Sunday, March 17, 2013

ഒരിക്കൽക്കൂടി, ആത്മാർഥതയോടെ


  ഏറെ നാളായി ഒരു ബ്ലോഗ് എഴുതിയിട്ട്. ഇടക്കൊക്കെ ചില ചിന്താശകലങ്ങൾ എന്നെ തേടി എത്തിയിരുന്നു. എന്തോ, അവയൊന്നും ഇരുന്ന് എഴുതി പോസ്റ്റു ചെയ്യാൻ ജോലിത്തിരക്കും ചിലപ്പോൾ (അതായത് മിക്കപ്പോഴും) മടിയും തടസ്സമായി. എന്തെങ്കിലും ഒന്ന് എഴുതണം എന്ന തോന്നൽ കുറച്ചായി തുടങ്ങിയിട്ട് എങ്കിലും  അക്ക്ബർ കക്കട്ടിലിന്റെ “അനുഭവം, ഓർമ്മ, യാത്ര” എന്ന പുസ്തകം വായിച്ചപ്പോളാണ് ഇതെഴുതണം എന്നു തോന്നിയ ഒരു കാര്യം മനസ്സിൽ തങ്ങിയത്. പുസ്തകങ്ങളിൽ മാത്രം പരിചയപ്പെട്ട പലപ്പോഴും എന്നെ വളരെയധികം ആകർഷിച്ച ഒരു കാലഘട്ടത്തിന്റെ ഒരു കക്കട്ടിൽ ചിത്രം ഈ പുസ്തകം തരുന്നുണ്ട്. ആ ഓർമ്മകളിൽ തന്റെ സർഗ്ഗജീവിതത്തിന് വഴിവിളക്കായ ഒരു വ്യക്തിയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. എഴുതിയ വരികൾ അച്ചടിച്ചു കാണാൻ കൊതിച്ച്, അവ കാണാതെ വന്നപ്പോൾ വിഷമിച്ച ഒരു കക്കട്ടിലുകാരൻ പയ്യന് ഒരു പോസ്റ്റുകാർഡിൽ കുനുന്നനെ ഉള്ള അക്ഷരങ്ങളിൽ, വാക്കിന്റെ നേർവഴി കാണിച്ച ‘കുട്ടേട്ടനെ’ കുറിച്ച്. മലയാളികളുടെ സ്വന്തം കുഞ്ഞുണ്ണിമാഷിനെക്കുറിച്ച്. ഒരു അക്ബർ കക്കട്ടിലിനെ മാത്രമല്ല ആ പോസ്റ്റുകാർഡുകൾ തേടിയെത്തിയിട്ടുള്ളത്. ഇന്ന് സാഹിത്യകാരന്മാരായി കേരളം ആദരിക്കുന്ന പല വ്യക്തികൾക്കും മാർഗനിർദ്ദേശം നൽകിയിട്ടുണ്ട് ആ കുനുന്നനെയുള്ള അക്ഷരങ്ങൾ. സത്യൻ അന്തിക്കാടിന്റെ ‘ഓർമ്മകളുടെ കുടമാറ്റ‘ത്തിലും മാഷിനെക്കുറിച്ച് വളരെ ആദരവോടെ എഴുതിയിരുന്നത് ഓർക്കുന്നു. അങ്ങനെ ഒരു തലമുറയെ മുഴുവൻ സ്വാധീ‍നിച്ച ആ മഹത് വ്യക്തിയോട് ഒരു പതിനഞ്ചുകാരൻ ബഹുമാനം കാണിച്ചില്ല. അല്ല ‘കാണിച്ചു’, പക്ഷേ അതിൽ ആത്മാർഥതയുടെ അംശം തുലോം കുറവായിരുന്നു!

