Sunday, October 11, 2009

വീണ്ടും ചില ‘വീട്ടു‘കാര്യങ്ങൾ

ഒറ്റ വരിയിൽ പറഞ്ഞാൽ, “കുറച്ച് സുഹൃത്തുക്കൾ വാടക വീടൊന്നു മാറി“. അങ്ങനെ പറഞ്ഞാൽ കഴിഞ്ഞ ഒരു മാസക്കാലയളവിൽ അവർ കണ്ട കുറേ വീടുകളോടും കുറേ house owner-മാരോടും കുറേ broker-മാരോടും ,ക്ഷമിക്കണം real estate agent-മാരോടും നീതി പുലർത്താതിരിക്കലാവും എന്നുള്ളതുകൊണ്ട് സംഭവങ്ങളെ ഒന്നു വലിച്ച് നീട്ടി ഒരു ബ്ലോഗായി പടച്ചു വിടുകയാണ് ഉദ്ദേശം. പറഞ്ഞു വരുന്നത് ചില ബാച്ചിലർമാരെ കുറിച്ചാണ്. ഇവർക്ക് വിനീതനായ ഈ ലേഖകനുമായോ കൂടെ താമസിക്കുന്നവരുമായോ ഒരു ബന്ധവുമില്ല എന്നുള്ളത് പ്രത്യേകം പറയണ്ടല്ലോ. കണ്ടാൽ ചില രൂപസാദൃശ്യങ്ങൾ ഉണ്ട് എന്നാണ് ബാംഗ്ലൂരിലെ ചില ദോഷൈകദൃക്കുക്കൾ പറയുന്നത്. താമസിക്കാൻ ഒരു പുതിയ വീട് അന്വേഷിക്കാൻ ‘കഥാനായകർ‘ (ഭാഗ്യം, ഇത്തവണ എന്തായാലും നമ്മുടെ സ്ഥിരം കോമാളി ‘കഥാനായകൻ’ അല്ല!) തീരുമാനിക്കുന്നിടത്ത് സംഭവങ്ങളുടെ രംഗപ്രവേശം.

“2 BHK (2 കിടപ്പുമുറി, ഒരു ഹാൾ, ഒരടുക്കള എന്ന പാർപ്പിട വ്യവസ്ഥിതിയുടെ ‘നമ്മ ബെംഗലൂരു’ ലിഖിതം) തന്നെ മതി, പക്ഷേ ഇതിലും വലിപ്പം വേണം. ഫ്ലാറ്റ് ആവുന്നതാണ് നല്ലത്. വീടുകളേക്കാൾ ഇത്തിരി കൂടി security ഉണ്ട്. പിന്നെ വല്ല ചില്ലറ അറ്റകുറ്റപ്പണിക്കൊക്കെ അവിടെ തന്നെ ആളു കാണും. നമ്മൾ അന്വേഷിച്ച് നടക്കണ്ട കാര്യം ഇല്ല.” തികച്ചും ന്യായമായ ഒരു ആവശ്യം. എല്ലാവർക്കും യോജിപ്പ്.

“സ്വിമ്മിങ്ങ് പൂൾ വേണം. എനിക്കൊന്നു നീന്തൽ പഠിക്കണം.”. മറ്റൊരുവന്റെ ആവശ്യം!

“സ്വിമ്മിങ്ങ് പൂൾ വേണം എന്നൊന്നും ഇല്ല, പക്ഷേ ജിം ഉണ്ടെങ്കി കൊള്ളാം.” മൂന്നാമതൊരാൾ.

“എവിടെയായാലും കൊള്ളാം എനിക്ക് ഇന്റെർനെറ്റ് കണക്ഷൻ കിട്ടണം.”- ഇനിയൊരാൾ.

“കാണാൻ കൊള്ളാവുന്ന ‘കുട്ടി’കൾ ഉള്ള സ്ഥലം ആവണം” (എതിരഭിപ്രായമില്ലാത്ത പ്രസ്താവന, കയ്യടിച്ച് പ്രമേയം പാസാക്കൽ)

അനാവശ്യങ്ങളുടെ ലിസ്റ്റിനു നീളം വെക്കാൻ തുടങ്ങുന്നു എന്നു കണ്ട് കൂട്ടത്തിലൊരുവൻ ഇടപെട്ടു. “ഡേയ്, ആദ്യം വീടു തപ്പൽ തുടങ്ങാം. വാടക വല്യ തെറ്റില്ലാത്ത ഏതെങ്കിലും ഒരു അപ്പാർട്ടുമെന്റ്. അവിടെ എന്തൊക്കെയുണ്ടോ അതു മതി. അപ്പൊ നാളെ മുതൽ നമ്മൾ വീടു നോക്കൽ തുടങ്ങുന്നു”.

എന്തിനും ഏതിനും ഇന്റെർനെറ്റ് ഉപയോഗിക്കുക എന്നത് ശീലമായ കുറേ സോഫ്റ്റ്വെയറന്മാരാണ് കക്ഷികൾ എന്നതു കൊണ്ടും, ഇതേ സ്വഭാവക്കാരാണ് ഈ നഗരത്തിലെ ബഹുഭൂരിപക്ഷം ഫ്ലാറ്റ് ഉടമകൾ എന്നുള്ളതു കൊണ്ടും അന്വേഷണങ്ങൾ മുഴുവൻ ഓൺലൈനാണ് . രാവിലെ പല സൈറ്റുകൾ തുറന്നു വെച്ച് ഓരോരുത്തരായി നമ്പരുകൾ കണ്ടു പിടിക്കുന്നു വിളിക്കുന്നു. ഇതാണ് രീതി. അന്വേഷണങ്ങൾ പുരോഗമിക്കേ, നമ്മുടെ നായകർ ഒരു സ്ഥിതി വിശേഷം മനസ്സിലാക്കി. “ബാച്ചിലർമാർ” എന്നു പറഞ്ഞാൽ ഫോണിന്റെ മറുതലക്കൽ ശബ്ദത്തിന്റെ രീതിയും ഭാവവും മാറുന്നു. എന്തോ വലിയ അപരാധം ചെയ്ത മട്ടിലാണ് പിന്നീട് വീട്ടുമുതലാളിമാരുടെ സംസാരം.

“Sorry, we prefer to give this to family”, “We don’t want bachelors in our house”, “Oh, you are bachelors?! Sorry then we cant give you the house” ഈ നിലക്കാണ് മറുപടികൾ. വീടു കിട്ടില്ല എന്നതിലും വലിയ പ്രശ്നം, അതു വരെ കഷ്ടപ്പെട്ട് പറഞ്ഞ കുറേ ഇംഗ്ലീഷ് വെയ്സ്റ്റാവുന്നു എന്നതാണ്. ഇനി വിളിച്ചിട്ടു ഫോണിന്റെ മറ്റേത്തലക്കൽ ഇരിക്കുന്ന മാന്യദേഹത്തിന് ഇംഗ്ലീഷ് അറിയില്ലെങ്കിലാണ് ഇതിലും വലിയ രസം. പിന്നെ പറയുന്ന ഭാഷ ഹിന്ദിയോ,കന്നടയോ,തമിഴോ,മലയാളമോ എന്നു സംസാരിക്കുന്നവനു പോലും പറയാൻ പറ്റുമോ എന്നു കണ്ടറിയണം. ഒരു നാലഞ്ചു വിളി കഴിയുമ്പോൾ ഒരാൾ വീടു കാണാൻ വന്നോളാൻ പറയുന്നു. അങ്ങിനെ പോയി കാണുന്ന വീടുകൾ പലതും കാണുന്ന മാത്രയിൽ തന്നെ “വേണ്ടാ“ എന്നു തീരുമാനിക്കപ്പെടുന്നു. ഓഫീസിലേക്ക് ദൂരക്കൂടുതൽ, ഭക്ഷണം കഴിക്കാൻ അടുത്ത് ഹോട്ടലില്ല, വാടക കൂടുതൽ എന്നിങ്ങനെ ഓരോരോ കാരണങ്ങൾ കൊണ്ട് നമ്മുടെ നായകർക്ക് 2 ആഴ്ച്ച കഴിഞ്ഞിട്ടും വീടൊന്നും കിട്ടിയില്ല. (“ബാച്ചിലർമാർക്ക് തല ചായ്കാൻ ഫ്ലാറ്റിലിടമില്ലാ..” എന്ന ഗാനം പശ്ചാത്തലത്തിൽ).


