Sunday, August 18, 2024

മനസ്സിലെ മണിച്ചിത്രപ്പൂട്ടിനുള്ളിൽ

 ഇന്ന്, 2024 ആഗസ്റ്റ് 18, മുപ്പത് വർഷങ്ങൾക്കിപ്പുറം വീണ്ടും 'മണിച്ചിത്രത്താഴ്' കാണാൻ തീയേറ്ററിൽ പോയി. ഈ സിനിമ ആദ്യം തീയേറ്ററിൽ കണ്ട കാലത്ത് പത്തു വയസ്സുകാരി മകളേക്കാൾ ചെറുപ്പം ആയിരുന്നു ഞാൻ! അന്ന് ആ ഒൻപതു വയസ്സുകാരൻ പയ്യൻ കാണാതെ പോയ പലതും, കഴിഞ്ഞ മുപ്പത് വർഷങ്ങളുടെ കാലയളവിൽ ഈ ചിത്രത്തിൽ കണ്ടു കഴിഞ്ഞിരിക്കുന്നു. എത്ര തവണ ഈ സിനിമ കണ്ടിട്ടുണ്ട് ? കണക്കില്ല, പക്ഷെ നൂറിൽ കുറയില്ല. ഇറങ്ങിയ കാലത്ത് തീയേറ്ററിൽ രണ്ടു തവണ. അക്കാലത്ത്, കേരളത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കൾ വരുമ്പോൾ അവരെ കാണിക്കാൻ എന്ന വ്യാജേന, വീഡിയോ കാസെറ്റ് വാടകയ്ക്ക് എടുത്ത്, ഒരു ഇരുപത് തവണയെങ്കിലും. ടീവി സംപ്രേഷണങ്ങൾ നിരവധി തവണ. വീഡിയോ കാസെറ്റ് അപ്രത്യക്ഷമായി അവയ്ക്ക് പകരം വീഡിയോ സിഡി, പിന്നെ ഡിവിഡി എന്നിവ വന്നപ്പോൾ സിഡി പ്ലെയറിൽ , കംപ്യൂട്ടറിൽ എത്രയോ തവണ. മകളോടൊപ്പം ഒ ടി ടി-യിൽ, ഇടയ്ക്കിടക്ക്. ഇന്ന് മൂന്നാമതും തീയേറ്ററിൽ. എന്നിട്ടും, ഒരു നിമിഷം പോലും മടുപ്പുളവാക്കാതെ, ആദ്യ കാഴ്ചയുടെ ഉദ്വേഗത്തോടെ രണ്ടര മണിക്കൂർ തീയേറ്ററിൽ. കാലത്തിന് അപഹരിക്കാൻ കഴിയാത്ത എന്തോ ഒരു കൗതുകം ഈ ചിത്രം മലയാളിയുടെ മനസ്സിൽ മണിചിത്രപ്പൂട്ടിട്ട് പൂട്ടിയിരിക്കുന്നു!


