Tuesday, October 3, 2023

ടോഫിയോട് വിടപറയുമ്പോൾ

 ഇന്നലെ ടോഫിയെ കണ്ടിരുന്നു. ഇനി കാണില്ല എന്ന സത്യം ഇന്ന് രാവിലെ ആണ് അറിഞ്ഞത്. നിഷ്കളങ്കമായ ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നു. പൊതുവിൽ ഞാൻ ഒരു മൃഗസ്നേഹി അല്ല. എങ്കിലും മനസ്സിനകത്ത് എവിടെയോ ഒരു വിങ്ങൽ. എനിക്ക് പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു എന്ന വേദന.

ഉറ്റ സുഹൃത്തുക്കളായ മത്തായിയും ശ്രുതിയും ഒരു പട്ടിയെ വാങ്ങി എന്നറിഞ്ഞപ്പോൾ പരിഭ്രമം ആയിരുന്നു മനസ്സിൽ ആദ്യം വന്നത് . എനിക്ക് പട്ടികളെ ഒരല്പം പേടി ആണ്. ഇനി എങ്ങനെ അവരുടെ വീട്ടിൽ പോവും? പിന്നെ മനസ്സിൽ ഉറപ്പിച്ചു, അവരുടെ വീട്ടിൽ പോവുന്നത് നിർത്താൻ പറ്റില്ല. അതുകൊണ്ട് പട്ടിയെ എങ്ങനെ എങ്കിലും ഇണക്കുക തന്നെ. അങ്ങിനെ ഞാൻ ആദ്യമായി ടോഫിയെ കണ്ടു. വെള്ളയും ബ്രൗണും കലർന്ന നിറത്തിൽ , നിഷ്കളങ്കമായ കണ്ണുകളുള്ള ടോഫി! പതുക്കെ എൻ്റെ പേടി മാറി. ഞാൻ ടോഫിയെ താലോലിക്കാൻ തുടങ്ങി. ടോഫി ആ വീട്ടിലെ ഒരംഗം തന്നെ എന്ന് മനസ്സ് പറഞ്ഞു.

ടോഫി ഒരല്പം വളർന്നപ്പോൾ നിത്യേന എന്നോണം ടോഫിയെ താലോലിക്കാൻ അവസരം ഉണ്ടായി. എന്നും രാവിലെ ഞാൻ നടക്കുന്ന സമയത്ത് , ശ്രുതി അപ്പാർട്മെന്റിലെ 'ഡോഗ് പാർക്ക്'-ലേക്ക് കൊണ്ട് പോവും വഴി ടോഫി എന്റെ അടുത്ത് വരും. കഴുത്തിൽ തടവുന്നത് ടോഫിയ്ക്ക് വളരെ ഇഷ്ടം ആണ് . അടുത്ത് വന്ന് കുറച്ച് നേരം അത് മേടിച്ചിട്ടേ പോവൂ. ഏതെങ്കിലും ഒരു പൂച്ചയുടെ മണം പിടിച്ചാണ് വരുന്നത് എന്ന് വെച്ചാൽ പിന്നെ ടോഫി അത്ര പരിഗണന തരില്ല. നടക്കുമ്പോൾ ഞാൻ അപ്പാർട്മെന്റിന് പുറത്തേക്ക് ഉള്ള വഴിയുടെ അടുത്ത് എത്തുമ്പോൾ കിഴക്കോട്ട് നോക്കും. ദൂരെ നിന്നും ശ്രുതിയെയും വലിച്ചുകൊണ്ട് ടോഫി നടന്ന് വരുന്നുണ്ടാവും. നിലാവിൻറെ കുളിർമ അനുഭവിപ്പിക്കുന്ന കണ്ണുകൾ ഉള്ള ടോഫിയുടെ രൂപം പ്രഭാത സൂര്യന് നേരെ! ഇന്നും ഞാൻ ആ വഴിയിലേക്ക് നോക്കി, ടോഫിയെ ഇനി ആ വഴി കാണില്ല എന്ന ഒരു വിങ്ങലോടെ.

രഘുവിന്റെ കല്യാണത്തിന് ക്ഷണിക്കാൻ ആണ് ഇന്നലെ മത്തായിയുടെ വീട്ടിൽ പോയത്. ടോഫിക്ക് പതിവ് ഉത്സാഹം ഇല്ല. എങ്കിലും വീട്ടിലേക്കു കേറുമ്പോൾ തന്നെ ടോഫി വന്ന് എന്നെ പറ്റിക്കൂടി. രാവിലെ മുതൽ ടോഫിക്ക് ഛർദ്ദി ആണെന്ന് അറിഞ്ഞു. അടുത്ത് വന്ന് കിടന്ന ടോഫിയെ ഞാൻ പതിയെ തലോടിക്കൊണ്ടിരുന്നു . ആ കണ്ണുകളിൽ ഒരു ക്ഷീണം നിഴലിച്ചുവോ? അറിയില്ല. പതിവ് നിഷ്കളങ്കതയോടെ ടോഫിയുടെ കണ്ണുകൾ ഇടക്ക് എന്നെ നോക്കിക്കൊണ്ടിരുന്നു. ഇറങ്ങാൻ തുടങ്ങുമ്പോൾ ടോഫി കുരച്ചില്ല. അതല്ല പതിവ് . ആരും പോവുന്നത് ടോഫിക്ക് ഇഷ്ടം അല്ല . ഇറങ്ങി, വലകൊണ്ടുള്ള വാതിൽ അടച്ചപ്പോഴാണ് ടോഫി ഓടി വന്നത്. ശബ്ദം ഉണ്ടാക്കാതെ ടോഫി ഞാനും രോഹിണിയും പോവുന്നത് നോക്കി നിന്നു. അവസാന കൂടിക്കാഴ്ച!

ഒരിക്കൽ നല്ല നിലാവുള്ള ഒരു രാത്രി, പാറുവും ഞാനും രോഹിണിയും പുറത്ത് സംസാരിച്ച് നടക്കുമ്പോൾ വിഷയം ചന്ദ്രന്റെ ഉപരിതലത്തിൽ കാണുന്ന രൂപം എന്താണ് എന്നായി . മുയൽ ആണെന്ന് ഞാൻ പറഞ്ഞു. കുട്ടിക്കാലത്ത് കേട്ട കഥയിൽ മനസ്സിൽ ഉരുത്തിരിഞ്ഞ രൂപം. പക്ഷെ ചിലർ അത് ഒരു പട്ടിയുടെ രൂപം ആയിട്ടാണ് കാണുന്നത് എന്ന് വായിച്ച ഓർമ്മ ഞാൻ പാറുവിനോട് പറഞ്ഞു. ചിലപ്പോ നമ്മടെ ടോഫിയെ പോലെ ഏതെങ്കിലും പട്ടി ആവും എന്ന് പറഞ്ഞു പാറു ചിരിച്ചു.

ഇന്ന് രാവിലെ നടക്കുമ്പോൾ സൂര്യന് എതിരേ മാനത്ത് ചന്ദ്രനും ഉണ്ടായിരുന്നു. ഇന്ന് ഞാൻ അവിടെ കണ്ടതും , ഇനി അവിടെ കാണുന്നതും  നിന്റെ രൂപം ആണെന്ന് വിചാരിക്കാനാണ്  എനിക്കിഷ്ടം, ടോഫി. നീ എന്നും അവിടെ ഇരുന്ന് ആ നിഷ്കളങ്കമായ കണ്ണുകൾ കൊണ്ട് ഞങ്ങളെ നോക്കുന്നു എന്നും. നിനക്ക് സ്വസ്തി!

No comments: