         

Thursday, November 20, 2014

രാഷ്ട്രീയ വിചാരം അഥവാ സ്വയം ഒരു അഭിമുഖം

സ്വയം ഒരു അഭിമുഖം എന്ന ഈ പരിപാടി നിങ്ങള്‍ മുന്‍പ് പരീക്ഷിച്ചിട്ടുണ്ടോ?
ഇല്ല. ഒരു ബ്ലോഗ്‌ എഴുതണം എന്ന  ചിന്ത ഉണ്ടായപ്പോള്‍ അത് ഇങ്ങനെ ആയാല്‍ എന്തെന്ന് ആലോചിച്ചു, അത്രേ ഉള്ളു. Interview-ന്റെ ഗുണം എന്തെന്നാല്‍, എന്തും പറയാന്‍ ഉള്ള അവസരം ആണ് എന്നുള്ളതാണ്. വിഷയങ്ങള്‍ക് തമ്മില്‍ ബന്ധം വേണം എന്നില്ല. ഒരു വിഷയത്തെ കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ അറിയാത്ത എല്ലാ വിഡ്ഢികള്‍ക്കും ഇത് ഒരു പ്രചോദനം ആവട്ടെ എന്ന് കരുതി!

വിഡ്ഢിയാണെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിട്ടും താങ്കള്‍ എന്തിന് ഇങ്ങനെ ഓരോ അഭിപ്രായം പറയുന്നു?
എന്ത് വിഡ്ഢിത്തവും എഴുന്നള്ളിക്കാന്‍ സ്വാതന്ത്ര്യം ഉള്ള ഏക സ്ഥലം ഈ ബ്ലോഗ്‌ ആണ് എന്നുള്ളതുകൊണ്ട് തന്നെ. പിന്നെ ഉള്ളത് മാധ്യമങ്ങളും രാഷ്ട്രീയ വേദികളും ആണ്. അതിനു പക്ഷെ വേറെ ഇഷ്ടം പോലെ ആളുകള്‍ ഉണ്ട്. അവിടെ കേള്‍ക്കുന്ന/പറയുന്ന വിഡ്ഢിത്തങ്ങള്‍ പിന്നീടും ‘ചര്‍ച്ച’കള്‍ക്ക് വഴി വെക്കും. ഇതാവുമ്പോ ഈ ബ്ലോഗോടെ നിര്‍ത്തി എനിക്ക് എന്റെ കാര്യം നോക്കാം.

ശരി. എന്നാല്‍ തുടങ്ങാം. നിങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയക്കാരെ ഒന്ന് കളിയാക്കി. എന്താണ് നിങ്ങളുടെ രാഷ്ട്രീയം? ഏത് പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കുന്നു നിങ്ങള്‍?
അങ്ങനെ ഒരു പ്രസ്ഥാനത്തിന്റെ വക്താവോ സഹയാത്രികനോ അല്ല ഞാന്‍.

പക്ഷെ അങ്ങനെ അല്ലല്ലോ നിങ്ങളെ നോക്കി കാണുന്ന ‘ഞാന്‍’ മനസ്സിലാക്കുന്നത്. നിങ്ങള്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ കൂടെ ആയിരുന്നില്ലേ?
കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്വയം ഒരു ‘സഖാവ്’ ആണെന്ന് വിചാരിച്ചിരുന്നു. ചില സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇടതിന് വോട്ടു രേഖപ്പെടുത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെ ഒരു ഇടതു പക്ഷപാതം എനിക്ക് ഇല്ല.

നിങ്ങള്‍ വലത്തോട്ട് തിരിഞ്ഞോ?
അതില്ല. ഇടതിന്റെ മുഴുവന്‍ ആശയങ്ങളോടും യോജിക്കാന്‍ ബുദ്ധിമുട്ട് തോന്നി. ചിലതെങ്കിലും കാലഹരണപ്പെട്ടു എന്നൊരു തോന്നല്‍. നേതാക്കന്മാര്‍ക്ക് വഴി തെറ്റുന്നോ എന്നൊരു സംശയം. ഒരു ഇടത് ലേബല്‍ വേണ്ട എന്ന് തോന്നി. ഓ വി വിജയന്‍റെ കുറിപ്പുകള്‍ എന്നാ പുസ്തകം എന്റെ ഇടതു പക്ഷവുമായുള്ള താത്വികമായ വിയോജിപ്പുകള്‍ക്ക് ഒരു കാരണം ആണെന്ന് തോനുന്നു. ഇ എം എസ്-ന്റെ പുസ്തകങ്ങള്‍ക്ക് അങ്ങനെ ഒരു സ്വാധീനം ചെലുത്താനും കഴിഞ്ഞില്ല.

പക്ഷെ നിങ്ങള്‍ ഇന്നും ചെഗുവേരയുടെ ആരാധകന്‍ ആണല്ലോ?
ചെഗുവേര ചെയ്ത എല്ലാ കാര്യങ്ങളോടും യോജിപ്പ് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയും നിസ്വാര്‍ത്ഥ ശ്രമങ്ങളും പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. അതോടൊപ്പം ‘ഇതൊരു വല്യ DYFI-ക്കാരനാ’ എന്ന സിനിമാ dialogue-ന്റെ ആഴമുള്ള നര്‍മവും ഞാന്‍ ആസ്വദിക്കുന്നു.

നിങ്ങളില്‍ ഇപ്പോള്‍ ഒരു കോണ്‍ഗ്രസ്‌ അനുഭാവി ഉണ്ട് എന്ന് തോനുന്നു. നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് എന്ത് വിചാരിക്കുന്നു?
എന്നെ പോലെ മറ്റൊരു മണ്ടന്‍ ആണെന്ന് തോനുന്നു. അതിലും ഇത്തിരി കൂടി നന്നാക്കിയാല്‍ ‘രാഷ്ട്രീയം കുടുംബസ്വത്തായി മാത്രം കിട്ടിയ ഒരു പാവം’. അല്ലാതെ വല്യ രാഷ്ട്രീയ ബുദ്ധി ഒന്നും ഇല്ല എന്നാണു തോന്നിയത്.

ഇപ്പോള്‍ മനസ്സിലായി. നിങ്ങള്‍ ഒരു ബിജെപി/ആര്‍എസ്എസ് അനുകൂലി ആണല്ലേ?
അതും അല്ല. അവര്‍ പറയുന്ന പലതും അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ട്  ഉണ്ട്. ഹിന്ദുത്വം സംരക്ഷിക്കാന്‍ എന്ന പേരില്‍ അവര്‍ പറയുന്നത് പ്രത്യേകിച്ചും. ഒരു ഹിന്ദു ആയ എനിക്ക് അവരുടെ തുണ വേണ്ട ഈശ്വരനെ വിശ്വസിക്കാന്‍. ഹൈന്ദവതയെ സ്ഥാപനവല്കരിക്കാന്‍ തുനിയുന്നത് മണ്ടത്തരം ആണ്. സ്ഥാപനവല്‍ക്രിതമല്ലാത്തതും ഒരു കൂട്ടം ലിഖിത നിയമങ്ങള്‍ ഇല്ല എന്നതുമാണ്‌ ഞാന്‍ ഹിന്ദുമതത്തില്‍ കാണുന്ന ഏറ്റവും വലിയ ഔന്നത്യം.

അങ്ങനെ വരട്ടെ. നിങ്ങളും ചൂലെടുത്ത് ‘മാങ്ങ മനുഷ്യന്‍’ എന്ന ‘ആം ആദ്മി’ ആയി.
ഇല്ല. ചൂലിന് ഈര്‍ക്കിലിന്റെ ഗുണം പോലും ഇല്ല എന്ന് 40 ദിവസം കൊണ്ട് ജനത്തിന് മനസ്സിലായി. പൊതുജനം കഴുത ആണെങ്കിലും ഡാര്‍വിന്റെ സിദ്ധാന്തം അനുസരിച്ച് അതിനും ബുദ്ധി വെച്ച് തുടങ്ങി.

ഓരോരോ കാര്യങ്ങളില്‍ എന്റേതായ അഭിപ്രായമോ അഭിപ്രയമില്ലായ്മയോ ഞാന്‍ തന്നെ തീരുമാനിക്കുന്നതാണ് എന്റെ രാഷ്ട്രീയം. അതിനു ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ ചട്ടക്കൂട് വേണ്ട എന്നതാണ് എന്റെ രാഷ്ട്രീയം. നല്ലതെന്ന് തോനുന്നതിനെ അഭിനന്ദിക്കാന്‍ മടിയില്ലാതിരിക്കുകയും തെറ്റെന്നു തോന്നിയാല്‍ അതിനെതിരെ ബ്ലോഗിലൂടെയെങ്കിലും തെറ്റെന്നു പറയുകയും ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ആണ് എന്റെ രാഷ്ട്രീയം.

