Sunday, November 4, 2018

ആത്മീയ വിചാരം അഥവാ സ്വയം ഒരു അഭിമുഖം


എന്തുകൊണ്ട് ഇങ്ങനെ ഒരു വിഷയം ഇപ്പോള്‍?

ഒരു ദിവസം എനിക്ക് ‘ഞാന്‍’ എന്ന വ്യക്തിയുടെ വിശ്വാസത്തിന്റെ രണ്ട് വശങ്ങള്‍ അനുഭവിക്കാന്‍ അവസരം ലഭിച്ചു. അതിനെ കുറിച്ച് മനസ്സില്‍ ഉണര്‍ന്ന ചിന്തകളെ ഒന്ന് എഴുതിയാല്‍ ഒരു പക്ഷേ വായനക്കാര്‍ക്ക് ഞാന്‍ എന്ന വ്യക്തിയെ കൂടുതല്‍ മനസ്സിലാക്കാനും, പറ്റിയാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് എന്റെ വിശ്വാസ സഞ്ചയത്തെ കൂടുതല്‍ തെളിവായി എനിക്ക് കാണിച്ചു തരാനും സാധിക്കും എന്ന് തോന്നി.

ശരി. വിശ്വാസത്തിന്റെ വശങ്ങള്‍ വിശദീകരിക്കാമോ?

ലക്ഷദ്വീപിലെ ‘കടമത്ത്’ എന്ന ദ്വീപില്‍ നിന്നും ‘അഗത്തി’ എന്ന എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന ദ്വീപിലേക്ക് ഒരു ബോട്ടില്‍, നല്ല മഴയും കാറ്റും ഉള്ള കാലാവസ്ഥയില്‍, ആടിയുലഞ്ഞ് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ശരിക്കും പേടിച്ച് മനസ്സില്‍ ഈശ്വരനെ വിളിച്ചു കൊണ്ടിരുന്നു. ഇത് അവിടത്തുകാര്‍ക്ക്‌ അത്ര പുതുമ അല്ലെന്നും പതുക്കെ പോവുന്നത് കാരണം ഞങ്ങളുടെ ഫ്ലൈറ്റ് കിട്ടാതെ തിരികെ ഉള്ള യാത്ര മുടങ്ങുമോ എന്ന് മാത്രമേ ബോട്ടിലെ ജീവനക്കാര്‍ക്ക് സംശയം ഉള്ളൂ എന്നും എന്റെ യുക്തിബോധം എന്നെ സമാധാനിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും, എന്റെ പ്രാര്‍ഥന ആണ് എനിക്ക് കൂടുതല്‍ സമാധാനം നല്‍കിയത്. ഒടുവില്‍ ഫ്ലൈറ്റ് വൈകുകയും ഞങ്ങള്‍ ലക്ഷദ്വീപിലെ ടൂറിസം അധികൃതരുടെയും എയര്‍ ഇന്ത്യ അധികൃതരുടെയും സഹായത്തില്‍ ഒരു വിധത്തില്‍ ഫ്ലൈറ്റില്‍ കയറുകയും ചെയ്യുമ്പോള്‍ അതില്‍ എല്ലാം ഒരു ഈശ്വര കടാക്ഷം ആണ് ഞാന്‍ കണ്ടത്, ഇതെല്ലാം തികച്ചും യാദൃശ്ചികം മാത്രം ആണെന്ന് എന്റെ യുക്തി എന്റെ വിശ്വാസത്തോട് മത്സരിച്ചെങ്കിലും!

തിരികെ വീട്ടില്‍ എത്തിയപ്പോള്‍ മുത്തശ്ശി ടി വി കാണുന്നു. സ്വന്തം വിശ്വാസസംരക്ഷണത്തിന് ഇറങ്ങിയ ആള്‍ക്കൂട്ടം പോലീസിനെ കല്ലെറിയുന്നു, സംഭവങ്ങള്‍ ചിത്രീകരിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും അവരുടെ കാറും സാമഗ്രികളും തകര്‍ക്കുകയും ചെയ്യുന്നു. തങ്ങളുടെ ജോലിയുടെ ഭാഗമായി എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ കൂവുകയും മറ്റും ചെയ്യുന്നു. അതെ, അവര്‍ ഉയര്‍ത്തുന്ന കാഹളം, “സ്വാമി ശരണം”! ഒരിക്കലേ പോയിട്ടുള്ളൂ എങ്കിലും എനിക്ക് ഏറ്റവും ദൈവീകത അനുഭവപ്പെട്ട ഒരിടത്തെ ഈ കാഴ്ച അപ്പോള്‍ എന്റെ വിശ്വാസത്തെ അല്ല എന്റെ യുക്തിയെ ആണ് സ്വാധീനിച്ചത്. ഇത് വിശ്വാസം അല്ല വെറും ആള്‍ക്കൂട്ടവെറി ആണെന്നുള്ള എന്റെ യുക്തി ബോധം ആണ് ഇവിടെ ജയിച്ചത്.

ആപത്തില്‍, അത് നിങ്ങളുടെ മനസ്സ് സങ്കല്പ്പിച്ചതാണ് എങ്കില്‍ പോലും, നിങ്ങള്‍ ഈശ്വരനെ വിളിക്കുകയും ആ ആപത്ഘട്ടം തരണം ചെയ്യുമ്പോള്‍ നിങ്ങള്‍ യുക്തിവാദം പറയുകയും ചെയ്യുന്നു എന്ന ഇരട്ടത്താപ്പല്ലേ മുകളില്‍ പറഞ്ഞത്?

അല്ലെന്നു തോനുന്നു. എന്റെ വിശ്വാസം എന്റെ മനസ്സിനും യുക്തിബോധം എന്റെ സാമൂഹ്യ ജീവിതത്തിനും ആണ് എന്ന് ഞാന്‍ കരുതുന്നു. പിന്നെ എന്റെ വിശ്വാസം ഈശ്വരനിലാണ്, ആ ഈശ്വരന് ഞാന്‍ പല അര്‍ഥങ്ങള്‍ , രൂപങ്ങള്‍ എല്ലാം സങ്കല്‍പ്പിക്കുന്നു. എന്റെ വിശ്വാസം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഈശ്വര വിശ്വാസത്തെ ഒരു കൂട്ടം ആചാരങ്ങളുടെ മാത്രം പേരിലല്ല ഞാന്‍ കാണുന്നത്, പല ആചാരങ്ങളും ഞാന്‍ പാലിക്കുന്നു എങ്കിലും. പക്ഷേ, സമൂഹം മാറുമ്പോള്‍ നമ്മള്‍ ചില ആചാരങ്ങളും മാറ്റേണ്ടി വരും, മാറ്റണം. അതിന് സാമൂഹ്യ ജീവിതത്തില്‍ എനിക്ക് തുണ ആവുന്ന യുക്തിബോധം ആണ് എന്റെ വഴികാട്ടി. കാരണം ആചാരങ്ങള്‍ സാമൂഹ്യ ജീവിതത്തിന്‍റെ സൃഷ്ടികളാണ്, അവയുടെ സൃഷ്ടിയും സ്ഥിതിയും നാം ഈശ്വരനില്‍ ആരോപിക്കുമ്പോഴും.

മുകളില്‍ പറഞ്ഞ ഉത്തരത്തില്‍ നിങ്ങളുടെ ശബരിമല വിഷയത്തിലെ നിലപാടും വ്യക്തമാണ്. നിങ്ങള്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് ‘ഞാന്‍’ മനസ്സിലാക്കുന്നു. പക്ഷേ ഒരു കോടതി ഒരു മതവിശ്വാസത്തെ പരിഷ്കരിക്കുന്നതിനെ ആണ് ഇവിടെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. അത് നിങ്ങള്‍ മറക്കുന്നു?

വിശ്വാസം എന്നത് യുക്തിയുടെ അളവുകോലില്‍ പലപ്പോഴും അളക്കാന്‍ പറ്റില്ല എന്ന് ഞാന്‍ നേരത്തേ സമ്മതിച്ചതാണ്. പക്ഷേ , ആചാരം എന്നത് ഒരു സാമൂഹിക വിഷയം ആവുമ്പോള്‍ കോടതിക്ക് ഇടപെടേണ്ടി വന്നേക്കാം. ഈ വിഷയത്തില്‍ കോടതി നോക്കുന്നത് സാമൂഹികമായി ഒരു വിശ്വാസം അനാചാരം ആണോ എന്നതാണ്. അതിനെ മാനിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇനി നിങ്ങള്‍ കോടതി മതവിശ്വാസങ്ങളില്‍ ഇടപെടരുത് എന്നാണ് വാദിക്കുന്നത് എങ്കില്‍, നിങ്ങള്‍ ഒരു പിടി അനാചാരങ്ങള്‍ക് വഴി തുറന്നു കൊടുക്കുക ആണ്. എന്ത് തോന്നിവാസത്തെയും നിങ്ങള്‍ക്ക് ‘വിശ്വാസത്തിന്റെ’ വാലില്‍ കെട്ടി ന്യായീകരിക്കാം.

‘വ്യക്തിപരമായി, ഇനിയും മനുഷ്യരെ അങ്ങോട്ട്‌ വിടരുത് എന്നാണ് ഈ വിഷയത്തില്‍ എന്റെ നിലപാട്. അവിടുത്തെ പ്രകൃതി നാം ഇപ്പോള്‍ തന്നെ ആവശ്യത്തിനു നശിപ്പിച്ചു കഴിഞ്ഞു. എന്തെങ്കിലും ഒരു ക്രമം ഇക്കാര്യത്തില്‍ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.

അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കകള്‍ ഒന്നും ഇല്ല എന്ന് കരുതാമോ? നിങ്ങളുടെ മതത്തെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് നിങ്ങള്‍ കൂട്ട് നില്‍ക്കുമോ?