സിനിമ തുടങ്ങിയത് ഈ സിനിമയുടെ ഭാഗമായ മണ്മറഞ്ഞ കലാകാരന്മാർക്ക് ആദരം അർപ്പിച്ച് കൊണ്ടാണ്. ആ നീണ്ട നിര കാണുമ്പോൾ ഒരല്പം സങ്കടം മനസ്സിൽ മൊട്ടിട്ടു. ഈ സിനിമയെ ഈ സിനിമയാക്കുന്നത് അവരെല്ലാം ചേർന്നാണ്. പകരം വെക്കാൻ കാലത്തിനാവാത്ത ജന്മങ്ങൾ. തിയേറ്ററിൽ നിറഞ്ഞ മൗനം അവർക്കുള്ള ആദരാഞ്ജലിയായി. സിനിമ തുടങ്ങി. വരാൻ പോകുന്ന ഓരോ സീനും മനഃപാഠം ആണ്. ഓരോ ഡയലോഗും കൂടെ പറയാൻ മാത്രം പരിചയം. എന്നിട്ടും അവ മുന്നിൽ തെളിയുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഹർഷം. ഇവരെല്ലാം എനിക്ക് വേണ്ടപ്പെട്ടവർ ആണ് എന്നൊരു തോന്നൽ . എത്രയോ കാലമായി എനിക്ക് പരിചയം ഉള്ളവർ. ഇടയ്ക്ക് അടുത്തിരുന്ന മകളെ നോക്കി. ആ മുഖത്ത് നിഴലിച്ച ഭാവങ്ങൾ ഒരു പക്ഷേ മുപ്പത് കൊല്ലം മുൻപ് എൻ്റെ മുഖത്ത് നിന്ന് ഉതിർന്നവ ആവണം. മുൻപ് അധികം ശ്രദ്ധിക്കാതെ പോയ രണ്ട് അഭിനയ മുഹൂർത്തങ്ങൾ ഇന്ന് തീയേറ്ററിൽ കാണുമ്പോൾ ശ്രദ്ധിച്ചു: നാഗവല്ലിയോട് (ശോഭനയല്ല !) ബ്രഹ്മദത്തൻ (തിലകനും അല്ല ! ) കൊല്ലാൻ സഹായിക്കാം എന്ന് പറയുന്ന രംഗത്ത് പിന്നിൽ കാണുന്ന ഡോക്ടർ സണ്ണിയുടെ (മോഹൻലാൽ അല്ലേയല്ല !) കൈ വിരലുകളുടെ പരിഭ്രമവും ആകാംക്ഷയും കലർന്ന ചലനം, പിന്നെ ആ രംഗത്ത് മിന്നി മറയുന്ന ഷോട്ടുകളിൽ ഭാസുരയുടെ ( കെ പി എ സി ലളിതയോ? അതാരാ?! ) അമ്പരപ്പും ഭീതിയും നിറഞ്ഞ മുഖഭാവങ്ങൾ. പറയാൻ തുടങ്ങിയാൽ ഇങ്ങനെ ഒരു നൂറെണ്ണം പല കാലങ്ങളിൽ പല കഥാപാത്രങ്ങളിൽ ആയി മനസ്സിൽ കുരുങ്ങിയിട്ടുണ്ട്, വിസ്തരിക്കുന്നില്ല. ഇന്ന് ശ്രദ്ധിച്ചത് രണ്ടെണ്ണം കുറിച്ചു എന്ന് മാത്രം. ഇനിയും കാണാത്തത് മുന്നിലേക്ക് നീട്ടാൻ കാലം ഇനിയും നിമിഷങ്ങൾ കൊണ്ട് വരട്ടെ!

