Monday, December 26, 2022

ഒരു ദിവസത്തിന്റെ ഓര്‍മ്മയ്ക്ക്

 26 ഡിസംബര്‍ 2021, ജീവിതത്തില്‍ ‍  മുത്തശ്ശിയുടെ  സാന്നിദ്ധ്യം  ഓര്‍മ്മകളിലേക്ക്  ചുരുങ്ങിയ ദിവസം.  സങ്കടം നിറഞ്ഞ ഒരു ദിവസത്തെ വാക്കുകളില്‍ നിരത്തേണ്ട ആവശ്യം ഉണ്ടോ? മനസ്സില്‍ പല കുറി ആലോചിച്ചു.  ഒടുവില്‍ അങ്ങനെ വേണം എന്നു തീരുമാനിച്ചതിന്റെ  ഫലമാണ് ഈ കുറിപ്പ്.  എന്തിന് എന്ന് ഇപ്പോളും  തീര്‍ച്ചയില്ല.  വ്യക്തമായ  അനുഭവങ്ങളെ കാലം അവ്യക്തമായ ചില മനച്ചിത്രങ്ങളിലേക്ക് ചുരുക്കുന്ന ചെപ്പടി വിദ്യക്ക് വഴങ്ങാതിരിക്കാന്‍ ആവാം, അല്ല അന്നത്തെ ദുഖത്തിന്‍റെ തീക്ഷ്ണത ഒരു കൊല്ലത്തിനിപ്പുറം ഒരു ചെറു നോവായി ചുരുക്കുന്ന കാലത്തിന്‍റെ നിതാന്തമായ ഇന്ദ്രജാലത്തില്‍ മയങ്ങുന്നതു കൊണ്ടും ആവാം.  ഞാന്‍ കണ്ട ആ ദിവസത്തെ , എന്‍റെ മനസ്സില്‍ നിറഞ്ഞ ചിത്രങ്ങളെ, ചിന്തകളെ ഇവിടെ കൂട്ടി  ഇടുന്നു. വാക്കുകളില്‍ മുത്തശ്ശിക്ക്  ഒരു ചാത്തം (ശ്രാദ്ധം) ഊട്ട്.


ചിറക്കല്‍ കോവിലകത്ത് പത്താമുദയം ആഘോഷം. ഞാന്‍ രോഹിണിയുടെ വീട്ടില്‍ ആണ്. രാവിലെ അമ്മ വിളിച്ചു, "മുത്തശ്ശി ആകെ restless  ആണ്. ഇന്നലെ രാത്രി ഒട്ടും ഉറങ്ങീട്ടില്ല.  അജമ്മാമനോട് ഒന്നു പറയൂ. എന്നിട്ട് മിഥുന്‍ ഒന്നിങ്ങട് വരൂ". ഒരാഴ്ചയായി മുത്തശ്ശിക്ക് ചെറിയ വയ്യായ ഉണ്ട്.  ഛര്‍ദ്ദിയും ക്ഷീണവും വിശപ്പില്ലായ്മയും. എന്നാലും നടക്കുന്നുണ്ട്, ഞങ്ങളോട് വര്‍ത്തമാനം പറയുന്നുണ്ട് , പൊതുവേ സീരിയസ് ആയ ഒരു വയ്യായ ആണെന്ന ലക്ഷണം ഇല്ല.  അജമ്മാമനോട് പറഞ്ഞിട്ട് ഞാന്‍ വീട്ടിലേക്ക് വന്നു. മുത്തശ്ശി കിടക്കുകയാണ് , ചിറ്റമ്മയും ഇച്ചേച്ചി മുത്തശ്ശിയും മുറിയില്‍ ഉണ്ട് . ഞാന്‍ ചെന്നു കയറിയപ്പോള്‍ അമ്മ ഫോണില്‍ ആണ്. അജമ്മാമന്‍ പറഞ്ഞയച്ച് മുത്തശ്ശിയുടെ രക്തം പരിശോധിക്കാന്‍ വരുന്ന നഴ്സുമാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നു. എന്നെ കണ്ടപ്പോള്‍ ചിറ്റമ്മ പറഞ്ഞു "ദേ മിഥുന്‍ വന്നു അമ്മേ". മുത്തശ്ശി എന്നെ ഒന്നു നോക്കി. ഞാന്‍ ചോദിച്ചു "എന്താ മുത്തശ്ശീ?". ക്ഷീണിതമായ ഒരു മറുപടി "വയ്യ". അമ്മ പറഞ്ഞത് മാതിരി മുത്തശ്ശി ആകെ അസ്വസ്ഥ ആണ്. കിടക്കുന്നു, അഞ്ചു മിനിറ്റ് കഴിഞ്ഞു എണീക്കുന്നു , വീണ്ടും കിടക്കുന്നു. ചിറ്റമ്മ പറഞ്ഞു "മിഥുന്‍ അടുത്ത് ഇരിക്കും, അമ്മ കിടക്കൂ". അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഞാന്‍ മുത്തശ്ശിയുടെ അടുത്ത് കട്ടിലില്‍ ഇരുന്നു. 


