Thursday, May 21, 2020

ഒരു മുഖം


1992-93, കേബിള്‍ ടിവി കേരളത്തില്‍ വന്നു തുടങ്ങുന്ന കാലം. കേബിള്‍ ടിവി ഉള്ള ബന്ധുഗൃഹത്തില്‍ എത്തിയ എട്ടു വയസ്സുകാരന് ഒരു വിജ്ഞാനശകലം കിട്ടുന്നു. രാത്രി കേബിള്‍ ടിവിക്കാര്‍ സിനിമ വെക്കും. തികച്ചും സ്വാഭാവികമായി എട്ടു വയസ്സുകാരന്‍ ചോദിച്ചു, “മോഹന്‍ലാലിന്റെ സിനിമ വെക്യോ?”. അത് പറയാന്‍ പറ്റില്ല എന്ന മുതിര്‍ന്നവരുടെ ഉത്തരം അവനെ ഒരല്പം നിരാശനാക്കി. കാരണം, മോഹന്‍ലാലിന്റെ ആണ് അവന്റെ ഇഷ്ടപ്പെട്ട സിനിമകള്‍ എല്ലാം. ഈ പ്രായത്തില്‍ തന്നെ അവന്‍ അങ്ങനെ ഒരു ഇഷ്ടത്തില്‍ വന്നു ചേര്‍ന്നിരുന്നു. എന്ത് കൊണ്ട്, എന്ന് ചിന്തിച്ച് തുടങ്ങാന്‍ കാലം പിന്നെയും കടക്കേണ്ടിയിരുന്നു, അവന്‍ മോഹന്‍ലാലിന്‍റെ നഗരത്തില്‍ കോളേജ് വിദ്യാര്‍ഥി ആയി എത്തേണ്ടിയിരുന്നു. നിരാശനായ എട്ടു വയസ്സുകാരനെ സമാധാനിപ്പിക്കാന്‍ മുത്തശ്ശി പറഞ്ഞു, “ ഒരു കാര്യം ചെയ്യു. അവരെ വിളിച്ച് ചോദിക്കു. മോഹന്‍ലാലിന്‍റെ സിനിമ ഇടുമോന്ന്”. കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണിനടുത്തേക്ക് ഓടി. പക്ഷേ ഒരു പ്രശ്നം; ആ യന്ത്രം എങ്ങനെ പ്രവര്‍ത്തിക്കും എന്നറിയില്ല. അതിനും കാലം കുറെ മുന്നോട്ട് പോവേണ്ടിയിരുന്നു. മുത്തശ്ശി വന്ന് വിരലുകള്‍ പിടിച്ച് കറക്കി തന്നു. മറു തലയ്ക്കല്‍ റിംഗ് ചെയ്ത് ഫോണ്‍ എടുത്തപ്പോള്‍,  ഒരു പാതി വിറയലോടെ അവന്‍ ചോദിച്ചു “സെന്റ്‌ ജോര്‍ജ് കേബിള്‍ ടിവി അല്ലേ?”. അതേ എന്ന ഉത്തരത്തിന്‍റെ മുഴുവന്‍ ശബ്ദവും ഇങ്ങെത്തും മുന്‍പേ ചോദിച്ചു “ഇന്ന് രാത്രി മോഹന്‍ലാലിന്റെ സിനിമ ഇടോ?”. മറു തലയ്ക്കലെ ശബ്ദത്തിന് ഒരു നിമിഷത്തെ അമ്പരപ്പിന്റെ നിശബ്ദത. പിന്നീട് ഒരു കൊച്ചു ചിരിയോടെ ഉത്തരം വന്നു “നോക്കാം കേട്ടോ”. ആ ദിവസം മുഴുവന്‍ അവന്‍ കളിച്ചു കൊണ്ടിരുന്നു, രാത്രി മോഹന്‍ലാലിന്‍റെ സിനിമ എന്ന പ്രതീക്ഷയുമായി. എട്ടു മണിക്ക് മഞ്ഞ ബള്‍ബിന്റെ പ്രകാശത്തില്‍ ടിവിക്ക് മുന്നില്‍ ഇടം പിടിച്ച് വലിയ താമസം ഇല്ലാതെ സിനിമ തുടങ്ങി. ഒരു ഗ്രാമവും അവിടെ കുറെ ആളുകളും ഒക്കെ ആണ് കഥാ സാരം. പക്ഷേ മോഹന്‍ലാല്‍ ഇല്ല. അവന് നിരാശ ആയി. എങ്കിലും ഒരു പകുതി ഉറക്കത്തില്‍ സിനിമ കണ്ടുകൊണ്ട് ഇരുന്നു. പെട്ടെന്ന് സ്ക്രീനില്‍ അത് വരെ കാണാത്ത, ഇളംനീല നിറത്തില്‍ ഉള്ള ഒരു വലിയ കാര്‍ തെളിഞ്ഞു. അത് ഗ്രാമത്തിലെ കടയ്ക്കു മുന്‍പില്‍ വന്നു നിന്നു. കാറില്‍ നിന്നും സ്ക്രീനിനു പുറം തിരിഞ്ഞ്, കറുത്ത വസ്ത്രം ധരിച്ച ആള്‍ ഇറങ്ങി. തിരിയുമ്പോള്‍, കൂളിംഗ്‌ ഗ്ലാസ് വെച്ച് മോഹന്‍ലാല്‍! എട്ടു വയസ്സുകാരന്‍ കോരിത്തരിച്ചു.  ആ സംഭവത്തിനു ശേഷം കാല്‍ നൂറ്റാണ്ടിനപ്പുറം കഴിഞ്ഞിരിക്കുന്നു. പ്രായത്തിനൊപ്പം, കണ്ട മോഹന്‍ലാല്‍ സിനിമകളിലും അനുഭവങ്ങള്‍ മാറാന്‍ തുടങ്ങി. കുട്ടിക്കാലത്തെ പ്രിയ സിനിമകള്‍ ചിലപ്പോള്‍ അത്ര മെച്ചം ഇല്ലല്ലോ എന്ന് തോന്നി. പക്ഷേ അപ്പോള്‍ കുട്ടിക്കാലത്ത് ഇഷ്ടപ്പെടാതിരുന്ന/കാണാതിരുന്ന സിനിമകളുടെ വലിയ നിര തന്നെ മനസ്സില്‍ വന്നു കൂട് കെട്ടി. എത്രയോ മോശം സിനിമകളും കണ്ടു! ജയകൃഷ്ണനും, നീലകണ്‌ഠനും, സത്യനാഥനും, സേതുമാധവനും, ദാസനും അങ്ങിനെ പല കഥാപാത്രങ്ങളും മനസ്സില്‍ ചില അറകളില്‍ എന്നെന്നേക്കുമായി കുടിയിരുന്നു. അതു പോലെ മനസ്സിനെ കോരിത്തരിപ്പിച്ച എത്രയോ സീനുകള്‍, സിനിമകള്‍. ഇന്നും “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍” കാണുമ്പോള്‍ ആ എട്ടു വയസ്സുകാരന്‍ മനസ്സില്‍ വരും. ആ ഒരു സീനില്‍ അവന്‍ അനുഭവിച്ച വികാരം ഇന്നും മനസ്സിനെ കുളിരണിയിക്കും. അങ്ങനെ മനസ്സില്‍ പതിയുന്ന നിമിഷങ്ങള്‍ ഒരു സിനിമയില്‍ ഒരുക്കുന്നതില്‍ എഴുത്തുകാരനും സംവിധായകനും ഒക്കെ പങ്കുണ്ട് എന്ന ബോധ്യം കാലം തന്നിരിക്കുന്നു. പക്ഷേ ആ വികാരങ്ങള്‍ക്ക് ഇന്നും ഒരു മുഖമേ ഉള്ളു, പഴയ എട്ടു വയസ്സുകാരന്റെ മനസ്സില്‍ പതിഞ്ഞ നായകന്‍റെ, ഇന്ന് അറുപതില്‍ എത്തിയ ഈ മനുഷ്യന്‍റെ, മോഹന്‍ലാലിന്റെ!