ഒരു ദിനം പുലർന്നു . ഈ ഭൂമിയിലേക്ക് പിറന്നു വീണിട്ട് ഇത് പോലെ ദിനങ്ങൾ പുലർന്നു നാല്പത് വർഷങ്ങൾ തീർന്നിരിക്കുന്നു. തലേന്ന് രാത്രി തന്നെ പാറുവും രോഹിണിയും ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. വൈകീട്ട് പതിവ് ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് കയറിയപ്പോൾ ഹാളിലെ ചുവരിൽ അതാ കഴിഞ്ഞ നാൽപ്പത് കൊല്ലങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ കോർത്തുകൊണ്ട്, പ്രകാശാലംകൃതമായ ഒരു മാല തൂക്കിയിരിക്കുന്നു! മനസ്സ് പല കാലങ്ങളിൽ സഞ്ചരിച്ചു വന്നു. മുത്തശ്ശിയുടെ ഒക്കത്ത് ചിരിച്ചു കൊണ്ട് , അമ്മയ്ക്കും അച്ഛനും അനിയനും ബന്ധുക്കൾക്കും ഒപ്പം പല കാലങ്ങളിൽ, കാലം തന്ന സൗഹൃദങ്ങൾക്കൊപ്പം, ഇന്നും വളരുന്ന കൂട്ടിന് നാന്ദി കുറിച്ച വിവാഹനാൾ, 2014 -ലെ മാർച്ച് ഒന്ന് മുതൽ ജീവനെ നയിക്കുന്ന മകൾക്കൊപ്പം ഉള്ള നിമിഷങ്ങൾ, അങ്ങനെ അങ്ങനെ.. മനസ്സിനെ സന്തോഷിപ്പിക്കുന്ന പിറന്നാൾ സമ്മാനം.
വയസ്സാവും തോറും പിറന്നാളുകൾ വലിയ ഒരു സംഭവം ആവാതായി തുടങ്ങിയിരിക്കുന്നു. എന്നത്തേയും പോലെ രാവിലെ പാറുവിനെ സ്കൂളിലേക്ക് അയച്ചു . രോഹിണിക്ക് ഇന്ന് ഓഫീസിൽ പോവേണ്ട ആവശ്യം ഉണ്ട്. ഞാൻ വർക്ക് ഫ്രം ഹോം. പതിവ് കേക്കിനു ഓർഡർ കൊടുത്തിട്ടുണ്ട് എന്ന് രോഹിണി പറഞ്ഞു, ഉച്ച കഴിഞ്ഞു കിട്ടും . എല്ലാവർക്കും , പ്രത്യേകിച്ച് പാറുവിന്, കേക്ക് കഴിക്കാൻ ഒരു അവസരം ആണല്ലോ. 11 വയസ്സുകാരിക്ക് പിറന്നാൾ ആഘോഷം വലിയ സംഭവം ആണ്! ഉച്ചക്ക് കേക്ക് വന്നു. വൈകീട്ട് പാറു സ്കൂളിൽ നിന്ന് തിരിച്ച് എത്തി. കേക്ക് ഫ്രിഡ്ജ് തുറന്ന് നോക്കി ബോധ്യം വരുത്തി, ടീവി പരിപാടിയും കണ്ടു കൊണ്ട് പാലും കുടിച്ച്, എന്തോ കൊറിച്ച് കൊണ്ട് ഇരുന്നു. വൈകീട്ട് ആറ് മുപ്പതിന് ആണ് കേക്ക് കട്ടിങ്. സമയം പോവുന്നില്ല, കേക്ക് മുറിക്കാൻ ധൃതി ആയിരിക്കുന്നു പാറുവിന്. "ഞാൻ ഒന്ന് സൈക്കിൾ ചവിട്ടി വരാം. അപ്പളേക്കും അമ്മേം എത്തൂലോ". പാറു സൈക്കിൾ എടുത്ത് പോയി. ഞാൻ ജോലി തുടർന്നു.
