ഇന്ന്, 2024 ആഗസ്റ്റ് 18, മുപ്പത് വർഷങ്ങൾക്കിപ്പുറം വീണ്ടും 'മണിച്ചിത്രത്താഴ്' കാണാൻ തീയേറ്ററിൽ പോയി. ഈ സിനിമ ആദ്യം തീയേറ്ററിൽ കണ്ട കാലത്ത് പത്തു വയസ്സുകാരി മകളേക്കാൾ ചെറുപ്പം ആയിരുന്നു ഞാൻ! അന്ന് ആ ഒൻപതു വയസ്സുകാരൻ പയ്യൻ കാണാതെ പോയ പലതും, കഴിഞ്ഞ മുപ്പത് വർഷങ്ങളുടെ കാലയളവിൽ ഈ ചിത്രത്തിൽ കണ്ടു കഴിഞ്ഞിരിക്കുന്നു. എത്ര തവണ ഈ സിനിമ കണ്ടിട്ടുണ്ട് ? കണക്കില്ല, പക്ഷെ നൂറിൽ കുറയില്ല. ഇറങ്ങിയ കാലത്ത് തീയേറ്ററിൽ രണ്ടു തവണ. അക്കാലത്ത്, കേരളത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കൾ വരുമ്പോൾ അവരെ കാണിക്കാൻ എന്ന വ്യാജേന, വീഡിയോ കാസെറ്റ് വാടകയ്ക്ക് എടുത്ത്, ഒരു ഇരുപത് തവണയെങ്കിലും. ടീവി സംപ്രേഷണങ്ങൾ നിരവധി തവണ. വീഡിയോ കാസെറ്റ് അപ്രത്യക്ഷമായി അവയ്ക്ക് പകരം വീഡിയോ സിഡി, പിന്നെ ഡിവിഡി എന്നിവ വന്നപ്പോൾ സിഡി പ്ലെയറിൽ , കംപ്യൂട്ടറിൽ എത്രയോ തവണ. മകളോടൊപ്പം ഒ ടി ടി-യിൽ, ഇടയ്ക്കിടക്ക്. ഇന്ന് മൂന്നാമതും തീയേറ്ററിൽ. എന്നിട്ടും, ഒരു നിമിഷം പോലും മടുപ്പുളവാക്കാതെ, ആദ്യ കാഴ്ചയുടെ ഉദ്വേഗത്തോടെ രണ്ടര മണിക്കൂർ തീയേറ്ററിൽ. കാലത്തിന് അപഹരിക്കാൻ കഴിയാത്ത എന്തോ ഒരു കൗതുകം ഈ ചിത്രം മലയാളിയുടെ മനസ്സിൽ മണിചിത്രപ്പൂട്ടിട്ട് പൂട്ടിയിരിക്കുന്നു!
ഏതൊക്കെയോ നിമിഷങ്ങളിൽ എവിടെ നിന്നോ എന്നെ തേടിയെത്തിയതാണീ ചിന്തകൾ. എന്റെ പേനത്തുമ്പിൽ പൊടിയുന്ന മഷിത്തുള്ളികളിൽ ദൃശ്യരൂപം തിരയുന്ന എന്റെ ചിന്താശകലങ്ങൾ.
