Tuesday, August 25, 2009

കാല് വിറയ്കുമ്പോൾ..

പൊതുവേ ഞാൻ എന്നെ ഒരു ധൈര്യശാലിയായിട്ടാണ് വെച്ചിരിക്കുന്നത്!! എനിക്ക് ചെയ്യാൻ പറ്റില്ല എന്നു ഞാൻ കരുതുന്ന പല കാര്യങ്ങളും ധൈര്യത്തിന്റെ പുറത്ത് മാത്രം ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. നാലാം ക്ലാസ് മുതൽ അച്ഛന്റേയും അമ്മയുടേം കൂടെ കട്ടിലിൽ കിടക്കാതെ നിലത്ത് കിടക്ക വിരിച്ച് കിടന്നു തുടങ്ങിയതും (അനിയൻ ഇത് LKG മുതൽ ചെയ്തു തുടങ്ങി എന്നുള്ളത് പറയാൻ മാത്രം വലിയ സംഭവം ഒന്നും അല്ലല്ലോ!), ആറാം ക്ലാസ്സിൽ നാടകത്തിൽ വയസ്സനായി അഭിനയിച്ചതും (ഔസേപ്പേട്ടൻ എന്ന ഒരു സ്ക്കൂൾ പ്യൂണിന്റെ ശക്തമായ കഥാപാത്രം ),ഒരിക്കൽ കുളത്തിന്റെ മറുകരയിൽ നിന്ന പട്ടിക്കൂട്ടത്തെ ഇക്കരെ നിന്ന് കല്ലെറിഞ്ഞോടിച്ചതും, “സാർ, ഈ suppli ഒരു criti ആക്കരുതേ“ എന്നു ലാബിലെ external examiner-നോട് കേറി പറഞ്ഞതും (ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: പുള്ളി എന്നെ മാത്രം പൊക്കി വിട്ടു!), പിന്നേയും ഇതു പോലെ പല സാഹസങ്ങളും കാണിച്ചതും എല്ലാം ധൈര്യം ഒന്നു കൊണ്ട് മാത്രം. ഈ എന്റെ ധൈര്യത്തെ ആണ് ദേ ഒരുത്തൻ,അതും ഈ നട്ടെല്ലില്ലാത്തവൻ പരീക്ഷിക്കുന്നത്.


അങ്ങനെ ഒരവധിക്കാലത്ത് കോളേജിൽ നിന്നു വീട്ടിൽ വന്നതാണ് ഞാൻ. സംഭവം നടക്കുമ്പോൾ സഖാവ് സൂര്യേട്ടൻ കിഴക്ക് വിപ്ലവത്തിന്റെ മുന്നോടിയായി ചെങ്കൊടി ഉയർത്തിയിട്ടേ ഉള്ളു. മൂപ്പര് ഇത്തിരി നേരത്തേ വന്നിരുന്നേ എന്റെ ധൈര്യം ഇങ്ങനെ ചോദ്യം ചെയ്യപ്പെടില്ലാരുന്നു. ചോദ്യകർത്താവിന് ചോദിക്കാൻ ഞാൻ വേറെ വല്ലോരേം കൊണ്ട് കൊടുത്തേനെ. ഇപ്പൊ അതിനും സ്കോപ്പില്ല. എന്നാൽ ഞാൻ എന്റെ ഉള്ളിലെ ധൈര്യത്തെ പുറത്തെടുത്ത് കാണിക്കുക തന്നെ!

“മിഥുൻ, അടുക്കളയിൽ ഒരു പാമ്പ്! എണീറ്റ് വരൂ”.ഉറക്കം ആയിരുന്ന എന്നെ അമ്മ കുലുക്കി വിളിച്ചു.