ഇത് എന്റെ മൂന്നാമത്തെ ചോദ്യത്തിനുത്തരമായി പറഞ്ഞിരുന്നെങ്കില്‍ ഈ ബ്ലോഗ്‌ ഇത്ര നീളില്ലായിരുന്നു. നിങ്ങള്‍ വായനക്കാരനെ വടിയാക്കുകയല്ലേ ഇപ്പൊ ചെയ്തത്?!
ഇതാണ് എന്റെ ജീവിതത്തിലും സംഭവിക്കുന്നത്. ഒരു ഉത്തരം അല്ലെങ്കില്‍ അഭിപ്രായം ഉരുത്തിരിയുകയാണ്. അല്ലാതെ ഞാന്‍ അത് ആദ്യമേ പഠിച്ചു പറയുകയല്ല,  ആരെങ്കിലും വരച്ച ഒരു വരയില്‍ മുന്നോട്ട് പോവുകയല്ല. ഒരു നേര്‍ വരയുടെ കൃത്യത അഭിപ്രായങ്ങള്‍ക്ക് വേണം എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. അത് കാലം പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വ്യതിച്ചലിപ്പിക്കും. ഇതൊക്കെയാണ് ‘മിഥുന്‍ വര്‍മ്മ’ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നത്. വായനക്കാര്‍ ഇതിനോട് യോജിക്കും എന്നാണു എനിക്ക് തോന്നുന്നത്. അല്ലാതെ അവര്‍ ഈ വരി വരെ വായിക്കില്ല!

നിങ്ങള്‍ ജാതി വ്യവസ്ഥയുടെ വക്താവാണോ? പേരില്‍ ‘വര്‍മ്മ’ ചേര്‍ത്ത് പറയുന്നു.
അതിനെ ഒരു surname എന്ന നിലക്കേ ഞാന്‍ കാണുന്നുള്ളൂ. എന്റെ മാതാപിതാക്കള്‍ തന്ന പേര്. ലോകത്ത് പൊതുവേ അംഗീകരിക്കപ്പെടുന്ന ‘firstname middlename surname’ എന്ന തരത്തില്‍ ഒരു പേര്. അത്രേ ഉള്ളു.

പരോക്ഷമായെങ്കിലും നിങ്ങള്‍ ഒരു സവര്‍ണ്ണ ഹൈന്ദവത ആ പേരില്‍ പ്രദര്ശിപ്പിക്കുന്നില്ലേ?
ഈ പേര് കൊണ്ട് മാത്രം ഞാന്‍ ഒരു സവര്‍ണ്ണ ഹൈന്ദവതയെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നത് ഒരു തരത്തില്‍ ജാതി ചിന്ത അല്ലെ? ഞാന്‍ പോലും അവകാശപ്പെടാതെ എന്നെ എന്തിനു ‘സവര്‍ണ്ണന്‍ ‘ ആക്കുന്നു? എന്റെ പേര് ഒരു തരത്തിലും എന്റെ സ്വഭാവതിനെ കാണിക്കുന്നില്ല. എന്തിനും ഏതിനും ജാതി നോക്കുന്ന മനോഭാവം നമ്മള്‍ മാറ്റേണ്ട കാലം ആയില്ലേ? രാഷ്ട്രീയത്തിലും ഇപ്പൊ സിനിമാ/സാഹിത്യ നിരൂപണത്തില്‍ വരെ ജാതി വീക്ഷണങ്ങള്‍ കുറച്ച് അപലപനീയം ആണെന്നാണ് എന്റെ ഒരു വിശ്വാസം.

ഈ വീക്ഷണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു ഒരു വാദഗതി ആരെങ്കിലും ഉന്നയിച്ചാല്‍?
അത് ശരി ആണെന്ന് എന്റെ ചിന്തക്ക് ബോധിച്ച്ചാല്‍ ഞാന്‍ പിന്നെ അത് ആണ് ശരി എന്ന് പറയും.

അപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു സ്ഥിരം അഭിപ്രായം ഇല്ലേ?
ഇല്ല. അങ്ങനെ പാടില്ല എന്ന് കൂടി ഉണ്ട്. ‘മാറ്റം ഒരു അനിവാര്യത ആണ്, അഭിപ്രായങ്ങള്‍ക്ക് പോലും’ എന്നാണു ഇപ്പോള്‍ എന്റെ അഭിപ്രായം. ഇതും മാറിക്കൂടായ്കയില്ല.

എങ്കില്‍ പിന്നെ ഇന്നിവിടെ പറഞ്ഞതിനെ കുറിച് ഒരിക്കല്‍ നിങ്ങള്‍ക്ക് തിരുത്ത് നടത്തേണ്ടി വരില്ലേ?
ചിലപ്പോള്‍ വരുമായിരിക്കും. അന്ന് ഇത് തെറ്റാണെന്ന് തോന്നിയാല്‍ ഞാന്‍ തിരുത്തും. ഞാന്‍ ഒരു വെറും മനുഷ്യനാണ്, തെറ്റുകള്‍ പറ്റുന്നവനാണ്.

ഇതില്‍ വരുന്ന എതിരഭിപ്രായങ്ങളെ നിങ്ങള്‍ എങ്ങിനെ നേരിടും?
നേരിടാന്‍ ഞാന്‍ യുദ്ധം ഒന്നും ചെയ്യുകയല്ലല്ലോ. അവ എല്ലാം അംഗീകരിക്കുന്നു. ഞാന്‍ ചിന്തിക്കുന്ന പോലെ ലോകം മുഴുവന്‍ ചിന്തിച്ചാല്‍ പിന്നെ ഈ ജീവിതത്തിനു ഒരു ഭംഗി ഇല്ലല്ലോ.

എന്നാല്‍ ഈ സംഭാഷണം നിര്‍ത്തുകയല്ലേ?

തീര്‍ച്ചയായും, ഇത്രയും വായിക്കാന്‍ ക്ഷമ ഉള്ള നല്ല മനുഷ്യര്‍ ലോകത്ത് ഉണ്ട് എന്നത് തന്നെ ഒരു വലിയ കാര്യം ആണ്. ഏവര്‍ക്കും നന്ദി. ച്ചാല്‍, അശ്വിന്‍ സുധീര്‍ പറഞ്ഞ മാതിരി ‘മലയാളിയുടെ നന്ദി’ കൂടെ ഒരു ചെറുപുഞ്ചിരിയും :)

Sunday, March 17, 2013

ഒരിക്കൽക്കൂടി, ആത്മാർഥതയോടെ


  ഏറെ നാളായി ഒരു ബ്ലോഗ് എഴുതിയിട്ട്. ഇടക്കൊക്കെ ചില ചിന്താശകലങ്ങൾ എന്നെ തേടി എത്തിയിരുന്നു. എന്തോ, അവയൊന്നും ഇരുന്ന് എഴുതി പോസ്റ്റു ചെയ്യാൻ ജോലിത്തിരക്കും ചിലപ്പോൾ (അതായത് മിക്കപ്പോഴും) മടിയും തടസ്സമായി. എന്തെങ്കിലും ഒന്ന് എഴുതണം എന്ന തോന്നൽ കുറച്ചായി തുടങ്ങിയിട്ട് എങ്കിലും  അക്ക്ബർ കക്കട്ടിലിന്റെ “അനുഭവം, ഓർമ്മ, യാത്ര” എന്ന പുസ്തകം വായിച്ചപ്പോളാണ് ഇതെഴുതണം എന്നു തോന്നിയ ഒരു കാര്യം മനസ്സിൽ തങ്ങിയത്. പുസ്തകങ്ങളിൽ മാത്രം പരിചയപ്പെട്ട പലപ്പോഴും എന്നെ വളരെയധികം ആകർഷിച്ച ഒരു കാലഘട്ടത്തിന്റെ ഒരു കക്കട്ടിൽ ചിത്രം ഈ പുസ്തകം തരുന്നുണ്ട്. ആ ഓർമ്മകളിൽ തന്റെ സർഗ്ഗജീവിതത്തിന് വഴിവിളക്കായ ഒരു വ്യക്തിയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. എഴുതിയ വരികൾ അച്ചടിച്ചു കാണാൻ കൊതിച്ച്, അവ കാണാതെ വന്നപ്പോൾ വിഷമിച്ച ഒരു കക്കട്ടിലുകാരൻ പയ്യന് ഒരു പോസ്റ്റുകാർഡിൽ കുനുന്നനെ ഉള്ള അക്ഷരങ്ങളിൽ, വാക്കിന്റെ നേർവഴി കാണിച്ച ‘കുട്ടേട്ടനെ’ കുറിച്ച്. മലയാളികളുടെ സ്വന്തം കുഞ്ഞുണ്ണിമാഷിനെക്കുറിച്ച്. ഒരു അക്ബർ കക്കട്ടിലിനെ മാത്രമല്ല ആ പോസ്റ്റുകാർഡുകൾ തേടിയെത്തിയിട്ടുള്ളത്. ഇന്ന് സാഹിത്യകാരന്മാരായി കേരളം ആദരിക്കുന്ന പല വ്യക്തികൾക്കും മാർഗനിർദ്ദേശം നൽകിയിട്ടുണ്ട് ആ കുനുന്നനെയുള്ള അക്ഷരങ്ങൾ. സത്യൻ അന്തിക്കാടിന്റെ ‘ഓർമ്മകളുടെ കുടമാറ്റ‘ത്തിലും മാഷിനെക്കുറിച്ച് വളരെ ആദരവോടെ എഴുതിയിരുന്നത് ഓർക്കുന്നു. അങ്ങനെ ഒരു തലമുറയെ മുഴുവൻ സ്വാധീ‍നിച്ച ആ മഹത് വ്യക്തിയോട് ഒരു പതിനഞ്ചുകാരൻ ബഹുമാനം കാണിച്ചില്ല. അല്ല ‘കാണിച്ചു’, പക്ഷേ അതിൽ ആത്മാർഥതയുടെ അംശം തുലോം കുറവായിരുന്നു!