ലോകത്തിന്റെ ഏതൊരു കോണിൽ പോയാലും ഒരു മലയാളിയെ എങ്കിലും കാണാതിരിക്കില്ല എന്നാണല്ലോ. ബാംഗ്ലൂരിലാണെങ്കിൽ മലയാളികളെ തട്ടി നടക്കാൻ വയ്യ എന്ന അവസ്ഥ. ഒടുവിൽ അതും സംഭവിച്ചു. ബാച്ചിലർമാർ ചെന്നു കയറിയ വീടിന്റെ ഓണർ ഒരു മലയാളി. വളരെ ഹാർദ്ദവമായ സ്വീകരണം, നാട്ടുവിശേഷം, ചായ സൽക്കാരത്തിനു പുറപ്പെടൽ, അങ്ങിനെ ആകെ ”ഇതു ശരിയാവും” എന്ന ഒരു തോന്നൽ നായകർക്ക് വരുന്നു. ബാച്ചിലർമാർക്ക് വീടു കൊടുക്കുന്നതിൽ അവർ വലിയ പ്രശ്നം ഒന്നും കാണുന്നില്ല എന്നു തോനുന്നു. എന്നാൽ ഒരു ചെറിയ കാര്യം. അവർക്ക് പെട്ടെന്നു മാറേണ്ടതു കൊണ്ട് ചില സാധനങ്ങൾ ഒക്കെ അവിടെ തന്നെ കാണും. അതായത് അവരുടെ സോഫ, ഡൈനിങ്ങ് ടേബിൾ, കട്ടിൽ ഒന്നും കൊണ്ട് പോവാൻ നിവർത്തി ഇല്ല! ഈ പറഞ്ഞതൊന്നും ഇല്ലാതെ വെറും തറയിൽ കിടക്ക വിരിച്ച് കിടക്കുന്നവന് ഇതൊക്കെ കൂടെ കേട്ടപ്പോൾ ഇരട്ടി മധുരം.രോമാഞ്ചം. ഒരോരുത്തരും മനസിലോർത്തു “ഇത് കൊള്ളാം. ഈ വീടു തന്നെ എടുക്കാം. അല്ലെങ്കിലും ഒരു മലയാളിക്കേ മലയാളിയെ മനസ്സിലാക്കാൻ പറ്റൂ!“

“ഈ ഫ്രിഡ്ജ് നിങ്ങൾ മേടിക്കുകയാണെങ്കിൽ നന്നായിരിക്കും. ഞങ്ങൾക്ക് ഇപ്പൊ ഇത് കൊണ്ട് പോവാൻ പറ്റില്ല.” ഓണർ പറഞ്ഞു.

“ഞങ്ങൾ അങ്ങനെ റെഗുലർ ആയി കുക്കിങ്ങ് ഒന്നും ഇല്ല. അപ്പോ ഫ്രിഡ്ജിന്റെ ആവശ്യം അങ്ങനെ ഇല്ല. അത് നിങ്ങൾ കൊണ്ട് പോവുന്നതാവും നല്ലത്”.- മറുപടി

“പുതിയ സാധനം ആണ്. വേണമെങ്കി ഞാൻ ബില്ല് ഒക്കെ കാണിച്ചു തരാം.”

“പൈസയേക്കാൾ കൂടുതൽ, ഞങ്ങൾക് അത് പ്രയോജനം ഇല്ല എന്നതാ കാര്യം. കുക്കിങ്ങ് ഇല്ലാത്തോണ്ട് അങ്ങനെ ഒന്നും എടുത്ത് വെക്കാൻ ഉണ്ടാവില്ല.” ഒരാൾ പറഞ്ഞു.

“അല്ല ഫുഡ് തന്നെ ആവണം എന്നില്ലല്ല്ല്ലോ. വല്ല drinks-ഓ മറ്റോ വെക്കാമല്ലോ”.

“അയ്യോ! ഇല്ല ഞങ്ങൾ ആരും അങ്ങനെ മദ്യപിക്കുന്ന കൂട്ടത്തിൽ അല്ല!.”

“നിങ്ങൾ നല്ല പിള്ളേർ ആണെന്നു കാണിക്കാൻ വേണ്ടി പറയണ്ട കാര്യം ഒന്നും ഇല്ല.” ഓണർ വിടാൻ ഭാവമില്ല!

“അല്ല മാഷേ. ഞങ്ങൾ ശരിക്കും മദ്യപിക്കാത്തോണ്ടാ!“ .ഓണറുടെ മുഖത്ത് ഒരു അവിശ്വാസം.

ബാച്ചിലർമാർ എന്നാൽ മദ്യപാനികൾ എന്നോ മറ്റോ അർഥം ഉണ്ടോ എന്നു നമ്മുടെ നായകർ സംശയിച്ചു. അപ്പൊ ഇതാണ് ആരും ബാച്ചിലർമാർക്ക് വീടു നൽകാത്തതിന്റെ ഗുട്ടൻസ്! നായകരുടെ പൊതുവിഞ്ജാന ശേഖരത്തിലേക്ക് അങ്ങനെ ഇതാ ഒരു ജ്ഞാനശകലം കൂടി.

“ഈ വീട് നിങ്ങൾ എടുക്കുന്നോ എന്നു എപ്പോഴത്തേക്ക് പറയാൻ പറ്റും?”
“വൈകീട്ടത്തേക്ക് പറയാം. ഞങ്ങളുടെ കൂടെ ഇപ്പൊ വരാതിരുന്ന ഒരാൾ കൂടെ ഉണ്ട്. അയാളോടും കൂടെ ഒന്നു ചോദിക്കണം”.

യാത്ര പറഞ്ഞ് അവർ പുറത്തിറങ്ങി. ചില്ലറ ചർച്ചകൾക്ക് ശേഷം “ഇനി എന്താ നോക്കാൻ ഉള്ളേ, ആ വീടു തന്നെ എടുക്കാം“ എന്ന് തീരുമാനം.എന്നാലും വൈകുന്നേരത്തേക്ക് ഇക്കാര്യം പറഞ്ഞാൽ മതി എന്നവർ തീരുമാനിച്ചു. ആ വീട്ടിലേക്ക് താമസം മാറിയാൽ ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് പല സ്വപ്നങ്ങളും മെനയാൻ തുടങ്ങി.

വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല.ഒരു ഫോൺ കോൾ പോലും. വൈകീട്ട് അത് വന്നു. നമ്മുടെ ഹൌസോണർ ആണ്, “ഞങ്ങൾ ഇപ്പൊ എന്തായാലും ബാച്ചിലേഴ്സിനു കൊടുക്കണ്ടാ എന്നു വെച്ചു”. ഇതാണ് വഴിയിൽ തങ്ങാതിരുന്നത്! ഇതു വരെ നെയ്ത സ്വപ്നങ്ങളെല്ലാം ഇൻ ദി വാട്ടർ, വെള്ളത്തിൽ! വെള്ളമടിക്കാതെ നടക്കുന്ന ഒരു കൂട്ടം ബാച്ചിലർമാർക്ക് ,വെള്ളം ചേർക്കാതെ അടിക്കുന്നവർ നേടിക്കൊടുത്ത കീർത്തിമുദ്ര. വാട്ടർമാർക്!