Sunday, August 18, 2024
മനസ്സിലെ മണിച്ചിത്രപ്പൂട്ടിനുള്ളിൽ
സിനിമ തുടങ്ങിയത് ഈ സിനിമയുടെ ഭാഗമായ മണ്മറഞ്ഞ കലാകാരന്മാർക്ക് ആദരം അർപ്പിച്ച് കൊണ്ടാണ്. ആ നീണ്ട നിര കാണുമ്പോൾ ഒരല്പം സങ്കടം മനസ്സിൽ മൊട്ടിട്ടു. ഈ സിനിമയെ ഈ സിനിമയാക്കുന്നത് അവരെല്ലാം ചേർന്നാണ്. പകരം വെക്കാൻ കാലത്തിനാവാത്ത ജന്മങ്ങൾ. തിയേറ്ററിൽ നിറഞ്ഞ മൗനം അവർക്കുള്ള ആദരാഞ്ജലിയായി. സിനിമ തുടങ്ങി. വരാൻ പോകുന്ന ഓരോ സീനും മനഃപാഠം ആണ്. ഓരോ ഡയലോഗും കൂടെ പറയാൻ മാത്രം പരിചയം. എന്നിട്ടും അവ മുന്നിൽ തെളിയുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഹർഷം. ഇവരെല്ലാം എനിക്ക് വേണ്ടപ്പെട്ടവർ ആണ് എന്നൊരു തോന്നൽ . എത്രയോ കാലമായി എനിക്ക് പരിചയം ഉള്ളവർ. ഇടയ്ക്ക് അടുത്തിരുന്ന മകളെ നോക്കി. ആ മുഖത്ത് നിഴലിച്ച ഭാവങ്ങൾ ഒരു പക്ഷേ മുപ്പത് കൊല്ലം മുൻപ് എൻ്റെ മുഖത്ത് നിന്ന് ഉതിർന്നവ ആവണം. മുൻപ് അധികം ശ്രദ്ധിക്കാതെ പോയ രണ്ട് അഭിനയ മുഹൂർത്തങ്ങൾ ഇന്ന് തീയേറ്ററിൽ കാണുമ്പോൾ ശ്രദ്ധിച്ചു: നാഗവല്ലിയോട് (ശോഭനയല്ല !) ബ്രഹ്മദത്തൻ (തിലകനും അല്ല ! ) കൊല്ലാൻ സഹായിക്കാം എന്ന് പറയുന്ന രംഗത്ത് പിന്നിൽ കാണുന്ന ഡോക്ടർ സണ്ണിയുടെ (മോഹൻലാൽ അല്ലേയല്ല !) കൈ വിരലുകളുടെ പരിഭ്രമവും ആകാംക്ഷയും കലർന്ന ചലനം, പിന്നെ ആ രംഗത്ത് മിന്നി മറയുന്ന ഷോട്ടുകളിൽ ഭാസുരയുടെ ( കെ പി എ സി ലളിതയോ? അതാരാ?! ) അമ്പരപ്പും ഭീതിയും നിറഞ്ഞ മുഖഭാവങ്ങൾ. പറയാൻ തുടങ്ങിയാൽ ഇങ്ങനെ ഒരു നൂറെണ്ണം പല കാലങ്ങളിൽ പല കഥാപാത്രങ്ങളിൽ ആയി മനസ്സിൽ കുരുങ്ങിയിട്ടുണ്ട്, വിസ്തരിക്കുന്നില്ല. ഇന്ന് ശ്രദ്ധിച്ചത് രണ്ടെണ്ണം കുറിച്ചു എന്ന് മാത്രം. ഇനിയും കാണാത്തത് മുന്നിലേക്ക് നീട്ടാൻ കാലം ഇനിയും നിമിഷങ്ങൾ കൊണ്ട് വരട്ടെ!