ആചാരം ആണ് നിങ്ങള്‍ മതം എന്ന് പറഞ്ഞതെങ്കില്‍, അതിനെ നിലനിര്‍ത്തേണ്ട യുക്തി ഞാന്‍ കാണുന്നില്ലെങ്കില്‍, ആ മതവിചാരത്തെ നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കില്ല. വിശ്വാസം ആണ് നിങ്ങള്‍ മതം എന്ന് അര്‍ഥം ആക്കുന്നതെങ്കില്‍ ഞാന്‍ എന്റെ ഈശ്വരനില്‍ പൂര്‍ണ വിശ്വാസി ആണ്. എന്റെ ഒരു ‘സംരക്ഷണം’ ഈശ്വരന് വേണം എന്ന് കരുതാന്‍ മാത്രം അവിശ്വാസി അല്ല ഞാന്‍. കാര്യമായി സംഘടന ഇല്ലാതെ, കര്‍ക്കശമായ ലിഖിത നിയമങ്ങള്‍ ഇല്ലാതെ, ഇത്രയും കാലം ഈ ആശയസഞ്ചയം നിലനിന്നെങ്കില്‍ ഇനി അങ്ങോട്ടും നിലനില്‍ക്കും എന്ന് എനിക്ക് സംശയം ഒന്നും ഇല്ല. പല തരത്തില്‍ ഉള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂട്ടി നിര്‍ത്തിയ ഭാരതീയ ചിന്തയില്‍, അതിനെ പാശ്ചാത്യര്‍ വിളിച്ച ഹിന്ദു മതം എന്ന ഒറ്റപ്പേരില്‍, ഞാന്‍ പൂര്‍ണമായും തൃപ്തനാണ്. അക്കൂട്ടത്തില്‍ ഞാന്‍ വായിക്കുന്നതും എനിക്ക് ശരി എന്ന് തോന്നുന്നതും ആയ ആശയങ്ങളെ ഞാന്‍ എന്റെ മതവിശ്വാസമായി മുറുകെ പിടിക്കുന്നു. ഈ ആശയപ്രപഞ്ചത്തെ ഒന്നിച്ചു നിര്‍ത്താന്‍ ആരും യത്നിക്കണം എന്ന് തോനുന്നില്ല. അത് തനിയേ നിന്നോളും. മറിച്ച്, ഒരേ ഒരു ശരിയെ ഉള്ളൂ എന്ന മട്ടില്‍ ഈ മതത്തെ മാറ്റി എടുക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഈ സംസ്കാരത്തിന്റെ അന്ത്യം കുറിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

എന്താണ്  നിങ്ങള്‍ക്ക് ശരി എന്ന് തോനുന്ന ഈ മതത്തിന്റെ ആശയങ്ങള്‍?

എല്ലാ വിശ്വാസങ്ങളും ഈശ്വരന്‍ എന്ന സാഗരത്തിലേക്ക് ഒഴുകുന്ന പുഴകളെ പോലെ ആണ് എന്ന വിവേകാനന്ദന്‍ പറഞ്ഞ വാക്യം. നന്മയിലേക്ക് നിങ്ങളുടെ കര്‍മ്മത്തെ നയിക്കുക അങ്ങിനെ തിന്മ നിങ്ങളുടെ സ്വഭാവത്ത്തില്‍ നിന്ന് മായട്ടെ എന്ന് അദ്ദേഹം പറഞ്ഞ കര്‍മയോഗം. ‘പലമതസാരവുമേകം’ എന്ന് പറഞ്ഞ, സഹോദരന്‍ അയ്യപ്പന്‍റെ അവിശ്വാസം പോലും ശരിയെന്നു കണ്ട, കരുണയില്‍ ദൈവത്തെ കണ്ട നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍. ജീവിതത്തിന്‍റെ, ബന്ധങ്ങളുടെ, ധര്‍മ്മത്തിന്റെ സന്ദിഗ്ധതകള്‍ വരച്ചിട്ട മഹാഭാരത ദര്‍ശനങ്ങള്‍. ‘യത്ര വിശ്വം ഭവത്യേകനീഡം’ എന്ന ഉപനിഷദ് വാക്യം. ടാഗോര്‍ ലേഖനങ്ങള്‍ വിവരിച്ച നാനാത്വത്തിലെ ഏകത്വം. ‘വിമ്ര്ശ്യയ്തത് അശേഷേണ യഥേഛസി തഥാ കുരു’ ( ച്ചാല്‍, ഞാന്‍ ഈ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങാതെ നല്ലവണ്ണം ആലോചിച്ച് നിന്റെ ബുദ്ധിക്ക് ശരി എന്ന് തോന്നുന്നത് നീ ചെയ്യ് ) എന്ന് കൃഷ്ണന്‍ അര്‍ജുനനോടു പറഞ്ഞ ഗീതാ വാക്യം. ഞാന്‍ ഇത് വരെ വായിച്ചത് വെച്ച്  ഇങ്ങനെ പലതും. ഒരുപാട് ആശയ സംഹിതകള്‍ ഉള്ള ഭാരതീയ ദര്‍ശനം ഇനിയും ഇത് പോലെ എന്റെ ബുദ്ധിയെ സ്വാധീനിക്കും എന്നും ഞാന്‍ കരുതുന്നു.

നിങ്ങളുടെ ആശയം ശരി എന്ന് സമര്‍ഥിക്കാന്‍ നിങ്ങള്‍ ചിലതിനെ മാത്രം എടുത്ത് കാട്ടുക അല്ലേ?

അതെ. പൊതുവില്‍ എല്ലാവരും അത് തന്നെ ആണ് ചെയ്യുന്നത്. ഞാന്‍ വായിച്ചതില്‍ ഞാന്‍ ഉപേക്ഷിച്ച പല ആശയങ്ങളും ഉണ്ട്. ഞാന്‍ മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ഒന്നും മറ്റൊരാളെ ഉപദ്രവിക്കാന്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ ഉറപ്പ് ആണ് ഞാന്‍ കൂടെ കൂട്ടുന്ന വിശ്വാസങ്ങള്‍ക്ക് ആധാരം. എന്റെ വ്യാഖ്യാനങ്ങളോട് വിയോജിപ്പ്‌ ഉണ്ടാവാം, അതിനെ ഞാന്‍ അംഗീകരിക്കുന്നു. കാരണം, ഒരു വാക്യത്തെ പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ ഒരു മാതിരി എല്ലാ മതഗ്രന്ഥങ്ങളും വാക്കുകള്‍ക്കിടയില്‍ ചില വിടവുകള്‍ നിരത്തുന്നുണ്ട്. ഇത് ഞാന്‍ കാണുന്നത് എന്ന് മനസ്സിലാക്കിയാല്‍ മതി.

സമ്മതിച്ചു. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളില്‍ പല തരത്തില്‍ ഉള്ള വൈരുധ്യങ്ങള്‍ ഉണ്ട് എന്നാണ് ‘ഞാന്‍’ കാണുന്നത്. അതിനെ നിങ്ങള്‍ എങ്ങിനെ ന്യായീകരിക്കും?

പലപ്പോഴും എന്റെ വിശ്വാസവും യുക്തിയും എന്നും മനസ്സില്‍ പരസ്പരം സംഘര്‍ഷത്തില്‍ ആണ്, തങ്ങളുടേതായ ന്യായങ്ങളില്‍. അതാണ്‌ ‘ഞാന്‍’ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഞാന്‍ ജാതിവ്യവസ്ഥ തെറ്റാണ് എന്ന് മനസ്സിലാക്കുന്ന ഒരാളാണ്. ജന്മം കൊണ്ട് സവര്‍ണ്ണവിഭാഗക്കാരനായ ഞാന്‍ പൂണുനൂല്‍ ഇന്നും ധരിക്കുന്നുണ്ട്. ഇതില്‍ വ്യക്തമായ വൈരുധ്യം ഉണ്ട്. കാരണം പൊതുവില്‍ പൂണുനൂല്‍ ജാതി വ്യവസ്ഥയുടെ, വിവേചനത്തിന്റെ ചിഹ്നം ആണ്. ഇത് എന്റെ യുക്തിയും വിശ്വാസവും നേര്‍ക്കുനേര്‍ വരുന്ന ഒരു സന്ധി ആണ്. ഞാന്‍ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്നോട് “അത് അവിടെ കിടന്നോട്ടെ” എന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ മണ്മറഞ്ഞ വ്യക്തിയോട് എന്റെ ആദരവ് ആണ് ഈ നൂല്‍. ആ മനുഷ്യന്‍റെ അനുഗ്രഹത്തിന്റെ ഒരു രൂപം ആയിട്ടാണ് ഞാന്‍ ഇത് ധരിക്കുന്നത്. അത് എന്റെ വിശ്വാസം ആണ്. എന്നാല്‍ ഒരു പൂണുനൂല്‍ ഉള്ളത്കൊണ്ട് ഞാന്‍ വേറെ ഒരാളെക്കാള്‍ ഉയര്‍ന്നവനാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, ഇന്ത്യയില്‍ സവര്‍ണനായി ജനിച്ചതിനാല്‍ സാമൂഹികമായി ഒരുപാട് ആനുകൂല്യങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോളും. ഈ പറഞ്ഞത് ഒരു ന്യായം പോലും അല്ലായിരിക്കാം. പക്ഷേ എന്റെ ബുദ്ധി ഇപ്പോളും ഈ വിഷയത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്, ഒരിക്കല്‍ ഞാന്‍ ഇതിലും വ്യക്തമായ ഒരുത്തരത്തിലേക്ക് എത്തും എന്ന് ഞാന്‍ ആശിക്കുന്നു.

ഇത് പോലെ പല വൈരുധ്യങ്ങളും ഞാന്‍ എന്ന വ്യക്തിയില്‍ ഉണ്ട് എന്നത് എന്റെ യുക്തി ബോധത്തിന് തിരിച്ചറിയാനും എന്റെ വിശ്വാസത്തിനു അത് അംഗീകരിക്കാനും, ഒരു വഴി തെളിയുന്നെങ്കില്‍ തിരുത്താനും കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ചോദ്യങ്ങള്‍ ഇനിയും ഉണ്ടെങ്കിലും തല്‍ക്കാലം നിര്‍ത്താം എന്ന് ‘ഞാന്‍’ കരുതുന്നു. ഇത്രയും വായിക്കാന്‍ സന്മനസ്സു കാണിച്ച വായനക്കാരോട് ‘നിങ്ങള്‍’ എങ്ങനെ പ്രതികരിക്കുന്നു?