കുറച്ചു കഴിഞ്ഞു നഴ്സുമാര്‍ വന്നു. മുത്തശ്ശി കിടന്നു കൊണ്ട് തന്നെ അവര്‍ രക്തം എടുത്തു. "എന്‍റെ vain കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ?" ക്ഷീണിത  സ്വരത്തില്‍ മുത്തശ്ശി ചോദിച്ചു. ഇല്ലെന്നു പറഞ്ഞ് നഴ്സ് രക്തം എടുത്ത് എണീറ്റു. രണ്ടു മണിക്കൂറിനുള്ളില്‍ ലാബില്‍ വന്നാല്‍ റിസല്‍റ്റ് കിട്ടും. ഒരു 12 മണിയോടെ ചെന്നാല്‍ മതി. ഞാനും രഘുവും മുത്തശ്ശിയോട് ഓരോ തമാശകള്‍ പറഞ്ഞ് മുത്തശ്ശിയെ ഉഷാറാക്കാന്‍ നോക്കി. പതിവ് പോലെ മുത്തശ്ശി അത് ആസ്വദിക്കുന്നില്ല.   ചിറ്റമ്മ പറഞ്ഞത് അനുസരിച്ച് മുത്തശ്ശി എന്‍റെ നെഞ്ചില്‍ ചാരി ഇരുന്നു. ഇടയ്ക്ക് നിതിന്‍ വീഡിയോ കോള്‍ ചെയ്തു. മുത്തശ്ശി കുറച്ചു എന്തോ പറഞ്ഞു. എന്നിട്ട് പിന്നേയും കണ്ണടച്ച് എന്‍റെ മേത്ത് ചാരി കിടന്നു.  മുത്തശ്ശിക്ക് പാട്ടു കേള്‍ക്കാന്‍ എന്നും ഇഷ്ടം ആണ്. ഞാന്‍ ജോണ്‍സണ്‍ മാഷുടെ പാട്ടുകള്‍ വെച്ചു. എനിക്കു കേള്‍ക്കാനും , മുത്തശ്ശിക്ക് കേള്‍ക്കാനും. മുത്തശ്ശി എന്‍റെ നെഞ്ചില്‍ കിടന്ന് ഉറങ്ങി, ഒരു 45 മിനിറ്റോളം. ശ്വാസത്തിന് നല്ല ശബ്ദം ഉണ്ടായിരുന്നു. ഞാനും ചിറ്റമ്മയും ആംഗ്യം കാണിച്ചു, ഇതെന്താ ഇങ്ങനെ ഒരു ശബ്ദം? എങ്കിലും ജീവിതത്തിന്‍റെ അവസാന ശ്വാസത്തിലേക്കാണ് ആ ശബ്ദമാനമായ ശ്വാസോച്ഛ്വാസം എന്ന് ഞങ്ങള്‍ കരുതിയതേ ഇല്ല.   പാട്ടുകള്‍ പലതു കഴിഞ്ഞു, ഞാന്‍ സല്ലാപത്തിലെ 'പാദ സ്മരണ സുഖം' എന്ന പാട്ട് വെച്ചു . മുത്തശ്ശി ഉറക്കം ആണ്. അടുത്ത പാട്ട് ഏത് വേണം എന്നു ഫോണില്‍ തിരയുമ്പോള്‍ മുത്തശ്ശി ഉണര്‍ന്നു. "മതി കുട്ടാ , ഇനി ഞാന്‍ കിടക്കാം". "ഇത്തിരി നേരം കൂടി കിടന്നോളൂ മുത്തശ്ശി " ഞാന്‍ പറഞ്ഞു. "വേണ്ട, കിടക്കാം" മുത്തശ്ശി