Friday, June 19, 2020

മുത്തശ്ശിക്കഥ

വെള്ള സാരി ഉടുത്ത്, കയ്യില്‍ ബാഗും പിടിച്ച് കറുത്ത കണ്ണട വെച്ച്, കയ്യില്‍ വാച്ച് കെട്ടി റോഡില്‍ നിന്നും വീട് നില്‍ക്കുന്ന വഴിയിലേക്ക് തിരിയുന്ന വെളുത്ത രൂപം. ആ കാഴ്ചക്ക് ഇന്ന് മുപ്പതിലധികം വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. പക്ഷേ, അതാണ്‌ ഓര്‍മയില്‍ ആദ്യം വരുന്ന മുത്തശ്ശി രൂപം. ‘ലക്ഷ്മി’യുടെ ഗെയ്റ്റില്‍ നിന്നും ആ വരവ് കണ്ടു നില്‍ക്കുന്ന എന്‍റെ ഓര്‍മ്മച്ചിത്രത്തില്‍ അടുത്ത് ആരോ ഉണ്ട്. ആരെന്ന് ഓര്‍മ്മയില്ല. മുത്തശ്ശി അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന അവസാന നാളുകളില്‍ ആവണം. കാരണം, പിന്നീടാണ് ഞാന്‍ യാത്രകളില്‍ മുത്തശിയുടെ സഹയാത്രികപദം ഏറ്റെടുത്തത്. ചെറുപ്പത്തില്‍ ഞാന്‍ ഒരു മുത്തശ്ശിക്കുട്ടി ഒന്നും ആയിരുന്നില്ല. കുട്ടിക്കാലത്ത് അച്ഛന്‍റെ വീട്ടില്‍ മുത്തശ്ശി വന്നപ്പോള്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല എന്ന് ഇപ്പോളും ഇടയ്ക്ക് കളിയാക്കാറുണ്ട് മുത്തശ്ശി. അനിയന്‍ മുത്തശ്ശിയുടെ അടുത്ത് കിടന്ന് ഉറങ്ങാന്‍ തുടങ്ങിയപ്പോളും ഞാന്‍ അമ്മയോടും അച്ഛനോടും ഒപ്പം തന്നെ കിടക്കാന്‍ വാശി പിടിച്ചിരുന്നു. പിന്നീട് എപ്പോളാണ് ഞാന്‍ മുത്തശ്ശിയുമായി കൂടുതല്‍ അടുത്തത്? മുത്തശ്ശിയെ കണ്ടിട്ടും ഗൗനിക്കാതിരുന്ന കുട്ടിയില്‍ നിന്ന്, മുത്തശ്ശിയെപ്പോലെ ആവണം എന്ന് ആഗ്രഹിക്കുന്ന ഇന്നത്തെ ഞാനിലേക്ക് പരിണമിച്ചത്? അങ്ങിനെ പറയാന്‍ ഒരു നിമിഷം ഇല്ല. ഇന്നത്തെ ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്ന സ്വാധീനങ്ങളില്‍ പല മനുഷ്യരും പല പുസ്തകങ്ങളും ഉണ്ട്. ആ സഞ്ചയത്തിന് ഒരു മുഖചിത്രം ഉണ്ടെങ്കില്‍ അത് നിസ്സംശയം മുത്തശ്ശിയുടേതാണ്. ഇന്നിപ്പോള്‍ ആയിരം പൂര്‍ണചന്ദ്രന്മാരുടെ നിറവില്‍ മുത്തശ്ശി ശതാഭിഷിക്തയാകുന്ന വേളയില്‍ ഞാന്‍ കണ്ട മുത്തശ്ശിയെ കുറിക്കാന്‍ ശ്രമിക്കുന്നു.