“എന്നോട് വിയോജിക്കാന്‍ ഉള്ള നിങ്ങുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടി തൂക്കുകയറിലേക്ക് പോവാനും ഞാന്‍ ഒരുക്കം ആണ്” എന്ന വോള്‍ട്ടയര്‍ വാക്യം എന്റെ യുക്തിബോധത്തെയും, “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ദര്‍ശനം എന്റെ വിശ്വാസത്തെയും നയിക്കട്ടെ. ആശയപരമായ വിയോജിപ്പുകളിലും വിശ്വാസങ്ങളുടെ വൈപുല്യത്തിലും സൗഹൃദവും ബന്ധങ്ങളും കൂടുതല്‍ ശക്തമാവട്ടെ.

Monday, May 7, 2018

മേഘങ്ങളുടെ നാട്, വെള്ളച്ചാട്ടങ്ങളുടെയും


മേഘങ്ങള്‍ക്ക് ഇടയിലൂടെ വന്ന സൂര്യപ്രകാശവും, ഇപ്പോള്‍ വായിക്കുന്ന വേണുവിന്റെ 'സോളോ സ്റൊരീസ്'-ഉം ഈ വൈകുന്നേരം ഓര്‍മ്മകളെ ഇവിടെയാണ്‌ എത്തിച്ചത്. ചെറു ചാറ്റല്‍മഴയത്ത്, ഷില്ലോങ്ങിലേക്ക് ഉള്ള വഴിയില്‍. "ഇനി അധികം ദൂരമില്ല ഈ മോശം വഴി. ഒരു രണ്ടു കിലോമീറ്റര്‍ കൂടെ കഴിഞ്ഞാല്‍ നല്ല റോഡ്‌ ആണ്"-സാരഥി 'ഹോറി ചോന്ദ്ര ഡെ' അഥവാ ഹരി ചന്ദ്ര ഡെ പറഞ്ഞു. അധികം സംസാരിക്കാത്ത എന്നാല്‍ കാര്യങ്ങള്‍ വേണ്ട രീതിയില്‍ പറഞ്ഞു തരുന്ന ഹരി പിന്നീടുള്ള യാത്രയില്‍ കണ്ട മനുഷ്യരുടെ മാതൃക ആയിരുന്നു. ചുറ്റും പച്ചപ്പ്‌ കൂടി വന്നു, ഗ്രാമീണതയും. കാര്‍ നിറുത്തി ഹരി പറഞ്ഞു, "'ഇതാണ് ഉമിയാം തടാകം. നിങ്ങള്‍ കണ്ടു വന്നോളു. ഞാന്‍ ഇവിടെ ഉണ്ടാകും." . വലിയ തടാകത്തിന്റെ അരികില്‍ ഒരു പാര്‍ക്ക് . തടാകത്തിനോട് ചേര്‍ന്ന് മരം കൊണ്ട് ഉണ്ടാക്കിയ ഒരു പ്ലാറ്റ്ഫോം. അവിടെ നിന്ന് തടാകവും ചുറ്റും ചെറിയ മൂടല്‍ മഞ്ഞില്‍ നിരന്ന മലനിരകളും  കാണാം. യാത്രാക്ഷീണം മാറാന്‍ ആ കാഴ്ച തന്നെ ധാരാളമായിരുന്നു. ക്യാമറ എടുത്ത് കുറച്ച് ഫോട്ടോ എടുത്തു. നല്ല ഫോട്ടോക്ക് വേണ്ടിയുള്ള തത്രപ്പാടില്‍ നല്ല നിമിഷങ്ങള്‍ ആസ്വദിക്കുന്നത് കുറയുന്നു എന്ന് തോന്നി. ക്യാമറ തിരിച്ച് ബാഗില്‍ വെച്ച് പാറുവും നിളയും പുല്‍ത്തകിടിയില്‍ കളിക്കുന്നത് നോക്കി നിന്നു. ക്യാമറ ചിത്രങ്ങളേക്കാള്‍ മിഴിവോടെ ആ ചിത്രം ഇപ്പോളും മനസ്സില്‍ നിറയുന്നു. പാര്‍ക്കിലെ ചായക്കടയില്‍ നിന്ന് ഒരു ചായ പറഞ്ഞു. മേഘാലയയില്‍ പിന്നീട് എല്ലായിടത്തും കിട്ടിയതു പോലെ പാല്‍പ്പൊടി ചായ കിട്ടി.  ചായ കുടിക്കാന്‍ ഞങ്ങള്‍ക്ക് കൂട്ടും കിട്ടി, മൈനകള്‍. കേരളത്തിലും ബെന്ഗലൂരിലും കാണാത്ത പക്ഷിയെ കുട്ടികള്‍ അത്ഭുതത്തോടെ നോക്കി. മേഘാലയ യാത്രയിലെ ആദ്യ ഇടം പ്രതീക്ഷിച്ചതിലും മേലെ നിന്നു.


ഹോട്ടലില്‍ എത്തി ഒന്ന് വിശ്രമിച്ചിട്ട് പുറത്തേക്ക് ഇറങ്ങി. മണി ആറാവുമ്പോളെക്കും മേഘാലയം ഇരുളും. രാത്രി ജീവിതത്തിന് അധികം നീളം ഇല്ലെന്നു തോന്നി. പല ഹോട്ടെലുകളും ഒന്‍പതിന് പൂട്ടും എന്ന് ബോര്‍ഡ്‌ വെച്ചിരുന്നു. കുറച്ച് നടന്ന് ഒരു ഹോട്ടലില്‍ കയറി ഡിന്നര്‍ കഴിച്ചു. തിരിച്ചു നടക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു, രാത്രിയിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ നിരവധി ആണ് ഷില്ലോങ്ങില്‍. ഇന്ത്യയിലെ മറ്റു ഭാഗങ്ങളേക്കാള്‍ സുരക്ഷിതമാണ് ഇവിടം എന്ന് ആ കാഴ്ച പറഞ്ഞു തന്നു. തിരിച്ച് ഹോട്ടലില്‍ എത്തി വെറുതെ പുറത്തേക്ക് നോക്കി നിന്നു, അപ്പുറത്ത് ഒരു ചെറു നദിയോ തടാകമോ മറ്റോ ആണ്. പക്ഷേ കാണാന്‍ സാധിക്കുന്നില്ല. അതിനപ്പുറത്ത് നിയോണ്‍ വെളിച്ചത്തില്‍ മുങ്ങി കുറെ പഴയ കെട്ടിടങ്ങള്‍. അവയില്‍ മറ്റൊരു ദിവസത്തെ യാത്രയാക്കാന്‍ ഒരുങ്ങുന്ന മനുഷ്യര്‍. നിശ്ചയമായും സാമ്പത്തികമായി മേല്‍ത്തട്ടില്‍ നില്കാത്ത ജീവിതങ്ങള്‍ എന്ന് ആ പരിസരങ്ങള്‍ പറഞ്ഞു. ഒരു മുറിയില്‍ ഒരു ജീവിതം പടുക്കുന്ന ആ സഹജീവികളുടെ കാഴ്ച ഈ ഹോട്ടല്‍ മുറിയില്‍ സുഖവാസത്തിനു വന്ന എന്നെ ലജ്ജിപ്പിച്ചുവോ അതോ വേദനിപ്പിച്ചുവോ, തീര്‍ച്ചയില്ല. തട്ടിച്ചു നോക്കിയാല്‍ നമ്മുടെ ജീവിതം നിത്യവും സുഖവാസം ആണെന്ന് ഓര്‍മിപ്പിച്ചു ആ കാഴ്ച.


