Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Saturday, August 23, 2025

നിനച്ചിരിക്കാത്ത ചില പിറന്നാൾ സമ്മാനങ്ങൾ

ഒരു ദിനം പുലർന്നു . ഈ ഭൂമിയിലേക്ക് പിറന്നു വീണിട്ട് ഇത് പോലെ ദിനങ്ങൾ പുലർന്നു നാല്പത് വർഷങ്ങൾ  തീർന്നിരിക്കുന്നു. തലേന്ന്  രാത്രി തന്നെ പാറുവും രോഹിണിയും ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. വൈകീട്ട് പതിവ് ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് കയറിയപ്പോൾ ഹാളിലെ ചുവരിൽ അതാ കഴിഞ്ഞ നാൽപ്പത് കൊല്ലങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ കോർത്തുകൊണ്ട്,  പ്രകാശാലംകൃതമായ ഒരു മാല തൂക്കിയിരിക്കുന്നു! മനസ്സ് പല  കാലങ്ങളിൽ സഞ്ചരിച്ചു വന്നു. മുത്തശ്ശിയുടെ ഒക്കത്ത് ചിരിച്ചു കൊണ്ട് , അമ്മയ്ക്കും അച്ഛനും അനിയനും ബന്ധുക്കൾക്കും ഒപ്പം പല കാലങ്ങളിൽ, കാലം തന്ന സൗഹൃദങ്ങൾക്കൊപ്പം, ഇന്നും വളരുന്ന കൂട്ടിന് നാന്ദി കുറിച്ച വിവാഹനാൾ, 2014 -ലെ മാർച്ച് ഒന്ന് മുതൽ ജീവനെ നയിക്കുന്ന മകൾക്കൊപ്പം ഉള്ള നിമിഷങ്ങൾ,  അങ്ങനെ അങ്ങനെ.. മനസ്സിനെ സന്തോഷിപ്പിക്കുന്ന പിറന്നാൾ സമ്മാനം. 


വയസ്സാവും തോറും പിറന്നാളുകൾ വലിയ ഒരു സംഭവം ആവാതായി തുടങ്ങിയിരിക്കുന്നു. എന്നത്തേയും പോലെ രാവിലെ പാറുവിനെ സ്കൂളിലേക്ക് അയച്ചു . രോഹിണിക്ക് ഇന്ന് ഓഫീസിൽ  പോവേണ്ട ആവശ്യം ഉണ്ട്. ഞാൻ വർക്ക് ഫ്രം ഹോം.  പതിവ് കേക്കിനു ഓർഡർ കൊടുത്തിട്ടുണ്ട്  എന്ന് രോഹിണി പറഞ്ഞു, ഉച്ച കഴിഞ്ഞു കിട്ടും . എല്ലാവർക്കും , പ്രത്യേകിച്ച് പാറുവിന്, കേക്ക് കഴിക്കാൻ ഒരു അവസരം ആണല്ലോ. 11 വയസ്സുകാരിക്ക് പിറന്നാൾ ആഘോഷം വലിയ സംഭവം ആണ്! ഉച്ചക്ക് കേക്ക് വന്നു. വൈകീട്ട് പാറു സ്കൂളിൽ നിന്ന് തിരിച്ച് എത്തി. കേക്ക് ഫ്രിഡ്ജ് തുറന്ന് നോക്കി ബോധ്യം വരുത്തി,  ടീവി പരിപാടിയും കണ്ടു കൊണ്ട് പാലും കുടിച്ച്, എന്തോ കൊറിച്ച് കൊണ്ട് ഇരുന്നു.  വൈകീട്ട് ആറ് മുപ്പതിന് ആണ് കേക്ക് കട്ടിങ്. സമയം പോവുന്നില്ല, കേക്ക് മുറിക്കാൻ ധൃതി ആയിരിക്കുന്നു പാറുവിന്. "ഞാൻ ഒന്ന് സൈക്കിൾ ചവിട്ടി വരാം. അപ്പളേക്കും അമ്മേം എത്തൂലോ". പാറു സൈക്കിൾ എടുത്ത് പോയി. ഞാൻ ജോലി തുടർന്നു.


സമയം ഒരു അഞ്ച് നാൽപ്പത്. ഫോണിലേക്ക് പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ. വല്ല മാർക്കറ്റിംഗ് കോളും ആവും എന്ന് സംശയിച്ച്  ഞാൻ ഫോൺ എടുത്തു. അങ്ങേത്തലക്കൽ ഇംഗ്ലീഷ് , "മിഥുൻ സർ , പ്ലീസ് കം ഡൗൺ നിയർ റ്റു  ദി ടെന്നീസ് കോർട്ട്. യുവർ ഡോട്ടർ ഹാസ് ഫോളെൻ ഫ്രം സൈക്കിൾ.". പിന്നണിയിൽ മലയാളത്തിൽ അലമുറ, "അച്ഛാ, എൻ്റെ കൈ ഒടിഞ്ഞു.". ഞാൻ കേട്ട പാതി കേൾക്കാത്ത പാതി ഓടി. താഴെ ചെല്ലുമ്പോൾ അപ്പാർട്മെൻറിൽ കണ്ടിട്ടുണ്ടെങ്കിലും പരിചയം ഇല്ലാത്ത ഒരാൾ പാറുവിൻറെ കൈ പിടിച്ചു നിൽക്കുന്നു. "അച്ഛാ, എൻ്റെ കൈ ഒടിഞ്ഞു. സോറി അച്ഛാ. അച്ഛൻറെ ബെർത്ഡേ  ആയിട്ട്. സോറി അച്ഛാ." പാറു ഉറക്കെ കരഞ്ഞു കൊണ്ട് ഇരിക്കുന്നു. പാറുവിന്റെ കൈ പിടിച്ചിരുന്ന ആൾ എന്നോട് കാറുമായി വരാൻ പറഞ്ഞു. കൈ ഒടിഞ്ഞിട്ടുണ്ട്. ഞാൻ തിരിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു :" പ്ലീസ് ബ്രിങ്ങ് എ ക്ലോത്ത് . ഐ വിൽ ടൈ ഇറ്റ്.". ഒരു നിമിഷം ശങ്കിച്ചപ്പോൾ കൂടെ നിന്നിരുന്ന മറ്റൊരാൾ പറഞ്ഞു "ഐ വിൽ കം വിത്ത് യു ". ഞാൻ ഓടി വീട്ടിൽ വന്ന് കിട്ടിയ ഒരു ടവൽ അദ്ദേഹത്തിൻ്റെ കയ്യിൽ കൊടുത്തു. എന്നിട്ട് പാൻറ് ഇട്ട് കാറുമായി ടെന്നീസ് കോർട്ടിന്റെ അടുത്തേക്ക്  ചെന്നു. പാറുവിൻറെ കൈ ഞാൻ കൊടുത്ത് വിട്ട ടൗവെലിൽ കെട്ടിയിട്ടുണ്ട് . അദ്ദേഹം പറഞ്ഞു , "ടേക്ക് ഹെർ ടു എ ഹോസ്പിറ്റൽ സൂൺ . ഐ തിങ്ക് ഇറ്റ് ഹാസ് ബ്രോക്കൺ ബാഡ്‌ലി. പുവർ ഗേൾ, ഷി ഈസ് വറീഡ് എബൌട്ട് യുവർ ബെർത്തഡേ". അപ്പോളാണ് എന്റെ മനസ്സിൽ അത് ഉടക്കുന്നത് , പാറു എന്നോട് സോറി പറയുന്നുണ്ടായിരുന്നു . കാറിൽ കയറി . ഒറ്റയ്ക്ക് എങ്ങനെ പോവും എന്നാലോചിച്ചപ്പോൾ ടവൽ മേടിക്കാൻ വന്ന മനുഷ്യൻ ചോദിച്ചു "ഷുഡ് ഐ കം വിത്ത് യു". അദ്ദേഹത്തിനോട് നന്ദി പറഞ്ഞു കയറാൻ അഭ്യർത്ഥിച്ചു .