പഴയ ഒൻപതു വയസ്സുകാരൻ മോഹൻലാലിനെയും ശോഭനയേയും മറ്റു അഭിനേതാക്കളേയും മാത്രം സ്‌ക്രീനിൽ കണ്ടപ്പോൾ , ഇന്നത്തെ മുപ്പത്തൊമ്പതുകാരൻ സ്‌ക്രീനിൽ കാണാത്ത പലരുടെയും സാന്നിദ്ധ്യത്തെ അറിഞ്ഞു. അവർ ഈ സിനിമയ്ക്ക് നൽകുന്ന മാനത്തിൻ്റെ വലിപ്പം ഒരിക്കൽ കൂടി തീയേറ്ററിൽ അനുഭവിച്ചു. പഴുതടച്ച് മധു മുട്ടത്തിൻ്റെ തിരക്കഥ, സംഭാഷണങ്ങൾ. സണ്ണി ശ്രീദേവിയോട് നടത്തുന്ന പ്രണയാഭ്യർത്ഥന എൻ്റെ ഏറ്റവും പ്രിയപ്പെട്ട സിനിമാ സംഭാഷണങ്ങളിൽ ഒന്നാണ്. ബിച്ചു തിരുമലയുടെയും മധു മുട്ടത്തിൻ്റെയും വാലിയുടെയും വരികൾ , എം ജി രാധാകൃഷ്ണൻ്റെ സംഗീതം, വേണുവിൻ്റെ ക്യാമറ എല്ലാം അവയുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ഭംഗി കാത്തു സൂക്ഷിക്കുമ്പോളും ഒരുമിച്ച് ചേരുമ്പോൾ തീർക്കുന്ന വിസ്മയം. വീണക്കമ്പികളിൽ, മൃദംഗ ധ്വനികളിൽ, വയലിനിൽ ഈ സിനിമയുടെ കാലത്തിവർത്തിത്വം മുഴുവൻ നിറച്ച് ജോൺസൺ ഒരുക്കിയ അഭൗമമായ പശ്ചാത്തല സംഗീതം. പക്ഷേ ഇത്ര നാളും അറിയാതെ പോയത് ആ ശബ്ദ വീചികൾക്കിടയിൽ അദ്ദേഹം ഒളിപ്പിച്ച നിശ്ശബ്ദതകളുടെ മന്ത്രവാദമാണ്! എന്തോ, ടീവി കാഴ്ചകൾ ഇത്ര നാളും അവയെ മറച്ചിരുന്നു. അപ്പോൾ ഓർത്തു, ഇന്ന് ഓഗസ്റ്റ് 18, ആ നിശ്ശബ്ദതകളിലേക്ക് ജോൺസൺ എന്നെന്നേക്കുമായി ചേക്കേറിയിട്ട് 13 വർഷം തികയുന്ന ദിനം. ഒരു പക്ഷേ, ആ നിശ്ശബ്ദതകളിൽ ജോൺസൺ മാഷ് ഇന്നും ജീവിക്കുന്നു, തൻ്റെ സാന്നിദ്ധ്യം അറിയിക്കുന്നു!

ഈ ഒരു പ്രതിഭാ സംഗമത്തെ വേണ്ട രീതിയിൽ ചാലിച്ച് എക്കാലത്തേക്കും ആയി ഈ ചിത്രം ഒരുക്കിയതിന് മലയാളി എന്നും ഫാസിൽ എന്ന സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട സിനിമ ഏത് എന്ന ചോദ്യത്തിന് 1993 മുതൽ ഒരുത്തരമേ ഈയുള്ളവന് പറയാൻ ഉള്ളൂ , "മണിച്ചിത്രത്താഴ്". ആ ഉത്തരം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നു ഈ തീയറ്റർ കാഴ്ച . ഇനിയും എന്തൊക്കെയോ ഗൃഹാതുരത്വം നിറഞ്ഞ വികാരങ്ങൾ നിറയുന്നു, പക്ഷേ മണിചിത്രപ്പൂട്ടിട്ട് മനസ്സിലെ തെക്കിനിയിൽ അവയെ എന്നെന്നേക്കും ഞാൻ ബന്ധിക്കട്ടെ!

ഈ സിനിമ കാണുമ്പോഴെല്ലാം മനസ്സിൽ നിറയുന്ന ഉണർവ്വിനെ കുറിക്കാൻ സിനിമ അവസാനിക്കുന്ന വരികൾ കടം എടുക്കുന്നു:

"മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിർക്കുന്നു, പൂക്കുന്നു കായ്ക്കുന്നു,
കനവിലെ തേന്മാവിൻ കൊമ്പ്,
എൻ്റെ കരളിലെ തേന്മാവിൻ കൊമ്പ്"