വെള്ളച്ചാട്ടങ്ങളാണ് മേഘാലയയിലെ പ്രധാന കാഴ്ചാവിഭവം. ഈ യാത്രയിലുടനീളം കണ്ടതും പല തരത്തില്‍ ഉള്ള വെള്ളച്ചാട്ടങ്ങള്‍. എലഫന്റ് ഫാള്‍സ് ആണ് ആദ്യം കണ്ടത്. പടികള്‍ ഇറങ്ങി ചെന്നാല്‍ രണ്ടു തട്ടിലായി രണ്ടു വെള്ളച്ചാട്ടങ്ങള്‍. പെയ്തിരുന്ന ചെറിയ മഴയില്‍ പാറക്കെട്ടുകളില്‍ ഒലിച്ചിറങ്ങിയ വെള്ളം ആ വെള്ളച്ചാട്ടങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നതു പോലെ. പിന്നീട് ഒരു വ്യൂ പോയിന്റ്‌ കണ്ടു. മലനിരകളും പച്ചപ്പും ചേര്‍ന്ന് കണ്ണിനെ താലോലിക്കുന്ന അനുഭവം. നേര്‍ത്ത കോടമഞ്ഞ്‌ ഒഴുകി വന്ന് ഞങ്ങളെ തഴുകി പോയി. കുറച്ച് നേരം കുട്ടികള്‍ ഓടി നടക്കട്ടെ എന്ന് കരുതി. അവിടെ ഉള്ള കുറച്ച് ചായക്കടകളും പിന്നെ കരകൌശല വസ്തുക്കളും മറ്റും വില്കുന്ന കടകളും ഉള്ളത് ഒന്ന് ചുറ്റി നടന്നു. കടല വില്‍ക്കുന്ന മേഘാലയന്‍ യുവതിയുടെ ഒരു ഫോട്ടോ എടുത്താല്‍ നന്നാകുമെന്ന് തോന്നി. ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ വിലക്കി. പൊതുവില്‍ ഇന്ത്യയില്‍ ഇല്ലാത്ത ഒരു അനുഭവം. അടുത്ത് ഒരു മുത്തശ്ശനും മുത്തശ്ശിയും നടത്തുന്ന പച്ചക്കറി കട കണ്ടു. അവര്‍ തമ്മില്‍ എന്തോ ചില്ലറ പരിഭവം ഉണ്ടെന്നു തോന്നി സംസാരം കേട്ടിട്ട്, ഭാഷ മനസ്സിലായില്ലെങ്കിലും. അവിടെ വില്കാന്‍ വെച്ചിരുന്ന ഒട്ടകപ്പക്ഷിയുടെ ശില്‍പ്പങ്ങള്‍ ശരിക്കും ജീവനുള്ളത് പോലെ. മരത്തില്‍ കൊത്തി വെച്ചിരിക്കുന്ന ചിറകുകള്‍ ഇപ്പോള്‍ അടിച്ചു തുടങ്ങും എന്ന് തോന്നും. വില ചോദിച്ചില്ല. ഇത്രയും ഭാരം യാത്രയില്‍ കൊണ്ട് നടക്കാന്‍ വയ്യ. ചുറ്റി നടന്നപ്പോള്‍ ഷാള്‍ വില്‍ക്കുന്ന ഒരു കട. അവിടുത്തെ സ്ത്രീ ഫോട്ടോ എടുക്കുന്നതില്‍ പ്രശ്നം ഒന്നും പറഞ്ഞില്ല. ചിരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ വിടര്‍ന്ന ഒരു ചെറു പുഞ്ചിരിയില്‍ ഒരല്പം വിഷാദം നിഴലിച്ച പോലെ. നന്ദി പറഞ്ഞു പോകാന്‍ തിരിഞ്ഞപ്പോള്‍ വില്കാന്‍ വെച്ചിരുന്ന, ഏതോ മൃഗത്തിന്‍റെ കൊമ്പില്‍ തീര്‍ത്ത ആദിവാസിയുടെ രൂപം കണ്ടു. കാണാന്‍ നല്ല ഭംഗി. അത് മേടിച്ചാലോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ മത്തായി ഒരു ബോര്‍ഡ്‌ കാണിച്ചു. അപൂര്‍വ ഇനം കാട്ടുപോത്തിന്റെ കൊമ്പിലാണ് ഈ ശില്‍പ്പങ്ങള്‍ തീര്‍ത്തിരിക്കുന്നത്. അവ വാങ്ങുമ്പോള്‍ നിങ്ങള്‍ ആ കാട്ടുപോത്തിനെ കൊല്ലുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. അവ വാങ്ങരുത് . പരിപാടി ഉപേക്ഷിച്ചു!


ഉച്ച ഭക്ഷണത്തിനു ശേഷം പോയത് പാവനമായ വനം (Sacred forest) കാണുവാനാണ് . വളഞ്ഞു പുളഞ്ഞു പോവുന്ന വഴികള്‍ താണ്ടി എത്തിയത് ഒരു പുല്മേട്ടിലാണ്. വലതു വശത്ത് ഖാസി ഹെറിറ്റേജ് വില്ലേജ് എന്ന ബോര്‍ഡ്‌ കണ്ടു. കാര്‍ നിര്‍ത്തി അതിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു, നിങ്ങള്‍ വനം കാണാന്‍ വന്നതാണോ?. ഇവിടെ വനം എവിടെ എന്ന് സംശയിച്ച് അതെ എന്ന് പറഞ്ഞു. അയാള്‍ താന്‍ ഗവര്‍ന്മെന്റ്റ് അംഗീകരിച്ച ഗൈഡ് ആണെന്നും വനം കാണിക്കാന്‍ എത്ര രൂപ ആകും എന്നും പറഞ്ഞു. പൈസ ഒട്ടും അധികം അല്ലാത്തതിനാല്‍ അയാളെ കൂടെ കൂട്ടി. എന്നിട്ടും ഒരു നിരയില്‍ കുറെ മരങ്ങള്‍ നില്കുന്നതല്ലാതെ വനം എവിടെ എന്നായിരുന്നു എന്റെ സംശയം. ഡോന്കിറ്റ് ലിങ്ങ്ടോ എന്ന ഗൈഡ് ഞങ്ങളെ ആ മരങ്ങളുടെ അടുത്തേക് കൊണ്ട് പോയി. ലിങ്ങ്ടോ രാജാക്കന്മാരുടെ മോപ്ലാന്ഗ് രാജവംശത്തിന്റെ കഥ പറഞ്ഞുകൊണ്ട്. മരം നട്ട് നാടുവാഴാന്‍ തുടങ്ങിയിരുന്ന, തങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വനങ്ങളുടെ വലിപ്പം കൊണ്ട് പ്രതാപം അളന്നിരുന്ന പഴയ രാജാക്കന്മാരുടെ ചരിത്രം പറഞ്ഞു കൊണ്ട്. നമ്മള്‍ കാട്ടിലേക്ക് കയറുന്നു എന്ന് പറഞ്ഞു ആ മരങ്ങള്‍ക്കിടയില്‍ ഉള്ള ഒരു ചെറിയ വിടവിലൂടെ ഡോന്കിറ്റ് നടന്നു, കൂടെ ഞങ്ങളും. കണ്ട കാഴ്ച ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല. ചുറ്റും ഇടതൂര്‍ന്ന് മരങ്ങള്‍. ഒരു ഇരുപത് അടിക്കപ്പുറം കാണാന്‍ പറ്റാതെ കനത്ത കാട്. ചീവീടുകളുടെ വലിയ ശബ്ദം. ഇതൊന്നും പത്തടി അപ്പുറത്ത് നിന്നപ്പോള്‍ അറിഞ്ഞില്ല! പണ്ട് ഈ കാട് പുല്മെട്ടിലെക് വളരാന്‍ തുടങ്ങിയപ്പോള്‍ മോപ്ലാന്ഗ് ഗ്രാമത്തിലെ രാജാവ് കാട്ടിലെ ദൈവങ്ങളോട് അപേക്ഷിച്ചു, തങ്ങളുടെ കളി സ്ഥലം കവരരുതെ എന്ന്. അന്ന് മുതല്‍ കാട് ആ പുല്മേട്ടിലെക് വളര്‍ന്നിട്ടില്ല എന്നാണ് ഐതിഹ്യം. ഇപ്പോളും മറുവശത്ത്‌ കാട് വളരുന്നുണ്ടത്രേ! ഒരു നിമിഷം ഞാന്‍ കൊടുങ്ങല്ലൂര്‍ എത്തി. ഞങ്ങളുടെ കളിസ്ഥലം കവര്‍ന്നത് കാടല്ലല്ലോ, സിമെന്റും കമ്പിയും ആണല്ലോ എന്ന് സങ്കടപ്പെട്ടു.


മഴ പെയ്തെങ്കിലും മരങ്ങളില്‍ തങ്ങി വെള്ളം ഞങ്ങളുടെ മേലേക്ക് അധികം വീണില്ല. ഞങ്ങള്‍ നടത്തം തുടര്‍ന്നു. മോപ്ലന്ഗ് ഗ്രാമീണര്‍ തങ്ങളുടെ രാജാവിനെ തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. രാജാവായി അധികാരമേറ്റ ശേഷം അവര്‍ കാടിനെ കാത്തുകൊള്ളാം എന്ന് പ്രതിജ്ഞ എടുത്തിരുന്ന കല്ലും, മൃഗബലി നടത്തിയിരുന്ന പീഠവും കണ്ടു നടക്കുമ്പോള്‍ നിലത്ത് നിന്ന് ഒരു രുദ്രാക്ഷം എടുത്തു കാട്ടിത്തന്നിട്ട് ഡോന്കിറ്റ് പറഞ്ഞു  ഈ പഞ്ചമുഖി രുദ്രാക്ഷം പുറത്ത് നല്ല വില കിട്ടുന്നതാണ്. പക്ഷേ ഞങ്ങള്‍ എടുക്കാറില്ല. ഈ കാട്ടില്‍ കഴിയാന്‍ എന്തും എടുക്കാം, പക്ഷേ ഒന്നും കാടിന് പുറത്തേക്ക് കൊണ്ട് പോവരുത് എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇന്നത്തെ ലോകത്തും അങ്ങനെ ചിന്തിക്കാന്‍ പറ്റുന്ന ചെറിയ ഒരു ജനത ഉണ്ട് എന്ന് അറിഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു. അവരുടെ വലിയ മനസ്സിനെ മനസ്സില്‍ തൊഴുതു. ഈ പ്രദേശം ഗ്രാമീണര്‍ തന്നെ ആണ് ഇന്നും വൃത്തിയായി സൂക്ഷിക്കുന്നത്. അതിനായി നിങ്ങള്‍ സംഭാവന വല്ലതും നല്‍കിയാല്‍ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇല്ലെങ്കിലും ഞങ്ങള്‍ക്ക് സന്തോഷം തന്നെ., തിരികെ നടക്കുമ്പോള്‍ ഡോന്കിറ്റ് പറഞ്ഞു. ഒരു കടലാസോ പ്ലാസ്റ്റിക്കോ കാണാത്ത ആ പ്രദേശം തന്നെ ആയിരുന്നു ആ വാക്കുകളുടെ സാക്ഷ്യം. കുറച്ച് പൈസ അധികം കൊടുത്ത് ഡോന്കിട്ടിനോട് യാത്ര പറഞ്ഞ് ആദ്യം കണ്ട ഖാസി ഗ്രാമത്തിന്റെ മാതൃക കാണാന്‍ ചുറ്റി നടക്കുമ്പോള്‍ മനസ്സില്‍ മുഴുവന്‍ ആ പഴയ രാജാക്കന്മാരായിരുന്നു. കാടിനെ സ്വത്തായി കണ്ടവര്‍, കാടിനോട് അപേക്ഷകള്‍ നടത്തിയവര്‍, കാക്കുന്ന കാടിന്‍റെ വലിപ്പത്തില്‍ പ്രതാപം കണ്ടവര്‍. നിറയുന്ന കീശയിലും വളരുന്ന സൌധങ്ങളിലും വികസനം കാണുന്ന നാം പുരോഗമിച്ചെന്നു വെറുതെ മേനി നടിക്കുന്നു.


