Friday, March 9, 2018

ഒരു അകാല മരണത്തിന്‍റെ ചിത്രം


അഛാ , എനിക്ക് ഒരു പടം വരച്ച് തര്വോ”. 3 വയസ്സുകാരി മകളുടെ ചോദ്യം.  മനസ്സിന്റെ അറകളില്‍ എവിടെയോ ഒരു അസ്വസ്ഥത ചിലമ്പി .

"എന്താ അമ്മൂനു വരച്ചു തരണ്ടേ?”. ബുക്ക്‌ മേടിച്ച് വരക്കാന്‍ പെന്‍സില്‍ എടുക്കുമ്പോള്‍ വാത്സല്യത്തോടെ ചോദിച്ചു. 

“ഒരു പുലിയെ വരച്ച് തന്നാ മതി”. 

മകളോട് വേറെ പുസ്തകത്തില്‍ എഴുതാന്‍ പറഞ്ഞ് വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ വി കെ എന്‍ -ന്റെ ‘വരയുടെ പരമശിവനായ വാസേവന്‍ നമ്പൂതിരിക്ക്’ എന്ന പുസ്തക സമര്‍പ്പണം മനസ്സില്‍ തെളിഞ്ഞു. പക്ഷേ നേരത്തേ മിന്നിയ ചിലമ്പല്‍ ഒന്ന് വ്യക്തമായത് പുലിയുടെ മുഖം വരച്ചു തുടങ്ങിയപ്പോഴാണ്. ഓര്‍മ്മയുടെ പുസ്തകത്തില്‍ മരണത്തിന്‍റെ മുഖം ഒരു വെള്ള പുറം ചട്ടയില്‍ തെളിഞ്ഞു. ഒരു കലാകാരന്‍റെ മരണം!

ക്ലാസ് ടീച്ചര്‍ വന്നിട്ടില്ലാത്ത അഞ്ചാം ക്ലാസ്സിന്റെ അന്തരീക്ഷം. ക്ലാസ്സില്‍ കുട്ടികള്‍ ബഹളം വെക്കുന്നു, അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, ആകെ കലപില. മുന്നില്‍ ഇരുന്ന വെള്ള ചട്ടയിട്ട ‘മോറല്‍ സയന്‍സ്’ നോട്ടുബുക്കില്‍ തലേന്നു ഒട്ടിച്ച നെയിം സ്ലിപ്പില്‍ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. ‘പ്രീതി ഫാബ്രിക്സ്’ എന്ന കടയുടെ പരസ്യത്തില്‍ മോഹന്‍ലാലിന്റെ ചിത്രം ഉള്ള മഞ്ഞ നെയിംസ്ലിപ്പ്. കഴിഞ്ഞ ആഴ്ച ടീവിയില്‍ കണ്ട സിനിമയില്‍ ലാലേട്ടന്‍ പെയിന്റെര്‍ ആയിരുന്നു. നല്ല സൂപ്പര്‍ ആയിട്ട് നായികയുടെ ചിത്രം വരക്കുന്നത് കണ്ടതാണ്. അത് പോലെ വരയ്ക്കണം.

ലാലേട്ടന്റെ മുഖം നോക്കി കുറേശ്ശെ പെന്‍സില്‍ കൊണ്ട് വരയ്കാന്‍ തുടങ്ങി. നീണ്ട മുഖം. തടിച്ച കവിളുകള്‍. ഭംഗിയുള്ള കട്ടി മീശ. ആകെ മോശം ഇല്ല!ചില്ലറ തിരുത്തുകള്‍ മായ്ച് വീണ്ടും വരച്ചു. ഒരിക്കല്‍ കൂടി നോക്കി. ഇനിയും നന്നാക്കാം. വീട്ടില്‍ ചെന്നിട്ട് ആ ചെവി ഒന്ന് കൂടെ നന്നാക്കണം എന്ന് മനസ്സില്‍ പറഞ്ഞ് ഇടത്തേക്ക് നോക്കിയപ്പോള്‍ സഹബെഞ്ച്കാരി നോക്കി നില്‍ക്കുന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു, “എടാ നീ ആലംമൂടനെ വരച്ചത് നന്നായിട്ട്ണ്ട്”.

ഒരു മരണത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് സഹബെഞ്ച്കാരി അറിഞ്ഞില്ല! പക്ഷേ ഒരു കലാകാരന്‍ മരിച്ചിരുന്നു. ദാരുണമായി വധിക്കപ്പെട്ടിരുന്നു! അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രമേ നിനക്ക് സ്വസ്തി!

“ദാ കുട്ടാ”. വരച്ച ചിത്രം മകള്‍ക്ക് നീട്ടുമ്പോള്‍ കലാകാരന്‍റെ മോക്ഷം കിട്ടാത്ത ആത്മാവ് തേങ്ങുന്നത് ഞാന്‍ കേട്ടു.

“അഛാ പട്ടി അല്ല, പുലീന്നാണ് പറഞ്ഞേ!”. 

വായനക്കാരേ, കലാകാരന്‍റെ ആത്മാവ് ഇങ്ങിനി വരാത്ത വിധം ഭൂമിയില്‍ നിന്ന് മുക്തി നേടിയിരിക്കുന്നു! പ്രണാമം!!