  പഠിത്തത്തിൽ തരക്കേടില്ലാതിരുന്ന പതിനഞ്ചുകാ‍രന് പത്താം ക്ലാസ്സ് പരീക്ഷയിൽ നേടിയ മാർക്കിന് ഒരു അവാർഡ് ലഭിക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് അമ്മയും അച്ഛനും പറഞ്ഞു തന്നു, “സമ്മാനം തരുന്നത് കുഞ്ഞുണ്ണിമാഷാണ്. അതൊരു ഭാഗ്യമാണ്. ബഹുമാനത്തോടെ വേണം അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ. പ്രസംഗിക്കാൻ പറഞ്ഞാൽ മാഷിന്റെ കയ്യിൽ നിന്ന് അവാർഡ് മേടിച്ചതിലുള്ള അഭിമാനത്തെക്കുറിച്ച് പറയണം.” തികഞ്ഞ അക്ഷരവൈരിയായി വളരുന്ന നായകന് ഇതിലൊന്നും അത്ര അഭിമാനമൊന്നും തോനുന്നില്ല. എങ്കിലും വെറുതെ പറഞ്ഞേക്കാം എന്നു തീരുമാനിച്ചു. ചടങ്ങ് നടക്കുന്ന വേദിയിൽ എത്തിയപ്പോൾ അവിടെ ഒരുക്കങ്ങൾ നടക്കുന്നതേ ഉള്ളൂ. ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു. അപ്പോൾ ഒരു വെളുത്ത അംബാസിഡർ കാർ പുറത്ത് വന്ന് നിന്നു. കുറേ സംഘാടകർ വേഗം അങ്ങോട്ട് പോവുന്നത് കണ്ടു. കട്ടിക്കണ്ണട വെച്ച് , ഒറ്റമുണ്ടും ഖദർ വസ്ത്രവും ധരിച്ച് ഒരു കുറിയ മനുഷ്യനെ സ്വീകരിച്ച് കൊണ്ടു വരാനാണ് സംഘാടകർ പോയത്. “ദേ കുഞ്ഞുണ്ണിമാഷ്!“, ആ മനുഷ്യനെ കണ്ട അമ്മയുടെ വാക്കുകളിൽ ബഹുമാനം തുളുമ്പുന്നു.

  അത്ര ബഹുമാനം ഒന്നും തോന്നിയില്ലെങ്കിലും ഒരു കൌതുകം ആ പതിനഞ്ചുകാരനും തോന്നി. സ്കൂളിൽ കാണുന്ന പല മാഷന്മാരുടേയും പോലെ അത്ര ഗൌരവക്കാരനല്ല കാഴ്ചയിൽ ഈ മാഷ്. പിന്നീട് മാഷിന്റെ പ്രസംഗം കേട്ടിരുന്നപ്പോൾ രസിച്ചു. സമ്മാനം മേടിക്കാറായപ്പോൾ പത്താംക്ലാസ് പയ്യൻ പോയി മേടിച്ചു. മാഷ് “നന്നായി വരും” എന്ന് അനുഗ്രഹിച്ചുകൊണ്ട് കാഷ് അവാർഡും ഫലകവും കയ്യിൽ തന്നു. അത് നായകന് “ക്ഷ” പിടിച്ചു. മോശമില്ലാത്ത ഒരു സംഖ്യ കയ്യിൽ കിട്ടിയില്ലേ! (അത് വരെ അവാർഡ് വകയിൽ അധികം പൈസയൊന്നും തടഞ്ഞിരുന്നില്ല). പ്രസംഗിക്കുമ്പോൾ വീട്ടിൽ നിന്ന് പറഞ്ഞത് മറന്നില്ല, നായകൻ മൊഴിഞ്ഞു “ഈ അവാർഡ് കുഞ്ഞുണ്ണിമാഷുടെ കയ്യിൽ നിന്നാണ് മേടിക്കുന്നത് എന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്!“. അതെ ആത്മാർഥത തീരെ ഇല്ലാതെ!

  വർഷങ്ങൾ പലത് കഴിഞ്ഞു. നമ്മുടെ പതിനഞ്ചുകാരൻ വളർന്നു, അവന്റെ കാഴ്ചപ്പാടുകൾ മാറി. കോളേജ് കാലഘട്ടത്തിലെന്നോ അയാൾ പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങി. ഒരിക്കൽ കുഞ്ഞുണ്ണിമാഷിന്റെ “എന്നിലൂടെ” എന്ന ആത്മകഥ വായിക്കാൻ ഇടയായി. അതിൽ ആ ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെ കണ്ടു. മാഷിന്റെ മഹത്വം തിരിച്ചറിഞ്ഞു. അങ്ങിനെ ഒരു വലിയ മനുഷ്യന്റെ അനുഗ്രഹമാണ് പഴയ പത്താംക്ലാസുകാരൻ തീരെ വിലമതിക്കാതിരുന്നത്. പൈസ കിട്ടിയ സന്തോഷത്തിൽ മറന്നത്! ചില തെറ്റുകൾ കാലം തിരുത്തും. അന്നു പറഞ്ഞ വാക്കുകളിലെ ആത്മാർഥതക്കുറവ് നികത്തിയതിന് നമ്മുടെ നായകൻ കാലത്തിന് നന്ദി പറയുന്നു. “നന്നായി വരും” എന്ന കുഞ്ഞുണ്ണിമാഷുടെ അനുഗ്രഹം ജീവിതത്തിലെ ഏറ്റവും വലിയ അവാർഡായി ആ കൊടുങ്ങല്ലൂർക്കാരൻ ഇപ്പോൾ കരുതുന്നു. നിറഞ്ഞ ആത്മാർഥതയോടെ ഒരിക്കൽ കൂടി: “ആ അവാർഡ് കുഞ്ഞുണ്ണിമാഷുടെ കയ്യിൽ നിന്നാണ് മേടിച്ചത് എന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്“. 