വീണ്ടും കിടക്കയില്‍ കിടന്നു. ഞാന്‍ പാട്ട് നിര്‍ത്തി അടുത്തിരുന്നു. ചിറ്റപ്പന്‍ ചാലക്കുടിയില്‍ നിന്നും വന്നപ്പോള്‍ മുത്തശ്ശി ചിറ്റമ്മയോട് ചോദിച്ചു "മുരാരിക്ക് കാപ്പി കൊടുത്തോ?". വയ്യാതിരിക്കുമ്പോളും മറ്റുള്ളവരുടെ കാര്യങ്ങള്‍ ശരിക്ക് നടക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്തല്‍. ഒരു പക്ഷേ മുത്തശ്ശിയുടെ ജീവിതത്തെയും സ്വഭാവത്തേയും അടയാളപ്പെടുത്തുന്ന ചിത്രം. 


മണി പന്ത്രണ്ടോടടുക്കാറായി. ലാബില്‍ നിന്നും റിപ്പോര്‍ട്ട് മേടിക്കാന്‍ ഞാനും രഘുവും തിരിച്ചു. ലാബില്‍ ചെന്നപ്പോള്‍ കുറച്ചു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അല്പ നേരത്തിത്തിന് ശേഷം, അവര്‍ റിസല്‍റ്റ് തന്നു. രക്തത്തിലെ ചില അളവുകള്‍ ‍ വളരെ കൂടുതല്‍ ആണ്. ആദ്യത്തെ പരിശോധന തെറ്റിയോ എന്നറിയാന്‍ ഒരിക്കല്‍ കൂടി ടെസ്റ്റ്  നടത്തിയതു കൊണ്ടാണ് വൈകിയത്. രഘു റിപ്പോര്‍ട്ടില്‍ നോക്കിയിട്ട് പറഞ്ഞു, ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വരും. തിരിച്ച് പുറപ്പെടുമ്പോള്‍ അമ്മ വിളിച്ചു. "നിങ്ങള്‍ വേഗം വരൂ മുത്തശ്ശിക്ക് ആകെ സുഖം ഇല്ല". റിപ്പോർട്ട്  അജമ്മാമന് വാട്ട്സാപ്പില്‍ അയച്ചിട്ട് വേഗം വീട്ടിലേക്ക് തിരിച്ചു.  എത്തുമ്പോള്‍ അമ്മ അജമ്മാമനോട് ഫോണില്‍ സംസാരിക്കുന്നു. ഫോണ്‍ എനിക്കു തന്നിട്ട് അമ്മ അകത്തേക്ക് പോയി. "നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാം മിഥുന്‍.  കുറച്ചു സീരിയസ് ആണ്. മോഡേണ്‍ ഹോസ്പിറ്റല്‍ ആവും നല്ലത്. " അജമ്മാമന്‍ പറഞ്ഞു. ഫോണ്‍ കട്ട് ചെയ്ത്, അടുത്ത നടപടി ആലോചിച്ച് നില്‍ക്കുമ്പോള്‍ അകത്തു നിന്നും അമ്മയുടെ വിളി "മിഥുന്‍ വേഗം വരൂ".


ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ എല്ലാവരും മുത്തശ്ശിയുടെ ചുറ്റും നിൽക്കുന്നു . അമ്മ, ചിറ്റമ്മ, ഇച്ചേച്ചി മുത്തശ്ശി, രഘു, അച്ഛന്‍, ചിറ്റപ്പന്‍.  മുത്തശ്ശി തല ഒരല്പം വലത്തോട്ട് ചരിച്ച് പിടിച്ചിരിക്കുന്നു. ചിറ്റമ്മ മുത്തശ്ശിയുടെ വായുടെ അരികില്‍ ഒരു തോര്‍ത്ത് പിടിച്ചിട്ടുണ്ട്. മുത്തശ്ശി ഛര്‍ദ്ദിച്ചതോ മറ്റോ ആണെന്ന് തോന്നി. ചിറ്റമ്മ പറഞ്ഞു, "അമ്മേ ദേ മിഥുന്‍ വന്നു, നോക്കൂ". മുത്തശ്ശി നോക്കുന്നില്ല. തല വീണ്ടും നേരെ ആക്കി കിടക്കുന്നു. ഞാന്‍ മുത്തശ്ശിയുടെ അടുത്ത് ഇരുന്നു. മുത്തശ്ശിയെ മാറത്ത് തലോടി. ഞാന്‍ മുത്തശ്ശിയുടെ ശ്വാസഗതി നോക്കിയില്ല. ആകെ എന്തു വേണം എന്നറിയാത്ത ഒരു അവസ്ഥ. മരണം എന്ന യാഥാര്‍ഥ്യം അപ്പോളും എന്‍റെ ചിന്തയില്‍ ഇല്ല. മുത്തശ്ശിയുടെ ബോധം പോവുന്നു എന്ന് മാത്രം ആണ് ഞാന്‍ കരുതുന്നത്.  ചിറ്റമ്മയും അമ്മയും ഇച്ചേച്ചി മുത്തശ്ശിയും എല്ലാം കരഞ്ഞു കൊണ്ട് ജപിച്ചു തുടങ്ങി "നാരായണാ നാരായണാ". ആദ്യം ആയി ഒരു പക്ഷേ ഇത് മുത്തശ്ശിയുടെ അവസാനം ആണെന്ന ബോധ്യം എന്‍റെ മനസ്സില്‍ മിന്നി. അപ്പോളും ഞാന്‍ മുത്തശ്ശിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചില്ല, അങ്ങനെ ആണെങ്കില്‍ ശ്വാസം നിലക്കുന്ന മന്ദതാളം ഒരു പക്ഷേ ഞാന്‍ കണ്ടേനെ. ആ നിമിഷം ഇപ്പോളും എന്‍റെ മനസ്സില്‍ അവ്യക്തമാണ്.