ചിറാപ്പുന്ജി ആയിരുന്നു അടുത്ത ലക്ഷ്യം. പൂരിയും മസാലയും കഴിച്ച് കാറില്‍ കയറി. പോവുന്ന വഴിയില്‍ ലേഡി ഹൈദരി  പാര്‍ക്ക്‌ എന്നൊരു പാര്‍ക്കില്‍ ഹരി കാര്‍ നിര്‍ത്തി. മറ്റെവിടെയും കാണുന്ന പോലെ ഒരു സാധാരണ മൃഗശാലയും അതിനോട് ചേര്‍ന്ന ഒരു പാര്‍ക്കും മാത്രമേ ഉള്ളൂ ഇവിടം. ഞങ്ങള്‍ ചെന്ന നേരം മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമയം ആയിരുന്നു. ഞങ്ങള്‍ എന്തോ ഭക്ഷണവുമായി വരുന്നു എന്ന് ധരിച്ച് ഒരു കുഞ്ഞു തത്ത കൂടിനുള്ളില്‍ ഞങ്ങള്‍ നടക്കുന്ന ദിക്കിലേക്ക് പറന്നത് ഒരു കൌതുക കാഴ്ചയായി. പാവം, അതിനു വിശന്നിരിക്കണം. കുട്ടിക്കുരങ്ങന്മാരെ കണ്ട പാറു പല സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു. കുരങ്ങന്മാര്‍ പതുക്കെ പതുക്കെ മാറി മാറി ആണ് മനുഷ്യന്‍ ഉണ്ടായത് എന്ന എന്റെ സയന്‍സ് പാഠം കേട്ടിട്ട് മൂന്നു വയസ്സുകാരി മിഴിച്ച് നിന്നു. ഇത്ര ചെറിയ കുട്ടിയോട് പരിണാമ സിദ്ധാന്തം പറയുന്ന താനൊക്കെ എങ്ങോട്ടാടോ പരിണമിച്ചത് എന്ന് ചോദിക്കുന്ന പോലെ അടുത്ത കൂട്ടിലെ പിതാമഹന്‍ ഒന്ന് ചീറി. പാഠം ഉടനെ നിര്‍ത്തി നടന്നെത്തിയത്‌ പെലിക്കന്‍ കൊക്കുകള്‍ ഒഴുകി നടക്കുന്ന ഒരു ചെറിയ കുളത്തിന്റെ അടുത്താണ്. ഞങ്ങളെ കണ്ട പക്ഷികള്‍ ഉടനെ മറ്റേ ദിശയിലേക്ക് നീന്തി. പോയ സ്പീഡില്‍ തിരിച്ചു വരുന്നത് എന്തിനെന്ന് ആദ്യം മനസ്സിലായില്ല. പക്ഷേ കുളത്തിനടുത്ത് കൂടി മീന്‍ കുട്ടയുമായി വരുന്ന മനുഷ്യനെ കണ്ടിട്ടാണ് അവയുടെ വരവ്. അവയുടെ തീറ്റ നോക്കി കുറച്ച് നേരം നിന്നു.

ഷില്ലോങ്ങില്‍ നിന്ന് രണ്ടു മണിക്കൂറോളം മാറി ആണ്, ലോകത്ത് ഏറ്റവും മഴ ലഭിക്കുന്നു എന്ന് സ്കൂളില്‍ പഠിച്ച ചിറാപ്പുന്ജി. പക്ഷേ ഇപ്പോള്‍ അവിടെ നിന്ന് അറുപതു കിലോമീറ്റര്‍ അകലെ മോസിന്രം-നാണ്  ആ ഖ്യാതി എന്ന് അവിടെ ചെന്നിട്ടേ അറിഞ്ഞുള്ളു. പോവുന്ന വഴിയില്‍ വീണ്ടും തലേന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ കയറി നല്ല റൊട്ടി കഴിച്ചു. നേരം ഇരുണ്ടു തുടങ്ങിയപ്പോള്‍ ഹരി ഒരിടത്ത് വണ്ടി നിര്‍ത്തി. വാഹ്കബ എന്ന വെള്ളച്ചാട്ടം.പടികള്‍ ഇറങ്ങി ചെന്നാല്‍ നേരെ വെള്ളച്ചാട്ടത്തിനു മുകളില്‍ എത്താം. ചുറ്റും ചീവീടുകളുടെ ശബ്ദം മാത്രം. വെള്ളത്തിനു നല്ല തണുപ്പും. തിരികെ നടക്കുമ്പോള്‍ മുകളില്‍ അസ്തമയ സൂര്യന്റെ നേര്‍ത്ത പ്രകാശം ആ പ്രദേശത്തിന് ഒരു അലൌകിക പരിവേഷം നല്‍കുന്നത് പോലെ അനുഭവപ്പെട്ടു. പടി കയറി മുകളില്‍ എത്തി അടുത്തുള്ള ചായക്കടയില്‍ നിന്നും കട്ടന്‍ ചായ കുടിച്ചു. ശാന്തമായ ആ പ്രദേശത്തു നിന്നും പോവാന്‍ തോന്നിയില്ല. ഇതേ സ്ഥലം തിരികെ ഉള്ള യാത്രയില്‍ കണ്ടപ്പോള്‍ ആ വൈകുന്നേരം അവിടെ നിര്‍ത്തിയതിന് ഹരിയോട് മനസ്സില്‍ നന്ദി പറഞ്ഞു. ശാന്തമായിരുന്ന ആ പ്രദേശം സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു അപ്പോള്‍. ഒരു കിലോമീറ്റര്‍ ദൂരത്തോളം റോഡിനിരുവശവും നിര്‍ത്തിയിട്ട വാഹനങ്ങള്‍! രാത്രി ആയതിനാല്‍ ഹോട്ടല്‍ കണ്ടു പിടിക്കാന്‍ ഒരല്പം ബുദ്ധിമുട്ടി. ഗൂഗിള്‍ പറഞ്ഞ വഴി ഹോട്ടലിന്റെ പിറകില്‍ എവിടെയോ ആണ് ആദ്യം എത്തിച്ചത്. ഹോട്ടല്‍ എന്ന് പറയുന്നതിനെക്കാളും അതൊരു വീടായിരുന്നു എന്ന് പറയുന്നതാവും ശരി. അധികം സൌകര്യങ്ങള്‍ ഒന്നും ഇല്ല. പക്ഷേ നല്ല പെരുമാറ്റം കൊണ്ട് സൌകര്യങ്ങളിലെ കുറവുകളെ വിസ്മരിപ്പിച്ച കുറച്ച് ജീവനക്കാര്‍ അവിടുത്തെ താമസം സുഖകരമാക്കി.

