Saturday, April 25, 2020

ശാകുന്തളം

 പതിവിലും വൈകിയിരിക്കുന്നു. ബസ്‌ സ്റ്റോപ്പിലേക്കുള്ള പാതയില്‍ മഞ്ഞ വഴിവിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. എങ്കിലും ചൂടിന് ഒരു കുറവുമില്ല. അഞ്ചു മണിക്ക് മുന്നേ ഇറങ്ങിയാലെ ഓഫീസിനു മുന്നില്‍ നിന്ന് ബസില്‍ സീറ്റ് കിട്ടുകയുള്ളൂ. ഇന്നിനി ബസില്‍ കുറച്ച് ദൂരമെങ്കിലും നിന്ന് യാത്ര ചെയ്യേണ്ടതായി വരും, അയാളോര്‍ത്തു. രാവിലെ മുതല്‍ ഈ വലിയ ഓഫീസ് സമുച്ചയത്തിന്റെ നിലകള്‍ പലകുറി കയറി ഇറങ്ങി ഇപ്പോള്‍ തന്നെ ക്ഷീണിച്ചു. ബ്ലോക്ക്‌ രണ്ടിന്‍റെ നാലാം നിലയിലെ തറയിലെ രണ്ടു ടൈല്‍ പൊട്ടിയതു ശരിയാക്കാന്‍ ‘അര മണിക്കൂര്‍’ എന്ന് പറഞ്ഞ് തുടങ്ങിയ ജോലി തീര്‍ന്നത് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്. ഒരു ദിവസം കൂടി കഴിഞ്ഞു ചെയ്യാം എന്ന് താന്‍ പറഞ്ഞതാണ്. പക്ഷേ മാനേജര്‍ക്ക് അത് ഇന്ന് തന്നെ തീര്‍ത്തേ പറ്റൂ. ഒരു ഫെസിലിറ്റി സൂപ്പര്‍വൈസറുടെ ജോലി ഈ മധ്യവയസ്സിന് പറ്റാതായി തുടങ്ങി. ബസ് സ്റ്റോപ്പിനടുത്ത പെട്ടിക്കടയില്‍ നിന്ന് ഒരു ചായയും സിഗരറ്റും വാങ്ങി. അത് രണ്ടും അകത്ത് ചെന്നപ്പോള്‍ ക്ഷീണം ഒരല്പം ശമിച്ചതു പോലെ.

ആദ്യം വന്ന ബസില്‍ കയറാന്‍ പോലും സ്ഥലം ഇല്ല! ഇന്നിനി വോള്‍വോയില്‍ കയറാം. ചാര്‍ജ് ഇരട്ടിയിലും കൂടുതല്‍ ആണ്.  എങ്കിലും ചൂട് അനുഭവിക്കേണ്ടല്ലോ. ഈ നേരത്ത് ഒരു ബസിലും  സീറ്റ്‌ പ്രതീക്ഷിക്കേണ്ട. ആദ്യം വന്ന വോള്‍വോയില്‍ കയറി. പ്രതീക്ഷിച്ചതിലും തിരക്ക് കുറവാണ്. ചെറുപ്പക്കാരായ ഐ ടി ജോലിക്കാര്‍ ആണ് കൂടുതലും. മൊബൈലില്‍ വീഡിയോ കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യുന്നവരാണ് അധികവും. ചിലര്‍ അവരുടെ കമ്പ്യുട്ടര്‍ തുറന്ന് ജോലി ചെയ്യുന്നു. “ടിക്കേറ്റ്സ്, ടിക്കേറ്റ്സ്”, വെള്ള യുണിഫോമിട്ട കണ്ടക്ടര്‍ തന്റെ ബാഗും ടിക്കറ്റ്‌ യന്ത്രവുമായി വന്നു. സ്റ്റോപ്പ്‌ പറഞ്ഞ് പൈസ കൊടുത്തു. “എരടു രൂപ ആമേല്‍ കൊടിത്തിനി സാര്‍” എന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ്‌ തന്നു പോയി. “ആ രണ്ടു രൂപ ഇനി കിട്ടില്ല എന്ന് മനസ്സിലാക്കണം” എന്നാണു കൂടെ ജോലി ചെയ്യുന്ന കുടകനായ രാജണ്ണ പറയാറുള്ളത്! ബാഗ് തോളില്‍ തൂക്കി കമ്പിയില്‍ തൂങ്ങി നിന്നു. ബസില്‍ തിരക്ക് കുറവാണെങ്കിലും റോഡില്‍ നല്ല തിരക്കാണ്. ഒച്ചിഴയുന്ന കണക്കാണ് ബസ് നീങ്ങുന്നത്. രണ്ടു ഫ്ലൈ ഓവറുകള്‍ക്കിടയില്‍ ഉള്ള ട്രാഫിക്‌ സിഗ്നല്‍. ഇന്ന് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നില്ല. പോലീസായിരിക്കണം ഗതാഗതം നിയന്ത്രിക്കുന്നത്. സിഗ്നലില്‍ മഞ്ഞ നിറം മിന്നിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ തന്‍റെ മധ്യവയസ്സിനെ അടയാളപ്പെടുത്താന്‍ ഏറ്റവും നല്ലത് ഈ മഞ്ഞ വെളിച്ചം ആവണം. ജീവിതപ്പച്ച പിന്നിട്ട് മരണത്തിന്‍റെ ചുവപ്പിലേയ്ക്കു തയ്യാറാവാന്‍ പറയുന്ന വെളിച്ചം. ഫ്ലൈ ഓവറിനു മുകളില്‍ നഗരം ചീറി പായുകയാണ്. താഴെ ഏതൊക്കെയോ ജീവിതങ്ങള്‍ ഒരു രാത്രി കൂടി നീട്ടാന്‍ വട്ടം കൂട്ടുന്നു. ഒരാള്‍ തന്‍റെ പുതപ്പ് മുഖത്തിന്‌ മേലെ മൂടി ഉറങ്ങുന്നു. ഈ ഉഷ്ണത്തിലും ഇങ്ങനെ മൂടി പുതച്ചു കിടക്കാന്‍ എങ്ങനെ സാധിക്കുന്നു?! ഒരു പക്ഷേ, കൊതുക് കടിക്കാതിരിക്കാന്‍ ആവാം. “ദോ വന്തിട്ടെമ്മാ രണ്ടു നിമിഷോം” അടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ ഫോണില്‍ പറയുന്നത് കേട്ടു. ആ സീറ്റിനടുത്തേക്ക് നീങ്ങി നിന്നു. തമിഴന്‍ ഇറങ്ങാനായി എണീറ്റപ്പോള്‍ സീറ്റ് കിട്ടി, സമാധാനം. ഇന്നെന്തോ കാര്യമായ ബ്ലോക്കുണ്ട്. അര മണിക്കൂര്‍ ആയിട്ടും ഒരു കിലോമീറ്റര്‍ ദൂരം പോലും പോയിട്ടില്ല. മനസ്സിനെ ഏതോ ചിന്തകളില്‍ അലയാന്‍ വിട്ട് കണ്ണടച്ച് ഇരുന്നു. വോള്‍വോയിലെ ശീതീകരണവും ക്ഷീണവും കാരണം മയങ്ങിപ്പോയി.