കാർ മുന്നോട്ട് എടുത്തപ്പോൾ ഓർത്തു. നിഖിൽ ഒരു പക്ഷേ ഓഫീസിൽ നിന്ന് തിരിച്ച് എത്തിയിരിക്കും. വേഗം വിളിച്ചു. ഭാഗ്യം, അയാൾ വീട്ടിൽ ഉണ്ട്. നിഖിൽ രണ്ടു മിനിറ്റിൽ താഴെ എത്തി. കാറിൽ കയറിയ മനുഷ്യനോട് ഞാൻ പറഞ്ഞു "താങ്ക്സ് ഫോർ യുവർ ഹെല്പ്. മൈ കസിൻ വിൽ കം വിത്ത് മി." വേഗം പൊയ്ക്കോളാൻ പറഞ്ഞ് അദ്ദേഹം ഇറങ്ങി . നിഖിൽ കയറിയപ്പോൾ പാറുവിനും ഒരല്പം സമാധാനം ആയി. കൈ കെട്ടിയത് കാരണം വേദന അധികം ഇല്ല . പാറു ആവർത്തിച്ചു "സോറി അച്ഛാ". ബെർത്തഡേ ആഘോഷം വല്യ കാര്യം ഒന്നും അല്ല എന്ന് പറഞ്ഞു പാറുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വഴിയിൽ നിഖിൽ  രോഹിണിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു . രോഹിണി ഓഫീസിൽ നിന്ന് ഇറങ്ങിയിരുന്നു . ഹോസ്പിറ്റൽ എത്തി എക്സ്റേ എടുക്കാൻ കയ്യിലെ കെട്ട്  ഊരണം. അവർ പെയ്ൻ കില്ലർ കൊടുത്തു. പക്ഷെ പാറുവിന്റെ വേദനക്ക് ശമനം ഇല്ല. ഒരു വിധം കൈ  എക്സ്റേ എടുത്തു . പാറുവിനെ ഒരു ബെഡിൽ കിടത്തി. അപ്പോളേക്കും രോഹിണി എത്തി . ഞാൻ ബില്ല് അടക്കാൻ പോവുന്ന വഴിയിൽ ഡ്യൂട്ടി ഡോക്ടറെ കണ്ടു. അവർ പറഞ്ഞു "രണ്ട് എല്ല് ഒടിഞ്ഞിട്ടുണ്ട്. മിക്കവാറും സർജറി വേണ്ടി  വരും.". ഞാൻ ഇൻഷുറൻസ് ഫോം പൂരിപ്പിക്കാൻ പോയി. പാറുവിന്റെ അടുത്ത് രോഹിണിയും നിഖിലും ഉണ്ട്. തിരിച്ച് വന്നപ്പോളേക്കും സർജറി നടത്താൻ  പ്രധാന ഡോക്ടർ തീരുമാനിച്ചിരുന്നു . പാറുവിന്റെ അടുത്ത് എത്തിയപ്പോൾ കൈ കെട്ടിയിരുന്നു . ചെരിഞ്ഞ എല്ലുകൾ നേരെ ആക്കി ഇട്ട് കെട്ടിയതാണ് . പാറു വേദന കൊണ്ട് പുളഞ്ഞു അത്രേ. അലറി കരഞ്ഞു എന്ന് പറഞ്ഞു. പാവം, ഇപ്പോൾ പാറു കരച്ചിൽ ഒന്നും ഇല്ലാതെ ഒരല്പം ആശ്വാസത്തിൽ ആണ്. ഞാൻ പാറുവിനെ കെട്ടിപ്പിടിച്ച്  തിരിഞ്ഞപ്പോൾ നിഖിൽ ചിരിക്കുന്നു. "തൻ്റെ പൈസ ചിലവാക്കാതിരിക്കാൻ ഉള്ള ഉപദേശം കൂടുന്നുണ്ട്." കാരണം തിരക്കി . പിന്നിൽ നിന്ന രോഹിണിയാണ് മറുപടി പറഞ്ഞത്. കൈ നേരെ ആക്കുന്ന വേദന കൊണ്ട് പുളയുമ്പോഴും പാറു ചോദിച്ചത് "അച്ഛൻറെ കുറെ പൈസ പോവ്വോ സർജറി ചെയ്താൽ ?" എന്നാണത്രേ . ഞാൻ ചിരിച്ചു. പാറുവിനോട് പറഞ്ഞു "ആവശ്യത്തിന് പൈസ ചിലവാക്കാം കുട്ടാ. പേടിക്കണ്ട ട്ടോ". എന്തായാലും അന്ന് തന്നെ സർജറിയും കഴിഞ്ഞു. രാത്രി വളരെ വൈകി വീട്ടിൽ എത്തിയപ്പോളാണ് ചിന്തിക്കാൻ സമയം കിട്ടിയത് . നാല്പതാം പിറന്നാൾ എന്തായാലും സംഭവ ബഹുലം ആയി.


പിന്നീട് ആലോചിച്ചപ്പോൾ തോന്നി, പാറുവിന്റെ  കൈ ഒടിഞ്ഞത് സങ്കടം ഉണ്ടാക്കി എങ്കിലും അന്നത്തെ  പിറന്നാൾ സമ്മാനങ്ങൾ പലതും തിരിഞ്ഞു നോക്കുമ്പോൾ മധുരതരം തന്നെ . ഒരു പരിചയവും ഇല്ലാത്ത കുറച്ച് പേരിൽ നിന്ന് ആപത്ഘട്ടത്തിൽ ലഭിച്ച സഹായം എന്ന പിറന്നാൾ സമ്മാനം  . ഇന്നും അവരുടെ ആരുടെയും പേര് എനിക്ക്  അറിയില്ല . പിന്നീട് കാണുമ്പോൾ ചിരിക്കുകയും വർത്തമാനം പറയുകയും എല്ലാം ചെയ്തപ്പോളും പേര് ചോദിച്ചില്ല. എന്തിനു ചോദിക്കുന്നു , അവരുടെ പേരാണ് "മനുഷ്യർ". അവരുടെ പ്രവർത്തിയാണ് "മനുഷ്യത്വം". പാറുവിന് ഒരു പക്ഷേ അങ്ങനെ തോന്നിയില്ല എങ്കിലും പാറു തന്ന സമ്മാനം ആണ് ഹൃദയത്തോട്  ഏറ്റവും ചേർന്നത്. പുളയുന്ന വേദനയിലും അവൾ ഓർത്തത് തന്നെ കുറിച്ച് മാത്രം അല്ല . അച്ഛന്റെ പിറന്നാളാഘോഷം നടക്കാത്തതിലും  അച്ഛന് പൈസയ്ക്ക് ബുദ്ധിമുട്ട് വരുമോ എന്നും  പാറു ആലോചിച്ചു . മറ്റൊരാൾക്ക് നൽകുന്ന കരുതലിലും കവിഞ്ഞ ഒരു സമ്മാനം ഇല്ല. കാലം ആ ഗുണം നിന്നിൽ നിന്ന് മായ്ച് കളയാതിരിക്കട്ടെ ! നീ നീട്ടിയ കരുതൽ ആണ് ഈ അച്ഛന് ഏറ്റവും സന്തോഷം തന്ന പിറന്നാൾ സമ്മാനം. കാലത്തിന് നന്ദി, പ്രതീക്ഷിക്കാത്ത ചില പിറന്നാൾ സമ്മാനങ്ങൾക്ക്!

Sunday, May 5, 2024

ഒരു ട്രെഷർ ഹണ്ടും ചില നിധികളും

 "അച്‌ഛാ, ഞങ്ങൾ ഒരു പിക്നിക്  പ്ലാൻ ചെയ്യുന്നുണ്ട്‌ ട്ടോ", പുറത്ത് കളിച്ചു കൊണ്ടിരുന്ന മകൾ പെട്ടെന്ന് ഓടി വന്ന് പറഞ്ഞു . ജോലിക്കിടയിൽ ഒന്ന് മുറിയിൽ നിന്ന് പുറത്ത് വന്ന,  ഇപ്പൊ എങ്ങോട്ടെങ്കിലും കൊണ്ട് പോവാൻ പറയുകയാണോ എന്ന എന്റെ സംശയം കലർന്ന നോട്ടത്തിന് ഉടൻ മറുപടി വന്നു : "പുത്തങ്കോലോത്ത്  തന്ന്യാ പിക്നിക്ക് ". സമാധാനം! വെക്കേഷന് ഒത്ത് കൂടിയ കുട്ടികൾ എല്ലാവരും കൂടി ഒരു ടെൻറ് ഉണ്ടാക്കി അതിനു ചുവടെ ഇരുന്ന് ബിസ്കറ്റും മറ്റും കഴിക്കാൻ ആണ് പ്ലാൻ. മൊബൈൽ ഫോൺ ഇല്ലാതെ ഉള്ള പരിപാടി ആയതോണ്ട് സന്തോഷത്തോടെ പറഞ്ഞു :” അതിനെന്താ , നമുക്ക് എന്തെങ്കിലും  ഒക്കെ മേടിക്കാം നിങ്ങൾക്ക് കഴിക്കാൻ ”. മറുപടി പറഞ്ഞത് നിരുപമ ആണ് “മിഥുൻ ചിറ്റപ്പാ , പിന്നെ ഞങ്ങൾക്ക്  ഒരു ട്രെഷർ ഹണ്ട് ഗെയിം ചെയ്തു തര്വോ?”. വീണ്ടും വെട്ടിലായ ഞാൻ പരുങ്ങി: “അതൊക്കെ ബുദ്ധിമുട്ടാണ് . എനിക്ക് അറിയില്ല . നിങ്ങൾ വേറെ ആരോടെങ്കിലും ചോദിക്കൂ.”. മുട്ടാൻ ഒരുപാട് വാതിലുകൾ ഉള്ളത് കൊണ്ട് കുട്ടികൾക്ക് നിരാശ ഒന്നും ഇല്ല . വീണ്ടും സമാധാനം! 