എന്തുകൊണ്ട് എന്നറിയാത്ത ഏതോ ഉള്‍പ്രേരണയില്‍  ഞാനും ജപിച്ചു തുടങ്ങി,  മനസ്സില്‍ വന്നത് ഭഗവതി ആണ്.  "ഭദ്രകാളീ പരദേവതേ ജയ.. ", ഞാന്‍ മുത്തശ്ശിയുടെ  മാറില്‍ തലോടിക്കൊണ്ട് ജപിച്ചു.  പിന്നെ  മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി. ശ്വാസഗതിക്ക് ശബ്ദം ഇല്ല. മുത്തശ്ശിയുടെ നാക്ക് ഒരല്പം പുറത്തേക്ക് വന്നു, അടുത്ത ശ്വാസത്തോടെ അകത്തേക്ക് തന്നെ പോയി.  അത്രയും നേരം രഘു എന്‍റെ അടുത്ത് ഉണ്ടായിരുന്നു എന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത് രഘുവിന്‍റെ തേങ്ങല്‍ കേട്ടപ്പോള്‍ ആണ്. രഘു മുത്തശ്ശിയുടെ പള്‍സ് നോക്കുകയായിരുന്നു. കിട്ടുന്നില്ല എന്ന് മനസ്സില്ലായ രഘു കരഞ്ഞു കൊണ്ട് പുറത്തേക്ക് പോയി. മുത്തശ്ശി മരിക്കുകയാണ് എന്ന സത്യം ഞാന്‍ അറിഞ്ഞു.  പക്ഷേ , ഒരു മരവിപ്പ്, ഒന്നും മനസ്സില്‍ തങ്ങുന്നില്ല. പിന്നീട് കുറച്ചു നിമിഷം എന്‍റെ മനസ്സില്‍ ഇല്ല.  ബോധ്യം തിരിച്ച് വരുമ്പോള്‍ ഞാനും മുത്തശ്ശിയും മാത്രം ആണ് മുറിയില്‍ , ഓമന മുത്തശ്ശി അകത്തേക്ക് വന്നു. "കഴിഞ്ഞോ " എന്ന് ചോദിക്കും വിധം എന്നെ നോക്കി. ഓമന മുത്തശ്ശി ഒരു വിരല്‍ മുത്തശ്ശിയുടെ മൂക്കിന് താഴെ പിടിച്ചു. ഒന്നും പറയാതെ പുറത്തേക്ക് പോയി. 


ഉടന്‍ അജമ്മാമന്‍ അകത്തേക്ക് വന്നു. രോഹിണി അജമ്മാമനെയും കൂട്ടി വന്നതാണ് എന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. അജമ്മാമന്‍ മുത്തശ്ശിയുടെ പള്‍സും മറ്റും പരിശോധിച്ചു. കണ്ണില്‍ ടോര്‍ച്ച് അടിച്ചു നോക്കി. ഇതെല്ലാം ഞാന്‍ മുത്തശ്ശിയുടെ കാല്‍ക്കല്‍ ഇരുന്നു കാണുകയാണ്.  മുത്തശ്ശിയുടെ കണ്ണ് അടച്ചു എന്ന് ഉറപ്പ് വരുത്തി അജമ്മാമന്‍ മുത്തശ്ശിയുടെ കാലില്‍ തൊട്ട് വന്ദിച്ച്  അസ്വസ്ഥനായി പുറത്തേക്ക് പോയി.  ഒരു ജീവിതം അവസാനിച്ചു എന്ന സാക്ഷ്യം. എന്‍റെ മനസ്സിലെ മരവിപ്പ് മാറിയില്ല, സത്യം മനസ്സില്‍ ഉറച്ചു എങ്കിലും. ഞാന്‍ നിലത്ത് ഇരുന്നു മുത്തശിയുടെ കാല്‍ പാദത്തില്‍ എന്‍റെ നെറുക്  മുട്ടിച്ചു. ആ സ്നേഹാനുഗ്രഹങ്ങള്‍ അവസാനമായി ഒരിക്കല്‍ കൂടി വാങ്ങാന്‍. പതുക്കെ പുറത്തേക്ക് വന്നു, അമ്മയും ചിറ്റമ്മയും ഇച്ചേച്ചി മുത്തശ്ശിയും കരയുന്നു. ഓമന മുത്തശ്ശി മൂകയായി ഇരിക്കുന്നു. രോഹിണി അടുത്തേക്ക് വന്നു , ഞാന്‍ രോഹിണിയെ കെട്ടി പിടിച്ചു , സങ്കടം അപ്പോളും കണ്ണീരായി മാറിയില്ല. സുധവല്ല്യമ്മ വന്നു , മുഖത്ത് അവിശ്വാസം "ചേച്ചി, ഇപ്പോ.. ഒരു കുഴപ്പോം ഇല്ല്യാണ്ട് ഇരിക്ക്യായിരുന്നൂലോ, ഇത്.." വാക്കുകള്‍ മുറിഞ്ഞു. മോഹനമ്മാമന്‍ വന്നു "ഞാന്‍ വൈകി, ഞാന്‍ വരാന്‍ വൈകി " എന്ന് പറഞ്ഞ് അകത്തേക്ക് പോയി. ഞാന്‍ വാതില്‍ക്കല്‍ തന്നെ നിന്നു. 