“ഹാ, ഹെല്ലോ ... യെസ്... ടെല്‍ ഹിം, ബികോസ് ശകുന്തള ഭട്നാഗര്‍ ടോള്‍ഡ്‌ സൊ.ഹി ഷുഡ്‌ നോട്ട് ഹാവ് ഫോര്‍ഗോട്ട് ടു സബ്മിറ്റ് ദാറ്റ്‌...ഹാ. റൈറ്റ്.” പിന്‍ സീറ്റില്‍ നിന്നും ഉറച്ച സ്ത്രീ ശബ്ദം കേട്ടാണ് ചെറുമയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. സമയം നോക്കി. അധികം മയങ്ങിയില്ല. ഏറിയാല്‍ പത്തോ പതിനഞ്ചോ മിനിറ്റ്. എങ്കിലും നല്ലവണ്ണം ഇരുട്ടിയിരിക്കുന്നു. ബസിനു മുന്നിലുള്ള ചുവന്ന വെളിച്ചങ്ങളുടെ നീണ്ട നിര കാണാം. ഇനിയും ഒരു നാല്‍പ്പതു മിനിട്ടോളം ദൂരം ഉണ്ട്. ഈ നഗരം ദൂരം അളക്കുന്നത് സമയത്തില്‍ ആണ്. നിരത്തിലെ വണ്ടികള്‍ കൂടി വരുന്നതിനനുസരിച്ച് ദൂരത്തിനു ദൂരം കൂടി വരുന്നു. ഒരു ദിക്കില്‍ നിന്നും മറ്റൊരു ദിക്കിലേക് യാത്ര വേഗത്തില്‍ ആക്കാന്‍ മനുഷ്യന്‍ കണ്ടു പിടിച്ച വാഹനങ്ങള്‍ കൂടി കൂടി യാത്ര കൂടുതല്‍ പതുക്കെ ആവുന്നു. നല്ല തമാശ തന്നെ! രണ്ടു കിലോമീറ്റര്‍ താണ്ടാന്‍ ഇപ്പോള്‍ തന്നെ നാല്‍പ്പത് മിനുട്ട് എടുത്തു. നടന്നാല്‍ ഇതിലും വേഗം ഇവിടെ എത്തിയേനെ. അടുത്ത സീറ്റിലെ ചെറുപ്പക്കാരന്‍ മൊബൈലില്‍ ഏതോ സിനിമ കാണുന്നു. അയാള്‍ പുറത്തേക് നോക്കുന്നതു പോലും ഇല്ല. പുറകിലെ സ്ത്രീക്ക് ആരുടെയൊക്കെയോ ഫോണ്‍ വന്നു കൊണ്ടിരുന്നു. ഏതോ വിദേശ യാത്രക്ക് പുറപ്പെടുകയാണ് അവര്‍ എന്ന് സംസാരത്തില്‍ നിന്ന് ഊഹിക്കാം. പാരീസിലേക്ക്‌ വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നതിന്റെ എന്തോ കാര്യങ്ങള്‍ ആണ് സംസാര വിഷയം. ഇത്ര തന്റേടത്തോടെ സംസാരിക്കുന്ന അവരുടെ മുഖം ഒന്ന് കാണാന്‍ ഒരു ആഗ്രഹം തോന്നി. പക്ഷേ, തൊട്ടു പുറകില്‍ ഇരിക്കുന്ന ആളെ തിരിഞ്ഞു നോക്കുന്നതില്‍ ഒരു ജാള്യത.

ശകുന്തള, ഇപ്പോള്‍ അധികം കേള്‍ക്കാത്ത പേര്. പുരാണത്തിലെ ശകുന്തളയെ കുറിച്ച് പണ്ട് ശേഖരന്‍ സാര്‍ പറഞ്ഞ കഥ ഓര്‍ത്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രം ആയിരുന്നു ശകുന്തള എന്ന് തോന്നുന്നു. കാനനത്തില്‍ ദര്‍ഭമുന കൊണ്ട് നില്‍ക്കുന്ന നാണം കുണുങ്ങിയായ ശകുന്തളയെ ദുഷ്യന്തന്‍ ഗാന്ധര്‍വ വിവാഹം ചെയ്യുന്നതും, മോതിരം കൊടുത്ത് തിരികെ പോവുന്നതും, പിന്നീട് ശാപം മൂലം ദുഷ്യന്തന്‍ അവളെ മറക്കുന്നതും, രാജമോതിരം മീനിന്‍റെ വയറ്റില്‍ നിന്നു കിട്ടി രാജാവ് ശകുന്തളയെ വീണ്ടും ഓര്‍ക്കുന്നതും ആയ കഥ പറഞ്ഞിട്ട് മാഷ്‌  ചുറ്റും നോക്കി. എന്നിട്ട് പകുതി ആത്മഗതം പോലെ പറഞ്ഞു, “ഈ പറഞ്ഞത് കാളിദാസന്‍റെ ശകുന്തള. മഹാഭാരതത്തിലെ ശകുന്തള ഇങ്ങനെ ഒന്നും അല്ല. അവളൊരു പെണ്ണായിരുന്നു. മര്യാദകേട് കാട്ടിയ ദുഷ്യന്ത രാജാവിനോട് , നിങ്ങള്‍ മര്യാദകേട് കാട്ടി എന്നുറച്ച് പറഞ്ഞ പെണ്ണ്!”. പക്ഷേ താനടക്കം കുട്ടികള്‍ക്ക് അതില്‍ വല്യ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല എന്നയാളോര്‍ത്തു. പുറകില്‍ ഇരിക്കുന്ന ശകുന്തള മഹാഭാരതത്തിലെ  ശകുന്തളയെപ്പോലെ തന്നെ കാര്യങ്ങള്‍ കൂസലില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.  ഒരു വ്യക്തിക്ക് ഇത്രയധികം ഫോണ്‍ കോളുകളോ?! ഒരു പക്ഷേ ഒറ്റത്തടിയായി ജീവിക്കുന്ന തനിക്ക് മാത്രം ആവണം ഫോണ്‍ ഒരു നിരന്തര ശല്യം ആവാത്തത്.