അടുത്ത വീടു തേടി ബാച്ചിലർമാരുടെ അലച്ചിൽ തുടരുന്നു.

നോക്കി വന്നപ്പോൾ സംഭവം ബഹുകേമം. അടുത്ത ഫ്ലാറ്റിനെ കുറിച്ചാണ്. ഒരു വലിയ apartment complex ആണ്. സ്വിമ്മിങ്ങ് പൂളും, ജിമ്മും, ക്ലബ് ഹൌസും ഒക്കെ ആയി ആകെ ‘ക്ഷ’ ബോധിക്കുന്ന ഒരു ഫ്ലാറ്റ്. പറയുന്ന വാടകയും അധികം ഇല്ല.

“If you are interested in the apartment, you can come over to my house. We can discuss about the rent and advance.” ഫ്ലാറ്റിന്റെ ഉടമ ഫോണിൽ പറഞ്ഞു.

ആഹാ. നേരെ അഡ്വാൻസിന്റെ കാര്യം ഒക്കെ പറയുന്നു. നായകരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകു വെക്കുന്നു. അങ്ങിനെ വൈകുന്നേരം അവർ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടു. വഴി ചോദിച്ച് വഴി ചോദിച്ച് ഒരു വഴിക്കായെങ്കിലും ഒടുവിൽ അവർ വീടു കണ്ടു പിടിച്ചു. ഇത്തവണ മലയാളി അല്ല. ആളൊരു ഗുൾട്ടി. ആന്ധ്രാപ്രദേശുകാരൻ. ഭക്ഷണത്തിനു തീരെ കുറവില്ല എന്നു മൈക്കിൽ വിളിച്ചു പറയുന്ന പോലത്തെ ശരീരം. സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് സംഗതികൾ പുറത്ത് വരാൻ തുടങ്ങിയത്. അതായത് പുള്ളി പറയുന്ന സംഗതികളേ പുറത്ത് വരുന്നുള്ളൂ. നായകർക്ക് വാ തുറക്കാൻ ചാൻസില്ല.

ഗുൾട്ടി: “You know my flat is the best in the whole apartment. You can enjoy your life there. You can drink, smoke, party, but within closed doors.”
നായകരിലാരോ : “Actually we don’t drink and smoke. And we..” (നമ്മുടെ അണ്ണൻ വാചകം മുഴുമികാൻ സമ്മതിക്കുന്നില്ല)

ഗു :”No don’t tell me you don’t drink and you people are mr.nice guys. I don’t have a problem with you people having fun there. You know my flat is the best in the whole complex”.
വാട്ടർമാർക്ക് പ്രശ്നം ഇവിടെയും വില്ലൻ ആവും എന്നു ബാച്ചിലർമാർക് സംശയം. പിന്നെ എന്തിന് സഹോദരാ താങ്കളുടെ വീട്ടിലേക്ക് ക്ഷണിച്ചു?!

ഗുൾട്ടി തുടർന്നു :“ The apartment association is kind of reluctant to allow bachelors as tenants. They prefer to give it to families”
നാ: (മനസ്സിൽ ‘സാക്ഷി’യെ അനുകരിച്ച് ഡയലോഗ് ഡെലിവറി) “ബാച്ചിലേർസിനെന്താ കൊമ്പുണ്ടോ?! എന്റെ തെലുങ്കൻ സഹോദരാ, ഈ ബാച്ചിലർമാർ തന്നെ അല്ലേ ഒരു 2-3 വർഷത്തിനുള്ളിൽ ‘ഫാമിലി’ ആവുന്നത്. ഒരു കല്യാണം കഴിച്ചാൽ എല്ലാരും മര്യാദാ പുരുഷോത്തമന്മാരാവുമോ?!“

ഗു: “But I will talk to them. You see I am part of the association. You know my flat is the best in the apartment”.

നാ: “Actually we have done pretty well for the past 2 year in an apartment in ..”

ഗു: “No. Don’t tell me you are all the very descent boys. I am fine with bachelors. You can enjoy, have fun and be comfortable. But don’t cause a trouble to anyone else. I will talk to the association people.”

എന്തായാലും പറയുന്നത് പാതി വഴിയിൽ പുള്ളി തന്നെ നിർത്തിക്കും എന്നുള്ളത് കൊണ്ട് നായകർ എല്ലാരും മൌനം പാലിച്ചു.

“There is one slight problem. There is a balcony facing the swimming pool. There is special timing for ladies and I don’t want you to be in the balcony at those times.”

അങ്ങനെ വരട്ടേ. അപ്പൊ അതാണ് കാര്യം! സൌന്ദര്യാസ്വാദനം കുളത്തിലേക് നീളരുത്. ബാച്ചിലർമാർ ബാൽക്കണിയിൽ നിന്നുകൊണ്ട്

“നീലത്താമര മിഴികൾ തുറന്നു, നിന്നെ നോക്കി നിന്നു, ചൈത്രം (ഇവിടെ മിഴികൾ എന്നു വിവക്ഷ) നിന്റെ നീരാട്ട് കണ്ടു നിന്നു” (കടപ്പാട് : ഭാസ്കരൻ മാഷ്)

“സ്നാനകേളീ ലോലയായ് നീ താണുയർന്നു നീന്തവേ.. (ഇവിടെ കുറച്ച് വരികൾ വിഴുങ്ങി) നീ ഏതു ശിൽപിയെ തേടുന്ന ചാരുത, നീ ഏതലൌകിക സൌന്ദര്യ ദേവത” (കടപ്പാട് : ഒ ൻ വി)

എന്നീ ചലച്ചിത്രഗാനങ്ങൾക്ക് ദൃശ്യഭാഷ്യം ചമയ്ക്കാൻ നോക്കരുത്.

അപ്പൊ സ്ത്രീകൾക്ക് കുളിക്കാൻ പ്രത്യേകം സമയം ഉണ്ട്. ബാൽക്കണിയിൽ നിന്നുള്ള ‘വ്യു’ പൂളിലേക്കും ആണ്. ഇങ്ങനെ ഒരു വെളിപാടിന് ബാച്ചിലർമാർ മാന്യനെ മനസ്സാ വണങ്ങി. സാഷ്ടാങ്കം നമിച്ചു.

“We give that guarantee. There will not be any such nuisances from us” (മാന്യതയുടെ ആൾരൂപങ്ങൾ അരുളി ചെയ്തു)

ഗു: “ You see I am expecting an advance of 1 lakh and I would cut a months rent for painting purposes. I don’t want to make any money out of this, but I have to give you a painted house right as there is another family already residing there”.
നാ:“ No we don’t need the house painted and all. We are fine with the current condition of the flat. We have already seen..”