പാറുവിനെ കൂട്ടി രാധികമ്മായി വന്നു. പാറു ഉറക്കെ കരയുന്നുണ്ട് "ഞാന്‍ വല്യേ മുത്തശ്ശിയെ  miss ചെയ്യും, ഞാന്‍ വല്യേ മുത്തശ്ശിയെ miss ചെയ്യും".  ആ വാക്കുകള്‍ എന്‍റെ ഉള്ളിലെ ദുഖത്തെ കണ്ണീരിലേക്ക് ഒഴുക്കാന്‍ ഉള്ള വഴി തുറന്നു. ഞാന്‍ പാറുവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു "കരയണ്ട , കരയണ്ട", കണ്ണീരില്‍ വാക്കുകള്‍ ഇടറി. ഒന്നു കരയുന്നത് മനസ്സിനെ ദൃഢം ആക്കാന്‍ ഉള്ള ഒരു ഉപാധി ആണെന്ന് തോന്നുന്നു. ഞാന്‍ ആ യാഥാര്‍ഥ്യവും ആയി പൊരുത്തപ്പെട്ടു. മുത്തശ്ശിയെ കട്ടിലില്‍ നിന്നും ഇറക്കി പുറത്തെ മുറിയിലേക്ക് കിടത്തി. വിളക്ക് വെച്ചു, ചുറ്റും ഭസ്മം ഇട്ടു. ആളുകള്‍ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. ഞാന്‍ പുറത്തേക്ക് പോയി ഇരുന്നു. പലരും വരുന്നു പോവുന്നു.  രഘു അമ്മാമന്‍ കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. എന്നും മുത്തശ്ശിക്ക് സഹായം ആയിരുന്ന ആള്‍.  അരുണ്‍ കരഞ്ഞുകൊണ്ട് അകത്തു പോയി  ദുഖം അടക്കാന്‍ ആവാതെ തേങ്ങി കരഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു. മുത്തശ്ശിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ആളുകളില്‍ അരുണ്‍ ഇല്ലാതിരിക്കില്ല.  ഇനി ആ ചിരി ഇല്ല.  അകത്ത് പാറു മുത്തശ്ശിയുടെ അടുത്ത് നിന്ന് മാറാതെ ഇരിക്കുന്നു. ഞാന്‍ പാറുവിനെ പുറത്തേക്ക് വിളിച്ചു. "എനിക്ക് വല്യേ മുത്തശ്ശിയുടെ അടുത്ത് ഇരുന്നാൽ  മതി", പാറു കരഞ്ഞു കൊണ്ട് പറഞ്ഞു.  ഇനി അധികം ആ മുഖം കാണാന്‍ പറ്റില്ലല്ലോ. ഞാന്‍ നിര്‍ബന്ധിച്ചില്ല. 