Sunday, October 11, 2009

വീണ്ടും ചില ‘വീട്ടു‘കാര്യങ്ങൾ

ഒറ്റ വരിയിൽ പറഞ്ഞാൽ, “കുറച്ച് സുഹൃത്തുക്കൾ വാടക വീടൊന്നു മാറി“. അങ്ങനെ പറഞ്ഞാൽ കഴിഞ്ഞ ഒരു മാസക്കാലയളവിൽ അവർ കണ്ട കുറേ വീടുകളോടും കുറേ house owner-മാരോടും കുറേ broker-മാരോടും ,ക്ഷമിക്കണം real estate agent-മാരോടും നീതി പുലർത്താതിരിക്കലാവും എന്നുള്ളതുകൊണ്ട് സംഭവങ്ങളെ ഒന്നു വലിച്ച് നീട്ടി ഒരു ബ്ലോഗായി പടച്ചു വിടുകയാണ് ഉദ്ദേശം. പറഞ്ഞു വരുന്നത് ചില ബാച്ചിലർമാരെ കുറിച്ചാണ്. ഇവർക്ക് വിനീതനായ ഈ ലേഖകനുമായോ കൂടെ താമസിക്കുന്നവരുമായോ ഒരു ബന്ധവുമില്ല എന്നുള്ളത് പ്രത്യേകം പറയണ്ടല്ലോ. കണ്ടാൽ ചില രൂപസാദൃശ്യങ്ങൾ ഉണ്ട് എന്നാണ് ബാംഗ്ലൂരിലെ ചില ദോഷൈകദൃക്കുക്കൾ പറയുന്നത്. താമസിക്കാൻ ഒരു പുതിയ വീട് അന്വേഷിക്കാൻ ‘കഥാനായകർ‘ (ഭാഗ്യം, ഇത്തവണ എന്തായാലും നമ്മുടെ സ്ഥിരം കോമാളി ‘കഥാനായകൻ’ അല്ല!) തീരുമാനിക്കുന്നിടത്ത് സംഭവങ്ങളുടെ രംഗപ്രവേശം.

“2 BHK (2 കിടപ്പുമുറി, ഒരു ഹാൾ, ഒരടുക്കള എന്ന പാർപ്പിട വ്യവസ്ഥിതിയുടെ ‘നമ്മ ബെംഗലൂരു’ ലിഖിതം) തന്നെ മതി, പക്ഷേ ഇതിലും വലിപ്പം വേണം. ഫ്ലാറ്റ് ആവുന്നതാണ് നല്ലത്. വീടുകളേക്കാൾ ഇത്തിരി കൂടി security ഉണ്ട്. പിന്നെ വല്ല ചില്ലറ അറ്റകുറ്റപ്പണിക്കൊക്കെ അവിടെ തന്നെ ആളു കാണും. നമ്മൾ അന്വേഷിച്ച് നടക്കണ്ട കാര്യം ഇല്ല.” തികച്ചും ന്യായമായ ഒരു ആവശ്യം. എല്ലാവർക്കും യോജിപ്പ്.

“സ്വിമ്മിങ്ങ് പൂൾ വേണം. എനിക്കൊന്നു നീന്തൽ പഠിക്കണം.”. മറ്റൊരുവന്റെ ആവശ്യം!

“സ്വിമ്മിങ്ങ് പൂൾ വേണം എന്നൊന്നും ഇല്ല, പക്ഷേ ജിം ഉണ്ടെങ്കി കൊള്ളാം.” മൂന്നാമതൊരാൾ.

“എവിടെയായാലും കൊള്ളാം എനിക്ക് ഇന്റെർനെറ്റ് കണക്ഷൻ കിട്ടണം.”- ഇനിയൊരാൾ.

“കാണാൻ കൊള്ളാവുന്ന ‘കുട്ടി’കൾ ഉള്ള സ്ഥലം ആവണം” (എതിരഭിപ്രായമില്ലാത്ത പ്രസ്താവന, കയ്യടിച്ച് പ്രമേയം പാസാക്കൽ)

അനാവശ്യങ്ങളുടെ ലിസ്റ്റിനു നീളം വെക്കാൻ തുടങ്ങുന്നു എന്നു കണ്ട് കൂട്ടത്തിലൊരുവൻ ഇടപെട്ടു. “ഡേയ്, ആദ്യം വീടു തപ്പൽ തുടങ്ങാം. വാടക വല്യ തെറ്റില്ലാത്ത ഏതെങ്കിലും ഒരു അപ്പാർട്ടുമെന്റ്. അവിടെ എന്തൊക്കെയുണ്ടോ അതു മതി. അപ്പൊ നാളെ മുതൽ നമ്മൾ വീടു നോക്കൽ തുടങ്ങുന്നു”.

എന്തിനും ഏതിനും ഇന്റെർനെറ്റ് ഉപയോഗിക്കുക എന്നത് ശീലമായ കുറേ സോഫ്റ്റ്വെയറന്മാരാണ് കക്ഷികൾ എന്നതു കൊണ്ടും, ഇതേ സ്വഭാവക്കാരാണ് ഈ നഗരത്തിലെ ബഹുഭൂരിപക്ഷം ഫ്ലാറ്റ് ഉടമകൾ എന്നുള്ളതു കൊണ്ടും അന്വേഷണങ്ങൾ മുഴുവൻ ഓൺലൈനാണ് . രാവിലെ പല സൈറ്റുകൾ തുറന്നു വെച്ച് ഓരോരുത്തരായി നമ്പരുകൾ കണ്ടു പിടിക്കുന്നു വിളിക്കുന്നു. ഇതാണ് രീതി. അന്വേഷണങ്ങൾ പുരോഗമിക്കേ, നമ്മുടെ നായകർ ഒരു സ്ഥിതി വിശേഷം മനസ്സിലാക്കി. “ബാച്ചിലർമാർ” എന്നു പറഞ്ഞാൽ ഫോണിന്റെ മറുതലക്കൽ ശബ്ദത്തിന്റെ രീതിയും ഭാവവും മാറുന്നു. എന്തോ വലിയ അപരാധം ചെയ്ത മട്ടിലാണ് പിന്നീട് വീട്ടുമുതലാളിമാരുടെ സംസാരം.

“Sorry, we prefer to give this to family”, “We don’t want bachelors in our house”, “Oh, you are bachelors?! Sorry then we cant give you the house” ഈ നിലക്കാണ് മറുപടികൾ. വീടു കിട്ടില്ല എന്നതിലും വലിയ പ്രശ്നം, അതു വരെ കഷ്ടപ്പെട്ട് പറഞ്ഞ കുറേ ഇംഗ്ലീഷ് വെയ്സ്റ്റാവുന്നു എന്നതാണ്. ഇനി വിളിച്ചിട്ടു ഫോണിന്റെ മറ്റേത്തലക്കൽ ഇരിക്കുന്ന മാന്യദേഹത്തിന് ഇംഗ്ലീഷ് അറിയില്ലെങ്കിലാണ് ഇതിലും വലിയ രസം. പിന്നെ പറയുന്ന ഭാഷ ഹിന്ദിയോ,കന്നടയോ,തമിഴോ,മലയാളമോ എന്നു സംസാരിക്കുന്നവനു പോലും പറയാൻ പറ്റുമോ എന്നു കണ്ടറിയണം. ഒരു നാലഞ്ചു വിളി കഴിയുമ്പോൾ ഒരാൾ വീടു കാണാൻ വന്നോളാൻ പറയുന്നു. അങ്ങിനെ പോയി കാണുന്ന വീടുകൾ പലതും കാണുന്ന മാത്രയിൽ തന്നെ “വേണ്ടാ“ എന്നു തീരുമാനിക്കപ്പെടുന്നു. ഓഫീസിലേക്ക് ദൂരക്കൂടുതൽ, ഭക്ഷണം കഴിക്കാൻ അടുത്ത് ഹോട്ടലില്ല, വാടക കൂടുതൽ എന്നിങ്ങനെ ഓരോരോ കാരണങ്ങൾ കൊണ്ട് നമ്മുടെ നായകർക്ക് 2 ആഴ്ച്ച കഴിഞ്ഞിട്ടും വീടൊന്നും കിട്ടിയില്ല. (“ബാച്ചിലർമാർക്ക് തല ചായ്കാൻ ഫ്ലാറ്റിലിടമില്ലാ..” എന്ന ഗാനം പശ്ചാത്തലത്തിൽ).