ചിറാപ്പുന്ജിയില്‍ കാണാന്‍ പ്രധാനമായും ഉള്ളത് Living root bridges എന്ന വളരുന്ന വേരുകള്‍ കൊണ്ട് പണിത പാലങ്ങളാണ്. മനുഷ്യ നിര്‍മിതമായ ഇത്തരം പാലങ്ങള്‍ ഇന്ത്യയില്‍ മേഘലയയില്‍ മാത്രമേ ഉള്ളൂ എന്ന് യാത്ര മുഴുവന്‍ പ്ലാന്‍ ചെയ്ത രോഹിണി പറഞ്ഞു. അത് കൊണ്ട് ഞങ്ങള്‍ക്ക് അത് കണ്ടേ പറ്റൂ എന്ന് ഞങ്ങളും ഏറ്റു പറഞ്ഞു. കുട്ടികളെയും കൊണ്ട് ആ യാത്ര ബുദ്ധിമുട്ടാവും എന്ന ഹോട്ടല്‍ ജീവനക്കാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് രാവിലെ തന്നെ പുറപ്പെട്ടു. ഒന്പതിനോടടുത്ത് ഞങ്ങള്‍ അവിടെ എത്തി. ഗൈഡ് ഇല്ലാതെ പോവാന്‍ വിഷമം ആണെന്നുള്ള ഹരിയുടെ മുന്നറിയിപ്പ് മാനിച്ച് ഞങ്ങള്‍ ഗൈഡിനെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ചുറ്റും കൂടിയ ഗ്രാമീണരില്‍ ഒരാളെ കൂടെ കൂട്ടി. വടി വേണമോ നടക്കാന്‍ എന്ന് ചോദിച്ച് വന്ന കുട്ടികളെ ഇതൊക്കെ എന്ത്! എന്ന സലിംകുമാര്‍ ഭാവം കാട്ടി തിരിച്ചയച്ചു. ഒന്നര മണിക്കൂറോളം പടികള്‍ ഇറങ്ങണം, ആകെ അയ്യായിരം പടികള്‍ ആണ് അവിടെ എത്താന്‍. നിങ്ങള്‍ കുട്ടികളെയും കൂട്ടി വരുന്നതിനാല്‍ കുറച്ച് കൂടെ സമയം എടുത്തേക്കും നൈറ്റ്‌സ്റ്റാര്‍ എന്ന് പേരുള്ള ഞങ്ങളുടെ ഗൈഡ് പറഞ്ഞു. തുടക്കത്തില്‍ പടികള്‍ക്ക് ഇരുവശവും കുറച്ച് വീടുകള്‍ കണ്ടു, ക്രമേണ ചുറ്റും കാട് മാത്രം ആയി. ഇടക്ക് പാറുവിനെ നടത്തിയും മാറി മാറി എടുത്തും ഞാനും രോഹിണിയും നടന്നു തുടങ്ങി. വെയിലിനു കാഠിന്യം ഉണ്ടെങ്കിലും മരങ്ങളുടെ മറ അധികം ഉഷ്ണം ഇല്ലാതെ കാത്തു. കാലുകള്‍ കഴച്ചു തുടങ്ങി എങ്കിലും കണ്ടേ അടങ്ങൂ എന്ന വാശിയില്‍ നടന്നു. മുന്നില്‍ നടക്കുന്ന നൈറ്റ്സ്റ്റാര്‍ ഇടയ്ക്കിടെ ഇനി ഉള്ള പടികളുടെ എണ്ണം പറഞ്ഞു തന്നു, ഇനി നാലായിരത്തി അഞ്ഞൂറ് , ഇനി നാലായിരത്തി ഇരുനൂറ്. വിചാരിച്ചതിലും പതുക്കെ ആണ് നടത്തം എന്നും യാത്ര ഒരല്പം ബുദ്ധിമുട്ടാണ് എന്ന ബോധ്യവും വന്നു തുടങ്ങി. ഒരു മണിക്കൂറോളം നടന്നപ്പോള്‍ ഗൈഡ് പറഞ്ഞു, നമ്മള്‍ ഒരു നില ഉള്ള പാലത്തിന്റെ അടുത്ത് എത്തി. വഴിയില്‍ നിന്ന് മാറി വലത്തോട്ട് നടന്ന് ഒരു വീടിന്റെ മുന്നില്‍ എത്തി. അവിടെ നിന്നും ടിക്കറ്റും കുറച്ച് വെള്ളവും മേടിച്ചു. ടിക്കറ്റ്‌ തന്ന പ്രായമായ സ്ത്രീ മോശമില്ലാതെ ഇംഗ്ലീഷ് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. യോദ്ധ സിനിമയില്‍ ജഗതി ചെന്ന് പെടുന്ന ഗ്രാമീണരേപ്പോലെ ആണ് ഈ വഴിയില്‍ ഉള്ള ആളുകളുടെ രൂപവും ഭാവവും (ജഗതിയെ പോലെ ഞങ്ങളും). എന്നിട്ടും അവര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മേഘാലയ എന്ന് ശ്രുതി പറഞ്ഞു. കുറച്ച് നടന്നപ്പോള്‍ ആദ്യത്തെ പാലം പ്രത്യക്ഷപ്പെട്ടു. ഒരു ചെറിയ ചാലിന് കുറുകെ ഉയരത്തില്‍ രണ്ടു മരങ്ങളുടെ വേരുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പിണച്ച് ഒരു പാലം! മറുകരയിലേക്ക് വലിച്ചിട്ട  വേരുകള്‍ മറുപുറത്ത് വീണ്ടും വളരുന്നു. അങ്ങനെ പാലം ജീവിക്കുന്നു. ആ പ്രദേശത്ത് അപ്പോള്‍ ഞങ്ങള്‍ മാത്രം. ആദ്യം ഞാന്‍ കയറി കുറച്ച് ഫോട്ടോ എടുത്തു. താഴെ അരുവി നല്ല തെളിഞ്ഞ് ഒഴുകുന്നു. പത്ത് മിനിറ്റ് അവിടെ നിന്നപ്പോള്‍ യാത്രാക്ഷീണം മുഴുവന്‍ മാറി. ഇതിലും ഭംഗി ഡബിള്‍ ഡക്കര്‍ എന്ന് വിളിക്കുന്ന ഇരട്ട പാലങ്ങള്‍ക്ക് ഉണ്ട് എന്ന് നൈറ്റ്സ്റ്റാര്‍ പറഞ്ഞപ്പോള്‍ ക്ഷീണം മറന്ന് നടക്കാന്‍ തുടങ്ങി.


കുത്തനെ കുറേ പടികള്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഏറുമാടം പോലെ മലഞ്ചെരുവില്‍ ഒരു കട കണ്ടു. അവിടെ കുറച്ച് വിശ്രമിക്കുമ്പോള്‍ നൈറ്റ്സ്റ്റാര്‍ അകലെ അടുത്ത മലയില്‍ കണ്ട ഒരു തുറസ്സിലേക്ക് കൈ ചൂണ്ടി പറഞ്ഞു അവിടെ ആണ് നമ്മള്‍ക്ക് എത്തേണ്ടത്. ഞങ്ങളുടെ പോക്കില്‍ എനിക്ക് ചെറിയ സംശയം തോന്നി തുടങ്ങി. പക്ഷേ സഹയാത്രികര്‍ക്ക് വല്യ പ്രശ്നം ഒന്നും കണ്ടില്ല. വീണ്ടും നടന്നു. അതാ മുന്നില്‍ ഒരു തൂക്കുപാലം. ഒറ്റയ്ക്ക് കേറാന്‍ തന്നെ പേടിയായത് കൊണ്ട് രോഹിണി പാറുവിനെ എന്നെ ഏല്‍പ്പിച്ചു. എന്നിട്ട് പതുക്കെ പാലത്തില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ നടക്കാന്‍ തുടങ്ങി. പാറുവിനെ ഒരു കയ്യില്‍ പിടിച്ച് ഞാനും പതുക്കെ പാലത്തിലേക്ക് കയറി. താഴെ നീലജലം ഒഴുകുന്ന, വെള്ളാരം കല്ലുപോലെ പാറകള്‍ നിറഞ്ഞ ഒരു പുഴ. ആ ദൃശ്യത്തിന്റെ മനോഹാരിത വരും വഴി ക്യാമറയില്‍ പകര്‍ത്തണം എന്ന് തീരുമാനിക്കുമ്പോളെക്കും ഒരു ചെറിയ കുലുക്കം. ഞാന്‍ ഏതാണ്ട് നടുക്ക് എത്തിയിരിക്കുന്നു! ഓരോ അടി വെക്കുമ്പോളും കുലുക്കം കൂടി. ഒരു കയ്യില്‍ പാറുവിനെ പിടിച്ച് നില്‍കുന്ന ഞാന്‍ ശരിക്കും പേടിച്ചു. പാറുവിനെ നിലത്ത് നിര്‍ത്തി നടത്താന്‍ പറ്റില്ല. വശത്തെ കമ്പികള്‍ക്കിടയില്‍ നല്ല വ്യത്യാസം ഉണ്ട്. പാറുവിനെ പോലെ ഒരു ചെറിയ കുട്ടി അതിനിടയിലൂടെ താഴേക്ക് വീഴും. കുലുക്കത്തില്‍ പാറു പേടിച്ചാല്‍ അതിനുള്ള സാധ്യത കൂടുതല്‍ ആണ്. അക്കരെ എത്താതെ പറ്റില്ല, തിരിച്ചു നടക്കാവുന്ന ദൂരം കഴിഞ്ഞിരിക്കുന്നു. ഉറക്കെ നൈറ്റ്സ്റ്റാറിനെ വിളിച്ചു. അയാള്‍ നടന്ന് അടുത്തെത്തിയപ്പോള്‍ ഒരു സമാധാനം. പാറുവിനെ പിടിച്ച കൈ കഴക്കുന്നുണ്ടെങ്കിലും പതുക്കെ നൈറ്റ്സ്റ്റാര്‍നൊപ്പം നടന്നു. ഒരു പത്ത് അടി കൂടെ പോയപ്പോള്‍ കുലുക്കം കുറഞ്ഞു. മനസിന്റെ വെപ്രാളവും! നീയ് പടച്ചോനെ കണ്ടിട്ട്ണ്ടാ. ഞമ്മള് കണ്ടിട്ട്ണ്ട് എന്ന ചന്ദ്രലേഖ സിനിമയിലെ ശ്രീനിവാസന്‍റെ ഡയലോഗ് ആണ് മനസ്സില്‍ വന്നത്. ആപത്തില്‍ നിലവിളിക്കുമ്പോള്‍ എത്തുന്ന ഓരോ മനുഷ്യനിലും ഈശ്വരന്‍ പ്രത്യക്ഷപ്പെടുന്നതാവാം, അല്ല മനുഷ്യന്‍റെ നന്മയുടെ ചെറിയ ചെയ്തികള്‍ ഈശ്വരനോളം വളര്‍ന്ന അദ്വൈതവും ആവാം. ഇനി ഇതൊന്നുമല്ല ഞാന്‍ ഈ യാത്രാ വിവരണത്തില്‍ തത്വചിന്ത ഉണ്ട് എന്ന് കാണിക്കാന്‍ അനാവശ്യമായി ശ്രമിക്കലും ആവാം!