നിതിന്‍ എത്താന്‍ കാക്കേണ്ടതില്ല . മുത്തശ്ശിയുടെ മൃതദേഹം കണ്ടിട്ട് എന്തിന്. നല്ല സന്തോഷത്തില്‍ കണ്ട രൂപം മതി മനസ്സില്‍.  സംസ്കാരത്തിന് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി.  മുത്തശ്ശിയുടെ മേല്‍ വാഴയില വിരിച്ചു , ഭസ്മം തൊട്ടു, ചുവന്ന പട്ട് പുതപ്പിച്ചു. ഞാന്‍ പാറുവിനെ നോക്കി. പാറു ശാന്തയായി എല്ലാം കണ്ടു നില്‍ക്കുന്നു. മനസ്സിലെ ദുഖം എല്ലാം കരഞ്ഞ് ഒഴിഞ്ഞിരിക്കുന്നു. വല്യ മുത്തശ്ശി ഇനി ഓര്‍മ്മകളില്‍ മാത്രം എന്ന ബോധ്യത്തോട് പൊരുത്തപ്പെട്ടിരിക്കുന്നു. രഘുവും ഞാനും ചിറ്റപ്പനും രഘു അമ്മാമനും മൃതദേഹം മുളം കോണിയിലേക്ക് എടുത്തു വെച്ചു. കയറുകൊണ്ട് കെട്ടി. എന്‍റെ മനസ്സില്‍ ഒരു തരം നിര്‍വികാരത. ഇത് ഞാന്‍ അറിയുന്ന മുത്തശ്ശി അല്ല. ഒരു ദേഹം മാത്രം.  ഞങ്ങള്‍ ശ്മശാനത്തിലേക്ക് നടന്നു. ക്രിയയ്ക്ക് മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ മനസ്സില്‍, 'ഇതെല്ലാം ഭൂമിയില്‍ ഉള്ളവര്‍ക്ക് സമാധാനം കിട്ടാന്‍ വേണ്ടി',  എന്നു പറയുന്ന ശങ്കരാചാര്യര്‍ കഥ ഓര്‍ത്തു. പട്ടടയിലേക്ക് മുത്തശ്ശിയെ കിടത്തി മുളം കോണി ഊരി മാറ്റി. വായില്‍ അരിയിട്ടു. മന്ത്രങ്ങള്‍ ഉരുവിട്ട് കത്തിച്ച അഗ്നി പട്ടടയുടെ താഴേക്ക് ഇട്ടു. പറഞ്ഞു തന്ന വാക്യങ്ങള്‍ ഉരുവിട്ട് ഞാനും രഘുവും വെള്ളം നിറച്ച കുടവുമായി പ്രദക്ഷിണം വെച്ചു . കുടം ഉടച്ച് തിരിഞ്ഞു നോക്കാതെ തിരിച്ച് പോവണം എന്നാണ്. അങ്ങനെ ചെയ്തു. 


കുളത്തില്‍ കുളിച്ചു  'ലക്ഷ്മി'യിലേയ്ക്ക് കയറുമ്പോള്‍ രഘു അമ്മാമന്‍ പറഞ്ഞു "ചേച്ചി ഇവിടെ അകത്ത് തന്നെ ഉണ്ട് എന്നൊരു തോന്നല്‍. മരിച്ചു എന്നു ബോധ്യം വരുന്നില്ല". ഇല്ല മുത്തശ്ശി ഇവിടെ  ഉണ്ട്. ആ ദേഹം മാത്രം ആണ് ശ്മശാനത്തില്‍ എരിഞ്ഞത്. കുറച്ചു കഴിഞ്ഞ് നിതിന്‍ വന്നു. ശ്മശാനത്തില്‍ പോയി നമസ്കരിച്ച് തിരിച്ച് വന്നപ്പോള്‍ ആണ് ഞങ്ങള്‍ കണ്ടത്. ഒന്നും മിണ്ടിയില്ല, പരസ്പരം കെട്ടിപ്പിടിച്ചു. വാക്കുകള്‍ വെറുതെ ആകുന്ന നിമിഷം ആണ്, എന്തിന് വെറുതെ അവ ചിലവിടണം.  അച്ഛനും ചിറ്റപ്പനും ശ്മശാനത്തില്‍ നിന്നും തിരിച്ചു വന്നു, അഗ്നി മുത്തശ്ശിയുടെ ശരീരം മുഴുവനായും ഭസ്മമമാക്കിയിരിക്കുന്നു. മുത്തശ്ശി എന്ന വ്യക്തിയുടെ നേരില്‍ കാണാവുന്ന രൂപം ഇനി ഇല്ല. ഓര്‍മ്മകളും ചിത്രങ്ങളും കഥകളും പഠിപ്പിച്ച പാഠങ്ങളും ഇവിടെ അവശേഷിക്കും . അങ്ങിനെ ഇന്നും  മുത്തശ്ശി 'ലക്ഷ്മി'യില്‍ വസിക്കുന്നു.