Saturday, September 21, 2019

ഒരു രാജ്യം ഒരു ഭാഷ

നല്ല ജോലി തിരക്കുള്ള സമയം. ഓഫീസില്‍ നിന്ന് വൈകീട്ട് വീട്ടില്‍ വന്നിട്ടും പങ്കെടുക്കേണ്ട വിരസമായ ഒരു ഫോണ്‍ മീറ്റിംഗ് ഒരു പകുതി ശ്രദ്ധയില്‍ കേട്ടുകൊണ്ടിരുന്നു. എനിക്ക് കാര്യമായി ഒന്നും സംസാരിക്കാന്‍ ഇല്ല. ഗൂഗിള്‍ ന്യൂസ്‌ വെറുതെ ഒന്ന് ഓടിച്ചു നോക്കി. ‘ഏകഭാഷാ നാടകം തുടരന്‍’ ആണ് പ്രധാന വാര്‍ത്ത. എല്ലാവരും ഹിന്ദി പഠിക്കണം. ഒരു രാജ്യത്തിന്‌ ഒരു ഭാഷ വേണമത്രേ. പേജിനെ താഴേക്ക് ഓടിച്ചു. അതാ അടുത്ത വാര്‍ത്ത. കേട്ട പാതി കേള്‍ക്കാത്ത പാതി മറ്റൊരു കൂട്ടര്‍ പോയി ഹിന്ദി ബോര്‍ഡ് കരി ഓയില്‍ അടിച്ചു. ചിരി വന്നു. മീറ്റിംഗ് തീരാന്‍ കാത്ത് ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ചിലച്ചു. ഒരു വാട്ട്‌സാപ്പ് മെസ്സേജ്. ജസ്റ്റിസ് സോമാനി. ഞങ്ങള്‍ ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ. അദ്ദേഹം ഇടക്ക് മെസ്സേജ് ചെയ്യും.

  മനസ്സ് ഒരു വര്‍ഷം പുറകിലേക്ക് പോയി. ലക്ഷദ്വീപിലെ ബംഗാരത്തെ ഒരു സായന്തനം. ചായ കഴിഞ്ഞ് തിന്നക്കര എന്ന ചെറു ദ്വീപ്‌ കാണാന്‍ പോവാന്‍ നാല് മണിക്ക് ഞങ്ങള്‍ എത്തി. ബോട്ട് റെഡി ആണ്. അല്പം പ്രായമായ ദമ്പതികള്‍ കൂടെ ഉണ്ട് യാത്രക്ക്. അവരോടൊത്ത് ബോട്ടില്‍ കയറി യാത്ര തുടങ്ങി. സംസാരിച്ചപ്പോള്‍ അദ്ദേഹം രാജസ്ഥാനിലെ ഹൈക്കോടതിയില്‍ ജഡ്ജി ആണ്. അദ്ദേഹം ഇംഗ്ലീഷിലും ഭാര്യ ഹിന്ദിയിലും ആണ് സംസാരം. ഞങ്ങള്‍ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു കൊണ്ട് ഇരുന്നു. ഇടക്ക് അവര്‍ പാറുവിനോട് ‘ആപ്കാ നാം ക്യാ ഹേ’ എന്ന് ചോദിച്ചു. ഇതെന്ത് ഭാഷ എന്ന് മിഴിച്ചു നില്‍ക്കുന്ന നാല് വയസ്സുകാരിക്ക് ഞാന്‍ തര്‍ജ്ജമ ചെയ്തു കൊടുത്തു, “പേര് പറയു, പേരാ ചോദിക്കണേ’. അല്പം മടിച്ച് ഏതോ അങ്കലാപ്പോടെ പാറു പറഞ്ഞു, “പ്രാര്‍ത്ഥന”. അവര്‍ വാത്സല്യത്തോടെ പാറുവിന്‍റെ കവിളില്‍ തലോടി.

 യാത്ര മുഴുവന്‍ ഞങ്ങള്‍ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. അവര്‍ കേരളത്തില്‍ മുന്പ് വന്നിടുണ്ട്. കേരളത്തെക്കുറിച്ച് വളരെ മതിപ്പോടെ സംസാരിച്ചു. തിന്നക്കരയില്‍ ലക്ഷദ്വീപിന്റെ ചുമതല ഉള്ള ലക്ഷദ്വീപുകാരനായ ഒരു ജഡ്ജിയെയും യദൃശ്ച്യാ കണ്ടു മുട്ടി. ജസ്റ്റിസ് സോമാനിക്ക് അദ്ദേഹത്തെ നേരത്തെ അറിയാം. ഞങ്ങളും ഹിന്ദിക്കാര്‍ ആണെന്ന് കരുതി അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. മലയാളികള്‍ ആണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. അദ്ദേഹം പഠിച്ചത് കോഴിക്കോടോ മറ്റോ ആണ്. ലക്ഷദ്വീപിലെ ഭാഷ ‘ജസരി’ക്ക് മലയാളവുമായി നല്ല സാമ്യം ഉണ്ട്. നമുക്ക് മുഴുവന്‍ മനസ്സിലാവില്ല എങ്കിലും. ജഡ്ജിമാര്‍ അവരുടെ എന്തോ കാര്യങ്ങള്‍ സംസാരിച്ച് നടന്നു.

 മിസിസ് സോമാനി പാറുവിന്റെ കടല്‍ക്കുളി കണ്ടു ചിരിച്ച് കൊണ്ടിരുന്നു. ഇടക്ക് മുറി ഇംഗ്ലീഷില്‍ പാറുവിനോട്‌ എന്തൊക്കെയോ പറയുന്നുണ്ട്. പാറുവിനു കാര്യമായി ഇംഗ്ലീഷും അറിയില്ല എന്ന് അവര്‍ക്ക് അറിയില്ലല്ലോ. പാറുവിനെ കാണുമ്പോള്‍ തന്‍റെ കൊച്ചു മകളെ പോലെ ഉണ്ട് എന്ന് അവര്‍ പറഞ്ഞു. തിരിച്ചു വരാന്‍ വിളിച്ചപ്പോള്‍ പാറു ഉറക്കെ വിളിച്ചു പറഞ്ഞു “ഇത്തിരി നേരം കൂടി ഞാന്‍ വെള്ളത്തില്‍ കളിക്കട്ടെ”. ഞാന്‍ മിസിസ് സോമാനിക്ക് തര്‍ജ്ജമ ചെയ്യാന്‍ പുറപ്പെട്ടു “ഷി ഈസ്‌ സെയിംഗ് ദാറ്റ്‌..”. അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു “സമഝ് ഗയ. ഉസ്കോ നഹി ആനാ ഹേ നാ. ബച്ചെ ഐസേ ഹി ഹോതേ ഹേ”. തിരികെ വരുമ്പോള്‍ പാറു ഒരു പരിചയക്കേടും ഇല്ലാതെ മിസിസ് സോമാനിയുടെ അടുത്ത് അവര്‍ പറയുന്ന ഹിന്ദിയും കേട്ട് സുഖമായി ഇരിക്കുന്നു. ഈ രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഒരു ഭാഷയൊന്നും വേണ്ടെന്നേ, ഹൃദയത്തിന്റെ ഭാഷ ഇപ്പോളേ ഒന്നല്ലേ!