എന്റെ ശരീരത്തിന്റെ ശക്തി കുറഞ്ഞു വരുന്നത് എനിക്ക് ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. വിയര്‍ത്ത് ഇട്ടിരുന്ന ഷര്‍ട്ട്‌ വെള്ളത്തില്‍ മുക്കിയ മാതിരി ആയി. മരം കൊണ്ട് ഉണ്ടാക്കിയ ഒരു കൊച്ചു ചായക്കട കണ്ടു. അവിടെ കയറി കട്ടന്‍ ചായ കുടിച്ചു. ഒന്ന് രണ്ടു ബിസ്കറ്റും തിന്നു. എന്നിട്ടും ക്ഷീണത്തിന് ഒരു കുറവും ഇല്ല. ഞാന്‍ ചായക്കടയിലെ ബഞ്ചില്‍ നിവര്‍ന്നു കിടന്നു. മനസ്സ് മടുത്തിരിക്കുന്നു. എനിക്ക് ഇനി മുന്നോട്ട് നടക്കാന്‍ വയ്യ എന്ന് സഹായത്രികരോട് പറഞ്ഞു. ഇനി അധികം ദൂരം ഇല്ല, ഒരു അര മണിക്കൂറിനുള്ളില്‍ എത്തും എന്ന നൈറ്റ്സ്റാരിന്റെ പ്രോത്സാഹനത്തിലും സഹയാത്രികരുടെ നിര്‍ബന്ധത്തിലും ഒരു വിധം ശരീരത്തെ പൊക്കി നടന്നു തുടങ്ങി. വെയില്‍ നല്ലവണ്ണം ശക്തിയായി വന്നു. കുറെ നടന്നതിനു ശേഷം മുന്നില്‍ കുത്തനെ കുറെ പടികള്‍. കുറച്ച് മുകളില്‍ ഒന്ന് രണ്ടു വീടുകള്‍. അത് ചൂണ്ടി ഗൈഡ് പറഞ്ഞു, അതാണ്‌ നമ്മുടെ സ്ഥലം. മനസ്സിന് വീണ്ടും ശക്തി വെച്ചു. കയറി ചെന്ന് നോക്കുമ്പോള്‍, പല മടക്കുകളായി ഒഴുകുന്ന ഒരു അരുവിക്ക് കുറുകെ ഒന്നിനു മുകളില്‍ ഒന്നായി വേരുകൊണ്ട് നിര്‍മിച്ച രണ്ടു പാലങ്ങള്‍. നേരത്തേ കണ്ടതിനേക്കാള്‍ വലിപ്പവും ഉയരവും കൂടുതല്‍. താഴെ പുഴയില്‍ ഇറങ്ങി മുഖം കഴുകിയപ്പോള്‍ കുറച്ച് മുന്‍പ് യാത്ര അവസാനിപ്പിക്കാന്‍ പുറപ്പെട്ട ഞാന്‍ എങ്ങോ മറഞ്ഞിരുന്നു. നല്ല തണുത്ത തെളിനീരില്‍ കുട്ടികള്‍ ആസ്വദിച്ച് കുളിച്ചു. കാലില്‍ കുഞ്ഞു മീനുകള്‍ കൊത്തുന്നു. നല്ല സുഖം, പ്രകൃതിയുടെ ഫിഷ്‌ സ്പാ അനുഭവം. പാലങ്ങള്‍ക്ക് മുകളില്‍ കയറി ഫോട്ടോ എടുത്ത് കുറച്ച് നേരം കൂടി അവിടെ ചിലവഴിച്ചു, കാഴ്ചക്കാര്‍ അധികം ഇല്ല. സമയം ഉച്ചയോട് അടുക്കുന്നു. ഇനി ഈ വഴി മുഴുവന്‍ തിരിച്ചു കയറണം എന്ന ചിന്ത പതുക്കെ മനസ്സില്‍ വന്നു.


തിരികെ പോവാന്‍ തുടങ്ങുമ്പോള്‍ വഴിയില്‍ പഴം വില്കുന്ന സ്ത്രീയില്‍ നിന്നും കുറച്ച് പഴം വാങ്ങി കയ്യില്‍ കരുതി. മടക്കയാത്ര വന്നതിനേക്കാള്‍ കഠിനമായി തോന്നി. തൂക്കുപാലത്തില്‍ കയറുമ്പോള്‍ പാറുവിനെ നൈറ്റ്സ്റ്റാറിന്റെ കയ്യില്‍ ഏല്പിച്ചു. സ്ഥിരം ആ വഴി പോവുന്ന അയാള്‍ക്ക് ആ പാലത്തിലൂടെ കൈ പിടിക്കാതെ പോവാന്‍ അറിയാം. എന്‍റെ ക്ഷീണം കണ്ടിട്ടാവണം പാറു വേഗം നൈറ്റ് സ്റാരിന്റെ കൂടെ പോയി. പാലത്തിനു മുകളില്‍ നിന്ന് ഫോട്ടോ എടുക്കണം എന്ന് തീരുമാനിച്ചതൊക്കെ മറന്നിരുന്നു. മനസ്സില്‍ ഇനി നടക്കാന്‍ ഉള്ള വഴി മാത്രം. അത് ഉണര്‍ത്തുന്ന ഭയം കലര്‍ന്ന മടുപ്പ് മാത്രം. വഴികളുടെ നീളം കാലില്‍ മാത്രം അല്ല മനസ്സിലും നാം താണ്ടുന്നുണ്ട്. പാറു എന്റെ മേത്ത് കിടന്ന് ഉറങ്ങിയിരിക്കുന്നു. കാലുകള്‍ ഇടയ്ക്ക് ഇളകുന്ന പോലെ തോനുന്നു. ഇരുന്നും നടന്നും പതുക്കെ പടികള്‍ കയറി. മുന്നില്‍ ശ്രുതി നിളക്കുട്ടിയേയും എടുത്ത് നടക്കുന്നു. പിന്നില്‍ മത്തായിയും രോഹിണിയും പതുക്കെ കയറി വരുന്നു. ക്ഷീണിച്ച് പടികള്‍ ഓരോന്നായി കയറി.  പാറു ഉണര്‍ന്ന് ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഉത്തരം പറയാന്‍ ഉള്ള ശക്തി പോലും എനിക്ക് ഇല്ലാത്ത പോലെ. പാറുവിന്റെ ഓരോ ചലനവും എന്റെ ബാലന്‍സ് തെറ്റിക്കാന്‍ പോവുന്ന പോലെ. അത് പാറുവിനോട് പറഞ്ഞപ്പോള്‍ പാറു കെട്ടിപ്പിടിച്ച് മിണ്ടാതെ ഇരിക്കാന്‍ തുടങ്ങി. പാവം. ഞങ്ങളുടെ അവസ്ഥ കണ്ട നൈറ്റ്സ്റ്റാര്‍ രോഹിണിയുടെയും ശ്രുതിയുടെയും ബാഗുകള്‍ വാങ്ങി പിടിച്ചു. ഇടക്ക് പാറുവിനെ എന്റെ കയ്യില്‍ നിന്ന് മേടിച്ച് അയാള്‍ പടി കയറി. ദൈവത്തിന് ഇന്ന് ഈ മനുഷ്യന്‍റെ മുഖമാണ്. ഇരുട്ടില്‍ വഴി കാട്ടുന്ന രാത്രിനക്ഷത്രത്തിന്‍റെ മുഖം.


കുത്തനെ ഉള്ള കുറെ പടവുകള്‍ കയറി നൈറ്റ് സ്റ്റാര്‍ നിന്നു. നോക്കുമ്പോള്‍ രാവിലെ കണ്ട ഏറുമാടം പോലുള്ള കട. ഞങ്ങള്‍ ഒരു മല പിന്നിട്ടിരിക്കുന്നു! മനസ്സിന് കുറച്ച് സമാധാനമായി. ശരീരത്തിനും കൂടുതല്‍ ഊര്‍ജം കിട്ടിയ പോലെ. അവിടെ ഞങ്ങള്‍ ഇടയ്ക്കിടെ വഴിയില്‍ കണ്ടിരുന്ന ബംഗാളി യുവ മിഥുനങ്ങളെ പരിചയപ്പെട്ടു. യുവതി നിത്യവും ഈ വഴി വരുന്ന മാതിരി ഒരു ക്ഷീണവും ഇല്ലാതെ കയറുന്നു. ഭര്‍ത്താവിന്റെ രൂപം ഞങ്ങളെക്കാള്‍ ക്ഷീണിച്ച മട്ടില്‍ ആയിരുന്നു. അയാള്‍ ഇംഗ്ലീഷില്‍ ഈ യാത്രയെ പഴിച്ചു കൊണ്ടിരുന്നു. യുവതി ചിരിച്ചു കൊണ്ട് പറഞ്ഞു, ഈ സ്ഥലം കണ്ടേ തീരൂ എന്ന വാശി അയാള്‍ക്കായിരുന്നത്രേ! കുറച്ച് വിശ്രമിച്ച് വീണ്ടും കയറ്റം തുടങ്ങി. ഇപ്പോള്‍ നേരത്തേതു പോലെ ക്ഷീണം തോനുന്നില്ല. ഇനി ഒരു ആയിരം പടികള്‍ കൂടി, ഗൈഡ് പറഞ്ഞു. മനസ്സിന്റെ ഊര്‍ജം കൂടി വന്നു. ഞങ്ങളുടെ യാത്ര അവസാനിക്കാറായി. ഇടക്ക് ഒരു കുഞ്ഞു മഴ ഞങ്ങളെ തഴുകി പോയി. പാറുവിനോട് വര്‍ത്തമാനം പറഞ്ഞു നടന്നു. മൂന്നു വയസ്സുകാരി കാണുന്ന കാഴ്ചകള്‍ പലതും ഞാന്‍ കണ്ടില്ല എന്ന് തോന്നി. ഒരു ബിയര്‍ കാന്‍ വഴിവക്കില്‍ കിടക്കുന്നത് കണ്ടു. ഇപ്പോള്‍ ഉപേക്ഷിച്ച പോലെ ഉണ്ട്. ഈ വഴിയില്‍ ഉടനീളം ഞങ്ങള്‍ വേറെ ചപ്പുചവറുകളും പ്ലാസ്ടികും കണ്ടില്ല എന്ന് പെട്ടെന്ന് ഓര്‍ത്തു. ഈ കുഞ്ഞു സംസ്ഥാനം വൃത്തിയുടെ കാര്യത്തില്‍ ഈ വലിയ രാജ്യത്തിന്‌ ഒരു പാഠം ആണ്. നടന്നു മുകളില്‍ എത്തി . അവിടെ പൈനാപ്പിള്‍ വിറ്റിരുന്ന കുട്ടിയുടെ കയ്യില്‍ നിന്ന് കുറച്ച് പൈനാപ്പിള്‍ വാങ്ങി കഴിച്ചു. നൈറ്റ് സ്ടാറിന് പറഞ്ഞതിനേക്കാള്‍ പൈസ കൊടുത്തു. അയാള്‍ സന്തോഷത്തോടെ വാങ്ങി, നന്ദി പറഞ്ഞു. തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ നല്ല മഴ ആയിരുന്നെന്നും ഞങ്ങളെ കുറിച്ച് അവര്‍ ആകുലരായി ഇരിക്കുകയായിരുന്നു എന്നും റിസപ്ഷനിസ്റ്റ് പറഞ്ഞു. ഞങ്ങള്‍ക്ക് മഴയേ കിട്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് അത്ഭുതം.