ഗു: “No its from my side. I will take one month rent for painting charges from the family residing there also. Trust me I don’t want to make any money out of this”
(അതിത്രേം കേട്ടപ്പൊ തന്നെ മനസ്സിലായി!! )
I will call you after I talk to the association. You know my flat is the best in there. You can enjoy life there.” (ഈ ഭൂമിയിലെ തന്നെ ഏറ്റവും നല്ല ഫ്ലാറ്റ് ആണ് താങ്കളുടേത്. സമ്മതിച്ചു.ദയവു ചെയ്ത് ഇനി ഈ ഡയലോഗ് അടിക്കരുത്)

പിന്നെയും കുറച്ച് നേരം കൂടി ബാച്ചിലർമാർ അവിടെ സംസാരിച്ചിരുന്നു.അയാളോട് റ്റാറ്റ പറഞ്ഞ് ഇറങ്ങിയ നായകർ ഡിസ്ക്കഷൻ തുടങ്ങി.
“ഈ വീട് തന്നെ മതി. ഞാൻ പിന്നെ ഈ സ്വിമ്മിങ്ങ് പൂളിന്റെ ഭാഗത്തേക്കൊന്നും നോക്കില്ല.”
“നമ്മളാരും പെണ്ണുങ്ങളെ കാണാത്തവരൊന്നും അല്ലാല്ലോ. പിന്നെ ഇത്തരം ചീപ്പ് ഏർപ്പാടിനൊക്കെ നമ്മൾ നിക്കുവോ അല്ലേലും. ഛേ!“
“ഈ ബൈനോക്കുലറിനൊക്കെ ഇപ്പൊ എത്ര വില കാണുമോ എന്തോ! ഒന്നന്വേഷിക്കണം”

ഇങ്ങനെ പലതും പറഞ്ഞെങ്കിലും അവർ ഒരു തീരുമാനത്തിൽ എത്തി. ആ വീടു വേണ്ടാ എന്ന്!! എന്തുകൊണ്ട്? ഇത്രക്ക് പൈസക്ക് ആക്രാന്തം ‘ഇല്ലാത്ത‘ ഒരാളെ ഹൌസോണർ ആയി വേണ്ട എന്നതു കൊണ്ട്. ബാച്ചിലർമാരാണെങ്കിലും, പെൺകുട്ടികളെ കണ്ട് വെള്ളം ഇറക്കുമെങ്കിലും, ഒന്നു രണ്ട് കമന്റ് തമ്മിൽ തമ്മിൽ പറയുമെങ്കിലും, അതിൽ കടന്ന് ഒന്നിനും ധൈര്യം ഇല്ലാത്തതുകൊണ്ട്. എന്തൊക്കെ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും, മാന്യതയുടെ മുഖം മൂടിക്ക് കോട്ടം തട്ടും എന്നുള്ളതിനാൽ ,ഒന്നും കാണാൻ ശ്രമിക്കില്ല എന്നതു കൊണ്ട്.

പക്ഷേ, ഒരു സംശയം. ഒരു കുടുംബം അവിടെ വന്നു താമസിച്ചാൽ ഇതൊന്നും ഉണ്ടാവില്ല എന്നുറപ്പുണ്ടോ?! പിന്നെയും ചോദ്യം അവശേഷിക്കുന്നു. “ബാച്ചിലർമാർക്കെന്താ കൊമ്പുണ്ടോ?!”

വീടന്വേഷണം പുരോഗമിക്കുമ്പോൾ ഇടക്ക് കണ്ട ഒരു ബ്രോക്കർ പറഞ്ഞു. ഈ ഭാഗത്ത് ഒരു ഫ്ലാറ്റിൽ ഒരു സ്ത്രീപീഡനം നടന്നു. അതിൽ കുറേ ബാച്ചിലർമാരായിരുന്നു പ്രതികൾ. അതാണത്രേ ആരും വീടു തരാൻ മുതിരാത്തത്! ഒരു ഒറ്റപ്പെട്ട സംഭവത്തിന് എല്ലാ ബാച്ചിലർമാരേയും പ്രതി ചേർക്കണോ?! അതോ ഇനി നമ്മുടെ നായകരെ കണ്ടാൽ ‘പീഡനത്തൊഴിലാളി’കളായി തോന്നുമോ?!! ഇല്ലെന്നു തന്നെയാണ് നായകരുടെ പ്രതീക്ഷ.

കഥാന്ത്യം: പിന്നെയും പല അനുഭവങ്ങളും ഈ ‘വീടന്വേഷണകാണ്ഡ‘ത്തിൽ മര്യാദരാമന്മാർ നേടി. എന്നിരിക്കിലും ശുഭമായി തന്നെ എല്ലാം അവസാനിച്ചു. സ്വിമ്മിങ്ങ് പൂളും, ജിമ്മും ഒക്കെ ഉള്ള നല്ല ഒരു ഫ്ലാറ്റിൽ തന്നെ നമ്മുടെ നായകർക്ക് താമസിക്കാൻ സൌകര്യം കിട്ടി. കാണാൻ ഭംഗിയുള്ള ‘കുട്ടി’കളും കുറവല്ല. സംഭവിക്കുന്നതെല്ലാം നല്ലതിന്!

Tuesday, August 25, 2009

കാല് വിറയ്കുമ്പോൾ..

പൊതുവേ ഞാൻ എന്നെ ഒരു ധൈര്യശാലിയായിട്ടാണ് വെച്ചിരിക്കുന്നത്!! എനിക്ക് ചെയ്യാൻ പറ്റില്ല എന്നു ഞാൻ കരുതുന്ന പല കാര്യങ്ങളും ധൈര്യത്തിന്റെ പുറത്ത് മാത്രം ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. നാലാം ക്ലാസ് മുതൽ അച്ഛന്റേയും അമ്മയുടേം കൂടെ കട്ടിലിൽ കിടക്കാതെ നിലത്ത് കിടക്ക വിരിച്ച് കിടന്നു തുടങ്ങിയതും (അനിയൻ ഇത് LKG മുതൽ ചെയ്തു തുടങ്ങി എന്നുള്ളത് പറയാൻ മാത്രം വലിയ സംഭവം ഒന്നും അല്ലല്ലോ!), ആറാം ക്ലാസ്സിൽ നാടകത്തിൽ വയസ്സനായി അഭിനയിച്ചതും (ഔസേപ്പേട്ടൻ എന്ന ഒരു സ്ക്കൂൾ പ്യൂണിന്റെ ശക്തമായ കഥാപാത്രം ),ഒരിക്കൽ കുളത്തിന്റെ മറുകരയിൽ നിന്ന പട്ടിക്കൂട്ടത്തെ ഇക്കരെ നിന്ന് കല്ലെറിഞ്ഞോടിച്ചതും, “സാർ, ഈ suppli ഒരു criti ആക്കരുതേ“ എന്നു ലാബിലെ external examiner-നോട് കേറി പറഞ്ഞതും (ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: പുള്ളി എന്നെ മാത്രം പൊക്കി വിട്ടു!), പിന്നേയും ഇതു പോലെ പല സാഹസങ്ങളും കാണിച്ചതും എല്ലാം ധൈര്യം ഒന്നു കൊണ്ട് മാത്രം. ഈ എന്റെ ധൈര്യത്തെ ആണ് ദേ ഒരുത്തൻ,അതും ഈ നട്ടെല്ലില്ലാത്തവൻ പരീക്ഷിക്കുന്നത്.


അങ്ങനെ ഒരവധിക്കാലത്ത് കോളേജിൽ നിന്നു വീട്ടിൽ വന്നതാണ് ഞാൻ. സംഭവം നടക്കുമ്പോൾ സഖാവ് സൂര്യേട്ടൻ കിഴക്ക് വിപ്ലവത്തിന്റെ മുന്നോടിയായി ചെങ്കൊടി ഉയർത്തിയിട്ടേ ഉള്ളു. മൂപ്പര് ഇത്തിരി നേരത്തേ വന്നിരുന്നേ എന്റെ ധൈര്യം ഇങ്ങനെ ചോദ്യം ചെയ്യപ്പെടില്ലാരുന്നു. ചോദ്യകർത്താവിന് ചോദിക്കാൻ ഞാൻ വേറെ വല്ലോരേം കൊണ്ട് കൊടുത്തേനെ. ഇപ്പൊ അതിനും സ്കോപ്പില്ല. എന്നാൽ ഞാൻ എന്റെ ഉള്ളിലെ ധൈര്യത്തെ പുറത്തെടുത്ത് കാണിക്കുക തന്നെ!