Sunday, May 5, 2024

ഒരു ട്രെഷർ ഹണ്ടും ചില നിധികളും

 "അച്‌ഛാ, ഞങ്ങൾ ഒരു പിക്നിക്  പ്ലാൻ ചെയ്യുന്നുണ്ട്‌ ട്ടോ", പുറത്ത് കളിച്ചു കൊണ്ടിരുന്ന മകൾ പെട്ടെന്ന് ഓടി വന്ന് പറഞ്ഞു . ജോലിക്കിടയിൽ ഒന്ന് മുറിയിൽ നിന്ന് പുറത്ത് വന്ന,  ഇപ്പൊ എങ്ങോട്ടെങ്കിലും കൊണ്ട് പോവാൻ പറയുകയാണോ എന്ന എന്റെ സംശയം കലർന്ന നോട്ടത്തിന് ഉടൻ മറുപടി വന്നു : "പുത്തങ്കോലോത്ത്  തന്ന്യാ പിക്നിക്ക് ". സമാധാനം! വെക്കേഷന് ഒത്ത് കൂടിയ കുട്ടികൾ എല്ലാവരും കൂടി ഒരു ടെൻറ് ഉണ്ടാക്കി അതിനു ചുവടെ ഇരുന്ന് ബിസ്കറ്റും മറ്റും കഴിക്കാൻ ആണ് പ്ലാൻ. മൊബൈൽ ഫോൺ ഇല്ലാതെ ഉള്ള പരിപാടി ആയതോണ്ട് സന്തോഷത്തോടെ പറഞ്ഞു :” അതിനെന്താ , നമുക്ക് എന്തെങ്കിലും  ഒക്കെ മേടിക്കാം നിങ്ങൾക്ക് കഴിക്കാൻ ”. മറുപടി പറഞ്ഞത് നിരുപമ ആണ് “മിഥുൻ ചിറ്റപ്പാ , പിന്നെ ഞങ്ങൾക്ക്  ഒരു ട്രെഷർ ഹണ്ട് ഗെയിം ചെയ്തു തര്വോ?”. വീണ്ടും വെട്ടിലായ ഞാൻ പരുങ്ങി: “അതൊക്കെ ബുദ്ധിമുട്ടാണ് . എനിക്ക് അറിയില്ല . നിങ്ങൾ വേറെ ആരോടെങ്കിലും ചോദിക്കൂ.”. മുട്ടാൻ ഒരുപാട് വാതിലുകൾ ഉള്ളത് കൊണ്ട് കുട്ടികൾക്ക് നിരാശ ഒന്നും ഇല്ല . വീണ്ടും സമാധാനം! 


ഒരു കുറി ഓർമ്മകൾ കുട്ടിക്കാലത്തേക്ക് ഓടി. കുട്ടേട്ടനും ജി.കെ.എന്നും ഞാനും നിതിനും  ആയിരുന്നു സ്ഥിരം പുത്തങ്കോലോത്ത് ഉള്ള കുട്ടികൾ എങ്കിലും, വെക്കേഷനുകൾക്ക് ഞങ്ങൾ കുട്ടികൾ കുറെ പേർ ഉണ്ടാവും . പ്രധാനമായും ക്രിക്കറ്റ് ആണ് കളി . ഇടക്ക് ഒളിച്ചു കളി , ഓടിത്തൊട്ട്, ശീട്ട്കളി എന്നിവയും ഉണ്ടായിരുന്നു . ഇന്നത്തെ കുട്ടികൾക്ക് അവരുടെ കളികൾ എന്തൊക്കെയോ ഉണ്ട്, പക്ഷേ ക്രിക്കറ്റും ഓട്ടവും അധികം ഇല്ല .  എങ്കിലും കുട്ടികൾ  ഒരുമിച്ച് അന്നത്തെ പോലെ ഇന്നും രാവിലെ മുതൽ  പുത്തങ്കോലോത്ത് പലയിടത്ത് കളിക്കുന്നത് മനസ്സിന് സുഖം തരുന്ന കാഴ്ച ആണ് . രാവിലെയും വൈകീട്ടും ഉള്ള  പെരട്ടയിലെ നീന്തലിൽ  പല  തലമുറകളുടെ നൈരന്തര്യം. കുട്ടിളുടെ പിക്നിക്ക് പ്ലാനിങ് തകൃതി ആയി നടക്കുന്നു . എന്തൊക്കെ കൊണ്ട് വരണം , എന്തൊക്കെ ചെയ്യണം  എന്ന് ലിസ്റ്റ് ഒക്കെ ഉണ്ട്. എല്ലാം കണ്ട് പുത്തങ്കോലോത്ത് പൂമുഖത്ത് ചിരിച്ചുകൊണ്ട്  കൊട്ടിഞ്ചിരി ഭഗവതി .


ഒന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം ഭുവനേശ്വരിയുടെ അമ്പലത്തിൻറെ മുന്നിൽ കുട്ടികൾ  പിക്നിക് കൂടാരം ഉയർത്തി . രണ്ടു മരത്തിൽ വലിച്ച് കെട്ടിയ ഒരു തുണി ആണ് കൂടാരം. മരത്തണലിൽ ആയതു കൊണ്ട് വെയിലടിക്കില്ല. പെരട്ടക്കുളത്തിൽ നിന്ന് വീശുന്ന കാറ്റ് ഉഷ്ണം ഒന്ന് കുറയ്ക്കും. കുട്ടികൾ കണ്ടു പിടിച്ച ലൊക്കേഷൻ കൊള്ളാം . ഉച്ചക്ക് ആണ് പിക്നിക്ക് . രാവിലെ ഞാൻ നടന്ന് വരുമ്പോൾ കുട്ടേട്ടനും ഏടത്തിയും അമ്പലത്തിൻറെ പുറകിൽ നിന്ന്  വരുന്നു . കയ്യിൽ പേപ്പറും സെല്ലോ ടേപ്പും മറ്റും . കുട്ടികൾക്ക് ട്രെഷർ ഹണ്ടിന് ഉള്ള ‘ക്ലൂ’ പല സ്ഥലങ്ങളിൽ വെച്ചുള്ള വരവാണ് . അങ്ങനെ കുട്ടികൾക്ക് ട്രെഷർ ഹണ്ടും റെഡി.


നല്ല ജോലി തിരക്ക് ഉള്ള ദിവസം ആണ് . പാറു വന്ന് നല്ല വേഷം ഒക്കെ ഇട്ട്, ഒരു ബാഗിൽ എന്തൊക്കെയോ  നിറച്ച് നീലുവിനെയും കൂട്ടി പോവുന്നത് കണ്ടു . പിക്നിക്ക് കാര്യമായി തന്നെ ആണ് . കൂടെ പോയി ഒന്ന് കണ്ടു വരാൻ ആലോചിച്ചു . ജോലി  കുറെ ഉള്ളത് കൊണ്ട് വേണ്ടെന്ന് വച്ചു . ഇടയ്ക്ക് മുറിയിൽ നിന്ന് ഒന്നിറങ്ങി  പിൻവശത്തു ചെന്നപ്പോൾ അമ്പലത്തിൻറെ പിന്നിൽ കുട്ടി പട്ടാളത്തിൻറെ കലപില . ട്രെഷർ ഹണ്ട് കൊടുമ്പിരി കൊള്ളുകയാണ്  . ക്ലൂ തേടി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു , കിട്ടുന്ന പുതിയ ക്ലൂകൾക്ക് അനുസരിച്ച് പെരട്ടയിലേക്കും മറ്റും നടക്കുന്നു , ആകെ ബഹളം. ജോലിയുടെ ഉത്തരവാദിത്തങ്ങളിലേക്ക് തിരികെ പോവേണ്ടത് കൊണ്ട് അത് കണ്ടു നിൽക്കുന്ന രസം അധികം അനുഭവിക്കാൻ പറ്റിയില്ല. വൈകീട്ട് പിക്നിക്ക് ഒക്കെ വിജയകരമായി പൂർത്തി ആക്കി കുട്ടികൾ വീണ്ടും പെരട്ടയിലേക്ക് . പാറുവിനു ഇന്ന്  ഇറങ്ങാൻ നിർവാഹം ഇല്ല . ചെവി വേദനിച്ച് പൊട്ടി ഒലിക്കുന്ന  പാരമ്പര്യം  മകൾക്കും കിട്ടിയിരിക്കുന്നു. കുട്ടിക്കാലത്ത് എന്നോട് കുളത്തിൽ ഇറങ്ങരുത് എന്ന് പറഞ്ഞിരുന്ന പ്രകാശൻ ഡോക്ടർ പാറുവിനോടും ഈയിടെ അതേ പഥ്യം നിഷ്കർഷിച്ചു! 