ലോകത്തിന്റെ ഏതൊരു കോണിൽ പോയാലും ഒരു മലയാളിയെ എങ്കിലും കാണാതിരിക്കില്ല എന്നാണല്ലോ. ബാംഗ്ലൂരിലാണെങ്കിൽ മലയാളികളെ തട്ടി നടക്കാൻ വയ്യ എന്ന അവസ്ഥ. ഒടുവിൽ അതും സംഭവിച്ചു. ബാച്ചിലർമാർ ചെന്നു കയറിയ വീടിന്റെ ഓണർ ഒരു മലയാളി. വളരെ ഹാർദ്ദവമായ സ്വീകരണം, നാട്ടുവിശേഷം, ചായ സൽക്കാരത്തിനു പുറപ്പെടൽ, അങ്ങിനെ ആകെ ”ഇതു ശരിയാവും” എന്ന ഒരു തോന്നൽ നായകർക്ക് വരുന്നു. ബാച്ചിലർമാർക്ക് വീടു കൊടുക്കുന്നതിൽ അവർ വലിയ പ്രശ്നം ഒന്നും കാണുന്നില്ല എന്നു തോനുന്നു. എന്നാൽ ഒരു ചെറിയ കാര്യം. അവർക്ക് പെട്ടെന്നു മാറേണ്ടതു കൊണ്ട് ചില സാധനങ്ങൾ ഒക്കെ അവിടെ തന്നെ കാണും. അതായത് അവരുടെ സോഫ, ഡൈനിങ്ങ് ടേബിൾ, കട്ടിൽ ഒന്നും കൊണ്ട് പോവാൻ നിവർത്തി ഇല്ല! ഈ പറഞ്ഞതൊന്നും ഇല്ലാതെ വെറും തറയിൽ കിടക്ക വിരിച്ച് കിടക്കുന്നവന് ഇതൊക്കെ കൂടെ കേട്ടപ്പോൾ ഇരട്ടി മധുരം.രോമാഞ്ചം. ഒരോരുത്തരും മനസിലോർത്തു “ഇത് കൊള്ളാം. ഈ വീടു തന്നെ എടുക്കാം. അല്ലെങ്കിലും ഒരു മലയാളിക്കേ മലയാളിയെ മനസ്സിലാക്കാൻ പറ്റൂ!“

“ഈ ഫ്രിഡ്ജ് നിങ്ങൾ മേടിക്കുകയാണെങ്കിൽ നന്നായിരിക്കും. ഞങ്ങൾക്ക് ഇപ്പൊ ഇത് കൊണ്ട് പോവാൻ പറ്റില്ല.” ഓണർ പറഞ്ഞു.

“ഞങ്ങൾ അങ്ങനെ റെഗുലർ ആയി കുക്കിങ്ങ് ഒന്നും ഇല്ല. അപ്പോ ഫ്രിഡ്ജിന്റെ ആവശ്യം അങ്ങനെ ഇല്ല. അത് നിങ്ങൾ കൊണ്ട് പോവുന്നതാവും നല്ലത്”.- മറുപടി

“പുതിയ സാധനം ആണ്. വേണമെങ്കി ഞാൻ ബില്ല് ഒക്കെ കാണിച്ചു തരാം.”

“പൈസയേക്കാൾ കൂടുതൽ, ഞങ്ങൾക് അത് പ്രയോജനം ഇല്ല എന്നതാ കാര്യം. കുക്കിങ്ങ് ഇല്ലാത്തോണ്ട് അങ്ങനെ ഒന്നും എടുത്ത് വെക്കാൻ ഉണ്ടാവില്ല.” ഒരാൾ പറഞ്ഞു.

“അല്ല ഫുഡ് തന്നെ ആവണം എന്നില്ലല്ല്ല്ലോ. വല്ല drinks-ഓ മറ്റോ വെക്കാമല്ലോ”.

“അയ്യോ! ഇല്ല ഞങ്ങൾ ആരും അങ്ങനെ മദ്യപിക്കുന്ന കൂട്ടത്തിൽ അല്ല!.”

“നിങ്ങൾ നല്ല പിള്ളേർ ആണെന്നു കാണിക്കാൻ വേണ്ടി പറയണ്ട കാര്യം ഒന്നും ഇല്ല.” ഓണർ വിടാൻ ഭാവമില്ല!

“അല്ല മാഷേ. ഞങ്ങൾ ശരിക്കും മദ്യപിക്കാത്തോണ്ടാ!“ .ഓണറുടെ മുഖത്ത് ഒരു അവിശ്വാസം.

ബാച്ചിലർമാർ എന്നാൽ മദ്യപാനികൾ എന്നോ മറ്റോ അർഥം ഉണ്ടോ എന്നു നമ്മുടെ നായകർ സംശയിച്ചു. അപ്പൊ ഇതാണ് ആരും ബാച്ചിലർമാർക്ക് വീടു നൽകാത്തതിന്റെ ഗുട്ടൻസ്! നായകരുടെ പൊതുവിഞ്ജാന ശേഖരത്തിലേക്ക് അങ്ങനെ ഇതാ ഒരു ജ്ഞാനശകലം കൂടി.

“ഈ വീട് നിങ്ങൾ എടുക്കുന്നോ എന്നു എപ്പോഴത്തേക്ക് പറയാൻ പറ്റും?”
“വൈകീട്ടത്തേക്ക് പറയാം. ഞങ്ങളുടെ കൂടെ ഇപ്പൊ വരാതിരുന്ന ഒരാൾ കൂടെ ഉണ്ട്. അയാളോടും കൂടെ ഒന്നു ചോദിക്കണം”.

യാത്ര പറഞ്ഞ് അവർ പുറത്തിറങ്ങി. ചില്ലറ ചർച്ചകൾക്ക് ശേഷം “ഇനി എന്താ നോക്കാൻ ഉള്ളേ, ആ വീടു തന്നെ എടുക്കാം“ എന്ന് തീരുമാനം.എന്നാലും വൈകുന്നേരത്തേക്ക് ഇക്കാര്യം പറഞ്ഞാൽ മതി എന്നവർ തീരുമാനിച്ചു. ആ വീട്ടിലേക്ക് താമസം മാറിയാൽ ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് പല സ്വപ്നങ്ങളും മെനയാൻ തുടങ്ങി.

വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല.ഒരു ഫോൺ കോൾ പോലും. വൈകീട്ട് അത് വന്നു. നമ്മുടെ ഹൌസോണർ ആണ്, “ഞങ്ങൾ ഇപ്പൊ എന്തായാലും ബാച്ചിലേഴ്സിനു കൊടുക്കണ്ടാ എന്നു വെച്ചു”. ഇതാണ് വഴിയിൽ തങ്ങാതിരുന്നത്! ഇതു വരെ നെയ്ത സ്വപ്നങ്ങളെല്ലാം ഇൻ ദി വാട്ടർ, വെള്ളത്തിൽ! വെള്ളമടിക്കാതെ നടക്കുന്ന ഒരു കൂട്ടം ബാച്ചിലർമാർക്ക് ,വെള്ളം ചേർക്കാതെ അടിക്കുന്നവർ നേടിക്കൊടുത്ത കീർത്തിമുദ്ര. വാട്ടർമാർക്!

അടുത്ത വീടു തേടി ബാച്ചിലർമാരുടെ അലച്ചിൽ തുടരുന്നു.

നോക്കി വന്നപ്പോൾ സംഭവം ബഹുകേമം. അടുത്ത ഫ്ലാറ്റിനെ കുറിച്ചാണ്. ഒരു വലിയ apartment complex ആണ്. സ്വിമ്മിങ്ങ് പൂളും, ജിമ്മും, ക്ലബ് ഹൌസും ഒക്കെ ആയി ആകെ ‘ക്ഷ’ ബോധിക്കുന്ന ഒരു ഫ്ലാറ്റ്. പറയുന്ന വാടകയും അധികം ഇല്ല.

“If you are interested in the apartment, you can come over to my house. We can discuss about the rent and advance.” ഫ്ലാറ്റിന്റെ ഉടമ ഫോണിൽ പറഞ്ഞു.

ആഹാ. നേരെ അഡ്വാൻസിന്റെ കാര്യം ഒക്കെ പറയുന്നു. നായകരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകു വെക്കുന്നു. അങ്ങിനെ വൈകുന്നേരം അവർ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടു. വഴി ചോദിച്ച് വഴി ചോദിച്ച് ഒരു വഴിക്കായെങ്കിലും ഒടുവിൽ അവർ വീടു കണ്ടു പിടിച്ചു. ഇത്തവണ മലയാളി അല്ല. ആളൊരു ഗുൾട്ടി. ആന്ധ്രാപ്രദേശുകാരൻ. ഭക്ഷണത്തിനു തീരെ കുറവില്ല എന്നു മൈക്കിൽ വിളിച്ചു പറയുന്ന പോലത്തെ ശരീരം. സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് സംഗതികൾ പുറത്ത് വരാൻ തുടങ്ങിയത്. അതായത് പുള്ളി പറയുന്ന സംഗതികളേ പുറത്ത് വരുന്നുള്ളൂ. നായകർക്ക് വാ തുറക്കാൻ ചാൻസില്ല.

ഗുൾട്ടി: “You know my flat is the best in the whole apartment. You can enjoy your life there. You can drink, smoke, party, but within closed doors.”
നായകരിലാരോ : “Actually we don’t drink and smoke. And we..” (നമ്മുടെ അണ്ണൻ വാചകം മുഴുമികാൻ സമ്മതിക്കുന്നില്ല)

ഗു :”No don’t tell me you don’t drink and you people are mr.nice guys. I don’t have a problem with you people having fun there. You know my flat is the best in the whole complex”.
വാട്ടർമാർക്ക് പ്രശ്നം ഇവിടെയും വില്ലൻ ആവും എന്നു ബാച്ചിലർമാർക് സംശയം. പിന്നെ എന്തിന് സഹോദരാ താങ്കളുടെ വീട്ടിലേക്ക് ക്ഷണിച്ചു?!