“മിഥുൻ, അടുക്കളയിൽ ഒരു പാമ്പ്! എണീറ്റ് വരൂ”.ഉറക്കം ആയിരുന്ന എന്നെ അമ്മ കുലുക്കി വിളിച്ചു.

ഞാൻ ചാടിയേണീറ്റ് അടുക്കളയിലേക് ഓടി. ധൈര്യവാനായിപ്പോയില്ലേ! ചെന്നു നോക്കുമ്പോൾ മുത്തശ്ശി പാമ്പിന്റെ “എകാങ്കനാടകം” കണ്ടോണ്ട് നിക്കാണ്. മുത്തശ്ശി അടുപ്പിലേക്ക് ഇടാൻ വിറക് നോക്കിയപ്പൊ ആണത്രേ പുള്ളിയുടെ ‘തിരുമേനി‘ കണ്ടത്. അവിടന്നും ഇവിടുന്നും ഒക്കെ വിറക് മാറ്റി പുള്ളിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കാനുള്ള തത്രപ്പാടിലാണ് മുത്തശ്ശി. ഒരു ധൈര്യവാൻ ഇങ്ങനെ വടി പോലെ നിക്കൂമ്പൊ ഇതൊക്കെ മുത്തശ്ശിയെക്കൊണ്ട് ചെയ്യിക്കാമോ? പറ്റില്ല. ഞാൻ രംഗത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. ഒന്നു കുനിഞ്ഞ് നോക്കി. ദേ വിറകിനിടയിൽ നമ്മുടെ നട്ടെല്ലില്ലാത്തവൻ ചുരുണ്ട് കിടക്കുണു.

പാമ്പ് എന്നൊക്കെ പറയുമ്പൊ വല്ല അണലിയോ വെള്ളിക്കെട്ടനോ ആണ് എന്നു നിങ്ങൾ വിചാരിച്ചെങ്കിൽ ആ ധാരണ മാറ്റണ്ട. തുടർന്നുള്ള വരികൾ വായിച്ചതിനു ശേഷവും അങ്ങനെ തന്നെ കരുതുക. പാമ്പ് ഒരു കുഞ്ഞ് നീർക്കോലി ആണ്. ഒരു കയ്യിന്റെ നീളം പോലും ഇല്ല. പക്ഷേ ആളു ഭയങ്കരനല്ലേ. അത്താഴം മുടക്കലിന്റെ wholesale dealership പഴമക്കാർ മൂപ്പർക്കാണല്ലോ കൊടുത്തിരിക്കണേ. അങ്ങനെ ഞാൻ നോക്കിയപ്പൊ മൂപ്പർ എന്നേ കണ്ടു. എന്നെ കണ്ടതും പുള്ളി പേടിച്ചു (അല്ല പേടിച്ചില്ലാ എന്നുള്ളതിന് തെളിവൊന്നും ഇല്ലല്ലോ).

“ഒരു കാര്യം ചെയ്യൂ. കുറച്ച് മണ്ണെണ്ണ അവിടേക്ക് ഒഴിക്കൂ. അത് പുറത്തേക്ക് വരും” – മുത്തശ്ശി പറഞ്ഞു.

“ഈശോയേ!! എന്നതാ ഈ മുത്തശ്ശി പറയുന്നേ.” എന്നു ഞാൻ കോട്ടയം സ്ലാങ്ങിൽ മനസ്സിൽ ഓർത്തു. എന്താ മുത്തശ്ശീടെ അജൻഡ എന്നറിയണമല്ലോ. ഇനി ഇപ്പൊ എന്റെ ധൈര്യം ടെസ്റ്റ് ചെയ്യാൻ മുത്തശ്ശീം പ്ലാൻ ചെയ്യാണോ?

“എന്നിട്ട് എന്താ ചെയ്യാ മുത്തശ്ശീ? പുറത്തേക്ക് പോവാതെ അത് നമ്മടെ അടുത്തേക് വന്നാലോ?” ഒരു ധൈര്യശാലിയുടെ തികച്ചും സ്വാഭാവികമായ സംശയം.

“അത് നമ്മടെ അടുത്തേക്കാ വരണേന്ന്വച്ചാ കൊല്ലാം. നിവർത്തി ഇല്ല്യാണ്ട് ഒരു പാമ്പിനെ കൊന്നാൽ സർപ്പത്താന്മാര് കോപിക്കൊന്നും ഇല്ല. നമുക്ക് സർപ്പക്കാവില് നൂറും പാലും നേദിക്കേം ചെയ്യാം” മുത്തശ്ശി പറഞ്ഞു.

ഓഹൊ! അപ്പൊ അതാണ് പ്ലാൻ. ഞാനാണ് ആരാച്ചാരുടെ റോളിൽ! പുറത്തേക്ക് പോവാതെ പാമ്പ് അവിടെ കറങ്ങാൻ ആണ് പരിപാടി എങ്കിൽ ഞാൻ ഒരു വിറകെടുത്ത് പാമ്പിനെ തല്ലിക്കൊല്ലുന്നു!! ഞാൻ ചെയ്തില്ലെങ്കി മുത്തശ്ശി ചെയ്യും. എനിക്കിത് പ്രസ്റ്റീജ് ഇഷ്യൂ ആയി. പാവം ഞാൻ!

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാൻ മണ്ണെണ്ണ ഒഴിച്ചതും പാമ്പ് വിറകിനിടയിൽ നിന്ന് ഞങ്ങൾ നിക്കുന്നതിന്റെ അടുത്തേക് വന്നതും എല്ലാം ഒരു നിമിഷത്തിൽ കഴിഞ്ഞു.

“അത് ഉള്ളിലേക്ക് തന്ന്യാ വരണെ. ഇനി അതിനെ കൊല്ല്വല്ലാണ്ട് വേറെ നിവർത്തി ഇല്ല കുട്ടാ” ഇത്രേം മുത്തശ്ശിയുടെ വായിൽ നിന്ന് വന്നപ്പോഴേകും നമ്മുടെ പാമ്പ് എന്റെ അടുത്ത് എത്തി.

ധൈര്യവും(പേടി എന്നു വായിക്കരുത്) ടെൻഷനും കൂടി തലച്ചോറിലെ ഏതോ ഒരു സെല്ലിൽ എന്തൊക്കെയോ ചില പൊടിക്കയ്കൾ കാണിച്ചു എന്നു തോനുന്നു.ഞാൻ പാമ്പിനെ കൊല്ലാൻ പെട്ടെന്ന് റെഡി ആയി. പാമ്പിന്റെ ശരീരത്തിൽ “പട പടെ” എന്നു ഞാൻ മടലുകൊണ്ട് അടിച്ചു. ഒരു മൂന്നു അടിയിൽ പാവം കാലയവനികക്കുള്ളിൽ മറഞ്ഞു. ഇൻ അദർ വേഡ്സ്, വീരസ്വർഗ്ഗം വരിച്ചു.(ആ പാമ്പിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സ്വർഗ്ഗത്തിൽ തവളകളെ വിഴുങ്ങി പുള്ളി ആർമാദിക്കുകയാവട്ടെ എന്നു ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു!)

അങ്ങനെ ആ കുഞ്ഞു പാമ്പിന്റെ മുൻപിൽ ശ്രീമാൻ യമൻ എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് സ്വർഗ്ഗത്തിലേക്ക് ഓൺസൈറ്റിനു കൊണ്ട് പോയി!