സമയം ഒരു അഞ്ച് നാൽപ്പത്. ഫോണിലേക്ക് പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ. വല്ല മാർക്കറ്റിംഗ് കോളും ആവും എന്ന് സംശയിച്ച് ഞാൻ ഫോൺ എടുത്തു. അങ്ങേത്തലക്കൽ ഇംഗ്ലീഷ് , "മിഥുൻ സർ , പ്ലീസ് കം ഡൗൺ നിയർ റ്റു ദി ടെന്നീസ് കോർട്ട്. യുവർ ഡോട്ടർ ഹാസ് ഫോളെൻ ഫ്രം സൈക്കിൾ.". പിന്നണിയിൽ മലയാളത്തിൽ അലമുറ, "അച്ഛാ, എൻ്റെ കൈ ഒടിഞ്ഞു.". ഞാൻ കേട്ട പാതി കേൾക്കാത്ത പാതി ഓടി. താഴെ ചെല്ലുമ്പോൾ അപ്പാർട്മെൻറിൽ കണ്ടിട്ടുണ്ടെങ്കിലും പരിചയം ഇല്ലാത്ത ഒരാൾ പാറുവിൻറെ കൈ പിടിച്ചു നിൽക്കുന്നു. "അച്ഛാ, എൻ്റെ കൈ ഒടിഞ്ഞു. സോറി അച്ഛാ. അച്ഛൻറെ ബെർത്ഡേ ആയിട്ട്. സോറി അച്ഛാ." പാറു ഉറക്കെ കരഞ്ഞു കൊണ്ട് ഇരിക്കുന്നു. പാറുവിന്റെ കൈ പിടിച്ചിരുന്ന ആൾ എന്നോട് കാറുമായി വരാൻ പറഞ്ഞു. കൈ ഒടിഞ്ഞിട്ടുണ്ട്. ഞാൻ തിരിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു :" പ്ലീസ് ബ്രിങ്ങ് എ ക്ലോത്ത് . ഐ വിൽ ടൈ ഇറ്റ്.". ഒരു നിമിഷം ശങ്കിച്ചപ്പോൾ കൂടെ നിന്നിരുന്ന മറ്റൊരാൾ പറഞ്ഞു "ഐ വിൽ കം വിത്ത് യു ". ഞാൻ ഓടി വീട്ടിൽ വന്ന് കിട്ടിയ ഒരു ടവൽ അദ്ദേഹത്തിൻ്റെ കയ്യിൽ കൊടുത്തു. എന്നിട്ട് പാൻറ് ഇട്ട് കാറുമായി ടെന്നീസ് കോർട്ടിന്റെ അടുത്തേക്ക് ചെന്നു. പാറുവിൻറെ കൈ ഞാൻ കൊടുത്ത് വിട്ട ടൗവെലിൽ കെട്ടിയിട്ടുണ്ട് . അദ്ദേഹം പറഞ്ഞു , "ടേക്ക് ഹെർ ടു എ ഹോസ്പിറ്റൽ സൂൺ . ഐ തിങ്ക് ഇറ്റ് ഹാസ് ബ്രോക്കൺ ബാഡ്‌ലി. പുവർ ഗേൾ, ഷി ഈസ് വറീഡ് എബൌട്ട് യുവർ ബെർത്തഡേ". അപ്പോളാണ് എന്റെ മനസ്സിൽ അത് ഉടക്കുന്നത് , പാറു എന്നോട് സോറി പറയുന്നുണ്ടായിരുന്നു . കാറിൽ കയറി . ഒറ്റയ്ക്ക് എങ്ങനെ പോവും എന്നാലോചിച്ചപ്പോൾ ടവൽ മേടിക്കാൻ വന്ന മനുഷ്യൻ ചോദിച്ചു "ഷുഡ് ഐ കം വിത്ത് യു". അദ്ദേഹത്തിനോട് നന്ദി പറഞ്ഞു കയറാൻ അഭ്യർത്ഥിച്ചു .
കാർ മുന്നോട്ട് എടുത്തപ്പോൾ ഓർത്തു. നിഖിൽ ഒരു പക്ഷേ ഓഫീസിൽ നിന്ന് തിരിച്ച് എത്തിയിരിക്കും. വേഗം വിളിച്ചു. ഭാഗ്യം, അയാൾ വീട്ടിൽ ഉണ്ട്. നിഖിൽ രണ്ടു മിനിറ്റിൽ താഴെ എത്തി. കാറിൽ കയറിയ മനുഷ്യനോട് ഞാൻ പറഞ്ഞു "താങ്ക്സ് ഫോർ യുവർ ഹെല്പ്. മൈ കസിൻ വിൽ കം വിത്ത് മി." വേഗം പൊയ്ക്കോളാൻ പറഞ്ഞ് അദ്ദേഹം ഇറങ്ങി . നിഖിൽ കയറിയപ്പോൾ പാറുവിനും ഒരല്പം സമാധാനം ആയി. കൈ കെട്ടിയത് കാരണം വേദന അധികം ഇല്ല . പാറു ആവർത്തിച്ചു "സോറി അച്ഛാ". ബെർത്തഡേ ആഘോഷം വല്യ കാര്യം ഒന്നും അല്ല എന്ന് പറഞ്ഞു പാറുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വഴിയിൽ നിഖിൽ രോഹിണിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു . രോഹിണി ഓഫീസിൽ നിന്ന് ഇറങ്ങിയിരുന്നു . ഹോസ്പിറ്റൽ എത്തി എക്സ്റേ എടുക്കാൻ കയ്യിലെ കെട്ട് ഊരണം. അവർ പെയ്ൻ കില്ലർ കൊടുത്തു. പക്ഷെ പാറുവിന്റെ വേദനക്ക് ശമനം ഇല്ല. ഒരു വിധം കൈ എക്സ്റേ എടുത്തു . പാറുവിനെ ഒരു ബെഡിൽ കിടത്തി. അപ്പോളേക്കും രോഹിണി എത്തി . ഞാൻ ബില്ല് അടക്കാൻ പോവുന്ന വഴിയിൽ ഡ്യൂട്ടി ഡോക്ടറെ കണ്ടു. അവർ പറഞ്ഞു "രണ്ട് എല്ല് ഒടിഞ്ഞിട്ടുണ്ട്. മിക്കവാറും സർജറി വേണ്ടി വരും.". ഞാൻ ഇൻഷുറൻസ് ഫോം പൂരിപ്പിക്കാൻ പോയി. പാറുവിന്റെ അടുത്ത് രോഹിണിയും നിഖിലും ഉണ്ട്. തിരിച്ച് വന്നപ്പോളേക്കും സർജറി നടത്താൻ പ്രധാന ഡോക്ടർ തീരുമാനിച്ചിരുന്നു . പാറുവിന്റെ അടുത്ത് എത്തിയപ്പോൾ കൈ കെട്ടിയിരുന്നു . ചെരിഞ്ഞ എല്ലുകൾ നേരെ ആക്കി ഇട്ട് കെട്ടിയതാണ് . പാറു വേദന കൊണ്ട് പുളഞ്ഞു അത്രേ. അലറി കരഞ്ഞു എന്ന് പറഞ്ഞു. പാവം, ഇപ്പോൾ പാറു കരച്ചിൽ ഒന്നും ഇല്ലാതെ ഒരല്പം ആശ്വാസത്തിൽ ആണ്. ഞാൻ പാറുവിനെ കെട്ടിപ്പിടിച്ച് തിരിഞ്ഞപ്പോൾ നിഖിൽ ചിരിക്കുന്നു. "തൻ്റെ പൈസ ചിലവാക്കാതിരിക്കാൻ ഉള്ള ഉപദേശം കൂടുന്നുണ്ട്." കാരണം തിരക്കി . പിന്നിൽ നിന്ന രോഹിണിയാണ് മറുപടി പറഞ്ഞത്. കൈ നേരെ ആക്കുന്ന വേദന കൊണ്ട് പുളയുമ്പോഴും പാറു ചോദിച്ചത് "അച്ഛൻറെ കുറെ പൈസ പോവ്വോ സർജറി ചെയ്താൽ ?" എന്നാണത്രേ . ഞാൻ ചിരിച്ചു. പാറുവിനോട് പറഞ്ഞു "ആവശ്യത്തിന് പൈസ ചിലവാക്കാം കുട്ടാ. പേടിക്കണ്ട ട്ടോ". എന്തായാലും അന്ന് തന്നെ സർജറിയും കഴിഞ്ഞു. രാത്രി വളരെ വൈകി വീട്ടിൽ എത്തിയപ്പോളാണ് ചിന്തിക്കാൻ സമയം കിട്ടിയത് . നാല്പതാം പിറന്നാൾ എന്തായാലും സംഭവ ബഹുലം ആയി.
പിന്നീട് ആലോചിച്ചപ്പോൾ തോന്നി, പാറുവിന്റെ കൈ ഒടിഞ്ഞത് സങ്കടം ഉണ്ടാക്കി എങ്കിലും അന്നത്തെ പിറന്നാൾ സമ്മാനങ്ങൾ പലതും തിരിഞ്ഞു നോക്കുമ്പോൾ മധുരതരം തന്നെ . ഒരു പരിചയവും ഇല്ലാത്ത കുറച്ച് പേരിൽ നിന്ന് ആപത്ഘട്ടത്തിൽ ലഭിച്ച സഹായം എന്ന പിറന്നാൾ സമ്മാനം . ഇന്നും അവരുടെ ആരുടെയും പേര് എനിക്ക് അറിയില്ല . പിന്നീട് കാണുമ്പോൾ ചിരിക്കുകയും വർത്തമാനം പറയുകയും എല്ലാം ചെയ്തപ്പോളും പേര് ചോദിച്ചില്ല. എന്തിനു ചോദിക്കുന്നു , അവരുടെ പേരാണ് "മനുഷ്യർ". അവരുടെ പ്രവർത്തിയാണ് "മനുഷ്യത്വം". പാറുവിന് ഒരു പക്ഷേ അങ്ങനെ തോന്നിയില്ല എങ്കിലും പാറു തന്ന സമ്മാനം ആണ് ഹൃദയത്തോട് ഏറ്റവും ചേർന്നത്. പുളയുന്ന വേദനയിലും അവൾ ഓർത്തത് തന്നെ കുറിച്ച് മാത്രം അല്ല . അച്ഛന്റെ പിറന്നാളാഘോഷം നടക്കാത്തതിലും അച്ഛന് പൈസയ്ക്ക് ബുദ്ധിമുട്ട് വരുമോ എന്നും പാറു ആലോചിച്ചു . മറ്റൊരാൾക്ക് നൽകുന്ന കരുതലിലും കവിഞ്ഞ ഒരു സമ്മാനം ഇല്ല. കാലം ആ ഗുണം നിന്നിൽ നിന്ന് മായ്ച് കളയാതിരിക്കട്ടെ ! നീ നീട്ടിയ കരുതൽ ആണ് ഈ അച്ഛന് ഏറ്റവും സന്തോഷം തന്ന പിറന്നാൾ സമ്മാനം. കാലത്തിന് നന്ദി, പ്രതീക്ഷിക്കാത്ത ചില പിറന്നാൾ സമ്മാനങ്ങൾക്ക്!