ഗുൾട്ടി തുടർന്നു :“ The apartment association is kind of reluctant to allow bachelors as tenants. They prefer to give it to families”
നാ: (മനസ്സിൽ ‘സാക്ഷി’യെ അനുകരിച്ച് ഡയലോഗ് ഡെലിവറി) “ബാച്ചിലേർസിനെന്താ കൊമ്പുണ്ടോ?! എന്റെ തെലുങ്കൻ സഹോദരാ, ഈ ബാച്ചിലർമാർ തന്നെ അല്ലേ ഒരു 2-3 വർഷത്തിനുള്ളിൽ ‘ഫാമിലി’ ആവുന്നത്. ഒരു കല്യാണം കഴിച്ചാൽ എല്ലാരും മര്യാദാ പുരുഷോത്തമന്മാരാവുമോ?!“

ഗു: “But I will talk to them. You see I am part of the association. You know my flat is the best in the apartment”.

നാ: “Actually we have done pretty well for the past 2 year in an apartment in ..”

ഗു: “No. Don’t tell me you are all the very descent boys. I am fine with bachelors. You can enjoy, have fun and be comfortable. But don’t cause a trouble to anyone else. I will talk to the association people.”

എന്തായാലും പറയുന്നത് പാതി വഴിയിൽ പുള്ളി തന്നെ നിർത്തിക്കും എന്നുള്ളത് കൊണ്ട് നായകർ എല്ലാരും മൌനം പാലിച്ചു.

“There is one slight problem. There is a balcony facing the swimming pool. There is special timing for ladies and I don’t want you to be in the balcony at those times.”

അങ്ങനെ വരട്ടേ. അപ്പൊ അതാണ് കാര്യം! സൌന്ദര്യാസ്വാദനം കുളത്തിലേക് നീളരുത്. ബാച്ചിലർമാർ ബാൽക്കണിയിൽ നിന്നുകൊണ്ട്

“നീലത്താമര മിഴികൾ തുറന്നു, നിന്നെ നോക്കി നിന്നു, ചൈത്രം (ഇവിടെ മിഴികൾ എന്നു വിവക്ഷ) നിന്റെ നീരാട്ട് കണ്ടു നിന്നു” (കടപ്പാട് : ഭാസ്കരൻ മാഷ്)

“സ്നാനകേളീ ലോലയായ് നീ താണുയർന്നു നീന്തവേ.. (ഇവിടെ കുറച്ച് വരികൾ വിഴുങ്ങി) നീ ഏതു ശിൽപിയെ തേടുന്ന ചാരുത, നീ ഏതലൌകിക സൌന്ദര്യ ദേവത” (കടപ്പാട് : ഒ ൻ വി)

എന്നീ ചലച്ചിത്രഗാനങ്ങൾക്ക് ദൃശ്യഭാഷ്യം ചമയ്ക്കാൻ നോക്കരുത്.

അപ്പൊ സ്ത്രീകൾക്ക് കുളിക്കാൻ പ്രത്യേകം സമയം ഉണ്ട്. ബാൽക്കണിയിൽ നിന്നുള്ള ‘വ്യു’ പൂളിലേക്കും ആണ്. ഇങ്ങനെ ഒരു വെളിപാടിന് ബാച്ചിലർമാർ മാന്യനെ മനസ്സാ വണങ്ങി. സാഷ്ടാങ്കം നമിച്ചു.

“We give that guarantee. There will not be any such nuisances from us” (മാന്യതയുടെ ആൾരൂപങ്ങൾ അരുളി ചെയ്തു)

ഗു: “ You see I am expecting an advance of 1 lakh and I would cut a months rent for painting purposes. I don’t want to make any money out of this, but I have to give you a painted house right as there is another family already residing there”.
നാ:“ No we don’t need the house painted and all. We are fine with the current condition of the flat. We have already seen..”

ഗു: “No its from my side. I will take one month rent for painting charges from the family residing there also. Trust me I don’t want to make any money out of this”
(അതിത്രേം കേട്ടപ്പൊ തന്നെ മനസ്സിലായി!! )
I will call you after I talk to the association. You know my flat is the best in there. You can enjoy life there.” (ഈ ഭൂമിയിലെ തന്നെ ഏറ്റവും നല്ല ഫ്ലാറ്റ് ആണ് താങ്കളുടേത്. സമ്മതിച്ചു.ദയവു ചെയ്ത് ഇനി ഈ ഡയലോഗ് അടിക്കരുത്)

പിന്നെയും കുറച്ച് നേരം കൂടി ബാച്ചിലർമാർ അവിടെ സംസാരിച്ചിരുന്നു.അയാളോട് റ്റാറ്റ പറഞ്ഞ് ഇറങ്ങിയ നായകർ ഡിസ്ക്കഷൻ തുടങ്ങി.
“ഈ വീട് തന്നെ മതി. ഞാൻ പിന്നെ ഈ സ്വിമ്മിങ്ങ് പൂളിന്റെ ഭാഗത്തേക്കൊന്നും നോക്കില്ല.”
“നമ്മളാരും പെണ്ണുങ്ങളെ കാണാത്തവരൊന്നും അല്ലാല്ലോ. പിന്നെ ഇത്തരം ചീപ്പ് ഏർപ്പാടിനൊക്കെ നമ്മൾ നിക്കുവോ അല്ലേലും. ഛേ!“
“ഈ ബൈനോക്കുലറിനൊക്കെ ഇപ്പൊ എത്ര വില കാണുമോ എന്തോ! ഒന്നന്വേഷിക്കണം”

ഇങ്ങനെ പലതും പറഞ്ഞെങ്കിലും അവർ ഒരു തീരുമാനത്തിൽ എത്തി. ആ വീടു വേണ്ടാ എന്ന്!! എന്തുകൊണ്ട്? ഇത്രക്ക് പൈസക്ക് ആക്രാന്തം ‘ഇല്ലാത്ത‘ ഒരാളെ ഹൌസോണർ ആയി വേണ്ട എന്നതു കൊണ്ട്. ബാച്ചിലർമാരാണെങ്കിലും, പെൺകുട്ടികളെ കണ്ട് വെള്ളം ഇറക്കുമെങ്കിലും, ഒന്നു രണ്ട് കമന്റ് തമ്മിൽ തമ്മിൽ പറയുമെങ്കിലും, അതിൽ കടന്ന് ഒന്നിനും ധൈര്യം ഇല്ലാത്തതുകൊണ്ട്. എന്തൊക്കെ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും, മാന്യതയുടെ മുഖം മൂടിക്ക് കോട്ടം തട്ടും എന്നുള്ളതിനാൽ ,ഒന്നും കാണാൻ ശ്രമിക്കില്ല എന്നതു കൊണ്ട്.

പക്ഷേ, ഒരു സംശയം. ഒരു കുടുംബം അവിടെ വന്നു താമസിച്ചാൽ ഇതൊന്നും ഉണ്ടാവില്ല എന്നുറപ്പുണ്ടോ?! പിന്നെയും ചോദ്യം അവശേഷിക്കുന്നു. “ബാച്ചിലർമാർക്കെന്താ കൊമ്പുണ്ടോ?!”

വീടന്വേഷണം പുരോഗമിക്കുമ്പോൾ ഇടക്ക് കണ്ട ഒരു ബ്രോക്കർ പറഞ്ഞു. ഈ ഭാഗത്ത് ഒരു ഫ്ലാറ്റിൽ ഒരു സ്ത്രീപീഡനം നടന്നു. അതിൽ കുറേ ബാച്ചിലർമാരായിരുന്നു പ്രതികൾ. അതാണത്രേ ആരും വീടു തരാൻ മുതിരാത്തത്! ഒരു ഒറ്റപ്പെട്ട സംഭവത്തിന് എല്ലാ ബാച്ചിലർമാരേയും പ്രതി ചേർക്കണോ?! അതോ ഇനി നമ്മുടെ നായകരെ കണ്ടാൽ ‘പീഡനത്തൊഴിലാളി’കളായി തോന്നുമോ?!! ഇല്ലെന്നു തന്നെയാണ് നായകരുടെ പ്രതീക്ഷ.