ഇത്രയും കഴിഞ്ഞു ഞാൻ നോക്കുമ്പൊ എന്റെ കാലുകൾ രണ്ടും കിടുകിടാ എന്നു വിറയ്ക്കുന്നു!!
“പാമ്പിനെ കൊല്ലുന്ന വരെ ഈ രണ്ടു കാലും ചുമ്മാ ഇരിപ്പായിരുന്നല്ലോ. ഇപ്പോ ഇത് എന്തോന്നിനാ ഈ വിറയ്ക്കണേ?!!“ ഞാൻ മനസ്സിലോർത്തു.

“അപ്പൊ അങ്ങനെ ആണു സംഗതി!” എനിക്ക് ഒരു ചിന്ന ബോധോദയം ഉണ്ടായി. “ശരിക്കും പേടിച്ച് എന്തെങ്കിലും ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ എന്റെ കാലു വിറയ്ക്കും. പക്ഷേ ചെയ്തു കഴിഞ്ഞേ വിറയ്ക്കൂ!“

“ഇത്തിരി പേടി ഉണ്ടെങ്കിലും വേണം എന്നു വിചാരിച്ചാൽ എന്തും ചെയ്യാൻ തനിക്ക് പറ്റും.“ കഴിഞ്ഞ എപ്പിസോഡിലെ പോലെ ഈ എപ്പിസോഡിലും മുകളിലിരിക്കുന്ന “ആ സഖാവ്” എനിക്ക് ഒരു ലെക്ചർ തന്നു!

“എന്നാ പിന്നെ അങ്ങനെ തന്നെ. താങ്ക്സ് ഫോർ ദ ലെസൺ“ എന്ന് അന്നു വൈകീട്ട് അമ്പലത്തിൽ വെച്ച് മറ്റാരും കേൾക്കാത്ത ഡയലോഗിനിടക്ക് ഞാനും പറഞ്ഞു. “ഓർമ്മയിൽ ഒരു വിറ” എന്ന വാൽക്കഷ്ണമായി ബ്ലോഗിൽ ചേർക്കാം എന്നും പറഞ്ഞ് പുള്ളി കുറച്ച് കാലം മുൻപ് എറണാകുളം ജെട്ടി ബസ് സ്റ്റാന്റിൽ നടന്ന ഒരു സംഭവം അപ്പൊ എന്റെ മനസ്സിലേക്ക് SMS അയച്ചു!


ഓർമ്മയിൽ ഒരു വിറ:


സായിപ്പ് കൊടുങ്ങല്ലൂർക്ക് ബസ് കയറാൻ നടന്നു വരുന്ന ഒരു കോളേജുകുമാരനോട് : “Hi, do you know English”.
കൊടുങ്ങല്ലൂർക്കാരൻ (അഭിമാനം വിട്ട്, സത്യം പറയാൻ വയ്യാഞ്ഞിട്ട്) : “Yeah” (“യെസ്” എന്നു പറഞ്ഞാ ജാഡ കുറഞ്ഞു പോയാലോ!)

സാ: “Thank God! Finally I saw a man who speaks English. Do I get a bus to Aleppey from here?”

കൊ: (മനസ്സിൽ) “അല്ല അങ്ങനെ ഒന്നും ഇല്ല..ഇംഗ്ലീഷ്.. അത് പിന്നെ.. ഞാൻ..ആലപ്പുഴ..ബസ്”

(പിന്നെ സായിപ്പിനോട്) “(ഇല്ല) No. (ഇവിടെ കിട്ടില്ല) You will not get it here.(വേറെ സ്റ്റാന്റ് ഉണ്ട്) There is another bus stand.(അവിടെ കിട്ടും) You will get there. (ഓട്ടോ പിടിക്കണം) Catch an auto.(ഓട്ടോ ദാ അവിടെ ഉണ്ട്) Auto there(ഓട്ടോക്കാരോട് പറയൂ)Tell Auto people. (അവർ കൊണ്ട് പോകും) They will take you!!”

സാ: Oh! Okay.You wont get it here. I have to board the bus from a different place and I have to go there in an auto rickshaw.Right? (കൊടുങ്ങല്ലൂർക്കാരൻ തലയാട്ടുമ്പോൾ) Thank you!!

കൊ
: (മനസ്സിൽ) “ഹൊ!! സായിപ്പിനു മനസ്സിലായി.ഞാൻ ഒരു സംഭവം തന്നെ. സായിപ്പൊരുത്തനോട് ഇംഗ്ലീഷിൽ 4 ഡയലോഗ് ഫിറ്റ് ചെയ്തില്ലേ. അത് അയാൾക്ക് മനസ്സിലായില്ലേ!“

അടുത്തുള്ള ചായക്കടയിലെ ചായക്കടക്കാരനും അവിടെ ചായ കുടിച്ചുകൊണ്ട് നിന്നിരുന്ന രണ്ടു മൂന്നു പേരും ഒരു ബഹുമാനത്തോടെ ഒക്കെ നോക്കുന്നു. ഇത്തിരി അഭിമാനിക്കാൻ കൊടുങ്ങല്ലുർക്കാരൻ തീരുമാനിച്ചു.
“കുറച്ച് നേരം ഇവിടെ ചുമ്മാ നിന്നാലോ. ചുമ്മാ ഒരു ജാഡയ്ക്ക് ” അയാൾ മനസ്സിൽ ആലോചിച്ചു.
“പക്ഷേ എന്റെ കാലെന്താ ഈ വിറയ്ക്കണേ?!“ ബാഗുമെടുത്ത് അയാൾ ബസിനടുത്തേക്ക് നടന്നു.

Sunday, July 26, 2009

ഒരു ട്രെയിൻ യാത്ര

ട്രെയിൻ യാത്രകൾ എനിക്ക് എന്നും ഇഷ്ടമാണ്. ഓരോ തവണത്തേയും യാത്ര ഓരോ പുതിയ അനുഭവങ്ങളും ഓരോ പുതിയ കാഴ്ചകളും തരുന്നു. അവ സമ്മാനിക്കുന്ന കൊച്ചു കൊച്ചു സൌഹൃദങ്ങൾ ഒരു സുഖാനുഭവമാണ്. ട്രെയിനിൽ ഇരുന്നു കാപ്പി കുടിക്കുക, പുസ്തകം വായിക്കുക, ജനലിലൂടെ പുറത്തെ മഴ കാണുക, ഇവയൊക്കെ എന്റെ നുറുങ്ങ് ഇഷ്ടങളാണ്. അപൂർവ്വം ചില സുഖകരമല്ലാത്ത ഓർമ്മകളും ഈ യാത്രകൾ സമ്മാനിക്കും. ചിലത് നാം ചോദിച്ചു മേടിക്കും!!

കഥ തുടങ്ങുന്നത് കഴിഞ്ഞ ഡിസംബറിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം എഴുമണിക്കടുത്ത്. ഒരു ആന്റമാൻ വിനോദയാത്ര കഴിഞ്ഞ് ഏറെ സുഖകരമായ കുറെ ഓർമ്മകളും വിശേഷങ്ങളും മനസ്സിൽ ഓർത്തു കൊണ്ടാണ് ഞാനും സുഹൃത്തുക്കളും നാട്ടിലേക്ക് പോവാനായി സ്റ്റേഷനിൽ എത്തിയത്. യാത്രയാക്കാൻ ചെന്നൈയിൽ ജോലിക്കാരായ മറ്റു സുഹൃത്തുക്കളും എത്തിയിരുന്നു. ആകെ ഉല്ലാസഭരിതമായ ഒരു സുന്ദര സായഹ്നം. തമാശകളും വിശേഷങ്ങളും പറഞ്ഞു തീരുന്നതിനു മുൻപേ ട്രെയിനും വന്നു. കമ്പാർട്ടുമെന്റ് നോക്കി സീറ്റ് നമ്പർ നോക്കി ചെല്ലുമ്പോൾ വേറെ ആരൊക്കെയോ സീറ്റിൽ ഇരിക്കുന്നു. ഒരുപാട് തർക്കിക്കാതെ തന്നെ പിടികിട്ടി സീറ്റ് നമ്പരുകൾ ആകെ തെറ്റിയാണു കിടക്കുന്നത്!