ഒരു കുറി ഓർമ്മകൾ കുട്ടിക്കാലത്തേക്ക് ഓടി. കുട്ടേട്ടനും ജി.കെ.എന്നും ഞാനും നിതിനും  ആയിരുന്നു സ്ഥിരം പുത്തങ്കോലോത്ത് ഉള്ള കുട്ടികൾ എങ്കിലും, വെക്കേഷനുകൾക്ക് ഞങ്ങൾ കുട്ടികൾ കുറെ പേർ ഉണ്ടാവും . പ്രധാനമായും ക്രിക്കറ്റ് ആണ് കളി . ഇടക്ക് ഒളിച്ചു കളി , ഓടിത്തൊട്ട്, ശീട്ട്കളി എന്നിവയും ഉണ്ടായിരുന്നു . ഇന്നത്തെ കുട്ടികൾക്ക് അവരുടെ കളികൾ എന്തൊക്കെയോ ഉണ്ട്, പക്ഷേ ക്രിക്കറ്റും ഓട്ടവും അധികം ഇല്ല .  എങ്കിലും കുട്ടികൾ  ഒരുമിച്ച് അന്നത്തെ പോലെ ഇന്നും രാവിലെ മുതൽ  പുത്തങ്കോലോത്ത് പലയിടത്ത് കളിക്കുന്നത് മനസ്സിന് സുഖം തരുന്ന കാഴ്ച ആണ് . രാവിലെയും വൈകീട്ടും ഉള്ള  പെരട്ടയിലെ നീന്തലിൽ  പല  തലമുറകളുടെ നൈരന്തര്യം. കുട്ടിളുടെ പിക്നിക്ക് പ്ലാനിങ് തകൃതി ആയി നടക്കുന്നു . എന്തൊക്കെ കൊണ്ട് വരണം , എന്തൊക്കെ ചെയ്യണം  എന്ന് ലിസ്റ്റ് ഒക്കെ ഉണ്ട്. എല്ലാം കണ്ട് പുത്തങ്കോലോത്ത് പൂമുഖത്ത് ചിരിച്ചുകൊണ്ട്  കൊട്ടിഞ്ചിരി ഭഗവതി .


ഒന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം ഭുവനേശ്വരിയുടെ അമ്പലത്തിൻറെ മുന്നിൽ കുട്ടികൾ  പിക്നിക് കൂടാരം ഉയർത്തി . രണ്ടു മരത്തിൽ വലിച്ച് കെട്ടിയ ഒരു തുണി ആണ് കൂടാരം. മരത്തണലിൽ ആയതു കൊണ്ട് വെയിലടിക്കില്ല. പെരട്ടക്കുളത്തിൽ നിന്ന് വീശുന്ന കാറ്റ് ഉഷ്ണം ഒന്ന് കുറയ്ക്കും. കുട്ടികൾ കണ്ടു പിടിച്ച ലൊക്കേഷൻ കൊള്ളാം . ഉച്ചക്ക് ആണ് പിക്നിക്ക് . രാവിലെ ഞാൻ നടന്ന് വരുമ്പോൾ കുട്ടേട്ടനും ഏടത്തിയും അമ്പലത്തിൻറെ പുറകിൽ നിന്ന്  വരുന്നു . കയ്യിൽ പേപ്പറും സെല്ലോ ടേപ്പും മറ്റും . കുട്ടികൾക്ക് ട്രെഷർ ഹണ്ടിന് ഉള്ള ‘ക്ലൂ’ പല സ്ഥലങ്ങളിൽ വെച്ചുള്ള വരവാണ് . അങ്ങനെ കുട്ടികൾക്ക് ട്രെഷർ ഹണ്ടും റെഡി.


നല്ല ജോലി തിരക്ക് ഉള്ള ദിവസം ആണ് . പാറു വന്ന് നല്ല വേഷം ഒക്കെ ഇട്ട്, ഒരു ബാഗിൽ എന്തൊക്കെയോ  നിറച്ച് നീലുവിനെയും കൂട്ടി പോവുന്നത് കണ്ടു . പിക്നിക്ക് കാര്യമായി തന്നെ ആണ് . കൂടെ പോയി ഒന്ന് കണ്ടു വരാൻ ആലോചിച്ചു . ജോലി  കുറെ ഉള്ളത് കൊണ്ട് വേണ്ടെന്ന് വച്ചു . ഇടയ്ക്ക് മുറിയിൽ നിന്ന് ഒന്നിറങ്ങി  പിൻവശത്തു ചെന്നപ്പോൾ അമ്പലത്തിൻറെ പിന്നിൽ കുട്ടി പട്ടാളത്തിൻറെ കലപില . ട്രെഷർ ഹണ്ട് കൊടുമ്പിരി കൊള്ളുകയാണ്  . ക്ലൂ തേടി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു , കിട്ടുന്ന പുതിയ ക്ലൂകൾക്ക് അനുസരിച്ച് പെരട്ടയിലേക്കും മറ്റും നടക്കുന്നു , ആകെ ബഹളം. ജോലിയുടെ ഉത്തരവാദിത്തങ്ങളിലേക്ക് തിരികെ പോവേണ്ടത് കൊണ്ട് അത് കണ്ടു നിൽക്കുന്ന രസം അധികം അനുഭവിക്കാൻ പറ്റിയില്ല. വൈകീട്ട് പിക്നിക്ക് ഒക്കെ വിജയകരമായി പൂർത്തി ആക്കി കുട്ടികൾ വീണ്ടും പെരട്ടയിലേക്ക് . പാറുവിനു ഇന്ന്  ഇറങ്ങാൻ നിർവാഹം ഇല്ല . ചെവി വേദനിച്ച് പൊട്ടി ഒലിക്കുന്ന  പാരമ്പര്യം  മകൾക്കും കിട്ടിയിരിക്കുന്നു. കുട്ടിക്കാലത്ത് എന്നോട് കുളത്തിൽ ഇറങ്ങരുത് എന്ന് പറഞ്ഞിരുന്ന പ്രകാശൻ ഡോക്ടർ പാറുവിനോടും ഈയിടെ അതേ പഥ്യം നിഷ്കർഷിച്ചു! 


രാത്രി ആണ് പാറുവിൻറെ പിക്നിക്ക് വിശേഷങ്ങൾ കേട്ടത് . ട്രെഷർ ഹണ്ടിൽ കിട്ടിയ സൂചനകളും  അത് പല വഴിക്ക് നയിച്ച് ഒടുവിൽ എത്തിച്ച  മിഠായിയുടെ മധുരത്തിലേക്കും ഉള്ള വർണനയുടെ വഴികളിൽ പാറു ഉറക്കത്തിലേക്ക് വീണു . ഉറക്കമില്ലാതെ, ആ കഥ ആലോച്ചിച്ച് ഞാൻ കിടന്നു . ട്രെഷർ ഹണ്ടിൽ കണ്ടു പിടിച്ച കുഞ്ഞു മിഠായിയേക്കാൾ വലിയ നിധികൾ ഈ നിമിഷങ്ങൾ ഈ  കുട്ടികൾക്ക് മുന്നിൽ വെക്കുന്നുണ്ട് . ആ നിധികളുടെ മൂല്യം  മനസ്സിലാവാൻ പക്ഷെ അവർ  കുറെ കൂടി വലുതാവേണ്ടിയിരിക്കുന്നു. മതിലുകൾ തടയാതെ ചുറ്റി നടക്കാൻ ഇത്രയും വലിയ ഒരു സ്ഥലം ഉണ്ട് എന്നുള്ളത് അധികം കുട്ടികൾക്ക് ഇന്ന് കിട്ടാത്ത ഒരു ധനം ആണ് . നീന്തി കളിക്കാൻ വൃത്തിയുള്ള, സ്വകാര്യമായ  ഒരു വലിയ കുളം  ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ട് ഇരിക്കുന്ന ഒരു പ്രതിഭാസം ആണ് . അങ്ങനെ ഒന്ന് ഇവിടെ ഉണ്ട് എന്നതും നിങ്ങൾ അതിൽ ഇത്രയേറെ നീന്തിക്കളിച്ചു എന്നതും  ഒരു പക്ഷേ ഭാവിയിൽ നിങ്ങൾ അത്ഭുതത്തോടെ ഓർത്തേക്കാം. ചുരുങ്ങിയത് വെക്കേഷനുകളിൽ എങ്കിലും സമപ്രായക്കാരായ മറ്റു കുട്ടികളൊത്ത് കളികളിലും മറ്റും മുഴുകി നിശ്ചിന്തരായി ഉല്ലസിക്കാൻ ഒരു ഇടവും, അവിടെ എത്താനുള്ള അവസരവും, അത് വഴി നിങ്ങൾ ഭാവിലേക്കായി പടുത്തുയർത്തുന്ന സുഖമുള്ള ഓർമ്മകളുടെ ഭണ്ടാരവും. അതിനേക്കാൾ  വലുതായി ഒരു നിധി  മറ്റെന്തുണ്ട് ?! കാണാതെ പോയതൊക്കെയും കാട്ടിത്തരുന്നവൾ ആ പൂമുഖത്തിരുന്ന് നിങ്ങൾക്ക് ഈ നിധികളെല്ലാം കാട്ടി തരുന്ന  ഒരു നാൾ വരട്ടെ! പുത്തങ്കോലോത്തെ കുട്ടികളുടെ കളികൾക്ക് വേദിയാവാൻ പെരട്ടക്കുളം കാലാകാലം നിലനിൽക്കട്ടെ !


