Saturday, December 7, 2019

ചരിത്രപഠനത്തിന്‍റെ ചരിത്രം


കൊല്ലം 2001, മാര്‍ച്ച്‌ മാസം, ഒരു ബുധനാഴ്ച ഉച്ച സമയം പന്ത്രണ്ടു മണി. “ഹാവൂ, ഇനി ഈ പരിപാടി വേണ്ടല്ലോ” എന്ന് സമാധാനിച്ച് ഒരു പത്താം ക്ലാസ്സുകാരന്‍ പരീക്ഷാ ഹാളില്‍ നിന്നും പുറത്തിറങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്‍റെ ജീവിതത്തെ വളരെ അധികം ശല്യപ്പെടുത്തിയ ഒരു വിഷയത്തോട്, ഹിസ്റ്ററിയോട്‌, വിട പറഞ്ഞതിന്‍റെ സന്തോഷവുമായി അയാള്‍ വീട്ടിലേക്ക് നടന്നു. വിദ്യാലയങ്ങളിലെ ചരിത്രപഠനത്തിന്‍റെ ചരിത്രം അറിയുന്ന, വരും നാളുകളുടെ രേഖകളറിയുന്ന കാലം ചിരിച്ചു, “ഇതല്ല ചരിത്രം പത്താംക്ലാസ്സുകാരാ. ചരിത്രത്തിന്‍റെ  കറുപ്പും വെളുപ്പും കലര്‍ന്നു നരച്ച വഴിനീളങ്ങള്‍ മനസ്സിലാക്കാന്‍ ഒരു നാള്‍ നീ തിരിച്ചു വരും. ആ വഴികളിലേക്ക് നീ എത്തുന്ന കാലത്ത് ഈ നിമിഷം നീ ഓര്‍ക്കാന്‍ ഇടവരട്ടെ. നിനക്ക് മംഗളം”.

പരീക്ഷാക്കാലവും അവധിക്കാലവും കഴിഞ്ഞ് റിസള്‍ട്ട്‌ വന്നു. ഏറ്റവും കുറവ് മാര്‍ക്ക്‌ മലയാളത്തിന്. അന്‍പതില്‍ നാല്‍പ്പത്തിമൂന്നു മാര്‍ക്ക്‌. രണ്ടാം സ്ഥാനം ഹിസ്റ്ററിക്ക് നാല്‍പ്പത്തിയഞ്ച് മാര്‍ക്ക്. പ്രിയ വിഷയങ്ങളായ കണക്കിനും ഫിസിക്സിനും കെമിസ്ട്ട്രിക്കും മുഴുവന്‍ മാര്‍ക്ക്. പത്താം ക്ലാസുകാരന്‍ അഭിമാനിച്ചു. “ലോകമേ നീ കാണ്. ഇതാ ഒരുവന്‍. മനുഷ്യന് ആവശ്യം ഉള്ള വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്ക് മേടിച്ച ഒരു മിടുക്കന്‍.”. ആ ദുരഭിമാനം അധികം നീണ്ടു നിന്നില്ല. പതിനൊന്നാം ക്ലാസ്സിലെ കണക്കിന്‍റെ ഒന്നാമത്തെ അധ്യായത്തിന്‍റെ രൂപത്തില്‍ സത്യം പ്രത്യക്ഷപ്പെട്ടു. നോട്ടുബുക്കില്‍ വീണ കണ്ണീരില്‍ ദുരഭിമാനം ഒഴിഞ്ഞു. ഇടറിയ സ്വരത്തില്‍ അമ്മയോട് പറഞ്ഞു “ഇത് എനിക്ക് പറ്റുംന്നു തോനുന്നില്ല.” മലയാളമോ ഹിസ്റ്ററിയോ എടുക്കാം എന്നൊരു ചിന്ത ഉണ്ടായി. അവ ഏതോ രണ്ടാം തരം വിഷയങ്ങള്‍ ആണെന്നൊരു ബോധ്യത്തോടെ. എങ്കിലും ദിനങ്ങള്‍ പോകേ വീണ്ടും കണക്കും സയന്‍സും വഴങ്ങി തുടങ്ങി. ആ വഴി പഠനം തുടര്‍ന്നു. എഞ്ചിനീയറിംഗ് നാളുകളില്‍ എപ്പോളോ ഒരല്‍പ്പം വായനാശീലം കൂടെ കൂടി.