കഥാന്ത്യം: പിന്നെയും പല അനുഭവങ്ങളും ഈ ‘വീടന്വേഷണകാണ്ഡ‘ത്തിൽ മര്യാദരാമന്മാർ നേടി. എന്നിരിക്കിലും ശുഭമായി തന്നെ എല്ലാം അവസാനിച്ചു. സ്വിമ്മിങ്ങ് പൂളും, ജിമ്മും ഒക്കെ ഉള്ള നല്ല ഒരു ഫ്ലാറ്റിൽ തന്നെ നമ്മുടെ നായകർക്ക് താമസിക്കാൻ സൌകര്യം കിട്ടി. കാണാൻ ഭംഗിയുള്ള ‘കുട്ടി’കളും കുറവല്ല. സംഭവിക്കുന്നതെല്ലാം നല്ലതിന്!

Tuesday, August 25, 2009

കാല് വിറയ്കുമ്പോൾ..

പൊതുവേ ഞാൻ എന്നെ ഒരു ധൈര്യശാലിയായിട്ടാണ് വെച്ചിരിക്കുന്നത്!! എനിക്ക് ചെയ്യാൻ പറ്റില്ല എന്നു ഞാൻ കരുതുന്ന പല കാര്യങ്ങളും ധൈര്യത്തിന്റെ പുറത്ത് മാത്രം ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. നാലാം ക്ലാസ് മുതൽ അച്ഛന്റേയും അമ്മയുടേം കൂടെ കട്ടിലിൽ കിടക്കാതെ നിലത്ത് കിടക്ക വിരിച്ച് കിടന്നു തുടങ്ങിയതും (അനിയൻ ഇത് LKG മുതൽ ചെയ്തു തുടങ്ങി എന്നുള്ളത് പറയാൻ മാത്രം വലിയ സംഭവം ഒന്നും അല്ലല്ലോ!), ആറാം ക്ലാസ്സിൽ നാടകത്തിൽ വയസ്സനായി അഭിനയിച്ചതും (ഔസേപ്പേട്ടൻ എന്ന ഒരു സ്ക്കൂൾ പ്യൂണിന്റെ ശക്തമായ കഥാപാത്രം ),ഒരിക്കൽ കുളത്തിന്റെ മറുകരയിൽ നിന്ന പട്ടിക്കൂട്ടത്തെ ഇക്കരെ നിന്ന് കല്ലെറിഞ്ഞോടിച്ചതും, “സാർ, ഈ suppli ഒരു criti ആക്കരുതേ“ എന്നു ലാബിലെ external examiner-നോട് കേറി പറഞ്ഞതും (ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: പുള്ളി എന്നെ മാത്രം പൊക്കി വിട്ടു!), പിന്നേയും ഇതു പോലെ പല സാഹസങ്ങളും കാണിച്ചതും എല്ലാം ധൈര്യം ഒന്നു കൊണ്ട് മാത്രം. ഈ എന്റെ ധൈര്യത്തെ ആണ് ദേ ഒരുത്തൻ,അതും ഈ നട്ടെല്ലില്ലാത്തവൻ പരീക്ഷിക്കുന്നത്.


അങ്ങനെ ഒരവധിക്കാലത്ത് കോളേജിൽ നിന്നു വീട്ടിൽ വന്നതാണ് ഞാൻ. സംഭവം നടക്കുമ്പോൾ സഖാവ് സൂര്യേട്ടൻ കിഴക്ക് വിപ്ലവത്തിന്റെ മുന്നോടിയായി ചെങ്കൊടി ഉയർത്തിയിട്ടേ ഉള്ളു. മൂപ്പര് ഇത്തിരി നേരത്തേ വന്നിരുന്നേ എന്റെ ധൈര്യം ഇങ്ങനെ ചോദ്യം ചെയ്യപ്പെടില്ലാരുന്നു. ചോദ്യകർത്താവിന് ചോദിക്കാൻ ഞാൻ വേറെ വല്ലോരേം കൊണ്ട് കൊടുത്തേനെ. ഇപ്പൊ അതിനും സ്കോപ്പില്ല. എന്നാൽ ഞാൻ എന്റെ ഉള്ളിലെ ധൈര്യത്തെ പുറത്തെടുത്ത് കാണിക്കുക തന്നെ!

“മിഥുൻ, അടുക്കളയിൽ ഒരു പാമ്പ്! എണീറ്റ് വരൂ”.ഉറക്കം ആയിരുന്ന എന്നെ അമ്മ കുലുക്കി വിളിച്ചു.

ഞാൻ ചാടിയേണീറ്റ് അടുക്കളയിലേക് ഓടി. ധൈര്യവാനായിപ്പോയില്ലേ! ചെന്നു നോക്കുമ്പോൾ മുത്തശ്ശി പാമ്പിന്റെ “എകാങ്കനാടകം” കണ്ടോണ്ട് നിക്കാണ്. മുത്തശ്ശി അടുപ്പിലേക്ക് ഇടാൻ വിറക് നോക്കിയപ്പൊ ആണത്രേ പുള്ളിയുടെ ‘തിരുമേനി‘ കണ്ടത്. അവിടന്നും ഇവിടുന്നും ഒക്കെ വിറക് മാറ്റി പുള്ളിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കാനുള്ള തത്രപ്പാടിലാണ് മുത്തശ്ശി. ഒരു ധൈര്യവാൻ ഇങ്ങനെ വടി പോലെ നിക്കൂമ്പൊ ഇതൊക്കെ മുത്തശ്ശിയെക്കൊണ്ട് ചെയ്യിക്കാമോ? പറ്റില്ല. ഞാൻ രംഗത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. ഒന്നു കുനിഞ്ഞ് നോക്കി. ദേ വിറകിനിടയിൽ നമ്മുടെ നട്ടെല്ലില്ലാത്തവൻ ചുരുണ്ട് കിടക്കുണു.

പാമ്പ് എന്നൊക്കെ പറയുമ്പൊ വല്ല അണലിയോ വെള്ളിക്കെട്ടനോ ആണ് എന്നു നിങ്ങൾ വിചാരിച്ചെങ്കിൽ ആ ധാരണ മാറ്റണ്ട. തുടർന്നുള്ള വരികൾ വായിച്ചതിനു ശേഷവും അങ്ങനെ തന്നെ കരുതുക. പാമ്പ് ഒരു കുഞ്ഞ് നീർക്കോലി ആണ്. ഒരു കയ്യിന്റെ നീളം പോലും ഇല്ല. പക്ഷേ ആളു ഭയങ്കരനല്ലേ. അത്താഴം മുടക്കലിന്റെ wholesale dealership പഴമക്കാർ മൂപ്പർക്കാണല്ലോ കൊടുത്തിരിക്കണേ. അങ്ങനെ ഞാൻ നോക്കിയപ്പൊ മൂപ്പർ എന്നേ കണ്ടു. എന്നെ കണ്ടതും പുള്ളി പേടിച്ചു (അല്ല പേടിച്ചില്ലാ എന്നുള്ളതിന് തെളിവൊന്നും ഇല്ലല്ലോ).

“ഒരു കാര്യം ചെയ്യൂ. കുറച്ച് മണ്ണെണ്ണ അവിടേക്ക് ഒഴിക്കൂ. അത് പുറത്തേക്ക് വരും” – മുത്തശ്ശി പറഞ്ഞു.

“ഈശോയേ!! എന്നതാ ഈ മുത്തശ്ശി പറയുന്നേ.” എന്നു ഞാൻ കോട്ടയം സ്ലാങ്ങിൽ മനസ്സിൽ ഓർത്തു. എന്താ മുത്തശ്ശീടെ അജൻഡ എന്നറിയണമല്ലോ. ഇനി ഇപ്പൊ എന്റെ ധൈര്യം ടെസ്റ്റ് ചെയ്യാൻ മുത്തശ്ശീം പ്ലാൻ ചെയ്യാണോ?

“എന്നിട്ട് എന്താ ചെയ്യാ മുത്തശ്ശീ? പുറത്തേക്ക് പോവാതെ അത് നമ്മടെ അടുത്തേക് വന്നാലോ?” ഒരു ധൈര്യശാലിയുടെ തികച്ചും സ്വാഭാവികമായ സംശയം.

“അത് നമ്മടെ അടുത്തേക്കാ വരണേന്ന്വച്ചാ കൊല്ലാം. നിവർത്തി ഇല്ല്യാണ്ട് ഒരു പാമ്പിനെ കൊന്നാൽ സർപ്പത്താന്മാര് കോപിക്കൊന്നും ഇല്ല. നമുക്ക് സർപ്പക്കാവില് നൂറും പാലും നേദിക്കേം ചെയ്യാം” മുത്തശ്ശി പറഞ്ഞു.