Sunday, November 4, 2018

ആത്മീയ വിചാരം അഥവാ സ്വയം ഒരു അഭിമുഖം


എന്തുകൊണ്ട് ഇങ്ങനെ ഒരു വിഷയം ഇപ്പോള്‍?

ഒരു ദിവസം എനിക്ക് ‘ഞാന്‍’ എന്ന വ്യക്തിയുടെ വിശ്വാസത്തിന്റെ രണ്ട് വശങ്ങള്‍ അനുഭവിക്കാന്‍ അവസരം ലഭിച്ചു. അതിനെ കുറിച്ച് മനസ്സില്‍ ഉണര്‍ന്ന ചിന്തകളെ ഒന്ന് എഴുതിയാല്‍ ഒരു പക്ഷേ വായനക്കാര്‍ക്ക് ഞാന്‍ എന്ന വ്യക്തിയെ കൂടുതല്‍ മനസ്സിലാക്കാനും, പറ്റിയാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് എന്റെ വിശ്വാസ സഞ്ചയത്തെ കൂടുതല്‍ തെളിവായി എനിക്ക് കാണിച്ചു തരാനും സാധിക്കും എന്ന് തോന്നി.

ശരി. വിശ്വാസത്തിന്റെ വശങ്ങള്‍ വിശദീകരിക്കാമോ?

ലക്ഷദ്വീപിലെ ‘കടമത്ത്’ എന്ന ദ്വീപില്‍ നിന്നും ‘അഗത്തി’ എന്ന എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന ദ്വീപിലേക്ക് ഒരു ബോട്ടില്‍, നല്ല മഴയും കാറ്റും ഉള്ള കാലാവസ്ഥയില്‍, ആടിയുലഞ്ഞ് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ശരിക്കും പേടിച്ച് മനസ്സില്‍ ഈശ്വരനെ വിളിച്ചു കൊണ്ടിരുന്നു. ഇത് അവിടത്തുകാര്‍ക്ക്‌ അത്ര പുതുമ അല്ലെന്നും പതുക്കെ പോവുന്നത് കാരണം ഞങ്ങളുടെ ഫ്ലൈറ്റ് കിട്ടാതെ തിരികെ ഉള്ള യാത്ര മുടങ്ങുമോ എന്ന് മാത്രമേ ബോട്ടിലെ ജീവനക്കാര്‍ക്ക് സംശയം ഉള്ളൂ എന്നും എന്റെ യുക്തിബോധം എന്നെ സമാധാനിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും, എന്റെ പ്രാര്‍ഥന ആണ് എനിക്ക് കൂടുതല്‍ സമാധാനം നല്‍കിയത്. ഒടുവില്‍ ഫ്ലൈറ്റ് വൈകുകയും ഞങ്ങള്‍ ലക്ഷദ്വീപിലെ ടൂറിസം അധികൃതരുടെയും എയര്‍ ഇന്ത്യ അധികൃതരുടെയും സഹായത്തില്‍ ഒരു വിധത്തില്‍ ഫ്ലൈറ്റില്‍ കയറുകയും ചെയ്യുമ്പോള്‍ അതില്‍ എല്ലാം ഒരു ഈശ്വര കടാക്ഷം ആണ് ഞാന്‍ കണ്ടത്, ഇതെല്ലാം തികച്ചും യാദൃശ്ചികം മാത്രം ആണെന്ന് എന്റെ യുക്തി എന്റെ വിശ്വാസത്തോട് മത്സരിച്ചെങ്കിലും!

തിരികെ വീട്ടില്‍ എത്തിയപ്പോള്‍ മുത്തശ്ശി ടി വി കാണുന്നു. സ്വന്തം വിശ്വാസസംരക്ഷണത്തിന് ഇറങ്ങിയ ആള്‍ക്കൂട്ടം പോലീസിനെ കല്ലെറിയുന്നു, സംഭവങ്ങള്‍ ചിത്രീകരിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും അവരുടെ കാറും സാമഗ്രികളും തകര്‍ക്കുകയും ചെയ്യുന്നു. തങ്ങളുടെ ജോലിയുടെ ഭാഗമായി എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ കൂവുകയും മറ്റും ചെയ്യുന്നു. അതെ, അവര്‍ ഉയര്‍ത്തുന്ന കാഹളം, “സ്വാമി ശരണം”! ഒരിക്കലേ പോയിട്ടുള്ളൂ എങ്കിലും എനിക്ക് ഏറ്റവും ദൈവീകത അനുഭവപ്പെട്ട ഒരിടത്തെ ഈ കാഴ്ച അപ്പോള്‍ എന്റെ വിശ്വാസത്തെ അല്ല എന്റെ യുക്തിയെ ആണ് സ്വാധീനിച്ചത്. ഇത് വിശ്വാസം അല്ല വെറും ആള്‍ക്കൂട്ടവെറി ആണെന്നുള്ള എന്റെ യുക്തി ബോധം ആണ് ഇവിടെ ജയിച്ചത്.

ആപത്തില്‍, അത് നിങ്ങളുടെ മനസ്സ് സങ്കല്പ്പിച്ചതാണ് എങ്കില്‍ പോലും, നിങ്ങള്‍ ഈശ്വരനെ വിളിക്കുകയും ആ ആപത്ഘട്ടം തരണം ചെയ്യുമ്പോള്‍ നിങ്ങള്‍ യുക്തിവാദം പറയുകയും ചെയ്യുന്നു എന്ന ഇരട്ടത്താപ്പല്ലേ മുകളില്‍ പറഞ്ഞത്?

അല്ലെന്നു തോനുന്നു. എന്റെ വിശ്വാസം എന്റെ മനസ്സിനും യുക്തിബോധം എന്റെ സാമൂഹ്യ ജീവിതത്തിനും ആണ് എന്ന് ഞാന്‍ കരുതുന്നു. പിന്നെ എന്റെ വിശ്വാസം ഈശ്വരനിലാണ്, ആ ഈശ്വരന് ഞാന്‍ പല അര്‍ഥങ്ങള്‍ , രൂപങ്ങള്‍ എല്ലാം സങ്കല്‍പ്പിക്കുന്നു. എന്റെ വിശ്വാസം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഈശ്വര വിശ്വാസത്തെ ഒരു കൂട്ടം ആചാരങ്ങളുടെ മാത്രം പേരിലല്ല ഞാന്‍ കാണുന്നത്, പല ആചാരങ്ങളും ഞാന്‍ പാലിക്കുന്നു എങ്കിലും. പക്ഷേ, സമൂഹം മാറുമ്പോള്‍ നമ്മള്‍ ചില ആചാരങ്ങളും മാറ്റേണ്ടി വരും, മാറ്റണം. അതിന് സാമൂഹ്യ ജീവിതത്തില്‍ എനിക്ക് തുണ ആവുന്ന യുക്തിബോധം ആണ് എന്റെ വഴികാട്ടി. കാരണം ആചാരങ്ങള്‍ സാമൂഹ്യ ജീവിതത്തിന്‍റെ സൃഷ്ടികളാണ്, അവയുടെ സൃഷ്ടിയും സ്ഥിതിയും നാം ഈശ്വരനില്‍ ആരോപിക്കുമ്പോഴും.

മുകളില്‍ പറഞ്ഞ ഉത്തരത്തില്‍ നിങ്ങളുടെ ശബരിമല വിഷയത്തിലെ നിലപാടും വ്യക്തമാണ്. നിങ്ങള്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് ‘ഞാന്‍’ മനസ്സിലാക്കുന്നു. പക്ഷേ ഒരു കോടതി ഒരു മതവിശ്വാസത്തെ പരിഷ്കരിക്കുന്നതിനെ ആണ് ഇവിടെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. അത് നിങ്ങള്‍ മറക്കുന്നു?

വിശ്വാസം എന്നത് യുക്തിയുടെ അളവുകോലില്‍ പലപ്പോഴും അളക്കാന്‍ പറ്റില്ല എന്ന് ഞാന്‍ നേരത്തേ സമ്മതിച്ചതാണ്. പക്ഷേ , ആചാരം എന്നത് ഒരു സാമൂഹിക വിഷയം ആവുമ്പോള്‍ കോടതിക്ക് ഇടപെടേണ്ടി വന്നേക്കാം. ഈ വിഷയത്തില്‍ കോടതി നോക്കുന്നത് സാമൂഹികമായി ഒരു വിശ്വാസം അനാചാരം ആണോ എന്നതാണ്. അതിനെ മാനിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇനി നിങ്ങള്‍ കോടതി മതവിശ്വാസങ്ങളില്‍ ഇടപെടരുത് എന്നാണ് വാദിക്കുന്നത് എങ്കില്‍, നിങ്ങള്‍ ഒരു പിടി അനാചാരങ്ങള്‍ക് വഴി തുറന്നു കൊടുക്കുക ആണ്. എന്ത് തോന്നിവാസത്തെയും നിങ്ങള്‍ക്ക് ‘വിശ്വാസത്തിന്റെ’ വാലില്‍ കെട്ടി ന്യായീകരിക്കാം.