മഴ അന്ന് വൈകീട്ടും പെയ്തു. ചിറാപ്പുന്ജിയില്‍ വന്നിട്ട് നല്ല മഴ കണ്ടില്ല എന്ന പരാതി തീര്‍ന്നു. ശാന്തമായ സായാഹ്നത്തില്‍ ആ മഴ യാത്രയുടെ ക്ഷീണം ഒന്ന് കുറച്ചതു പോലെ. പക്ഷേ, പിറ്റേന്നു കാലത്ത് എണീറ്റപ്പോള്‍ തലേന്നത്തെ നടത്തത്തിന്റെ പരിണത ഫലങ്ങള്‍ ശരിക്കും അറിഞ്ഞു. എല്ലാവര്ക്കും കാലിനു നല്ല വേദന, പടി കയറുമ്പോള്‍ പ്രത്യേകിച്ചും. വേച്ച് വേച്ച് നടക്കണം. നേരത്തെ ഉണര്‍ന്നത് കാരണം ഞാനും രോഹിണിയും പാറുവും ഹോട്ടലിനു മുന്നിലെ ചെറിയ പൂന്തോട്ടത്തില്‍ പോയി ഇരുന്നു. ആറര ആയപ്പോളേക്കും വെയില്‍ നാട്ടിലെ ഒന്‍പതു മണി പോലെ തോന്നി. കൂട്ടത്തില്‍ അനങ്ങാന്‍ ശേഷി ഉള്ള പാറു ഓടി നടക്കുന്നത് നോക്കി ഇരുന്നു. ഹോട്ടലിനു മുന്നിലെ വഴിയിലൂടെ ഒരു ജീവനക്കാരി നടന്നു വരുന്നത് ശ്രദ്ധിച്ചു. വരുന്ന വഴി നിലത്ത് കിടക്കുന്ന ഒരു ഐസ് ക്രീമിന്റെ കവര്‍ അവര്‍ നിലത്തു നിന്നും എടുത്ത് അടുത്തുള്ള ചവറ്റുകുട്ടയില്‍ ഇട്ടു. അത് നടത്തത്തിന്റെ ഒരു ഭാഗം എന്ന പോലെ. കോണ്‍ രൂപത്തില്‍ ഉള്ള ഈ കുട്ടകള്‍ മേഘാലയയില്‍ എങ്ങും കണ്ടിരുന്നു. വൃത്തി ഈ മനുഷ്യര്‍ക്ക്‌ ഒരു സ്വഭാവം ആണെന്ന് തോന്നി. അല്ലാതെ ഇങ്ങനെ എല്ലാ ഇടവും ചപ്പു ചവറുകള്‍ ഇല്ലാതെ കിടക്കില്ല. തങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഈ ജനത പ്രകടിപ്പിക്കുന്നത് ഇങ്ങനെ ആണ്. അതിലും ഉയര്‍ന്ന വിദ്യാഭ്യാസം അവകാശപ്പെടുന്ന മലയാളികള്‍ക്ക് ഇത് ഒരു മാതൃക ആക്കാവുന്നതാണ്.


പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചിറാപ്പുന്ജിയില്‍ നിന്ന് തിരിച്ചു. വഴിയില്‍ പിന്നെയും രണ്ടു വെള്ള ചാട്ടങ്ങള്‍ കണ്ടു. ഓരോ വെള്ളച്ചാട്ടവും ഓരോ അനുഭവം ആണ് തരുന്നത്. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. യാത്രയില്‍ അതല്ലാതെയും പലതും കണ്ടു. മ്യുസിയങ്ങള്‍, പള്ളികള്‍, ചെറിയ കമ്പോളങ്ങള്‍, ഗുവഹട്ടിയിലെ പ്രസിദ്ധമായ കാമാഖ്യാ ദേവിക്ഷേത്രം, കുത്തി ഒഴുകുന്ന ബ്രഹ്മപുത്ര അങ്ങനെ പലതും. പക്ഷേ അവയൊക്കെ മറ്റിടങ്ങളിലും കാണുന്ന കാഴ്ചകള്‍ പോലെ തോന്നി. അവയൊന്നും മനസ്സില്‍ കുളിര്‍ മഴ പെയ്യുന്ന ഓര്‍മ്മകള്‍ ആവുന്നില്ല. വെള്ളവും പാറകളും നിത്യമായി രമിക്കുന്ന ആ നാടും, നന്മ വെച്ചു നീട്ടുന്ന നാട്ടുകാരും ഇങ്ങനെ തന്നെ അനന്ത കാലം നില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. ഒരിക്കല്‍ കൂടി യാത്രയില്‍ എടുത്ത ഫോട്ടോകള്‍ എടുത്തു നോക്കി. ഇല്ല, മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളുടെ തെളിച്ചമില്ല ഈ ക്യാമറച്ചിത്രങ്ങള്‍ക്ക്. നന്ദി! ആ വഴികളില്‍ എന്നെ നടത്തിച്ച കാലത്തിന്...




Friday, March 9, 2018

ഒരു അകാല മരണത്തിന്‍റെ ചിത്രം


അഛാ , എനിക്ക് ഒരു പടം വരച്ച് തര്വോ”. 3 വയസ്സുകാരി മകളുടെ ചോദ്യം.  മനസ്സിന്റെ അറകളില്‍ എവിടെയോ ഒരു അസ്വസ്ഥത ചിലമ്പി .

"എന്താ അമ്മൂനു വരച്ചു തരണ്ടേ?”. ബുക്ക്‌ മേടിച്ച് വരക്കാന്‍ പെന്‍സില്‍ എടുക്കുമ്പോള്‍ വാത്സല്യത്തോടെ ചോദിച്ചു. 

“ഒരു പുലിയെ വരച്ച് തന്നാ മതി”. 

മകളോട് വേറെ പുസ്തകത്തില്‍ എഴുതാന്‍ പറഞ്ഞ് വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ വി കെ എന്‍ -ന്റെ ‘വരയുടെ പരമശിവനായ വാസേവന്‍ നമ്പൂതിരിക്ക്’ എന്ന പുസ്തക സമര്‍പ്പണം മനസ്സില്‍ തെളിഞ്ഞു. പക്ഷേ നേരത്തേ മിന്നിയ ചിലമ്പല്‍ ഒന്ന് വ്യക്തമായത് പുലിയുടെ മുഖം വരച്ചു തുടങ്ങിയപ്പോഴാണ്. ഓര്‍മ്മയുടെ പുസ്തകത്തില്‍ മരണത്തിന്‍റെ മുഖം ഒരു വെള്ള പുറം ചട്ടയില്‍ തെളിഞ്ഞു. ഒരു കലാകാരന്‍റെ മരണം!

ക്ലാസ് ടീച്ചര്‍ വന്നിട്ടില്ലാത്ത അഞ്ചാം ക്ലാസ്സിന്റെ അന്തരീക്ഷം. ക്ലാസ്സില്‍ കുട്ടികള്‍ ബഹളം വെക്കുന്നു, അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, ആകെ കലപില. മുന്നില്‍ ഇരുന്ന വെള്ള ചട്ടയിട്ട ‘മോറല്‍ സയന്‍സ്’ നോട്ടുബുക്കില്‍ തലേന്നു ഒട്ടിച്ച നെയിം സ്ലിപ്പില്‍ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. ‘പ്രീതി ഫാബ്രിക്സ്’ എന്ന കടയുടെ പരസ്യത്തില്‍ മോഹന്‍ലാലിന്റെ ചിത്രം ഉള്ള മഞ്ഞ നെയിംസ്ലിപ്പ്. കഴിഞ്ഞ ആഴ്ച ടീവിയില്‍ കണ്ട സിനിമയില്‍ ലാലേട്ടന്‍ പെയിന്റെര്‍ ആയിരുന്നു. നല്ല സൂപ്പര്‍ ആയിട്ട് നായികയുടെ ചിത്രം വരക്കുന്നത് കണ്ടതാണ്. അത് പോലെ വരയ്ക്കണം.

ലാലേട്ടന്റെ മുഖം നോക്കി കുറേശ്ശെ പെന്‍സില്‍ കൊണ്ട് വരയ്കാന്‍ തുടങ്ങി. നീണ്ട മുഖം. തടിച്ച കവിളുകള്‍. ഭംഗിയുള്ള കട്ടി മീശ. ആകെ മോശം ഇല്ല!ചില്ലറ തിരുത്തുകള്‍ മായ്ച് വീണ്ടും വരച്ചു. ഒരിക്കല്‍ കൂടി നോക്കി. ഇനിയും നന്നാക്കാം. വീട്ടില്‍ ചെന്നിട്ട് ആ ചെവി ഒന്ന് കൂടെ നന്നാക്കണം എന്ന് മനസ്സില്‍ പറഞ്ഞ് ഇടത്തേക്ക് നോക്കിയപ്പോള്‍ സഹബെഞ്ച്കാരി നോക്കി നില്‍ക്കുന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു, “എടാ നീ ആലംമൂടനെ വരച്ചത് നന്നായിട്ട്ണ്ട്”.

ഒരു മരണത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് സഹബെഞ്ച്കാരി അറിഞ്ഞില്ല! പക്ഷേ ഒരു കലാകാരന്‍ മരിച്ചിരുന്നു. ദാരുണമായി വധിക്കപ്പെട്ടിരുന്നു! അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രമേ നിനക്ക് സ്വസ്തി!

“ദാ കുട്ടാ”. വരച്ച ചിത്രം മകള്‍ക്ക് നീട്ടുമ്പോള്‍ കലാകാരന്‍റെ മോക്ഷം കിട്ടാത്ത ആത്മാവ് തേങ്ങുന്നത് ഞാന്‍ കേട്ടു.

“അഛാ പട്ടി അല്ല, പുലീന്നാണ് പറഞ്ഞേ!”. 

വായനക്കാരേ, കലാകാരന്‍റെ ആത്മാവ് ഇങ്ങിനി വരാത്ത വിധം ഭൂമിയില്‍ നിന്ന് മുക്തി നേടിയിരിക്കുന്നു! പ്രണാമം!!