പെട്ടിയും ബാഗുകളും കൊണ്ടു തരാൻ കയറിയ സുഹൃത്തുക്കൾ പറഞ്ഞു
“നിങ്ങൾ ഇവിടെ ഇരിക്ക്. ഞങ്ങൾ പോയി അന്വേഷിച്ചിട്ടു വരാം”.
ട്രെയിൻ വിടാൻ ഇനി അധികം സമയം ബാക്കി ഇല്ല. വൈകാതെ തന്നെ സുഹൃത്തുക്കൾ ആ സന്തോഷ വാർത്തയുമായി എത്തി.
“എടാ, നിങ്ങളുടെ ബെർത്ത് പ്രമോട്ട് ചെയ്ത് സെക്കന്റ് എസി കോച്ചിലേക്ക് മാറ്റി!!“.
അന്നം മുടങ്ങിയോ എന്നു സംശയിച്ചു നിന്നവനു നാലു തരം പ്രഥമനും കൂട്ടി സദ്യ ആണെന്ന അറിവു കിട്ടിയ പോലെ ആയി ഞങ്ങളുടെ സന്തോഷം. ‘ട്രെയിൻ യാത്രയുടെ ഭാഗമായി മറ്റൊരു സുഖാനുഭവം കൂടി!‘ ഞാൻ മനസ്സിൽ ഓർത്തു. അപ്പോഴേക്കും ട്രെയിൻ വിടറായി. മറ്റു സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ഞങ്ങൾ (ഞാനും പൈ-ഉം മാത്ത്യൂസും) അടുത്ത കോച്ചിലേക്ക് നടന്നു.കാലിൽ ഒരു ചെറിയ മുറിവുള്ളത് കാരണം പൈയുടെ ചില ബാഗുകൾ ഞ്ങ്ങളാണ് പിടിക്കുന്നത്.

“പുതിയ കോച്ചിൽ നമ്മൾ മൂന്നു പേരെ കൂടാതെ ആരായിരിക്കും? 21 വയസ്സുള്ള ഒരു സുന്ദരി ആയിരിക്കുമോ?” മാത്ത്യൂസ് എന്ന ഞങ്ങളുടെ സ്വന്തം “മത്തായി“ ചോദിച്ചു.
“പറയാൻ പറ്റില്ല ചിലപ്പൊ ആണെങ്കിലോ!!“ .ഉടൻ വന്നു പൈ-യുടെ മറുപടി.
“ഒന്നു പോടൊ,ഇത് ചെന്നൈ ആണ്. എനിക്ക് വല്യ പ്രതീക്ഷ ഇല്ല”. സ്ഥിരം pessimist ആയ ഞാൻ പറഞ്ഞു.
“അല്ല നാട്ടിലേക്ക് പോവുന്ന ഒരു സുന്ദരിയായ മലയാളി പെൺകുട്ടി ആവാമല്ലോ? Hope for the best എന്നല്ലെ” മത്തായി പറഞ്ഞവസാനിപ്പിച്ചു.

ഒരു പാടു വൈകാതെ ആ ദുഖ സത്യം മനസ്സിലായി. നാലാമത്തെ ആൾ ഒരു മധ്യവയസ്ക്കൻ. അങ്ങനെ ആ പ്രതീക്ഷ അസ്തമിച്ചു.വലിയ വിശപ്പിലലാതിരുന്ന ഞങ്ങൾ കുറച്ച് biscuit-ൽ അത്താഴം ഒതുക്കി നേരത്തേ കിടക്കാൻ തീരുമാനിച്ചു. കിടക്കാറായപ്പോഴാണ് മറ്റൊരു പ്രശ്നം. ആരു താഴത്തെ berth-ൽ കിടക്കും!

“എനിക്ക് മുകളിലെ berth മതി.അതാ എനിക്ക് ഇഷ്ടം” .മത്തായി വചനം! അങ്ങിനെ മുകളിലെ berth-കളിൽ ഒന്നിൽ മത്തായി side ആയി.

“എനിക്ക് കാലിനു വയ്യ. മുകളിൽ കേറാൻ ബുദ്ധിമുട്ടാണ്. ഞാൻ താഴെ”. പൈ പറഞ്ഞു.

“എടോ. തനിക്ക് എറണാകുളത്ത് ഇറങ്ങിയാ പോരേ. എനിക്ക് തൃശ്ശുരിൽ ഇറങ്ങണം. അതി രാവിലേ എത്തും അവിടെ. അപ്പൊ ഇടക്ക് സ്റ്റേഷൻ ഏതാ എന്നു നോക്കാൻ താഴെക്കിടന്നാലേ പറ്റൂ.അതോണ്ട് ഞാൻ താഴെ” – ഞാനും വിട്ടില്ല. എന്റെ തെറ്റ്!!

“എന്നാലും എന്റെ കാലിന്റെ മുറിവ്… മുകളിൽ കേറാൻ പറ്റില്ല വർമാജീ”.

“പിന്നേ! ഇന്നലേ scuba diving-നു പോയപ്പോ ഈ വേദനയും നടക്കാൻ വയ്യായയും ഒന്നും കണ്ടില്ലാലോ.നമ്പരിടാതെ മുകളിൽ കേറി കിടക്ക് പൈ” . ഞാൻ ക്രൂരതയുടെ ആൾ രൂപമായി മറുപടി പറഞ്ഞു!


ഇതെല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ടായിരുന്നു. കണ്ട് ചിരിക്കുന്നുണ്ടായിരുന്നു! മുകളിലെ berth-ൽ കിടക്കുന്ന മത്തായി അല്ല. അതിനും വളരെ മുകളിൽ സ്വർഗ്ഗത്തിൽ. പുള്ളി മനസ്സിൽ ഓർത്തു “ഞാൻ എഴുതുന്ന ലോകകഥയിലെ ഈ ചെറിയ സംഭവത്തിലെ നായകാ, ഇനി എന്താണുണ്ടാവുക എന്നു ഞാൻ ഇവിടെ എഴുതി കഴിഞ്ഞിട്ടുണ്ട് . ഈ തർക്കത്തിൽ നീ തന്നെ ജയിക്കും! കുറേ നാളുകൾക്ക് ശേഷം പിന്നീട് എന്തുണ്ടായി എന്നു നീ ബ്ളോഗ് ചെയ്യും. നിനക്കെഴുതാൻ, നിന്റെ ബുദ്ധി(ശൂന്യത)യുടെ വലിപ്പത്തെ നിനക്ക് കാണിച്ചു തരാൻ ഇതാ സംഭവത്തിന്റെ ബാക്കി കൂടി ഞാൻ നിനക്ക് വച്ചു നീട്ടുന്നു. നിനക്ക് മംഗളം!“

“എന്നാൽ ശരി,വർമ്മാജി തന്നെ താഴെ കിടാന്നോ”. പറഞ്ഞവസാനിപ്പിച്ചിട്ട് പൈ മുകളിലേക് കയറി.