‘വ്യക്തിപരമായി, ഇനിയും മനുഷ്യരെ അങ്ങോട്ട്‌ വിടരുത് എന്നാണ് ഈ വിഷയത്തില്‍ എന്റെ നിലപാട്. അവിടുത്തെ പ്രകൃതി നാം ഇപ്പോള്‍ തന്നെ ആവശ്യത്തിനു നശിപ്പിച്ചു കഴിഞ്ഞു. എന്തെങ്കിലും ഒരു ക്രമം ഇക്കാര്യത്തില്‍ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.

അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കകള്‍ ഒന്നും ഇല്ല എന്ന് കരുതാമോ? നിങ്ങളുടെ മതത്തെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് നിങ്ങള്‍ കൂട്ട് നില്‍ക്കുമോ?

ആചാരം ആണ് നിങ്ങള്‍ മതം എന്ന് പറഞ്ഞതെങ്കില്‍, അതിനെ നിലനിര്‍ത്തേണ്ട യുക്തി ഞാന്‍ കാണുന്നില്ലെങ്കില്‍, ആ മതവിചാരത്തെ നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കില്ല. വിശ്വാസം ആണ് നിങ്ങള്‍ മതം എന്ന് അര്‍ഥം ആക്കുന്നതെങ്കില്‍ ഞാന്‍ എന്റെ ഈശ്വരനില്‍ പൂര്‍ണ വിശ്വാസി ആണ്. എന്റെ ഒരു ‘സംരക്ഷണം’ ഈശ്വരന് വേണം എന്ന് കരുതാന്‍ മാത്രം അവിശ്വാസി അല്ല ഞാന്‍. കാര്യമായി സംഘടന ഇല്ലാതെ, കര്‍ക്കശമായ ലിഖിത നിയമങ്ങള്‍ ഇല്ലാതെ, ഇത്രയും കാലം ഈ ആശയസഞ്ചയം നിലനിന്നെങ്കില്‍ ഇനി അങ്ങോട്ടും നിലനില്‍ക്കും എന്ന് എനിക്ക് സംശയം ഒന്നും ഇല്ല. പല തരത്തില്‍ ഉള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂട്ടി നിര്‍ത്തിയ ഭാരതീയ ചിന്തയില്‍, അതിനെ പാശ്ചാത്യര്‍ വിളിച്ച ഹിന്ദു മതം എന്ന ഒറ്റപ്പേരില്‍, ഞാന്‍ പൂര്‍ണമായും തൃപ്തനാണ്. അക്കൂട്ടത്തില്‍ ഞാന്‍ വായിക്കുന്നതും എനിക്ക് ശരി എന്ന് തോന്നുന്നതും ആയ ആശയങ്ങളെ ഞാന്‍ എന്റെ മതവിശ്വാസമായി മുറുകെ പിടിക്കുന്നു. ഈ ആശയപ്രപഞ്ചത്തെ ഒന്നിച്ചു നിര്‍ത്താന്‍ ആരും യത്നിക്കണം എന്ന് തോനുന്നില്ല. അത് തനിയേ നിന്നോളും. മറിച്ച്, ഒരേ ഒരു ശരിയെ ഉള്ളൂ എന്ന മട്ടില്‍ ഈ മതത്തെ മാറ്റി എടുക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഈ സംസ്കാരത്തിന്റെ അന്ത്യം കുറിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

എന്താണ്  നിങ്ങള്‍ക്ക് ശരി എന്ന് തോനുന്ന ഈ മതത്തിന്റെ ആശയങ്ങള്‍?

എല്ലാ വിശ്വാസങ്ങളും ഈശ്വരന്‍ എന്ന സാഗരത്തിലേക്ക് ഒഴുകുന്ന പുഴകളെ പോലെ ആണ് എന്ന വിവേകാനന്ദന്‍ പറഞ്ഞ വാക്യം. നന്മയിലേക്ക് നിങ്ങളുടെ കര്‍മ്മത്തെ നയിക്കുക അങ്ങിനെ തിന്മ നിങ്ങളുടെ സ്വഭാവത്ത്തില്‍ നിന്ന് മായട്ടെ എന്ന് അദ്ദേഹം പറഞ്ഞ കര്‍മയോഗം. ‘പലമതസാരവുമേകം’ എന്ന് പറഞ്ഞ, സഹോദരന്‍ അയ്യപ്പന്‍റെ അവിശ്വാസം പോലും ശരിയെന്നു കണ്ട, കരുണയില്‍ ദൈവത്തെ കണ്ട നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍. ജീവിതത്തിന്‍റെ, ബന്ധങ്ങളുടെ, ധര്‍മ്മത്തിന്റെ സന്ദിഗ്ധതകള്‍ വരച്ചിട്ട മഹാഭാരത ദര്‍ശനങ്ങള്‍. ‘യത്ര വിശ്വം ഭവത്യേകനീഡം’ എന്ന ഉപനിഷദ് വാക്യം. ടാഗോര്‍ ലേഖനങ്ങള്‍ വിവരിച്ച നാനാത്വത്തിലെ ഏകത്വം. ‘വിമ്ര്ശ്യയ്തത് അശേഷേണ യഥേഛസി തഥാ കുരു’ ( ച്ചാല്‍, ഞാന്‍ ഈ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങാതെ നല്ലവണ്ണം ആലോചിച്ച് നിന്റെ ബുദ്ധിക്ക് ശരി എന്ന് തോന്നുന്നത് നീ ചെയ്യ് ) എന്ന് കൃഷ്ണന്‍ അര്‍ജുനനോടു പറഞ്ഞ ഗീതാ വാക്യം. ഞാന്‍ ഇത് വരെ വായിച്ചത് വെച്ച്  ഇങ്ങനെ പലതും. ഒരുപാട് ആശയ സംഹിതകള്‍ ഉള്ള ഭാരതീയ ദര്‍ശനം ഇനിയും ഇത് പോലെ എന്റെ ബുദ്ധിയെ സ്വാധീനിക്കും എന്നും ഞാന്‍ കരുതുന്നു.

നിങ്ങളുടെ ആശയം ശരി എന്ന് സമര്‍ഥിക്കാന്‍ നിങ്ങള്‍ ചിലതിനെ മാത്രം എടുത്ത് കാട്ടുക അല്ലേ?

അതെ. പൊതുവില്‍ എല്ലാവരും അത് തന്നെ ആണ് ചെയ്യുന്നത്. ഞാന്‍ വായിച്ചതില്‍ ഞാന്‍ ഉപേക്ഷിച്ച പല ആശയങ്ങളും ഉണ്ട്. ഞാന്‍ മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ഒന്നും മറ്റൊരാളെ ഉപദ്രവിക്കാന്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ ഉറപ്പ് ആണ് ഞാന്‍ കൂടെ കൂട്ടുന്ന വിശ്വാസങ്ങള്‍ക്ക് ആധാരം. എന്റെ വ്യാഖ്യാനങ്ങളോട് വിയോജിപ്പ്‌ ഉണ്ടാവാം, അതിനെ ഞാന്‍ അംഗീകരിക്കുന്നു. കാരണം, ഒരു വാക്യത്തെ പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ ഒരു മാതിരി എല്ലാ മതഗ്രന്ഥങ്ങളും വാക്കുകള്‍ക്കിടയില്‍ ചില വിടവുകള്‍ നിരത്തുന്നുണ്ട്. ഇത് ഞാന്‍ കാണുന്നത് എന്ന് മനസ്സിലാക്കിയാല്‍ മതി.

സമ്മതിച്ചു. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളില്‍ പല തരത്തില്‍ ഉള്ള വൈരുധ്യങ്ങള്‍ ഉണ്ട് എന്നാണ് ‘ഞാന്‍’ കാണുന്നത്. അതിനെ നിങ്ങള്‍ എങ്ങിനെ ന്യായീകരിക്കും?