ബസ്സില്‍ ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പല ഭാഷ സംസാരിക്കുന്നവര്‍, പല നാടുകളില്‍ നിന്ന് വന്നവര്‍ പല രൂപഭാവങ്ങളോടു കൂടിയവര്‍. നഗരജീവിതം എന്നും ഒരു അത്ഭുതം ആണ്. ഗ്രാമജീവിതത്തെ ഒരുതരം ഗൃഹാതുരത്വം കുത്തിനിറച്ച വര്‍ണ്ണനകളില്‍ നാം പുകഴ്ത്തുമ്പോള്‍ നഗരത്തിന്‍റെ ചില നന്മകളെ നാം മനപ്പൂര്‍വം മറക്കുന്നുണ്ട്. ഇവിടെ കഴിയുന്ന പല തട്ടില്‍ ഉള്ള മനുഷ്യരേയും അവരുടെ എല്ലാ വ്യത്യാസങ്ങളെയും നിത്യവൃത്തിയ്ക്ക് വക കണ്ടെത്തല്‍ എന്ന ഒരുമയിലേക്ക് ഈ നഗരം ചേര്‍ക്കുന്നത് നാം വിസ്മരിക്കുന്നു. പല ഇടങ്ങളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുമ്പോളും അന്നലക്ഷ്മിയുടെ അനുഗ്രഹം എന്നും ചൊരിയുന്ന നഗരത്തിലേക്ക് ഒരുമയോടെ നീങ്ങുന്നവര്‍. പൊടുന്നനെ പിന്‍ സീറ്റിലെ ശബ്ദത്തിനു കനം കുറഞ്ഞതു പോലെ തോന്നി. ഇപ്പോള്‍ സംസാരം വ്യക്തമല്ല. വളരെ പതുക്കെ ആണ് ശകുന്തള ഭട്നാഗര്‍ സംസാരിക്കുന്നത്. തന്‍റെ തൊട്ടു പുറകില്‍ ആയിട്ട് പോലും ശരിക്ക് മനസ്സിലാവുന്നില്ല. മറ്റൊരാളുടെ സ്വകാര്യം ശ്രദ്ധിക്കാനുള്ള താല്‍പ്പര്യം ഓര്‍ത്ത് ഒരല്‍പം ലജ്ജ തോന്നിയെങ്കിലും അവരുടെ സംസാരത്തില്‍ മാത്രമേ ശ്രദ്ധ നില്‍ക്കുന്നുള്ളൂ.