രാത്രി ആണ് പാറുവിൻറെ പിക്നിക്ക് വിശേഷങ്ങൾ കേട്ടത് . ട്രെഷർ ഹണ്ടിൽ കിട്ടിയ സൂചനകളും  അത് പല വഴിക്ക് നയിച്ച് ഒടുവിൽ എത്തിച്ച  മിഠായിയുടെ മധുരത്തിലേക്കും ഉള്ള വർണനയുടെ വഴികളിൽ പാറു ഉറക്കത്തിലേക്ക് വീണു . ഉറക്കമില്ലാതെ, ആ കഥ ആലോച്ചിച്ച് ഞാൻ കിടന്നു . ട്രെഷർ ഹണ്ടിൽ കണ്ടു പിടിച്ച കുഞ്ഞു മിഠായിയേക്കാൾ വലിയ നിധികൾ ഈ നിമിഷങ്ങൾ ഈ  കുട്ടികൾക്ക് മുന്നിൽ വെക്കുന്നുണ്ട് . ആ നിധികളുടെ മൂല്യം  മനസ്സിലാവാൻ പക്ഷെ അവർ  കുറെ കൂടി വലുതാവേണ്ടിയിരിക്കുന്നു. മതിലുകൾ തടയാതെ ചുറ്റി നടക്കാൻ ഇത്രയും വലിയ ഒരു സ്ഥലം ഉണ്ട് എന്നുള്ളത് അധികം കുട്ടികൾക്ക് ഇന്ന് കിട്ടാത്ത ഒരു ധനം ആണ് . നീന്തി കളിക്കാൻ വൃത്തിയുള്ള, സ്വകാര്യമായ  ഒരു വലിയ കുളം  ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ട് ഇരിക്കുന്ന ഒരു പ്രതിഭാസം ആണ് . അങ്ങനെ ഒന്ന് ഇവിടെ ഉണ്ട് എന്നതും നിങ്ങൾ അതിൽ ഇത്രയേറെ നീന്തിക്കളിച്ചു എന്നതും  ഒരു പക്ഷേ ഭാവിയിൽ നിങ്ങൾ അത്ഭുതത്തോടെ ഓർത്തേക്കാം. ചുരുങ്ങിയത് വെക്കേഷനുകളിൽ എങ്കിലും സമപ്രായക്കാരായ മറ്റു കുട്ടികളൊത്ത് കളികളിലും മറ്റും മുഴുകി നിശ്ചിന്തരായി ഉല്ലസിക്കാൻ ഒരു ഇടവും, അവിടെ എത്താനുള്ള അവസരവും, അത് വഴി നിങ്ങൾ ഭാവിലേക്കായി പടുത്തുയർത്തുന്ന സുഖമുള്ള ഓർമ്മകളുടെ ഭണ്ടാരവും. അതിനേക്കാൾ  വലുതായി ഒരു നിധി  മറ്റെന്തുണ്ട് ?! കാണാതെ പോയതൊക്കെയും കാട്ടിത്തരുന്നവൾ ആ പൂമുഖത്തിരുന്ന് നിങ്ങൾക്ക് ഈ നിധികളെല്ലാം കാട്ടി തരുന്ന  ഒരു നാൾ വരട്ടെ! പുത്തങ്കോലോത്തെ കുട്ടികളുടെ കളികൾക്ക് വേദിയാവാൻ പെരട്ടക്കുളം കാലാകാലം നിലനിൽക്കട്ടെ !