പലപ്പോഴും എന്റെ വിശ്വാസവും യുക്തിയും എന്നും മനസ്സില്‍ പരസ്പരം സംഘര്‍ഷത്തില്‍ ആണ്, തങ്ങളുടേതായ ന്യായങ്ങളില്‍. അതാണ്‌ ‘ഞാന്‍’ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഞാന്‍ ജാതിവ്യവസ്ഥ തെറ്റാണ് എന്ന് മനസ്സിലാക്കുന്ന ഒരാളാണ്. ജന്മം കൊണ്ട് സവര്‍ണ്ണവിഭാഗക്കാരനായ ഞാന്‍ പൂണുനൂല്‍ ഇന്നും ധരിക്കുന്നുണ്ട്. ഇതില്‍ വ്യക്തമായ വൈരുധ്യം ഉണ്ട്. കാരണം പൊതുവില്‍ പൂണുനൂല്‍ ജാതി വ്യവസ്ഥയുടെ, വിവേചനത്തിന്റെ ചിഹ്നം ആണ്. ഇത് എന്റെ യുക്തിയും വിശ്വാസവും നേര്‍ക്കുനേര്‍ വരുന്ന ഒരു സന്ധി ആണ്. ഞാന്‍ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്നോട് “അത് അവിടെ കിടന്നോട്ടെ” എന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ മണ്മറഞ്ഞ വ്യക്തിയോട് എന്റെ ആദരവ് ആണ് ഈ നൂല്‍. ആ മനുഷ്യന്‍റെ അനുഗ്രഹത്തിന്റെ ഒരു രൂപം ആയിട്ടാണ് ഞാന്‍ ഇത് ധരിക്കുന്നത്. അത് എന്റെ വിശ്വാസം ആണ്. എന്നാല്‍ ഒരു പൂണുനൂല്‍ ഉള്ളത്കൊണ്ട് ഞാന്‍ വേറെ ഒരാളെക്കാള്‍ ഉയര്‍ന്നവനാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, ഇന്ത്യയില്‍ സവര്‍ണനായി ജനിച്ചതിനാല്‍ സാമൂഹികമായി ഒരുപാട് ആനുകൂല്യങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോളും. ഈ പറഞ്ഞത് ഒരു ന്യായം പോലും അല്ലായിരിക്കാം. പക്ഷേ എന്റെ ബുദ്ധി ഇപ്പോളും ഈ വിഷയത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്, ഒരിക്കല്‍ ഞാന്‍ ഇതിലും വ്യക്തമായ ഒരുത്തരത്തിലേക്ക് എത്തും എന്ന് ഞാന്‍ ആശിക്കുന്നു.

ഇത് പോലെ പല വൈരുധ്യങ്ങളും ഞാന്‍ എന്ന വ്യക്തിയില്‍ ഉണ്ട് എന്നത് എന്റെ യുക്തി ബോധത്തിന് തിരിച്ചറിയാനും എന്റെ വിശ്വാസത്തിനു അത് അംഗീകരിക്കാനും, ഒരു വഴി തെളിയുന്നെങ്കില്‍ തിരുത്താനും കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ചോദ്യങ്ങള്‍ ഇനിയും ഉണ്ടെങ്കിലും തല്‍ക്കാലം നിര്‍ത്താം എന്ന് ‘ഞാന്‍’ കരുതുന്നു. ഇത്രയും വായിക്കാന്‍ സന്മനസ്സു കാണിച്ച വായനക്കാരോട് ‘നിങ്ങള്‍’ എങ്ങനെ പ്രതികരിക്കുന്നു?

“എന്നോട് വിയോജിക്കാന്‍ ഉള്ള നിങ്ങുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടി തൂക്കുകയറിലേക്ക് പോവാനും ഞാന്‍ ഒരുക്കം ആണ്” എന്ന വോള്‍ട്ടയര്‍ വാക്യം എന്റെ യുക്തിബോധത്തെയും, “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ദര്‍ശനം എന്റെ വിശ്വാസത്തെയും നയിക്കട്ടെ. ആശയപരമായ വിയോജിപ്പുകളിലും വിശ്വാസങ്ങളുടെ വൈപുല്യത്തിലും സൗഹൃദവും ബന്ധങ്ങളും കൂടുതല്‍ ശക്തമാവട്ടെ.

Saturday, April 23, 2016

എന്ന് സ്വന്തം

  രോഹിണിയും പാറുവും നാട്ടില്‍ ആണ് . ബംഗ്ലൂരിലെ വീക്കെന്റ് ഞാനും നിഖിലും മാത്രം. നിഖില്‍ ജോലിക്ക് പോയി കഴിഞ്ഞു . ഉച്ചക്ക് ഊണിനു രസവും ഇത്തിരി ഉപ്പിലിട്ടതും കുറച്ച മുട്ട പൊരിച്ചതും റെഡി. അടുക്കളയിലെ കാബിനെടിന്റെ വാതില്‍ ശരിയാക്കാന്‍ തോമസ്‌ ആളെ വിടാം എന്ന് പറഞ്ഞിട്ട ഒരാഴ്ച ആയി . ഇന്ന് വരും എന്നാണു അവസാനം കിട്ടിയ ഉറപ്പ് . അയാളെയും നോക്കി ഇരിക്കുന്നു .  വൈകീട്ട് ‘ലീല’ സിനിമക്ക് ടിക്കറ്റ്‌ എടുത്തിട്ടുണ്ട്. അത് വരെ വേറെ ജോലി ഒന്നും ഇല്ല. ഒരു പുസ്തകവും എടുത്ത് ഇരുന്ന കുറച്ച വായിച്ചപ്പോളാണ് ഈ ഒരു കാര്യം ഒന്ന് ബ്ലോഗായി കാച്ചാന്‍ ഉള്ള പുറപ്പാട് . നിത്യജീവിതത്തിന്റെ സാധാരണത്വം ഇങ്ങനെ ബ്ലോഗാക്കുക അല്ല ഉദ്ദേശം . 

  ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം, ‘എന്ന് സ്വന്തം വി കെ എന്‍ ‘ . അങ്ങ് വടക്കേ കൂട്ടാലയില്‍ നിന്നും സ്യാനന്ദൂരപുരത്തേക്ക്ക്ക്, നാണ്വാര്‍ സി പി നായര്‍ക്ക് അയച്ച കത്തുകള്‍. വി കെ എന്‍  ശൈലിയില്‍ തന്നെ എഴുതപ്പെട്ടവയെങ്കിലും ഉള്ളടക്കം പലപ്പോഴും വ്യക്തിപരം ആയ കാര്യങ്ങള്‍, അഭിപ്രായങ്ങള്‍, പൊടി രാഷ്ട്രീയ സാഹിത്യ നിരൂപണങ്ങള്‍ , ഓര്‍മ്മകള്‍, ഉപദേശങ്ങള്‍ അങ്ങിനെ പലതും. ഇതൊന്നും ഒരു പുസ്തകം ആക്കാന്‍ എഴുതിയവ അല്ല . വി കെ എന്‍  എന്ന എഴുത്തുകാരനേക്കാള്‍ വി കെ എന്‍ എന്ന മനുഷ്യന്റെ അദ്ദേഹത്തിന്റെ  നിത്യ ജീവിതത്തിന്റെ ഏടുകള്‍ ആണിത്. എന്നിട്ടും അവയ്ക്ക് ഒരു വായനാസുഖം ഉണ്ട്.  കുറച്ച് കത്തുകളില്‍ കടന്നു പോയ ഒരു കാലം.

  ഒരു മൂന്നാം ക്ലാസ്സ്‌ നാലാം ക്ലാസ് കാലത്ത് ഞാനും ഒന്നോ രണ്ടോ കത്തുകള്‍ എഴുതിയിരുന്നു എന്നാണോര്‍മ. പക്ഷെ സാങ്കേതിക വിപ്ലവം എന്റെ തലമുറക്ക് മുന്നില്‍ വെച്ചത് വിളിച്ചാല്‍ അടുത്ത മിനുട്ടില്‍ കാതുകളില്‍ എത്തുന്ന ശബ്ദവും അത് വഴി കൈമാറ്റം ചെയ്യാവുന്ന വിവരങ്ങളും വിശേഷങ്ങളും ആണ്. ഇന്ന് രാവിലെ ഞാന് പാറുവിനെയും രോഹിണിയും കണ്ടാണ്‌ സംസാരിച്ചത് . ഗൂഗിള്‍ ഹാങ്ങൌട്ടിനു സ്തോത്രം. അശ്വിനോടും നിതിനോടും സ്കയ്പ്പിലാണ്  വിശേഷങ്ങള്‍ പറയുന്നത്. ദൂരത്തിനു വല്യ ദൂരം ഇല്ലാതായിരിക്കുന്നു. എല്ലാം അടുത്ത്തായിരിക്കുന്നു, ഒരു സ്ക്രീനിനപ്പുറം. പക്ഷേ...