ജോലി ചെയ്യാന്‍ ബാംഗളൂരില്‍ എത്തിയ കാലത്ത്, പ്രസിദ്ധമായ ബ്ലോസംസ് ബുക്ക്‌ ഹൌസില്‍ പുസ്തകങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ രാമചന്ദ്ര ഗുഹയുടെ “ഇന്ത്യ ആഫ്ടര്‍ ഗാന്ധി” എന്ന പുസ്തകം കണ്ണില്‍ പെട്ടു. വെറുതെ ഒന്നെടുത്ത് ആമുഖം വായിച്ചു. ‘മഹാത്മാഗാന്ധി മരിക്കുന്നിടത്ത് നമ്മുടെ കുട്ടികളുടെ ചരിത്രപഠനം അവസാനിക്കുന്നു. ഗാന്ധി മരിച്ചതിനു ശേഷം ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ നമ്മുടെ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നില്ല. ആ വിപുലമായ സംഭവങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം’. എന്തോ ആ വാക്യത്തില്‍ തോന്നിയ ഒരു കൌതുകത്തിന്‍റെ പുറത്ത് പുസ്തകം വാങ്ങി. പുസ്തകം വായിക്കും തോറും അത്ഭുതം കൂടി. ഇത് സ്കൂളില്‍ പഠിച്ച വര്‍ഷങ്ങളും യുദ്ധങ്ങളും പേരുകളും കൊണ്ടുള്ള കസ്രത്ത് അല്ല. ഈ മഹാരാജ്യത്തെ പ്രശ്നങ്ങള്‍, അവയുടെ വൈവിധ്യം, അവ തീര്‍ക്കാന്‍ പല തരത്തില്‍ പല വഴികളില്‍ അഭിപ്രായങ്ങള്‍ ഉന്നയിക്കുന്ന, പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍. അതില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍, സാഹചര്യങ്ങള്‍. അവയില്‍ നല്ലതെന്നും ചീത്തയെന്നും ഉറപ്പിച്ചു പറയാന്‍ ആവാത്ത സംഭവങ്ങള്‍, നിലപാടുകള്‍. മനസ്സ് കുഴങ്ങി. എന്തുകൊണ്ട് സ്കൂളില്‍ പഠിച്ച ചരിത്രപുസ്തകങ്ങള്‍ ഇത് പോലെ ആയിരുന്നില്ല?!

വായിക്കാന്‍ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളില്‍ ചരിത്ര പുസ്തകങ്ങളും ഇടം പിടിക്കാന്‍ തുടങ്ങി. പതിയെ നല്ലതെന്ന് മാത്രം സ്കൂളില്‍ പഠിച്ച പല ചരിത്ര കഥാപാത്രങ്ങള്‍ക്കും നാം അറിയാതെ പോയ ചില വശങ്ങള്‍ ഉണ്ടെന്നും, ക്രൂരത മാത്രം ചേര്‍ക്കപ്പെട്ട മുഖങ്ങള്‍ക്ക് നന്മയുടെ ഏടുകള്‍ പകരാനുള്ള ചരിത്രം ഉണ്ടെന്നും തിരിച്ചറിഞ്ഞു. സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ ശൈലിയില്‍ മനസ്സ് പറഞ്ഞു, “ചതിച്ചാശാനെ, ചരിത്ര പാഠപുസ്തകങ്ങള്‍ എന്നെ ചതിച്ചാശാനേ!”. പതിയെ ഒരു പാഠം പഠിച്ചു. സ്കൂളില്‍ ആരും പഠിപ്പിക്കാതിരുന്ന പാഠം. ചരിത്രത്തില്‍ നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും തിരയാതിരിക്കുക. മനുഷ്യര്‍ അന്നും ഇന്നും നല്ലതും ചീത്തയും കലര്‍ന്നവരാണ്. ചരിത്രസംഭവങ്ങളില്‍ കാലം നന്മയും തിന്മയും ചേര്‍ക്കുന്നു, അതും കാലാകാലങ്ങളില്‍ മാറി വരുന്നു. പുസ്തകം വായന തുടങ്ങിയ നാളുകളില്‍ വായിച്ച, ഏറെ പ്രിയപ്പെട്ട ‘ടു കില്‍ എ മോക്കിംഗ്ബേര്‍ഡ്’ എന്ന പുസ്തകത്തിലെ ഒരു രംഗത്തിന് ഇപ്പോള്‍ കൂടുതല്‍ തെളിച്ചം. ഹിറ്റ്ലറെ വെറുക്കുന്നതിനു കുഴപ്പം ഉണ്ടോ എന്ന് ചോദിക്കുന്ന മകളോട് ആറ്റിക്കസ് പറയുന്ന മറുപടി “ആരെയും വെറുക്കുന്നത് ശരിയല്ല” എന്നാണ്.

ഈയിടെ ഒരു പോഡ്കാസ്റ്റ് കേള്‍ക്കുകയായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിനെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കിയ പാര്‍വതി ശര്‍മ എന്ന എഴുത്തുകാരി അവരുടെ അനുഭവം വിവരിക്കുന്നു. ജഹാംഗീര്‍ എന്ന പല മുഖങ്ങള്‍ ഉള്ള ഒരു മനുഷ്യനെ കുറിച്ച് അവര്‍ സംസാരിച്ചു. ക്രൂരതയ്ക്കും ബാലിശമായ കൌതുകങ്ങള്‍ക്കും ഇടയില്‍ ഒട്ടനവധി മനുഷ്യവികാരങ്ങള്‍ ഇടകലര്‍ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു മനുഷ്യനെ കുറിച്ച്. അതില്‍ അവരും പറഞ്ഞത് സ്കൂളില്‍ അവര്‍ ഹിസ്റ്ററി പാഠങ്ങള്‍ വെറുത്തിരുന്നു എന്നാണ്. ഈ വാചകം പഴയ പത്താംക്ലാസ്സുകാരന്‍ ഹിസ്റ്ററിയോട് വിട പറഞ്ഞ സംഭവം വീണ്ടും ഓര്‍മിപ്പിച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും മാര്‍ക്ക് കുറഞ്ഞ, മതിപ്പില്ലാതെ അവഗണിച്ച വിഷയങ്ങളെ ഹൃദയത്തിന്‍റെ ഏറ്റവും അടുത്ത് കൊണ്ടു നിര്‍ത്തിയ കാലമേ, നിനക്ക് നന്ദി. നീ കണ്ട ചരിത്രപഥങ്ങള്‍ നീ ഇനിയും എനിക്ക് നീട്ടുക!