മുത്തശ്ശിയെ നോക്കിക്കാണുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് മുത്തശ്ശിയോട് ഒരുമിച്ചുള്ള ബസ്‌ യാത്രകള്‍ ആണ്. സ്കൂള്‍ ടീച്ചര്‍ പദവി വിരമിച്ച ശേഷം മുത്തശ്ശി എന്നേയും കൂട്ടി ആണ് യാത്രകള്‍ പതിവ്. അതില്‍ ഒട്ടുമിക്ക അവസരങ്ങളിലും നടക്കുന്ന ഒരു കാര്യം ഉണ്ട്. ബസില്‍ കയറിയാല്‍ ടിക്കറ്റ്‌ എടുക്കേണ്ട എന്നത്. ബസ്‌ സ്റ്റാന്‍റ്റിലോ അതോ ബസിലോ മുത്തശ്ശി പഠിപ്പിച്ചിട്ടുള്ള ഏതെങ്കിലും വിദ്യാര്‍ത്ഥികളെ കാണും. അവര്‍ പറയും “തമ്പായി ടീച്ചറെ, ഞാന്‍ ടിക്കറ്റ്‌ എടുത്തോളാം”. മുത്തശ്ശി വിലക്കിയാലും അവര്‍ സമ്മതിക്കില്ല. ടീച്ചര്‍ ആയാല്‍ ബസില്‍ ടിക്കറ്റ്‌ എടുക്കണ്ട എന്നൊരു വിചാരം എനിക്ക് അക്കാലത്ത് ഉണ്ടായിരുന്നു. ഈ പറയുന്ന വ്യക്തികള്‍ ചിലരെങ്കിലും കണ്ടാല്‍ മുത്തശ്ശിയേക്കാള്‍ പ്രായം ഉള്ളവര്‍ ആണെന്നാണ്‌ കുട്ടി ആയ എനിക്ക് തോന്നാറ്. മുത്തശ്ശിക്ക് മുടി അത്ര നരച്ചിട്ടല്ല. തൂവെള്ള മുടിയുള്ള ഈ ‘വിദ്യാര്‍ത്ഥികള്‍’ പലരും മുത്തശ്ശിയെ ടീച്ചറെ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിക്കും. മുത്തശ്ശിയോട് പറഞ്ഞാല്‍ പറയും “ആ കുട്ടിയെ (നോട്ട് ദ പോയന്‍റ് യുവര്‍ ഓണര്‍, ‘കുട്ടി’) ഞാന്‍ ജോലിക്ക് കയറിയ കാലത്ത് പഠിപ്പിച്ചതാ. അന്നൊക്കെ തോറ്റ് തോറ്റ് പത്താം ക്ലാസില്‍ ഇരിക്കുന്ന കുറെ വികൃതികളെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്യ പ്രായവ്യത്യാസം ഒന്നും ഇല്ല്യ. അതാവും”. പിന്നീടും വീട്ടില്‍ മുത്തശ്ശിയെ കാണാന്‍ വരുന്ന പഴയ വിദ്യാര്‍ഥികളില്‍ മുത്തശ്ശിയോടുള്ള സ്നേഹം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആ ബഹുമാനം ഒരു ടീച്ചര്‍ക്ക് കിട്ടാന്‍ എത്രമാത്രം ആ വിദ്യാര്‍ത്ഥിയെ സ്വാധീനിച്ചിട്ടുണ്ടാവണം എന്ന് മനസ്സിലാക്കാന്‍ ഉള്ള പ്രായം ആയപ്പോള്‍ മുത്തശ്ശിയോടുള്ള സ്നേഹവും ബഹുമാനവും എനിക്ക് വളര്‍ന്നു.



അക്കാലത്തൊരിക്കല്‍ ഞാനും മുത്തശ്ശിയും കൂടി ഒരു കല്യാണത്തിന് തൃശ്ശൂര്‍ക്ക് പോയി. ഞാന്‍ ഒരു ഏഴിലോ എട്ടിലോ മറ്റോ ആണ്. എനിക്ക് തൃശ്ശൂരിനെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ല എങ്കിലും മുത്തശ്ശിയോടൊത്ത് പോയി ശീലം ഉണ്ട്. മുത്തശ്ശി ബസില്‍ മുന്നിലും ഞാന്‍ പിന്നിലും ആണ് ഇരിക്കുന്നത്. തൃശ്ശൂര്‍ റൌണ്ടിലെ ആദ്യ സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി. നോക്കുമ്പോള്‍ മുത്തശ്ശി ഇറങ്ങിയില്ല! മുത്തശ്ശി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍ ആണ് പ്ലാന്‍ ചെയ്തത്. ഒരു ചെറിയ കണ്‍ഫ്യൂഷന്‍. ബസ്‌ വിട്ടു. ഇനി എന്ത് ചെയ്യും? ഞാന്‍ ഇത്തിരി പരിഭ്രമിച്ചു. ഒരല്പം പൈസ മുത്തശ്ശി കയ്യില്‍ തന്നിരുന്നു. രഘുഅമ്മാവന്‍റെ വീട്ടില്‍ ചെന്നിട്ടാണ് കല്യാണത്തിന് പോവുന്നത്. അത് കൊണ്ട് ഞാന്‍ ഒരു ഓട്ടോയില്‍ കയറി ഏകദേശം ഓര്‍മ്മ വെച്ച് സ്ഥലം പറഞ്ഞു. ഞാന്‍ കുറച്ച് വഴി പറഞ്ഞപ്പോളെക്കും ഓട്ടോക്കാരന് മനസ്സിലായി എന്‍റെ സ്ഥലജ്ഞാനം. അയാള്‍ എന്നോട് “ഇനി നീ വഴി പറയണ്ട ട്ടാ” എന്നു പറഞ്ഞ്, അധികം കറക്കാതെ ഞാന്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചു. സ്ഥലം കണ്ടപ്പോള്‍ എനിക്ക് മനസ്സിലാവുകയും ഞാന്‍ വീട്ടില്‍ ചെല്ലുകയും ചെയ്തു. ചെന്നപ്പോള്‍ മുത്തശ്ശി അവിടെ ഇല്ല! ചെരുപ്പ് പുറത്ത് കാണുന്നില്ല. പരിഭ്രമിച്ച് മുത്തശ്ശി എന്നെ അന്വേഷിച്ച് വല്ലിടത്തും നില്‍ക്കുകയാവുമോ എന്ന് ഞാന്‍ സംശയിച്ചു. പരിഭ്രമത്തിന് പേരു കേട്ട ആളാണ്‌ മുത്തശ്ശി. പക്ഷേ വീട്ടില്‍ കയറിയപ്പോള്‍ കാര്യം മനസ്സിലായി. കഥാനായിക കൂളായി കല്യാണത്തിന് പോയി, “അയാള് വരുമ്പോ അങ്ങോട്ട്‌ വിട്ടോളൂ” എന്നു പറഞ്ഞേല്‍പ്പിച്ച്! കല്യാണഹാളില്‍ എത്തിയപ്പോ ദേ നില്‍ക്കുന്നു മുത്തശ്ശി. “കുട്ടന്‍ എത്തിക്കോളുംന്നു എനിക്ക് അറിയായിരുന്നു” എന്ന് ഒരു ചിരിയോടെ മുത്തശ്ശി പറഞ്ഞു. സ്വതേ പരിഭ്രമം ഉള്ള മുത്തശ്ശി എങ്ങിനെ ഇങ്ങനെ പെരുമാറി എന്ന് എനിക്ക് അന്ന് മനസ്സിലായില്ല. ഇന്നോര്‍ക്കുമ്പോള്‍ എന്‍റെ കാര്യം നോക്കാന്‍ ഞാന്‍ പഠിച്ചു തുടങ്ങി എന്ന് മുത്തശ്ശിക്ക് തോന്നിയിരിക്കണം. മുപ്പതു വര്‍ഷം കുട്ടികളെ പഠിപ്പിച്ച ഒരാള്‍ ഒരു കുട്ടിയുടെ പ്രാപ്തി അളക്കുന്നതില്‍ കൈവരിക്കുന്ന മിടുക്കായിരിക്കണം. ആ ഒരു ദിവസം ഞാന്‍ എന്ന കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വരുത്തിയ മാറ്റം ചെറുതല്ല. എഴുതി വച്ചിരിക്കുന്ന ഇഷ്ടപ്പെട്ട വരികളുടെ കൂട്ടത്തില്‍, “ A good teacher is one who makes oneself progressively unnecessary” എന്ന വാക്യം വായിക്കുമ്പോള്‍ ഞാന്‍ ഈ യാത്ര ഓര്‍ക്കും. ടിക്കറ്റ്‌ എടുപ്പിച്ചും, സ്ഥലം നോക്കി പറയാന്‍ പഠിപ്പിച്ചും, കണക്കല്ലാത്ത ഒരു വിഷയം മുത്തശ്ശി പഠിപ്പിച്ചു, ഒറ്റയ്ക്കുള്ള യാത്രയുടെ ആ ദിവസത്തേക്ക് വേണ്ടി.