  ആ പക്ഷേ ആണ് വിഷയം. ഈ ‘പറയുന്ന’/’കാണുന്ന’ വിശേഷങ്ങള്‍ ഒന്നും ഒരു 15 വര്‍ഷങ്ങള്‍ക്കപ്പുറം എനിക്ക് ഓര്‍ക്കാന്‍ സാധിക്കില്ല. ഇന്നത്തെ സാധാരണത്വം നാളത്തെ അസാധാരണ സംഭവങ്ങള്‍ ആവുന്ന മാറ്റത്തിന്റെ സുഖം (ദുഖവും) അനുഭവിക്കാന്‍ പറ്റില്ല. ഈയിടെ, പണ്ട് അരുണ്‍ നിഖിലിന് എഴുതിയ ഒരു കത്ത് കണ്ടു. മൂന്നാം ക്ലാസുകാരന്റെ പൊടി വിശേഷങ്ങള്‍ അവന്റെ പൊടി ഇംഗ്ലീഷില്‍. അക്ഷരത്തെറ്റുകള്‍ക്ക് ഇത്ര ഭംഗി ഉണ്ട് എന്ന്‍ അത് വരെ തോന്നിയിരുന്നില്ല. പണ്ട് മുതുമുത്തശ്ശി, അന്ന് കോളേജ് വിദ്യാര്‍ത്ഥിനി ആയ, അമ്മയെ കൊണ്ട് എഴുതിച്ച ഒരു കത്ത് കണ്ടത് ഓര്‍ക്കുന്നു. ബന്ധുവാവാന്‍ പോവുന്ന കോളേജിലെ ടീച്ചറെ കുറിച്ച് എഴുതുന്ന കൌമാരക്കാരിയുടെ ആരാധന കലര്‍ന്ന വര്‍ണ്ണന ഒരു പുഞ്ചിരി വിടര്‍ത്തി , അന്നത്തെ കൌമാരക്കരിക്കും കൌമാരം പിന്നിട്ട അവരുടെ മകനും.

   ഈ ഒരു സുഖം ഇനി ഓര്‍മ്മ മാത്രം ആയേക്കാം. ഒരു പ്രത്യേകതയും ഇല്ലാത്തത്  എന്ന്  എഴുതുമ്പോള്‍ തോന്നിക്കുന്ന കുറച്ച് കാര്യങ്ങള്‍  കുറേ വര്‍ഷങ്ങള്‍ക്കിപുറം നമ്മില്‍ ഉയര്‍ത്തുന്ന വികാരവായ്പ്പുകളുടെ മാസ്മരികത .  അതിനെ ഒന്ന് തിരിച്ചു പിടിക്കാന്‍ എന്താണ് വഴി? ഇ-മെയിലുകള്‍ കുറച്ച് കൂടി അയക്കേണ്ടിയിരിക്കുന്നു . അവയില്‍ കുറച്ച് കൂടി ദൈനംദിന സംഭവങ്ങള്‍ പറയേണ്ടിയിരിക്കുന്നു. ഇനി ഒരു 15-20 കൊല്ലം കഴിഞ്ഞ് പാറുവിനു ഇടക്ക് ഒന്ന് വായിച്ച് ചിരിക്കാന്‍, അന്നൊരു അമ്പതു വയസ്സില്‍ എനിക്ക് ഒരു പക്ഷേ ഇന്നത്തെ ജീവിതത്തെ ഇത്തിരി കൂടി തമാശയോടെ, ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍. കത്ത് ചുരുക്കുന്നു..

എന്ന് സ്വന്തം,
മിഥുന്‍                                                                         

Thursday, November 20, 2014

രാഷ്ട്രീയ വിചാരം അഥവാ സ്വയം ഒരു അഭിമുഖം

സ്വയം ഒരു അഭിമുഖം എന്ന ഈ പരിപാടി നിങ്ങള്‍ മുന്‍പ് പരീക്ഷിച്ചിട്ടുണ്ടോ?
ഇല്ല. ഒരു ബ്ലോഗ്‌ എഴുതണം എന്ന  ചിന്ത ഉണ്ടായപ്പോള്‍ അത് ഇങ്ങനെ ആയാല്‍ എന്തെന്ന് ആലോചിച്ചു, അത്രേ ഉള്ളു. Interview-ന്റെ ഗുണം എന്തെന്നാല്‍, എന്തും പറയാന്‍ ഉള്ള അവസരം ആണ് എന്നുള്ളതാണ്. വിഷയങ്ങള്‍ക് തമ്മില്‍ ബന്ധം വേണം എന്നില്ല. ഒരു വിഷയത്തെ കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ അറിയാത്ത എല്ലാ വിഡ്ഢികള്‍ക്കും ഇത് ഒരു പ്രചോദനം ആവട്ടെ എന്ന് കരുതി!

വിഡ്ഢിയാണെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിട്ടും താങ്കള്‍ എന്തിന് ഇങ്ങനെ ഓരോ അഭിപ്രായം പറയുന്നു?
എന്ത് വിഡ്ഢിത്തവും എഴുന്നള്ളിക്കാന്‍ സ്വാതന്ത്ര്യം ഉള്ള ഏക സ്ഥലം ഈ ബ്ലോഗ്‌ ആണ് എന്നുള്ളതുകൊണ്ട് തന്നെ. പിന്നെ ഉള്ളത് മാധ്യമങ്ങളും രാഷ്ട്രീയ വേദികളും ആണ്. അതിനു പക്ഷെ വേറെ ഇഷ്ടം പോലെ ആളുകള്‍ ഉണ്ട്. അവിടെ കേള്‍ക്കുന്ന/പറയുന്ന വിഡ്ഢിത്തങ്ങള്‍ പിന്നീടും ‘ചര്‍ച്ച’കള്‍ക്ക് വഴി വെക്കും. ഇതാവുമ്പോ ഈ ബ്ലോഗോടെ നിര്‍ത്തി എനിക്ക് എന്റെ കാര്യം നോക്കാം.

ശരി. എന്നാല്‍ തുടങ്ങാം. നിങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയക്കാരെ ഒന്ന് കളിയാക്കി. എന്താണ് നിങ്ങളുടെ രാഷ്ട്രീയം? ഏത് പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കുന്നു നിങ്ങള്‍?
അങ്ങനെ ഒരു പ്രസ്ഥാനത്തിന്റെ വക്താവോ സഹയാത്രികനോ അല്ല ഞാന്‍.

പക്ഷെ അങ്ങനെ അല്ലല്ലോ നിങ്ങളെ നോക്കി കാണുന്ന ‘ഞാന്‍’ മനസ്സിലാക്കുന്നത്. നിങ്ങള്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ കൂടെ ആയിരുന്നില്ലേ?
കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്വയം ഒരു ‘സഖാവ്’ ആണെന്ന് വിചാരിച്ചിരുന്നു. ചില സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇടതിന് വോട്ടു രേഖപ്പെടുത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെ ഒരു ഇടതു പക്ഷപാതം എനിക്ക് ഇല്ല.

നിങ്ങള്‍ വലത്തോട്ട് തിരിഞ്ഞോ?
അതില്ല. ഇടതിന്റെ മുഴുവന്‍ ആശയങ്ങളോടും യോജിക്കാന്‍ ബുദ്ധിമുട്ട് തോന്നി. ചിലതെങ്കിലും കാലഹരണപ്പെട്ടു എന്നൊരു തോന്നല്‍. നേതാക്കന്മാര്‍ക്ക് വഴി തെറ്റുന്നോ എന്നൊരു സംശയം. ഒരു ഇടത് ലേബല്‍ വേണ്ട എന്ന് തോന്നി. ഓ വി വിജയന്‍റെ കുറിപ്പുകള്‍ എന്നാ പുസ്തകം എന്റെ ഇടതു പക്ഷവുമായുള്ള താത്വികമായ വിയോജിപ്പുകള്‍ക്ക് ഒരു കാരണം ആണെന്ന് തോനുന്നു. ഇ എം എസ്-ന്റെ പുസ്തകങ്ങള്‍ക്ക് അങ്ങനെ ഒരു സ്വാധീനം ചെലുത്താനും കഴിഞ്ഞില്ല.

പക്ഷെ നിങ്ങള്‍ ഇന്നും ചെഗുവേരയുടെ ആരാധകന്‍ ആണല്ലോ?
ചെഗുവേര ചെയ്ത എല്ലാ കാര്യങ്ങളോടും യോജിപ്പ് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയും നിസ്വാര്‍ത്ഥ ശ്രമങ്ങളും പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. അതോടൊപ്പം ‘ഇതൊരു വല്യ DYFI-ക്കാരനാ’ എന്ന സിനിമാ dialogue-ന്റെ ആഴമുള്ള നര്‍മവും ഞാന്‍ ആസ്വദിക്കുന്നു.

നിങ്ങളില്‍ ഇപ്പോള്‍ ഒരു കോണ്‍ഗ്രസ്‌ അനുഭാവി ഉണ്ട് എന്ന് തോനുന്നു. നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് എന്ത് വിചാരിക്കുന്നു?
എന്നെ പോലെ മറ്റൊരു മണ്ടന്‍ ആണെന്ന് തോനുന്നു. അതിലും ഇത്തിരി കൂടി നന്നാക്കിയാല്‍ ‘രാഷ്ട്രീയം കുടുംബസ്വത്തായി മാത്രം കിട്ടിയ ഒരു പാവം’. അല്ലാതെ വല്യ രാഷ്ട്രീയ ബുദ്ധി ഒന്നും ഇല്ല എന്നാണു തോന്നിയത്.