താഴെ കിടക്കാൻ പറ്റിയതിലും, ഒരു കുഞ്ഞു തർക്കം ജയിച്ചതിലും സന്തോഷിച്ച് ഞാൻ കിടന്നു. ഉറക്കം പിടിച്ച് വന്നതേ ഉള്ളു, പുതപ്പും മറ്റും കൊണ്ട് തരാൻ വന്ന തമിഴൻ ഞങ്ങളുടെ ഉറക്കം കെടുത്തി വിളിച്ചു. “സാർ, ഉങ്കളോടെ ഒരു ബാഗ് missing ഇരിക്ക്താ?” അവൻ തമിഴിൽ ചോദിച്ചു. “ഇല്ല.“ ഉടൻ ഞാൻ മറുപടി പറഞ്ഞു. മുകളിൽ കിടന്ന പൈ ചോദിച്ചു. “വർമാജീ, എന്റെ പുറത്തിടുന്ന ബാഗ് താഴെ ഉണ്ടോന്നു നൊക്കിയേ”. ഞാൻ നോക്കി. ബാഗ് താഴെ ഇല്ല!! തമിഴൻ പറഞ്ഞു “സാർ next compartment-ലേ ഒരു ബാഗ് കിടച്ചാച്ച്. അത് യാർ ബാഗ് തെരിയലെ. നീങ്കെ വന്ത് പാര്ങ്കോ?”.

“അത് എന്റെ ബാഗ് ആവും. വർമാജീ ഒന്നു പോയി നോക്ക്”. പൈ പറഞ്ഞു.

ഒരു ബാഗ് എടുത്തിട്ട് വരണം. വല്യ പ്രശ്നം ഇല്ലാത്ത കാര്യം. ഒരു പകുതി ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ തമിഴന്റെ കൂടെ പുറപ്പെട്ടു. ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തി ഇട്ടിരിക്കയാണു്. എന്നിട്ടും എനിക്ക് അശുഭമായി ഒന്നും തോന്നീല്ല. ട്രെയിൻ അല്ലെ. എതോ സ്റ്റേഷനിൽ എത്തി. നിർത്തി. സ്വാഭാവികം! നടന്നു ഞാൻ തമിഴൻ പറഞ്ഞ compartment-ൽ എത്തി. അകത്തേക്ക് കയറി.

Compartment ഒരു വട്ടം കണ്ടേ ഉള്ളു എന്റെ പകുതി പ്രാണൻ പോയി!! ദേ ഇരിക്ക്ണു പൈ-യുടെ ബാഗ്. ഞാൻ നേരത്തേ പൈയുടെ ഒരു ബാഗ് എടുക്കാൻ മറന്നു! ബാഗ് കണ്ടതിൽ എന്ത് അസ്വാഭാവികത എന്നു നിങ്ങൾക്ക് തോന്നിയേക്കാം.പ്രശ്നം ബാഗിരിക്കുന്നതിന്റെ അടുത്തൊന്നും ഒരു മനുഷ്യനും ഇല്ല എന്നുള്ളതാണ്! എല്ലാവരും ,T.T.E അടക്കം, ബാഗിൽ നിന്നു കുറെ ദൂരെ ആയി നിൽക്കുന്നു. ഒരു നിമിഷാർദ്ധത്തിൽ എനിക്ക് എല്ലാം പിടികിട്ടി. പൈ-യുടെ ബാഗിൽ ബോംബാണെന്നു സംശയം!

T.T.E എന്നോട് ചോദിച്ചു “Is this your bag?”. “yes” എന്നുള്ള മറുപടി മുഴുവൻ വന്നില്ല, പിന്നെ ഞാൻ കേട്ടത് ആകെ ഒരു ഇരമ്പൽ ആയിരുന്നു. പേടിയുടെ മുൾമുനയിൽ കുറേ നിമിഷങ്ങൾ താണ്ടിയ ഒരു കൂട്ടം മനുഷ്യരിൽ നിന്ന് ഉയർന്ന ആശ്വാസത്തിന്റെ നെടുവീർപ്പാണ് ഞാൻ കേട്ടത്.

ഇനി വരുന്നതെന്ത് എന്ന് എന്റെ തലച്ചോർ എന്നോട് പെട്ടെന്ന് പറഞ്ഞു. “മിഥുൻ, ഇനി അവർ നിന്നെ ശകാരം കൊണ്ട് പൊതിയും. താണുകേണ് മാപ്പു പറഞ്ഞ് നിന്റെ തടി കേടാകാതെ ഇവിടുന്ന് പോവാൻ നോക്ക്!!“
എന്റെ കയ്യിലെ എല്ലാ വിനയവും പുറത്തെടുത്ത്, താണു തൊഴുത് “I am sorry. I forgot to take this bag” “I am really sorry” “Sorry for the confusion” എന്നൊക്കെ പറഞ്ഞ് പതിയേ ബാഗും എടുത്ത് ഞാൻ ഇറങ്ങി ഓടി. ഇതിനിടയിലും “irresponsible”,”fool” എന്നൊക്കെ സഭ്യമായ ചില പദങ്ങളും പിന്നെ കോളേജിൽ സുലഭമായിരുന്ന ചില ശ്ലോകങ്ങളിലെ ചില വാക്യഘടനകളും ഒക്കെ കേട്ടോ എന്നൊരു സംശയം!! പിന്നെ ഞാൻ വേറെ വല്ല ന്യായവും പറയാൻ നിന്നാൽ, ന്യായമായും അവർ എന്നെ പെരുമാറി വിടും എന്നുള്ളത് കൊണ്ട് ഞാൻ ശ്രദ്ധിക്കാനേ പോയില്ല!!

തിരിച്ച് പൈ-യുടെയും മത്തായിയുടേയും അടുത്ത് വന്ന് കാര്യം പറഞ്ഞപ്പോൾ അവർ ചിരിക്കുന്നു!! “എലിക്ക് പ്രാണവേദന പൂച്ചക്ക് വീണവായന“ എന്ന പഴ്ഞ്ചൊല്ല് സത്യം ആണെന്ന് അന്നു ഞാൻ ഉറപ്പിച്ചു. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ചോദിച്ക് മേടിച്ചതല്ലേ!

ഇന്നും ഒരു ചെറിയ സംശയം എന്റെ മനസ്സിൽ അവശേഷിക്കുന്നു : “ഈ ബോംബു പ്രശ്നത്തിന്റെ പേരിൽ ആണൊ അന്ന് ആ സ്റ്റേഷനിൽ ട്രെയിൻ നിർത്തി ഇട്ടത്?!!“

ആവില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. “ഇനി ആയിരിക്ക്യോ?!!“

വാൽക്കഷ്ണം: കുറേ കാലത്തിന്നു ശേഷം ആലോചിക്കുമ്പോൾ ഒരു പുഞ്ചിരി വിടർത്തുന്ന, ഇത്തരം ചെറിയ ചെറിയ സംഭവങ്ങളിലൂടെ ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ വലിയ പാഠങ്ങൾ പറഞ്ഞു തരുന്ന, ആ ലോകകഥാകാരനു പ്രണാമം!!

Wednesday, January 7, 2009

കടൽത്തീരത്ത്‌

തിരയായി തഴുകുന്ന കടലും
ഇളം കുളിരാൽ തലോടുന്ന കാറ്റും
താരനിരയാൽ തിളങ്ങുന്ന വാനും
നിൽപ്പൂ ഏകനായ്‌ തീരത്തു ഞാനും!
ഇന്നീയൂഴിയിൽ കാണ്മതോ സ്വർഗ്ഗം
ജീവിച്ചു തീർക്കയോ ഞാനൊരു സ്വപ്നം?!




സമർപ്പണം:സ്വപ്നങ്ങളേക്കാൾ മധുരിക്കുന്ന സൗഹൃദങ്ങൾക്ക്‌ .സ്വപ്നങ്ങൾ കാണാൻ ഒരുപാടിഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്ക്‌. :)