“ബട്ട്‌ യു ഡോണ്ട് അണ്ടര്‍സ്റ്റാന്റ്. വാട്ട് എബൌട്ട്‌ മൈ ഫീലിങ്ങ്സ്‌?”. ഇത് നേരത്തെ കേട്ടത് പോലെയല്ല. സ്വകാര്യം തന്നെ. അവരുടെ വാക്കുകളില്‍ വിരഹമോ നിരാശയോ ദേഷ്യമോ എന്ന് മനസ്സിലാവാത്ത ഒരു ഭാവം. “സൊ വെന്‍ ദേ സേ സൊ, ഇട്സ് ഓക്കേ ഫോര്‍ യു? ഐ ജസ്റ്റ്‌ ഡോണ്ട് ഗെറ്റ് ഇറ്റ്‌”. സ്വരത്തിന് വീണ്ടും ശക്തി വന്നിരിക്കുന്നു. കണ്ടക്ടര്‍ ടിക്കറ്റ്‌ ചോദിച്ച് വന്നു. അവര്‍ ശബ്ദം താഴ്ത്തി. രണ്ടു സീറ്റ് മുന്നില്‍ മറുവശത്ത് ഇരിക്കുന്ന ചെറുപ്പക്കാരന്‍ ഒന്ന് തിരിഞ്ഞു നോക്കി. എന്നിട്ട് പെട്ടെന്ന് തല വെട്ടിച്ചു. തന്‍റെ മാത്രം അല്ല, ബസില്‍ പലരുടെയും ശ്രദ്ധ ഈ സംസാരം തന്നെ. പക്ഷേ ശകുന്തള ഭട്നാഗറിന് അതിലൊന്നും ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. അവര്‍ ഫോണില്‍ സംഭാഷണം തുടര്‍ന്നു. ഇറങ്ങേണ്ട സ്ഥലം എത്താറായി. ഇനി ഒന്നോ രണ്ടോ സ്റ്റോപ്പ്‌ മാത്രം. എഴുന്നേറ്റ് മുന്നില്‍ ചെന്നിട്ട് തിരിഞ്ഞു നോക്കിയാല്‍ അവരുടെ മുഖം കാണാം. പക്ഷേ, സംസാരം ശ്രവിക്കാന്‍ ഉള്ള ചോദന തന്നെ ഇവിടെ പിടിച്ചിരുത്തുന്നു. ചിലത് തെറ്റാണെന്ന് മനസ്സിലാക്കിയാലും നമ്മള്‍ ആ തെറ്റ് തുടരുന്ന ബലഹീനത. “ദിസ്‌ ടൈം പ്ലീസ് ബി വിത്ത്‌ മി ഇന്‍ പാരിസ്. ലെട്സ് ഹാവ് ഒണ്‍ലി അസ്‌ ആന്‍ഡ്‌ ഫോര്‍ഗെറ്റ്‌ ദേം”. കണ്ടക്ടര്‍ ഇറങ്ങേണ്ട സ്ടോപ്പിന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. എഴുന്നെല്കാന്‍ മനസ്സ് വരുന്നില്ല. “ബേബി ഐ നീഡ്‌ യു. ഐ കാണ്ട് ബി വിത്തൌട്ട് യു”, ശകുന്തളയുടെ തേങ്ങല്‍, അല്ല കരച്ചില്‍ തന്നെ.

സ്റ്റോപ്പെത്താറായിരിക്കുന്നു. അയാള്‍ സീറ്റില്‍ നിന്ന് പതുക്കെ എഴുന്നേറ്റ്  മുന്നോട്ട് നടന്നു. ബസില്‍ ആരൊക്കെയോ അടക്കിയ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കുന്നുണ്ട്. ഇറങ്ങുന്നതിനു മുന്നേ തല തിരിച്ചൊന്നു നോക്കി. ശകുന്തള ഭട്നാഗര്‍ തല കുനിച്ച് താനിരുന്ന സീറ്റിന് പിന്നില്‍ തല മുട്ടിച്ച് ഇരിക്കുന്നു. പിറകില്‍ അലസമായി കെട്ടിവച്ച മുടി മാത്രം കാണാം. ബസ് കടന്നു പോയി. മനസ്സില്‍ നിന്ന് വിട്ട് പോകാതെ, മുഖമറിയാത്ത ശകുന്തള. റോഡിലെ വാഹനങ്ങളുടെ ശബ്ദത്തിലും തന്നെ വിടാതെ പിന്‍തുടരുന്നത്, ആ ഉറച്ച ശബ്ദമോ അതോ നിറഞ്ഞ തേങ്ങലോ? ഇവളേത് ശകുന്തള, വ്യാസന്റെയോ കാളിദാസന്റെയോ? തീര്‍ച്ചയില്ല. ഒരുത്തരത്തിന്‍റെ സ്വാസ്ഥ്യം തേടുന്ന മനസ്സ് വെറുതെ ശ്രമിച്ചു, ഒരു പക്ഷേ വ്യാസനും കാളിദാസനും പറഞ്ഞ രൂപങ്ങളില്‍  കാലം നടത്തുന്ന കൂട്ടിക്കലർപ്പ്. അല്ലെങ്കിൽ ഇനിയും പൂർണമാകാത്ത ഒരു കഥ, ശകുന്തള!