  പഠിത്തത്തിൽ തരക്കേടില്ലാതിരുന്ന പതിനഞ്ചുകാ‍രന് പത്താം ക്ലാസ്സ് പരീക്ഷയിൽ നേടിയ മാർക്കിന് ഒരു അവാർഡ് ലഭിക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് അമ്മയും അച്ഛനും പറഞ്ഞു തന്നു, “സമ്മാനം തരുന്നത് കുഞ്ഞുണ്ണിമാഷാണ്. അതൊരു ഭാഗ്യമാണ്. ബഹുമാനത്തോടെ വേണം അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ. പ്രസംഗിക്കാൻ പറഞ്ഞാൽ മാഷിന്റെ കയ്യിൽ നിന്ന് അവാർഡ് മേടിച്ചതിലുള്ള അഭിമാനത്തെക്കുറിച്ച് പറയണം.” തികഞ്ഞ അക്ഷരവൈരിയായി വളരുന്ന നായകന് ഇതിലൊന്നും അത്ര അഭിമാനമൊന്നും തോനുന്നില്ല. എങ്കിലും വെറുതെ പറഞ്ഞേക്കാം എന്നു തീരുമാനിച്ചു. ചടങ്ങ് നടക്കുന്ന വേദിയിൽ എത്തിയപ്പോൾ അവിടെ ഒരുക്കങ്ങൾ നടക്കുന്നതേ ഉള്ളൂ. ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു. അപ്പോൾ ഒരു വെളുത്ത അംബാസിഡർ കാർ പുറത്ത് വന്ന് നിന്നു. കുറേ സംഘാടകർ വേഗം അങ്ങോട്ട് പോവുന്നത് കണ്ടു. കട്ടിക്കണ്ണട വെച്ച് , ഒറ്റമുണ്ടും ഖദർ വസ്ത്രവും ധരിച്ച് ഒരു കുറിയ മനുഷ്യനെ സ്വീകരിച്ച് കൊണ്ടു വരാനാണ് സംഘാടകർ പോയത്. “ദേ കുഞ്ഞുണ്ണിമാഷ്!“, ആ മനുഷ്യനെ കണ്ട അമ്മയുടെ വാക്കുകളിൽ ബഹുമാനം തുളുമ്പുന്നു.

  അത്ര ബഹുമാനം ഒന്നും തോന്നിയില്ലെങ്കിലും ഒരു കൌതുകം ആ പതിനഞ്ചുകാരനും തോന്നി. സ്കൂളിൽ കാണുന്ന പല മാഷന്മാരുടേയും പോലെ അത്ര ഗൌരവക്കാരനല്ല കാഴ്ചയിൽ ഈ മാഷ്. പിന്നീട് മാഷിന്റെ പ്രസംഗം കേട്ടിരുന്നപ്പോൾ രസിച്ചു. സമ്മാനം മേടിക്കാറായപ്പോൾ പത്താംക്ലാസ് പയ്യൻ പോയി മേടിച്ചു. മാഷ് “നന്നായി വരും” എന്ന് അനുഗ്രഹിച്ചുകൊണ്ട് കാഷ് അവാർഡും ഫലകവും കയ്യിൽ തന്നു. അത് നായകന് “ക്ഷ” പിടിച്ചു. മോശമില്ലാത്ത ഒരു സംഖ്യ കയ്യിൽ കിട്ടിയില്ലേ! (അത് വരെ അവാർഡ് വകയിൽ അധികം പൈസയൊന്നും തടഞ്ഞിരുന്നില്ല). പ്രസംഗിക്കുമ്പോൾ വീട്ടിൽ നിന്ന് പറഞ്ഞത് മറന്നില്ല, നായകൻ മൊഴിഞ്ഞു “ഈ അവാർഡ് കുഞ്ഞുണ്ണിമാഷുടെ കയ്യിൽ നിന്നാണ് മേടിക്കുന്നത് എന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്!“. അതെ ആത്മാർഥത തീരെ ഇല്ലാതെ!

  വർഷങ്ങൾ പലത് കഴിഞ്ഞു. നമ്മുടെ പതിനഞ്ചുകാരൻ വളർന്നു, അവന്റെ കാഴ്ചപ്പാടുകൾ മാറി. കോളേജ് കാലഘട്ടത്തിലെന്നോ അയാൾ പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങി. ഒരിക്കൽ കുഞ്ഞുണ്ണിമാഷിന്റെ “എന്നിലൂടെ” എന്ന ആത്മകഥ വായിക്കാൻ ഇടയായി. അതിൽ ആ ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെ കണ്ടു. മാഷിന്റെ മഹത്വം തിരിച്ചറിഞ്ഞു. അങ്ങിനെ ഒരു വലിയ മനുഷ്യന്റെ അനുഗ്രഹമാണ് പഴയ പത്താംക്ലാസുകാരൻ തീരെ വിലമതിക്കാതിരുന്നത്. പൈസ കിട്ടിയ സന്തോഷത്തിൽ മറന്നത്! ചില തെറ്റുകൾ കാലം തിരുത്തും. അന്നു പറഞ്ഞ വാക്കുകളിലെ ആത്മാർഥതക്കുറവ് നികത്തിയതിന് നമ്മുടെ നായകൻ കാലത്തിന് നന്ദി പറയുന്നു. “നന്നായി വരും” എന്ന കുഞ്ഞുണ്ണിമാഷുടെ അനുഗ്രഹം ജീവിതത്തിലെ ഏറ്റവും വലിയ അവാർഡായി ആ കൊടുങ്ങല്ലൂർക്കാരൻ ഇപ്പോൾ കരുതുന്നു. നിറഞ്ഞ ആത്മാർഥതയോടെ ഒരിക്കൽ കൂടി: “ആ അവാർഡ് കുഞ്ഞുണ്ണിമാഷുടെ കയ്യിൽ നിന്നാണ് മേടിച്ചത് എന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്“.