ഇപ്പോള്‍ മനസ്സിലായി. നിങ്ങള്‍ ഒരു ബിജെപി/ആര്‍എസ്എസ് അനുകൂലി ആണല്ലേ?
അതും അല്ല. അവര്‍ പറയുന്ന പലതും അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ട്  ഉണ്ട്. ഹിന്ദുത്വം സംരക്ഷിക്കാന്‍ എന്ന പേരില്‍ അവര്‍ പറയുന്നത് പ്രത്യേകിച്ചും. ഒരു ഹിന്ദു ആയ എനിക്ക് അവരുടെ തുണ വേണ്ട ഈശ്വരനെ വിശ്വസിക്കാന്‍. ഹൈന്ദവതയെ സ്ഥാപനവല്കരിക്കാന്‍ തുനിയുന്നത് മണ്ടത്തരം ആണ്. സ്ഥാപനവല്‍ക്രിതമല്ലാത്തതും ഒരു കൂട്ടം ലിഖിത നിയമങ്ങള്‍ ഇല്ല എന്നതുമാണ്‌ ഞാന്‍ ഹിന്ദുമതത്തില്‍ കാണുന്ന ഏറ്റവും വലിയ ഔന്നത്യം.

അങ്ങനെ വരട്ടെ. നിങ്ങളും ചൂലെടുത്ത് ‘മാങ്ങ മനുഷ്യന്‍’ എന്ന ‘ആം ആദ്മി’ ആയി.
ഇല്ല. ചൂലിന് ഈര്‍ക്കിലിന്റെ ഗുണം പോലും ഇല്ല എന്ന് 40 ദിവസം കൊണ്ട് ജനത്തിന് മനസ്സിലായി. പൊതുജനം കഴുത ആണെങ്കിലും ഡാര്‍വിന്റെ സിദ്ധാന്തം അനുസരിച്ച് അതിനും ബുദ്ധി വെച്ച് തുടങ്ങി.

ഓരോരോ കാര്യങ്ങളില്‍ എന്റേതായ അഭിപ്രായമോ അഭിപ്രയമില്ലായ്മയോ ഞാന്‍ തന്നെ തീരുമാനിക്കുന്നതാണ് എന്റെ രാഷ്ട്രീയം. അതിനു ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ ചട്ടക്കൂട് വേണ്ട എന്നതാണ് എന്റെ രാഷ്ട്രീയം. നല്ലതെന്ന് തോനുന്നതിനെ അഭിനന്ദിക്കാന്‍ മടിയില്ലാതിരിക്കുകയും തെറ്റെന്നു തോന്നിയാല്‍ അതിനെതിരെ ബ്ലോഗിലൂടെയെങ്കിലും തെറ്റെന്നു പറയുകയും ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ആണ് എന്റെ രാഷ്ട്രീയം.

ഇത് എന്റെ മൂന്നാമത്തെ ചോദ്യത്തിനുത്തരമായി പറഞ്ഞിരുന്നെങ്കില്‍ ഈ ബ്ലോഗ്‌ ഇത്ര നീളില്ലായിരുന്നു. നിങ്ങള്‍ വായനക്കാരനെ വടിയാക്കുകയല്ലേ ഇപ്പൊ ചെയ്തത്?!
ഇതാണ് എന്റെ ജീവിതത്തിലും സംഭവിക്കുന്നത്. ഒരു ഉത്തരം അല്ലെങ്കില്‍ അഭിപ്രായം ഉരുത്തിരിയുകയാണ്. അല്ലാതെ ഞാന്‍ അത് ആദ്യമേ പഠിച്ചു പറയുകയല്ല,  ആരെങ്കിലും വരച്ച ഒരു വരയില്‍ മുന്നോട്ട് പോവുകയല്ല. ഒരു നേര്‍ വരയുടെ കൃത്യത അഭിപ്രായങ്ങള്‍ക്ക് വേണം എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. അത് കാലം പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും വ്യതിച്ചലിപ്പിക്കും. ഇതൊക്കെയാണ് ‘മിഥുന്‍ വര്‍മ്മ’ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നത്. വായനക്കാര്‍ ഇതിനോട് യോജിക്കും എന്നാണു എനിക്ക് തോന്നുന്നത്. അല്ലാതെ അവര്‍ ഈ വരി വരെ വായിക്കില്ല!

നിങ്ങള്‍ ജാതി വ്യവസ്ഥയുടെ വക്താവാണോ? പേരില്‍ ‘വര്‍മ്മ’ ചേര്‍ത്ത് പറയുന്നു.
അതിനെ ഒരു surname എന്ന നിലക്കേ ഞാന്‍ കാണുന്നുള്ളൂ. എന്റെ മാതാപിതാക്കള്‍ തന്ന പേര്. ലോകത്ത് പൊതുവേ അംഗീകരിക്കപ്പെടുന്ന ‘firstname middlename surname’ എന്ന തരത്തില്‍ ഒരു പേര്. അത്രേ ഉള്ളു.

പരോക്ഷമായെങ്കിലും നിങ്ങള്‍ ഒരു സവര്‍ണ്ണ ഹൈന്ദവത ആ പേരില്‍ പ്രദര്ശിപ്പിക്കുന്നില്ലേ?
ഈ പേര് കൊണ്ട് മാത്രം ഞാന്‍ ഒരു സവര്‍ണ്ണ ഹൈന്ദവതയെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നത് ഒരു തരത്തില്‍ ജാതി ചിന്ത അല്ലെ? ഞാന്‍ പോലും അവകാശപ്പെടാതെ എന്നെ എന്തിനു ‘സവര്‍ണ്ണന്‍ ‘ ആക്കുന്നു? എന്റെ പേര് ഒരു തരത്തിലും എന്റെ സ്വഭാവതിനെ കാണിക്കുന്നില്ല. എന്തിനും ഏതിനും ജാതി നോക്കുന്ന മനോഭാവം നമ്മള്‍ മാറ്റേണ്ട കാലം ആയില്ലേ? രാഷ്ട്രീയത്തിലും ഇപ്പൊ സിനിമാ/സാഹിത്യ നിരൂപണത്തില്‍ വരെ ജാതി വീക്ഷണങ്ങള്‍ കുറച്ച് അപലപനീയം ആണെന്നാണ് എന്റെ ഒരു വിശ്വാസം.

ഈ വീക്ഷണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു ഒരു വാദഗതി ആരെങ്കിലും ഉന്നയിച്ചാല്‍?
അത് ശരി ആണെന്ന് എന്റെ ചിന്തക്ക് ബോധിച്ച്ചാല്‍ ഞാന്‍ പിന്നെ അത് ആണ് ശരി എന്ന് പറയും.

അപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു സ്ഥിരം അഭിപ്രായം ഇല്ലേ?
ഇല്ല. അങ്ങനെ പാടില്ല എന്ന് കൂടി ഉണ്ട്. ‘മാറ്റം ഒരു അനിവാര്യത ആണ്, അഭിപ്രായങ്ങള്‍ക്ക് പോലും’ എന്നാണു ഇപ്പോള്‍ എന്റെ അഭിപ്രായം. ഇതും മാറിക്കൂടായ്കയില്ല.

എങ്കില്‍ പിന്നെ ഇന്നിവിടെ പറഞ്ഞതിനെ കുറിച് ഒരിക്കല്‍ നിങ്ങള്‍ക്ക് തിരുത്ത് നടത്തേണ്ടി വരില്ലേ?
ചിലപ്പോള്‍ വരുമായിരിക്കും. അന്ന് ഇത് തെറ്റാണെന്ന് തോന്നിയാല്‍ ഞാന്‍ തിരുത്തും. ഞാന്‍ ഒരു വെറും മനുഷ്യനാണ്, തെറ്റുകള്‍ പറ്റുന്നവനാണ്.

ഇതില്‍ വരുന്ന എതിരഭിപ്രായങ്ങളെ നിങ്ങള്‍ എങ്ങിനെ നേരിടും?
നേരിടാന്‍ ഞാന്‍ യുദ്ധം ഒന്നും ചെയ്യുകയല്ലല്ലോ. അവ എല്ലാം അംഗീകരിക്കുന്നു. ഞാന്‍ ചിന്തിക്കുന്ന പോലെ ലോകം മുഴുവന്‍ ചിന്തിച്ചാല്‍ പിന്നെ ഈ ജീവിതത്തിനു ഒരു ഭംഗി ഇല്ലല്ലോ.

എന്നാല്‍ ഈ സംഭാഷണം നിര്‍ത്തുകയല്ലേ?

തീര്‍ച്ചയായും, ഇത്രയും വായിക്കാന്‍ ക്ഷമ ഉള്ള നല്ല മനുഷ്യര്‍ ലോകത്ത് ഉണ്ട് എന്നത് തന്നെ ഒരു വലിയ കാര്യം ആണ്. ഏവര്‍ക്കും നന്ദി. ച്ചാല്‍, അശ്വിന്‍ സുധീര്‍ പറഞ്ഞ മാതിരി ‘മലയാളിയുടെ നന്ദി’ കൂടെ ഒരു ചെറുപുഞ്ചിരിയും :)