പഴയ ഒൻപതു വയസ്സുകാരൻ മോഹൻലാലിനെയും ശോഭനയേയും മറ്റു അഭിനേതാക്കളേയും മാത്രം സ്ക്രീനിൽ കണ്ടപ്പോൾ , ഇന്നത്തെ മുപ്പത്തൊമ്പതുകാരൻ സ്ക്രീനിൽ കാണാത്ത പലരുടെയും സാന്നിദ്ധ്യത്തെ അറിഞ്ഞു. അവർ ഈ സിനിമയ്ക്ക് നൽകുന്ന മാനത്തിൻ്റെ വലിപ്പം ഒരിക്കൽ കൂടി തീയേറ്ററിൽ അനുഭവിച്ചു. പഴുതടച്ച് മധു മുട്ടത്തിൻ്റെ തിരക്കഥ, സംഭാഷണങ്ങൾ. സണ്ണി ശ്രീദേവിയോട് നടത്തുന്ന പ്രണയാഭ്യർത്ഥന എൻ്റെ ഏറ്റവും പ്രിയപ്പെട്ട സിനിമാ സംഭാഷണങ്ങളിൽ ഒന്നാണ്. ബിച്ചു തിരുമലയുടെയും മധു മുട്ടത്തിൻ്റെയും വാലിയുടെയും വരികൾ , എം ജി രാധാകൃഷ്ണൻ്റെ സംഗീതം, വേണുവിൻ്റെ ക്യാമറ എല്ലാം അവയുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഭംഗി കാത്തു സൂക്ഷിക്കുമ്പോളും ഒരുമിച്ച് ചേരുമ്പോൾ തീർക്കുന്ന വിസ്മയം. വീണക്കമ്പികളിൽ, മൃദംഗ ധ്വനികളിൽ, വയലിനിൽ ഈ സിനിമയുടെ കാലത്തിവർത്തിത്വം മുഴുവൻ നിറച്ച് ജോൺസൺ ഒരുക്കിയ അഭൗമമായ പശ്ചാത്തല സംഗീതം. പക്ഷേ ഇത്ര നാളും അറിയാതെ പോയത് ആ ശബ്ദ വീചികൾക്കിടയിൽ അദ്ദേഹം ഒളിപ്പിച്ച നിശ്ശബ്ദതകളുടെ മന്ത്രവാദമാണ്! എന്തോ, ടീവി കാഴ്ചകൾ ഇത്ര നാളും അവയെ മറച്ചിരുന്നു. അപ്പോൾ ഓർത്തു, ഇന്ന് ഓഗസ്റ്റ് 18, ആ നിശ്ശബ്ദതകളിലേക്ക് ജോൺസൺ എന്നെന്നേക്കുമായി ചേക്കേറിയിട്ട് 13 വർഷം തികയുന്ന ദിനം. ഒരു പക്ഷേ, ആ നിശ്ശബ്ദതകളിൽ ജോൺസൺ മാഷ് ഇന്നും ജീവിക്കുന്നു, തൻ്റെ സാന്നിദ്ധ്യം അറിയിക്കുന്നു!
ഈ ഒരു പ്രതിഭാ സംഗമത്തെ വേണ്ട രീതിയിൽ ചാലിച്ച് എക്കാലത്തേക്കും ആയി ഈ ചിത്രം ഒരുക്കിയതിന് മലയാളി എന്നും ഫാസിൽ എന്ന സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട സിനിമ ഏത് എന്ന ചോദ്യത്തിന് 1993 മുതൽ ഒരുത്തരമേ ഈയുള്ളവന് പറയാൻ ഉള്ളൂ , "മണിച്ചിത്രത്താഴ്". ആ ഉത്തരം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നു ഈ തീയറ്റർ കാഴ്ച . ഇനിയും എന്തൊക്കെയോ ഗൃഹാതുരത്വം നിറഞ്ഞ വികാരങ്ങൾ നിറയുന്നു, പക്ഷേ മണിചിത്രപ്പൂട്ടിട്ട് മനസ്സിലെ തെക്കിനിയിൽ അവയെ എന്നെന്നേക്കും ഞാൻ ബന്ധിക്കട്ടെ!
ഈ സിനിമ കാണുമ്പോഴെല്ലാം മനസ്സിൽ നിറയുന്ന ഉണർവ്വിനെ കുറിക്കാൻ സിനിമ അവസാനിക്കുന്ന വരികൾ കടം എടുക്കുന്നു:
"മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിർക്കുന്നു, പൂക്കുന്നു കായ്ക്കുന്നു,
കനവിലെ തേന്മാവിൻ കൊമ്പ്,
എൻ്റെ കരളിലെ തേന്മാവിൻ കൊമ്പ്"
Subscribe to:
Post Comments (Atom)
1 comment:
വളരെ വളരെ നന്നായി. മണിച്ചിത്ര താഴ് എന്ന സിനിമയെ പറ്റി എല്ലാവരിലും ഉള്ള വികാരം നന്നായി വരച്ചു കാട്ടി. സന്തോഷം 🙏
Post a Comment