ഞാൻ ചാടിയേണീറ്റ് അടുക്കളയിലേക് ഓടി. ധൈര്യവാനായിപ്പോയില്ലേ! ചെന്നു നോക്കുമ്പോൾ മുത്തശ്ശി പാമ്പിന്റെ “എകാങ്കനാടകം” കണ്ടോണ്ട് നിക്കാണ്. മുത്തശ്ശി അടുപ്പിലേക്ക് ഇടാൻ വിറക് നോക്കിയപ്പൊ ആണത്രേ പുള്ളിയുടെ ‘തിരുമേനി‘ കണ്ടത്. അവിടന്നും ഇവിടുന്നും ഒക്കെ വിറക് മാറ്റി പുള്ളിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കാനുള്ള തത്രപ്പാടിലാണ് മുത്തശ്ശി. ഒരു ധൈര്യവാൻ ഇങ്ങനെ വടി പോലെ നിക്കൂമ്പൊ ഇതൊക്കെ മുത്തശ്ശിയെക്കൊണ്ട് ചെയ്യിക്കാമോ? പറ്റില്ല. ഞാൻ രംഗത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. ഒന്നു കുനിഞ്ഞ് നോക്കി. ദേ വിറകിനിടയിൽ നമ്മുടെ നട്ടെല്ലില്ലാത്തവൻ ചുരുണ്ട് കിടക്കുണു.

പാമ്പ് എന്നൊക്കെ പറയുമ്പൊ വല്ല അണലിയോ വെള്ളിക്കെട്ടനോ ആണ് എന്നു നിങ്ങൾ വിചാരിച്ചെങ്കിൽ ആ ധാരണ മാറ്റണ്ട. തുടർന്നുള്ള വരികൾ വായിച്ചതിനു ശേഷവും അങ്ങനെ തന്നെ കരുതുക. പാമ്പ് ഒരു കുഞ്ഞ് നീർക്കോലി ആണ്. ഒരു കയ്യിന്റെ നീളം പോലും ഇല്ല. പക്ഷേ ആളു ഭയങ്കരനല്ലേ. അത്താഴം മുടക്കലിന്റെ wholesale dealership പഴമക്കാർ മൂപ്പർക്കാണല്ലോ കൊടുത്തിരിക്കണേ. അങ്ങനെ ഞാൻ നോക്കിയപ്പൊ മൂപ്പർ എന്നേ കണ്ടു. എന്നെ കണ്ടതും പുള്ളി പേടിച്ചു (അല്ല പേടിച്ചില്ലാ എന്നുള്ളതിന് തെളിവൊന്നും ഇല്ലല്ലോ).

“ഒരു കാര്യം ചെയ്യൂ. കുറച്ച് മണ്ണെണ്ണ അവിടേക്ക് ഒഴിക്കൂ. അത് പുറത്തേക്ക് വരും” – മുത്തശ്ശി പറഞ്ഞു.

“ഈശോയേ!! എന്നതാ ഈ മുത്തശ്ശി പറയുന്നേ.” എന്നു ഞാൻ കോട്ടയം സ്ലാങ്ങിൽ മനസ്സിൽ ഓർത്തു. എന്താ മുത്തശ്ശീടെ അജൻഡ എന്നറിയണമല്ലോ. ഇനി ഇപ്പൊ എന്റെ ധൈര്യം ടെസ്റ്റ് ചെയ്യാൻ മുത്തശ്ശീം പ്ലാൻ ചെയ്യാണോ?

“എന്നിട്ട് എന്താ ചെയ്യാ മുത്തശ്ശീ? പുറത്തേക്ക് പോവാതെ അത് നമ്മടെ അടുത്തേക് വന്നാലോ?” ഒരു ധൈര്യശാലിയുടെ തികച്ചും സ്വാഭാവികമായ സംശയം.

“അത് നമ്മടെ അടുത്തേക്കാ വരണേന്ന്വച്ചാ കൊല്ലാം. നിവർത്തി ഇല്ല്യാണ്ട് ഒരു പാമ്പിനെ കൊന്നാൽ സർപ്പത്താന്മാര് കോപിക്കൊന്നും ഇല്ല. നമുക്ക് സർപ്പക്കാവില് നൂറും പാലും നേദിക്കേം ചെയ്യാം” മുത്തശ്ശി പറഞ്ഞു.