മറ്റുള്ളവരോട് ഉള്ള കരുതല്‍ ആണ് മുത്തശ്ശി എന്ന വ്യക്തിയെ പ്രധാനമായി അടയാളപ്പെടുത്തുന്ന കാര്യം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. തന്‍റെ ഇഷ്ടത്തിനു മുന്നേ മറ്റുള്ളവരുടെ ഇഷ്ടം എന്നതാണ് മുത്തശ്ശിയുടെ പ്രധാന അജണ്ട. ചെറുപ്പം മുതല്‍ കിട്ടിയ ശീലം ആവണം. മൂത്ത കുട്ടി എല്ലാവരുടെയും കാര്യം നോക്കണം എന്നൊരു വിശ്വാസം മുത്തശ്ശി എന്നും ജീവവായു പോലെ കൂട്ടിയിരുന്നു. മുത്തശ്ശി ഉപദേശിക്കുന്ന ചുരുക്കം കാര്യങ്ങളില്‍ ഒന്നാണ് ഇത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കണം എന്നുള്ളത് അവനവനു ബുദ്ധിമുട്ടാവുന്നത് മുത്തശ്ശിക്ക് ഒരു പ്രശ്നം അല്ല. പല ഉദാഹരണങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും രസകരമായത് ഭക്ഷണക്കാര്യത്തിലാണ്. വീട്ടില്‍ ആരെങ്കിലും വന്നാല്‍ മുത്തശ്ശി ഭക്ഷണം കുറയ്ക്കും. എത്ര അധികം ഉണ്ടാക്കിയാലും മുത്തശ്ശി തന്‍റെ ‘പങ്ക്’ വഹിക്കും. ഒടുവില്‍, ഉണ്ടാക്കിയത് അധികം ആവും. ഇപ്പോള്‍ വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഈ കാര്യം അറിയുന്നത് കൊണ്ട് പലരും മുത്തശ്ശി ഭക്ഷണം കുറയ്ക്കുന്നില്ലല്ലോ എന്ന് പ്രത്യേകം ശ്രദ്ധിക്കും. ഈ കരുതല്‍ സ്വഭാവം അനുകരിക്കണം എന്ന് തോന്നി അതിന് ശ്രമിക്കുമ്പോള്‍, മിക്കപ്പോഴും പരാജയപ്പെടുമ്പോള്‍, ആണ് മുത്തശ്ശിയെ മനസ്സില്‍ നമിക്കുന്നത്. ഇക്കാലം മുഴുവന്‍ മുത്തശ്ശി ഇത് ചെയ്തു പോരുന്നു, അങ്ങിനെ ഒന്ന് ചെയ്യുന്നു എന്ന ഒരു ഭാവവും കൂടാതെ. മുത്തശ്ശിമാരെ കുറിച്ച് പറയുമ്പോള്‍ പൊതുവില്‍ എല്ലാവരും പറയുക കഥകളെ കുറിച്ചാണ്. മുത്തശ്ശിമാര്‍ പറയുന്ന കുട്ടിക്കഥകള്‍. അതില്‍ ഏറ്റവും തെളിച്ചമുള്ള കഥാപാത്രം പറയുന്ന ആളുടെ മനസ്സില്‍ ഏറ്റവും പതിഞ്ഞ കഥാപാത്രം ആവും. മുത്തശ്ശിയും രാമായണത്തിലെ കഥകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതില്‍ രാമനേക്കാള്‍ തെളിഞ്ഞ് ഒരു കഥാപാത്രം ഉണ്ട്, ഭരതന്‍. രാമനില്ലാത്ത പതിനാലു കൊല്ലം രാജ്യവും കുടുംബവും കാത്ത്, രാമന്‍ വന്നപ്പോള്‍ ഒരു അവകാശവാദവും ഇല്ലാതെ രാജ്യം തിരിച്ചേല്‍പ്പിച്ച് ഇതിഹാസത്തിന്‍റെ പിന്നാമ്പുറത്തേക്ക് മാറിയ ഭരതന്‍. ആലോചിച്ചാല്‍, മുത്തശ്ശിയുടെ പ്രിയപ്പെട്ട കഥാപാത്രം മറ്റാരെങ്കിലും ആവുന്നതെങ്ങനെ!

കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞ് തന്നിരുന്ന കഥകള്‍ പലതും അനുഭവങ്ങള്‍ ആണ്. തന്‍റെയോ തനിക്ക് പരിചയം ഉള്ളവരുടെയോ. ആ കഥകള്‍ ഞങ്ങള്‍ കുട്ടികളുടെ ചിന്തയെ സ്വാധീനിച്ചു. ഞങ്ങള്‍ വലുതായപ്പോള്‍ ഞങ്ങള്‍ ആ കഥകളെ കൂടുതല്‍ വിശകലനം ചെയ്യാന്‍ തുടങ്ങി. അങ്ങനെ വന്നപ്പോള്‍ കാലത്തിനനുസരിച്ച് ഞങ്ങള്‍ സ്വായത്തമാക്കിയ ബോധ്യങ്ങളും തിരിച്ചറിവുകളും ആ കഥകള്‍ക്ക് കൂടുതല്‍ തലങ്ങള്‍ തുറന്നു. ഞങ്ങള്‍ സംശയങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി. വാദിക്കാന്‍ തുടങ്ങി. ഈ വാദങ്ങളില്‍ പലപ്പോഴും ഞങ്ങളും മുത്തശ്ശിയും രണ്ടു തട്ടില്‍ ആയി. ഞങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത്, മുത്തശ്ശിക്ക് തെറ്റാണ്. മറിച്ചും. പക്ഷേ ഈ വാദങ്ങളില്‍ ഒന്നിലും മുത്തശ്ശി “ഇങ്ങനെ പറയാന്‍ പാടില്ല”, “ഇതൊക്കെ തെറ്റാണ്” എന്നൊന്നും ഒരിക്കലും അടച്ച് പറഞ്ഞിട്ടില്ല. പല നിലപാടുകളും മുത്തശ്ശി സ്വയം വിശകലനം ചെയ്യും. ചിലപ്പോള്‍ ഞങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യം ആയാല്‍ തന്‍റെ അഭിപ്രായം മാറ്റും. തീരെ യോജിക്കാന്‍ പറ്റിയില്ലെങ്കില്‍ പറയും, “നിങ്ങള്‍ അങ്ങനെ വിചാരിച്ചോളൂ. എന്തോ എനിക്ക് യോജിക്കാന്‍ പറ്റ്ണില്യ”. വിയോജിപ്പിനും ഒരാളോട് നമുക്ക് ഉള്ള ബഹുമാനം കൂട്ടാം എന്ന് ഈ സംഭാഷണങ്ങള്‍ പഠിപ്പിച്ചു. തന്നെത്തന്നെ വിശകലനം ചെയ്യാന്‍ മുത്തശ്ശിക്ക് ഒരു മടിയും ഇല്ല. പലപ്പോഴും സംഭാഷണങ്ങളില്‍ തന്‍റെ കുറവുകളോ വിഡ്ഢിത്തങ്ങളോ ചെയ്തികളോ ഓര്‍ക്കുന്ന മുത്തശ്ശിയുടെ മുഖത്ത് ഒരു ചിരി വിടരും. താന്‍ ആര് എന്ന് വ്യക്തമായ ബോധ്യം ഉള്ള ഒരാളുടെ ദാര്‍ശനികത നിറയുന്ന ചിരി.


ഇതെഴുതി നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ഇനിയും ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു. നല്ലവണ്ണം പഠിച്ച് ഗ്രാജുവേറ്റായി, കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യം ഉണ്ടായിട്ടും, സാമ്പത്തിക സ്ഥിതി മനസ്സിലാക്കി തന്‍റെ സഹോദരങ്ങള്‍ക്കും വിദ്യാഭ്യാസം പകരാന്‍ വഴി മാറി, ജോലിയെടുത്ത് തന്‍റെ സഹോദരങ്ങളെ ഒരു കരയ്ക്കാക്കി, മാതാപിതാക്കളെ നോക്കി, മധ്യവയസ്സില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ടും തന്‍റെ മക്കളെ വളര്‍ത്തി വലുതാക്കി, കൊച്ചു മക്കള്‍ക്ക് നേര്‍വഴി കാട്ടി, എല്ലാവരുടെയും കാര്യം നോക്കിയ ഒരു സ്ത്രീയെ കുറിച്ചാണ് എഴുതുന്നത്. എഴുത്തിനെയും വാക്കുകളെയും കവിഞ്ഞു നില്‍ക്കുന്ന ജീവിതം. ഓര്‍മ്മച്ചിത്രത്തില്‍ ആദ്യം മുത്തശ്ശിയെ കാണുമ്പോള്‍ അടുത്തു നില്‍ക്കുന്ന വ്യക്തത ഇല്ലാത്ത രൂപം ഒരു പക്ഷേ കാലമായിരുന്നിരിക്കണം. അന്നേ പറഞ്ഞിരിക്കണം, “ഇതാ ഒരു സ്ത്രീ. നിനക്ക് മാതൃകയാക്കാന്‍, ഇന്ദിര തമ്പായി എന്ന വ്യക്തി. നിന്‍റെ മുത്തശ്ശി”. മുത്തശ്ശിക്ക് ശതാഭിഷേക നമസ്കാരം!