ഓഹൊ! അപ്പൊ അതാണ് പ്ലാൻ. ഞാനാണ് ആരാച്ചാരുടെ റോളിൽ! പുറത്തേക്ക് പോവാതെ പാമ്പ് അവിടെ കറങ്ങാൻ ആണ് പരിപാടി എങ്കിൽ ഞാൻ ഒരു വിറകെടുത്ത് പാമ്പിനെ തല്ലിക്കൊല്ലുന്നു!! ഞാൻ ചെയ്തില്ലെങ്കി മുത്തശ്ശി ചെയ്യും. എനിക്കിത് പ്രസ്റ്റീജ് ഇഷ്യൂ ആയി. പാവം ഞാൻ!

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാൻ മണ്ണെണ്ണ ഒഴിച്ചതും പാമ്പ് വിറകിനിടയിൽ നിന്ന് ഞങ്ങൾ നിക്കുന്നതിന്റെ അടുത്തേക് വന്നതും എല്ലാം ഒരു നിമിഷത്തിൽ കഴിഞ്ഞു.

“അത് ഉള്ളിലേക്ക് തന്ന്യാ വരണെ. ഇനി അതിനെ കൊല്ല്വല്ലാണ്ട് വേറെ നിവർത്തി ഇല്ല കുട്ടാ” ഇത്രേം മുത്തശ്ശിയുടെ വായിൽ നിന്ന് വന്നപ്പോഴേകും നമ്മുടെ പാമ്പ് എന്റെ അടുത്ത് എത്തി.

ധൈര്യവും(പേടി എന്നു വായിക്കരുത്) ടെൻഷനും കൂടി തലച്ചോറിലെ ഏതോ ഒരു സെല്ലിൽ എന്തൊക്കെയോ ചില പൊടിക്കയ്കൾ കാണിച്ചു എന്നു തോനുന്നു.ഞാൻ പാമ്പിനെ കൊല്ലാൻ പെട്ടെന്ന് റെഡി ആയി. പാമ്പിന്റെ ശരീരത്തിൽ “പട പടെ” എന്നു ഞാൻ മടലുകൊണ്ട് അടിച്ചു. ഒരു മൂന്നു അടിയിൽ പാവം കാലയവനികക്കുള്ളിൽ മറഞ്ഞു. ഇൻ അദർ വേഡ്സ്, വീരസ്വർഗ്ഗം വരിച്ചു.(ആ പാമ്പിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സ്വർഗ്ഗത്തിൽ തവളകളെ വിഴുങ്ങി പുള്ളി ആർമാദിക്കുകയാവട്ടെ എന്നു ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു!)

അങ്ങനെ ആ കുഞ്ഞു പാമ്പിന്റെ മുൻപിൽ ശ്രീമാൻ യമൻ എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് സ്വർഗ്ഗത്തിലേക്ക് ഓൺസൈറ്റിനു കൊണ്ട് പോയി!

ഇത്രയും കഴിഞ്ഞു ഞാൻ നോക്കുമ്പൊ എന്റെ കാലുകൾ രണ്ടും കിടുകിടാ എന്നു വിറയ്ക്കുന്നു!!
“പാമ്പിനെ കൊല്ലുന്ന വരെ ഈ രണ്ടു കാലും ചുമ്മാ ഇരിപ്പായിരുന്നല്ലോ. ഇപ്പോ ഇത് എന്തോന്നിനാ ഈ വിറയ്ക്കണേ?!!“ ഞാൻ മനസ്സിലോർത്തു.

“അപ്പൊ അങ്ങനെ ആണു സംഗതി!” എനിക്ക് ഒരു ചിന്ന ബോധോദയം ഉണ്ടായി. “ശരിക്കും പേടിച്ച് എന്തെങ്കിലും ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ എന്റെ കാലു വിറയ്ക്കും. പക്ഷേ ചെയ്തു കഴിഞ്ഞേ വിറയ്ക്കൂ!“

“ഇത്തിരി പേടി ഉണ്ടെങ്കിലും വേണം എന്നു വിചാരിച്ചാൽ എന്തും ചെയ്യാൻ തനിക്ക് പറ്റും.“ കഴിഞ്ഞ എപ്പിസോഡിലെ പോലെ ഈ എപ്പിസോഡിലും മുകളിലിരിക്കുന്ന “ആ സഖാവ്” എനിക്ക് ഒരു ലെക്ചർ തന്നു!

“എന്നാ പിന്നെ അങ്ങനെ തന്നെ. താങ്ക്സ് ഫോർ ദ ലെസൺ“ എന്ന് അന്നു വൈകീട്ട് അമ്പലത്തിൽ വെച്ച് മറ്റാരും കേൾക്കാത്ത ഡയലോഗിനിടക്ക് ഞാനും പറഞ്ഞു. “ഓർമ്മയിൽ ഒരു വിറ” എന്ന വാൽക്കഷ്ണമായി ബ്ലോഗിൽ ചേർക്കാം എന്നും പറഞ്ഞ് പുള്ളി കുറച്ച് കാലം മുൻപ് എറണാകുളം ജെട്ടി ബസ് സ്റ്റാന്റിൽ നടന്ന ഒരു സംഭവം അപ്പൊ എന്റെ മനസ്സിലേക്ക് SMS അയച്ചു!


ഓർമ്മയിൽ ഒരു വിറ:


സായിപ്പ് കൊടുങ്ങല്ലൂർക്ക് ബസ് കയറാൻ നടന്നു വരുന്ന ഒരു കോളേജുകുമാരനോട് : “Hi, do you know English”.
കൊടുങ്ങല്ലൂർക്കാരൻ (അഭിമാനം വിട്ട്, സത്യം പറയാൻ വയ്യാഞ്ഞിട്ട്) : “Yeah” (“യെസ്” എന്നു പറഞ്ഞാ ജാഡ കുറഞ്ഞു പോയാലോ!)

സാ: “Thank God! Finally I saw a man who speaks English. Do I get a bus to Aleppey from here?”

കൊ: (മനസ്സിൽ) “അല്ല അങ്ങനെ ഒന്നും ഇല്ല..ഇംഗ്ലീഷ്.. അത് പിന്നെ.. ഞാൻ..ആലപ്പുഴ..ബസ്”

(പിന്നെ സായിപ്പിനോട്) “(ഇല്ല) No. (ഇവിടെ കിട്ടില്ല) You will not get it here.(വേറെ സ്റ്റാന്റ് ഉണ്ട്) There is another bus stand.(അവിടെ കിട്ടും) You will get there. (ഓട്ടോ പിടിക്കണം) Catch an auto.(ഓട്ടോ ദാ അവിടെ ഉണ്ട്) Auto there(ഓട്ടോക്കാരോട് പറയൂ)Tell Auto people. (അവർ കൊണ്ട് പോകും) They will take you!!”

സാ: Oh! Okay.You wont get it here. I have to board the bus from a different place and I have to go there in an auto rickshaw.Right? (കൊടുങ്ങല്ലൂർക്കാരൻ തലയാട്ടുമ്പോൾ) Thank you!!

കൊ
: (മനസ്സിൽ) “ഹൊ!! സായിപ്പിനു മനസ്സിലായി.ഞാൻ ഒരു സംഭവം തന്നെ. സായിപ്പൊരുത്തനോട് ഇംഗ്ലീഷിൽ 4 ഡയലോഗ് ഫിറ്റ് ചെയ്തില്ലേ. അത് അയാൾക്ക് മനസ്സിലായില്ലേ!“

അടുത്തുള്ള ചായക്കടയിലെ ചായക്കടക്കാരനും അവിടെ ചായ കുടിച്ചുകൊണ്ട് നിന്നിരുന്ന രണ്ടു മൂന്നു പേരും ഒരു ബഹുമാനത്തോടെ ഒക്കെ നോക്കുന്നു. ഇത്തിരി അഭിമാനിക്കാൻ കൊടുങ്ങല്ലുർക്കാരൻ തീരുമാനിച്ചു.
“കുറച്ച് നേരം ഇവിടെ ചുമ്മാ നിന്നാലോ. ചുമ്മാ ഒരു ജാഡയ്ക്ക് ” അയാൾ മനസ്സിൽ ആലോചിച്ചു.
“പക്ഷേ എന്റെ കാലെന്താ ഈ വിറയ്ക്കണേ?!“ ബാഗുമെടുത്ത് അയാൾ ബസിനടുത്തേക്ക് നടന്നു.