ഓഹൊ! അപ്പൊ അതാണ് പ്ലാൻ. ഞാനാണ് ആരാച്ചാരുടെ റോളിൽ! പുറത്തേക്ക് പോവാതെ പാമ്പ് അവിടെ കറങ്ങാൻ ആണ് പരിപാടി എങ്കിൽ ഞാൻ ഒരു വിറകെടുത്ത് പാമ്പിനെ തല്ലിക്കൊല്ലുന്നു!! ഞാൻ ചെയ്തില്ലെങ്കി മുത്തശ്ശി ചെയ്യും. എനിക്കിത് പ്രസ്റ്റീജ് ഇഷ്യൂ ആയി. പാവം ഞാൻ!

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാൻ മണ്ണെണ്ണ ഒഴിച്ചതും പാമ്പ് വിറകിനിടയിൽ നിന്ന് ഞങ്ങൾ നിക്കുന്നതിന്റെ അടുത്തേക് വന്നതും എല്ലാം ഒരു നിമിഷത്തിൽ കഴിഞ്ഞു.

“അത് ഉള്ളിലേക്ക് തന്ന്യാ വരണെ. ഇനി അതിനെ കൊല്ല്വല്ലാണ്ട് വേറെ നിവർത്തി ഇല്ല കുട്ടാ” ഇത്രേം മുത്തശ്ശിയുടെ വായിൽ നിന്ന് വന്നപ്പോഴേകും നമ്മുടെ പാമ്പ് എന്റെ അടുത്ത് എത്തി.

ധൈര്യവും(പേടി എന്നു വായിക്കരുത്) ടെൻഷനും കൂടി തലച്ചോറിലെ ഏതോ ഒരു സെല്ലിൽ എന്തൊക്കെയോ ചില പൊടിക്കയ്കൾ കാണിച്ചു എന്നു തോനുന്നു.ഞാൻ പാമ്പിനെ കൊല്ലാൻ പെട്ടെന്ന് റെഡി ആയി. പാമ്പിന്റെ ശരീരത്തിൽ “പട പടെ” എന്നു ഞാൻ മടലുകൊണ്ട് അടിച്ചു. ഒരു മൂന്നു അടിയിൽ പാവം കാലയവനികക്കുള്ളിൽ മറഞ്ഞു. ഇൻ അദർ വേഡ്സ്, വീരസ്വർഗ്ഗം വരിച്ചു.(ആ പാമ്പിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സ്വർഗ്ഗത്തിൽ തവളകളെ വിഴുങ്ങി പുള്ളി ആർമാദിക്കുകയാവട്ടെ എന്നു ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു!)

അങ്ങനെ ആ കുഞ്ഞു പാമ്പിന്റെ മുൻപിൽ ശ്രീമാൻ യമൻ എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് സ്വർഗ്ഗത്തിലേക്ക് ഓൺസൈറ്റിനു കൊണ്ട് പോയി!

ഇത്രയും കഴിഞ്ഞു ഞാൻ നോക്കുമ്പൊ എന്റെ കാലുകൾ രണ്ടും കിടുകിടാ എന്നു വിറയ്ക്കുന്നു!!
“പാമ്പിനെ കൊല്ലുന്ന വരെ ഈ രണ്ടു കാലും ചുമ്മാ ഇരിപ്പായിരുന്നല്ലോ. ഇപ്പോ ഇത് എന്തോന്നിനാ ഈ വിറയ്ക്കണേ?!!“ ഞാൻ മനസ്സിലോർത്തു.

“അപ്പൊ അങ്ങനെ ആണു സംഗതി!” എനിക്ക് ഒരു ചിന്ന ബോധോദയം ഉണ്ടായി. “ശരിക്കും പേടിച്ച് എന്തെങ്കിലും ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ എന്റെ കാലു വിറയ്ക്കും. പക്ഷേ ചെയ്തു കഴിഞ്ഞേ വിറയ്ക്കൂ!“

“ഇത്തിരി പേടി ഉണ്ടെങ്കിലും വേണം എന്നു വിചാരിച്ചാൽ എന്തും ചെയ്യാൻ തനിക്ക് പറ്റും.“ കഴിഞ്ഞ എപ്പിസോഡിലെ പോലെ ഈ എപ്പിസോഡിലും മുകളിലിരിക്കുന്ന “ആ സഖാവ്” എനിക്ക് ഒരു ലെക്ചർ തന്നു!

“എന്നാ പിന്നെ അങ്ങനെ തന്നെ. താങ്ക്സ് ഫോർ ദ ലെസൺ“ എന്ന് അന്നു വൈകീട്ട് അമ്പലത്തിൽ വെച്ച് മറ്റാരും കേൾക്കാത്ത ഡയലോഗിനിടക്ക് ഞാനും പറഞ്ഞു. “ഓർമ്മയിൽ ഒരു വിറ” എന്ന വാൽക്കഷ്ണമായി ബ്ലോഗിൽ ചേർക്കാം എന്നും പറഞ്ഞ് പുള്ളി കുറച്ച് കാലം മുൻപ് എറണാകുളം ജെട്ടി ബസ് സ്റ്റാന്റിൽ നടന്ന ഒരു സംഭവം അപ്പൊ എന്റെ മനസ്സിലേക്ക് SMS അയച്ചു!


ഓർമ്മയിൽ ഒരു വിറ:


സായിപ്പ് കൊടുങ്ങല്ലൂർക്ക് ബസ് കയറാൻ നടന്നു വരുന്ന ഒരു കോളേജുകുമാരനോട് : “Hi, do you know English”.
കൊടുങ്ങല്ലൂർക്കാരൻ (അഭിമാനം വിട്ട്, സത്യം പറയാൻ വയ്യാഞ്ഞിട്ട്) : “Yeah” (“യെസ്” എന്നു പറഞ്ഞാ ജാഡ കുറഞ്ഞു പോയാലോ!)

സാ: “Thank God! Finally I saw a man who speaks English. Do I get a bus to Aleppey from here?”

കൊ: (മനസ്സിൽ) “അല്ല അങ്ങനെ ഒന്നും ഇല്ല..ഇംഗ്ലീഷ്.. അത് പിന്നെ.. ഞാൻ..ആലപ്പുഴ..ബസ്”

(പിന്നെ സായിപ്പിനോട്) “(ഇല്ല) No. (ഇവിടെ കിട്ടില്ല) You will not get it here.(വേറെ സ്റ്റാന്റ് ഉണ്ട്) There is another bus stand.(അവിടെ കിട്ടും) You will get there. (ഓട്ടോ പിടിക്കണം) Catch an auto.(ഓട്ടോ ദാ അവിടെ ഉണ്ട്) Auto there(ഓട്ടോക്കാരോട് പറയൂ)Tell Auto people. (അവർ കൊണ്ട് പോകും) They will take you!!”

സാ: Oh! Okay.You wont get it here. I have to board the bus from a different place and I have to go there in an auto rickshaw.Right? (കൊടുങ്ങല്ലൂർക്കാരൻ തലയാട്ടുമ്പോൾ) Thank you!!

കൊ
: (മനസ്സിൽ) “ഹൊ!! സായിപ്പിനു മനസ്സിലായി.ഞാൻ ഒരു സംഭവം തന്നെ. സായിപ്പൊരുത്തനോട് ഇംഗ്ലീഷിൽ 4 ഡയലോഗ് ഫിറ്റ് ചെയ്തില്ലേ. അത് അയാൾക്ക് മനസ്സിലായില്ലേ!“

അടുത്തുള്ള ചായക്കടയിലെ ചായക്കടക്കാരനും അവിടെ ചായ കുടിച്ചുകൊണ്ട് നിന്നിരുന്ന രണ്ടു മൂന്നു പേരും ഒരു ബഹുമാനത്തോടെ ഒക്കെ നോക്കുന്നു. ഇത്തിരി അഭിമാനിക്കാൻ കൊടുങ്ങല്ലുർക്കാരൻ തീരുമാനിച്ചു.
“കുറച്ച് നേരം ഇവിടെ ചുമ്മാ നിന്നാലോ. ചുമ്മാ ഒരു ജാഡയ്ക്ക് ” അയാൾ മനസ്സിൽ ആലോചിച്ചു.
“പക്ഷേ എന്റെ കാലെന്താ ഈ വിറയ്ക്കണേ?!“ ബാഗുമെടുത്ത് അയാൾ ബസിനടുത്തേക്ക് നടന്നു.